മഴ പെയ്യുന്നു... മദ്ദളം കൊട്ടുന്നു...
കെ. മോഹനൻ
10 August 2026, 3:07 am
നാം വായിച്ച മഴയുടെ പുഷ്കലമായ ജരിതകാലം കുറ്റിയറ്റു;ഒരു തലമുറയോടൊപ്പം...
ഇന്നത്തെ ചൂടുകാലം നമ്മെ പൊള്ളിക്കും. കാലം തെറ്റി വരുന്നതു മരണം,ദുരിതം,സങ്കടം ,വിവാദം...
ദുരന്തങ്ങളിൽ നിന്നും നാം ഒന്നും പഠിക്കുന്നില്ലെന്നത് അനുഭവ സാക്ഷ്യം. . ആഗോള താപനത്തിലാണ് ആത്മശാന്തി.
വീഴ്ചകളെ ശാസ്ത്രം പറഞ്ഞു നാം മറയ്ക്കും അവിടെ ശാസ്ത്രം ജയിക്കും
നാട്ടുകാർ അനുഭവിക്കും. ഇതാണ്
നമ്മുടെ മഴക്കാല സ്റ്റോറിയുടെ വൺലൈനർ.
വാതങ്ങളും വർഷങ്ങളുമെല്ലാം ആഗോളവൽക്കരിക്കപ്പെട്ടിരിക്കുന്നു ... ഇന്നു മലാക്കയിൽ മഴപ്പാത്തികൾ രൂപപ്പെട്ടാൽ നാം ഇവിടെ കുട ചൂടണം. ഹോർമൂസിൽ കടൽ ഇരമ്പിയാൽ നമ്മുടെ അടുക്കള ഡിം..മലയുടെ മറിച്ചിലും ഇടിയലും ഉരുളും ചീറ്റലും തടയാൻ നാം മറ്റു ദേശീയതകളുടെ ഐശ്വര്യത്തിനായാണ് വെടിവഴിപാട് നടത്തേണ്ടത്!
270 മില്ലിമീറ്റർ പെയ്തു നിറഞ്ഞിട്ടും കൂരകൾ മറിഞ്ഞിട്ടും ഇവിടെ ലഭിക്കേണ്ട 1357 മി.മീ മഴയിൽ 20 ശതമാനം കുറവുണ്ടെന്നു കണക്കുകൾ.
നമ്മുടെ നദിവഴികൾ മണൽ വഴികളായപ്പോൾ നാട്ടു വഴികളെല്ലാം പുഴ വഴികളായി മാറിയത് സ്വാഭാവികം. അങ്ങനെ നമ്മുടെ പാതകൾ, കെട്ടിട സമുച്ചയങ്ങളെ തലോടി ഒഴുകുന്ന വെനീസിലെ ജലരാശി പോലെയായി..
പ്രളയം തകർത്ത . ജലസംഭരണികളിലും കായലുകളിലും പുഴകളിലും അടിഞ്ഞ അവസാദങ്ങൾ നീക്കി ആഴവും പരപ്പും ശേഷിയുംകൂട്ടണം . ജലാശയങ്ങളുടടെ ജൈവക്ഷമത ഉയർത്തണം.പുനരുജ്ജീവനം സാധ്യമാക്കണം. പോം വഴികൾ ഏറെ.
കഴിഞ്ഞ പത്തു വർഷത്തെ മഴയെ വാർഡ് തലത്തിൽ പഠിച്ച് മുന്നൊരുക്കം നടത്താൻ സംസ്ഥാന തലത്തിൽ സംവിധാനം വേണമെന്നതും ദുരന്ത നിവാരണ വകുപ്പിൽ എക്സ്പെർട്ടുകളുടെ നേതൃത്വം വേണമെന്നതും ഒരു ഫ്ലഡ് മോഡലിംഗ് രൂപപ്പെടുത്തണമെന്നതും ഉയർന്നു കേൾക്കുന്ന മറ്റു പരിഹാര ക്രിയകൾ
വേമ്പനാട്ട് കായലിന്റെ ജലവാഹക ശേഷി 85 ശതമാണ് കുറഞ്ഞിരിക്കുന്നത്.മുമ്പത്തെ 3060 മില്യൻ ക്യുബിക് മീറ്റർ സംഭരണ ശേഷി ഇപ്പോൾ 300 മില്യനായി കുറഞ്ഞു. .4500 ടൺ പ്ലാസ്റ്റിക് മാലിന്യം ഈ കായലിൽ കിടപ്പുണ്ട്. 8.5 മീറ്ററിൽ നിന്നും 1.87 ആയി കായലിന്റെ ആഴവും കുറഞ്ഞു.
.
നിരന്തരമായ കായൽ കയ്യേറ്റങ്ങൾ ,റോഡു വികസനം വേസ്റ്റ് ഡമ്പിംഗ്,മലിനീകരണം, വെള്ളപ്പൊക്കം നിക്ഷേപിക്കുന്ന ടൺ കണക്കിന് അവസാദങ്ങൾ എന്നിവയ്ക്കു പുറമേ കാനകളും പൊന്തകളും പൊഴികളും മറ്റു സ്വാഭാവിക ജലനിർഗമന വഴികളും നാം പൂട്ടിക്കെട്ടിയതും കായലിനെ ദുർബ്ബലമാക്കുന്നു. കുട്ടനാട്ടിലെ തോട്ടപ്പള്ളി റെഗുലേറ്റർ കം ബ്രിഡ്ജ് കടത്തി വിടുന്ന വെള്ളം മൂന്നിലൊന്നായി കുറഞ്ഞു സെക്കൻഡിൽ 1800 ക്യൂബിക് മീറ്റർ വെള്ളം പുറന്തള്ളിയ സ്ഥാനത്ത് ഇപ്പോൾ 600 ക്യുബിക് മീറ്ററായി നീരൊഴുക്കു കുറഞ്ഞു. ഇതു വൻ ഭീഷണിയാണ്.
കുട്ടനാട്ടിലെ 45000 ഹെക്ടർ നെല്പാടങ്ങളിൽ ഇപ്പോൾ കോൺക്രീറ്റ് ബണ്ടാണ്.മടവീഴില്ല. ഇതും മിന്നൽ പ്രളയത്തിനു ഹേതുവാകുന്നു.അപ്പോൾ ശരാശരി മഴപോലും താങ്ങാൻ കഴിയാതെ ജലാശയങ്ങൾ ആ സലിലജാലത്തെ നമ്മുടെ നാട്ടു വഴികളിലും വീടകങ്ങളിലും എത്തിക്കും അതോടെ നമ്മുടെ നിലവിളിയും ഒപ്പാരും സമാരംഭിക്കും.
പണ്ട് തോമസ് ഐസക് നിളയുടെ റിവർ ബെഡിലെ മണൽ കണ്ടു.പിന്നെ ആ മണൽപ്പരപ്പു വാരി അമ്പതു ലക്ഷം രൂപയോളം ഖജനാവിൽ മുതൽ കൂട്ടി.
ത്രിശ്ശൂരിലും മലപ്പുറത്തും കടവുകളിൽ മണലൂറ്റാൻ അനുവദിച്ചപ്പോൾ 50 ലോഡിന് അനുമതി വാങ്ങി ദിവസവും ഇരുന്നൂറോളം മണൽ കടത്തി.പിന്നിട് മണൽ മാഫിയ രൂപം കൊണ്ടു. കടവുകൾ രാഷ്ട്രീയ പാർട്ടികൾ പങ്കിട്ടെടുത്തു. കരകളെ വിഴുങ്ങിയ പുഴകൾ അഗാധ ഗർത്തങ്ങളായി. അതോടെ മണലൂറ്റിനു വിരാമമായി. ആശാന്റെ നെഞ്ച് അല്ലായ്കിൽ കളരിബസാറിനു പുറത്ത്!ഇതാണല്ലോ നമ്മുടെ ശീലം
എഴുത്തുകാർ പറഞ്ഞ മഴയുടെ ഭാവങ്ങളും പുഴയുടെ താളങ്ങളും ലക്കിടിയിലെ നൂൽമഴയും നമ്മെ വിട്ടുപോയി.ആലുവ പാലസിലിരുന്നു പെരിയാറിന്റെ ആയിരം പാദസരങ്ങൾ കേട്ട വയലാറിന്റെ മുറി നിരപ്പാക്കിക്കഴിഞ്ഞു.വിശ്രമിച്ച ചാരു കസാല സ്ക്രാപ്പ് ഡീലറെ കാത്തു കിടപ്പാണ്!
ലോകത്തിനും ഭൂമിക്കും ചരമ ഗീതങ്ങൾ ചമയ്ക്കുന്നത് കാവ്യ ലോകത്തെ സമ്പന്നമാക്കും.പക്ഷേ അതിന്റെ ആപ്ലിക്കേഷൻ അക്ഷര ശ്ലോക സദസ്സിലും പദ്യപാരായണ മൽസരത്തിലുമാണ് കൂടുതലും
ഭൂമിദിനത്തിലും പരിസ്ഥിതി ദിനത്തിലും കുന്താലിയും പൊക്കിപ്പിടിച്ച് അഭിനയിക്കുന്നതിനു പകരം നമ്മുടെ ദൈനംദിന ജീവിത വ്യവഹാരങ്ങളിൽ പരിസരത്തെ മുറിപ്പെടുത്തുന്ന ചെയ്തികൾ , ഓരോ മലയാളിയും പരമാവധി ഒഴിവാക്കിയാൽ തന്നെ ഈ യുദ്ധത്തിൽ നാം പകുതി ജയിച്ചു.
പുത്തക അറിവിന്റെ ലോപം കണ്ട് ജീവിതം പാഴായി എന്നാണ് നമ്പൂരി പറഞ്ഞത്. നീന്തലറിയില്ലെങ്കിൽ നമ്പൂരിയുടെ ജീവനും പാഴായി എന്നു തുഴച്ചിൽകാരനും. ഈ കേവല യുക്തിയാണ് ഇനി ഓരോ മലയാളിയും പിൻപറ്റേണ്ടത്.