അർജന്റീനയുടെ വിശ്വപ്രസിദ്ധ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി കേരളത്തിന്, പ്രത്യേകിച്ചും ഫുട്ബോൾ പ്രിയത്തിൽ മുമ്പർമാരായ മലബാറുകാർക്ക് കേരളത്തിന്റെ തന്നെ പ്രിയപുത്രനാണ്. നമുക്ക് ലോകകപ്പ് ടിവിയിൽ കാണാനേ യോഗമുള്ളൂ. പക്ഷേ മത്സരം നടക്കുമ്പോൾ കേരളത്തിനു വേണ്ടി കളിക്കുന്നത് അർജന്റീനയാണെന്ന് തോന്നിപ്പോകും. അത്രയ്ക്കുണ്ട് അർജന്റീനയോടും മെസ്സിയോടുമുള്ള നമ്മുടെ പ്രണയം.
ഈ താത്പര്യം മുൻകൂട്ടിക്കണ്ടാണ് കഴിഞ്ഞ പിണറായി സർക്കാർ മെസ്സിയെ കേരളത്തിലെത്തിക്കും എന്ന വാഗ്‌ദാനം മുന്നോട്ടുവച്ചത്. തെരഞ്ഞെടുപ്പിനു മുമ്പേയുള്ള ഒരു തെരഞ്ഞെടുപ്പു വാഗ്ദാനം.
സർക്കാരിന്റെ സ്വപ്നപദ്ധതിയെന്ന നിലയിലായിരുന്നു 'മെസ്സി വരും, കൊച്ചിയിൽ പന്ത് തട്ടും, കേരളം ലോക ഫുട്ബോൾ ഭൂപടത്തിൽ ഇടം പിടിക്കും എന്നിങ്ങനെ പ്രഖ്യാപനങ്ങൾ സർക്കാർ അവതരിപ്പിച്ചത്. സർക്കാരിന്റെ പി ആർ സൗജന്യമായി സ്വയമേറ്റെടുത്തു നടത്തി വന്ന റിപ്പോർട്ടർ ചാനലും സാമ്പത്തിക തട്ടിപ്പുകുറ്റങ്ങളുൾപ്പെട്ട മുട്ടിൽ മരം മുറിക്കേസിലുൾപ്പെടെ പ്രതിസ്ഥാനത്തുള്ളയാളുമായ അതിന്റെ മേധാവിയും മെസ്സിയെ കൊണ്ടുവരാൻ കൈ കോർത്തു.
സർക്കാരാകട്ടെ പ്രതിയുടെകൈ ചേർത്തുപിടിക്കുകയും ചെയ്തു.
തുടക്കം മുതൽ തന്നെ സംശയ നിഴലിലായിരുന്നു സംഘാടനമെങ്കിലും
ഫുട്ബോൾ പ്രേമികൾ കൊച്ചിയിൽ മെസ്സിയുടെ ഇടംകാലൻ ഗോളിനായി കാത്തിരുന്നു. അല്ലെങ്കിലും നമ്മൾ പാവം മലയാളികൾ അങ്ങിനെയാണ്. തട്ടിപ്പാണെന്നറിയാമെങ്കിലും നമ്മൾ അവിടെയൊക്കെപ്പോയി തല വയ്ക്കും. ഇവിടെയും സംഭവിച്ചത് അതു തന്നെ.
മരംമുറിമാധ്യമപ്രവർത്തകൻ ഇതിനിടെ പല തവണ മാധ്യമങ്ങളെക്കണ്ടു. കയർത്തു. പരിഹസിച്ചു. നാട്ടാർക്ക് ജേണലിസത്തിൽ മാത്രമല്ല ഫുട്ബോൾ നിയമങ്ങളിലും സൗജന്യ ട്യൂഷൻ നൽകി. സംസ്ഥാനത്തെ കായിക മന്ത്രിക്കുമേൽ സൂപ്പർ മിനിസ്റ്ററായി.
എന്തിലും കണ്ണുപായുമെന്ന് പാർട്ടിക്കാർ വീമ്പു പറയുന്ന പിണറായിസ്വാമി ഈ സമയങ്ങളിലൊക്കെ സന്യാസ ദീക്ഷ സ്വീകരിച്ച് കൊഴുക്കട്ട വായനായി.
ഇപ്പോൾ പുറത്തുവരുന്നത് ഫയലിന്റെ ഇടവഴികളിലൂടെ നടന്ന വലംകാലൻ ഗോളുകളുടെ കഥയാണ്.പുതിയ സർക്കാർ നിയോഗിച്ച അന്വേഷണത്തിലെ ആദ്യ റിപ്പോർട്ട് പുറത്ത്. റിപ്പോർട്ടിലെ ഓരോ പേജിലും ഗോളടി ശബ്ദമല്ല, കോടികൾ മറിഞ്ഞ കഥയുടെ ശബ്ദരേഖയാണ് ഉയർന്നു കേൾക്കുന്നത്.
റിപ്പോർട്ടിലെ ചില കമന്ററികൾ ഇങ്ങനെ:
മെസ്സിയെ കൊണ്ടുവരാൻ ചെലവ് 100 കോടി എന്ന് പറഞ്ഞ സ്ഥാനത്ത്, സ്പോൺസർഷിപ്പ് കമ്മീഷൻ, മാർക്കറ്റിംഗ് ഫീസ്, അനുബന്ധ ചെലവ് എന്നിങ്ങനെ പല പേരുകളിൽ പലരും പലതവണ തുക കൊണ്ടുപോയിരിക്കുന്നു. മെസ്സി അറിയാതെ മെസ്സിയുടെ പേരിൽ നടന്ന പണപ്പിരിവ് കണ്ടാൽ, മെസ്സി തന്നെ ഒരു ഫ്രീകിക്ക് എടുത്ത് രാജിവെച്ച് പോകും.
കളി നടക്കേണ്ട ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ നവീകരണത്തിന് മാത്രം എസ്റ്റിമേറ്റ് ഇട്ടത് മെസ്സിയുടെ ഒരു സീസണിലെ ശമ്പളത്തേക്കാൾ കൂടുതൽ. പുല്ല് മാറ്റാൻ, ലൈറ്റ് മാറ്റാൻ, കസേര മാറ്റാൻ എന്നൊക്കെപ്പറഞ്ഞ് മാറ്റിയത് ജനങ്ങളുടെ നികുതിപ്പണം മാത്രമാണ്.
സ്റ്റേഡിയം നോക്കിയാൽ പഴയതുപോലെ തന്നെ, പക്ഷെ ഫയലുകൾ നോക്കിയാൽ എല്ലാം പുതിയത്!
ടിക്കറ്റ് വിൽപ്പനയുടെ കണക്കാണ് ഏറ്റവും രസകരം. മെസ്സി വരുന്നതിന് മുൻപ് തന്നെ വിഐപി ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ആര് വാങ്ങി, എത്രരൂപയ്ക്ക് വാങ്ങി, പണം
എവിടെപ്പോയി എന്നൊക്കെ ചോദിച്ചാൽ ഉത്തരമില്ല. കാണികൾക്ക് മുന്നിൽ നടക്കേണ്ട കളി, കാണികൾ അറിയാതെ പിന്നിൽ നടന്നുവെന്ന് സാരം.
ഒടുവിൽ മെസ്സി വന്നില്ല. കാരണം തിരക്കി. 'തിരക്കാണ്' കാരണം.അതായത് തിരക്കില്ലാതെ ചൊറിയും കുത്തി തെക്കോട്ടു നോക്കിയിരിക്കുകയാണ് മെസ്സിച്ചായനെന്നാണ് കേരളം കരുതിയത്.
സത്യത്തിൽ തിരക്ക് മെസ്സിക്കല്ല, മെസ്സിയുടെ പേരിൽ പിരിച്ച കാശ് പങ്കുവെക്കാനായിരുന്നു എന്ന് ഇപ്പോൾ നാട്ടുകാർക്ക് മനസ്സിലാവുന്നു..
ഇപ്പോൾ കാപ്സ്യൂളുകൾ വിപണിയിൽ വൻ തോതിൽ ലഭ്യമായിത്തുടങ്ങി."ഇത് കേരളത്തിന്റെ കായികവികസനത്തെ തകർക്കാനുള്ള ഗൂഢാലോചനയാണ്." " മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചത് തന്നെ വിപ്ലവകരമായ കാര്യമാണ്. പണം പോയെങ്കിൽ പോകട്ടെ, ആഗ്രഹമല്ലേ വലുത്?"
ശരിയാണ്. കേരളത്തിൽ റോഡിൽ കുഴിയുണ്ട്, ആശുപത്രിയിൽ മരുന്നില്ല, യുവാക്കൾക്ക് ജോലിയില്ല. പക്ഷെ നമുക്കുള്ളത് മാനംമുട്ടെ ആഗ്രഹങ്ങളാണ്, മെസ്സി വരണം എന്നത് അവയിലൊന്നു മാത്രം. ആ ആഗ്രഹത്തിന് കൊടുക്കേണ്ടി വന്ന വലിയ വില ജനങ്ങൾ തന്നെ ഒടുക്കണം. ഒടുക്കലത്തെ വില!
സതീശൻ സർക്കാർ പറയുന്നു, 'മുഴുവൻ പണവും തിരിച്ചുപിടിക്കും, കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും...'
പതിവു ഡയലോഗാണെങ്കിലും കേൾക്കുമോൾ കോരിത്തരിപ്പിന് ഒരു കുറവുമില്ല.
അനുഭവം കൊണ്ട് പക്ഷേ നമുക്കറിയാം. നിയമം നിയമത്തിന്റെ വഴിക്കും അന്വേഷണം അന്വേഷണത്തിന്റെ വഴിക്കും ഫയൽ ഫയലിന്റെ വഴിക്കും പോകും;മെസ്സി മെസ്സിയുടെ വഴിക്കും.
പക്ഷേ,കുറ്റക്കാർ പലപ്പോഴും ജനപ്രതിനിധിസഭകളിലേക്കാവും വഴി കണ്ടെത്തുക എന്നതാണ് ഈ കാലത്ത് നമ്മുടെ പ്രതീക്ഷകളിൽ ഭീതി നിറയ്ക്കുന്ന മാരകമായ വസ്തുത !