ഒഴിഞ്ഞ ക്ലാസ്സ് മുറികളിലേക്കുള്ള അധ്യാപക നിയമനം
മോഹനകൃഷ്ണൻ
12 August 2026, 6:04 pm
ഉടു തുണിക്ക് മറുതുണിയില്ലാതെ അഷ്ടിക്കു വകയില്ലാതെ വലഞ്ഞ അധ്യാപകരുടെ കദന കഥകൾ നമുക്കുപറഞ്ഞു തന്നത് കാരൂർ എന്ന എഴുത്തുകാരനാണ്. അതോർക്കാതെ അധ്യാപക കഥ പറയാനാകില്ല.
എൽപി റാങ്ക് പട്ടിക വന്നിട്ട് 14 മാസം. 14 ജില്ലകളിലായി ആറായിരം പേർ.അതിൽ 109 പേർ മാത്രം നിയമനം നേടി. കഷ്ടമാണ് .അഗ്നി പരീക്ഷകൾ കടന്നിട്ടും നിയമനം ഇഴയുമ്പോൾ ആശകൾ നിരാശയും രോഷവുമാകും
ഡിവിഷൻ ഫാളാണ് വില്ലൻ. പണിപോയവർ
റിട്ടയർമെന്റ് വേക്കൻസികളിൽ കയറി. മിച്ചം വന്നവർ പണി എടൂക്കാതെ പണം പറ്റുന്ന സംരക്ഷിതരായി...ശുഭം.ശുഭം.
കടന്നു പോയ പതിനാലു മാസങ്ങളിൽ പതിനൊന്നും ഭൂത കാലമായിട്ടും ഒന്നും നടന്നില്ല. എല്ലാം ശരിയാക്കാം എന്നവർ പറഞ്ഞത്രേ. എല്ലാം ശശിയായി.
പക്ഷേ ഇപ്പോൾ അവർ മിത്രങ്ങളാണ്. അവരുടെ നാവ് സമരക്കാർ കടം കൊള്ളുന്നു.എന്താ കഥ!
കത്തി കയറ്റാൻ മാംസം വേണം..ഭരണമാറ്റത്തിൽ നീർപ്പാമ്പുകൾ മൂർഖനായി. നിലപാടുകൾ തീവ്രമായി.
സർക്കാരിനെ അവർ ഡിക്ടേറ്റു ചെയ്തു. അന്ത്യശാസനം നൽകി. വകുപ്പിനു റോഡ് മാപ്പും നൽകി. എല്ലാം റാങ്കുലിസ്റ്റ് എൻട്രിയിലെ തിണ്ണബലത്തിൽ.. കൂടെ പുല്ലു തീറ്റയും ചിതയൊരുക്കലും നിരാഹാരവും വിലാപവും ; എം എ ജയിച്ച നാവുകൾ സാമൂഹിക ബോധമില്ലാതെ ചിലച്ചു. എങ്കിലും
എല്ലാവർക്കും സർക്കാർ വിലാസം വാദ്ധ്യാരാകണം. അതിനു നാട്ടൂകാർ പുള്ളാരെ അണിയിച്ചൊരുക്കി നിർത്തണം..
95 ശതമാനം സർക്കാർ അധ്യാപകരുടെ മക്കളും പഠിക്കുന്നത് സ്വകാര്യ സ്കൂളുകളിൽ. നന്ദി വേണം നന്ദി. സ്വന്തം ധർമത്തിൽ പോലും വിശ്വസിക്കാത്ത ഇവരാണ് സാറ്.സാറാണ് സാറെ സാറ്!
മാസ്റ്റർ പുറത്താണെങ്കിലും ( education is spreading)കുട്ടികൾ അകത്തു വരുന്നില്ല സർ. വരാൻ കുഞ്ഞുങ്ങളെവിടെ ? .ഉള്ളവർ വേറെ പോയി. അമ്പതോളം സ്കൂളുകളിൽ ശരാശരി 10 കുട്ടികളാണുള്ളത്.1368 ഇടത്ത് ശരാശരി ഇരുപത്തി അഞ്ചും. ഈ വർഷം മാത്രം 31,4,81 കുട്ടികളുടെ കുറവാണ് സർക്കാർ സ്കൂളുകളിൽ.ഇതു സമഗുണിത നിരക്കിൽ കൂടാനാണ് സാധ്യത. ഇതിൽ എവിടെയാണ് കുട്ടികളുടെ അനുപാതം കുറയ്ക്കേണ്ടത്. തൊഴിലില്ലാതെ വേതനം പറ്റുന്ന തൊഴിലാളി പടയെ പോറ്റുന്നതിൽ സർക്കാരിന് എന്ത് ധാർമികതയാണുള്ളത്
പവർ പ്ലേയിൽ വിമുഖരാണ് നമ്മുടെ യുവത. കൂടുതൽ കുറ്റികൾ തെറിച്ച് കൂടാരം പൂകാതെ സിംഗിളടിച്ചു ഡക്കാവാതെ നിൽക്കാനാണ് താത്പര്യം. അങ്ങനെ വരുമ്പോൾ ഡിവിഷൻ ഫാൾ ഇനിയും കനക്കും. . ഇനി പണിക്കു കയറുന്നവരെല്ലാം പ്രൊട്ടക്ടഡുകാരാവും. ക്ലാസ് മുറികൾ ശുദ്ധശൂന്യമായാലും സ്റ്റാഫ് റൂമുകൾ തിളയ്ക്കും. ഈ ഗതികേടിനു സർക്കാരിന്റെ സമ്മിതിയുമുണ്ട്. എന്തായാലും മന്ത്രി വകുപ്പിനെ പൊളിച്ചടുക്കും എന്നതിൽ തർക്കമില്ല.
വർഷങ്ങൾ കഴിയുമ്പോൾ ഓരോ സ്കൂളിലും കുട്ടികളെക്കാൾ ,പണിയെടുക്കാതെ ശമ്പളം കൈപ്പറ്റുന്ന സംരക്ഷിത അധ്യാപഹയരാൽ അങ്കണങ്ങൾ നിറഞ്ഞു കവിയും.
തനി പിന്തിരിപ്പൻ സ്വഭാവവും സാമൂഹിക നീതി നിഷേധവും തനിക്കു ശേഷം പ്രളയം എന്ന സ്വാർത്ഥവും നിറഞ്ഞ ഡിമാൻഡുകളാണ് സമരക്കാരുടേത്. കേരളത്തിലെ പുതിയ പാറ്റകൾ എന്ന പരിഗണനയിൽ അതിനെല്ലാം സർക്കാരിന്റെ 'യേസ്' മൂളലും കേൾക്കാം.
ഈ വർഷം അവസാനം വരേണ്ട പുതിയ വിജ്ഞാപനം വേണ്ടെന്നു സമരക്കാരും ഓകെ എന്നു സർക്കാരും.എന്തൊരു നീതി കേടാണ്.. 2023 മുതലുള്ള നാലുവർഷം ജയിച്ചു വന്ന കുട്ടികളുടെയും അതിനും മുമ്പേയുള്ള പരശതം പേരുടെയും അവസരങ്ങൾ നിഷേധിക്കാൻ ആർക്കാണ് അവകാശം?കഴിഞ്ഞ ലിസ്റ്റുകാർ ഇതേ വാദം പറഞ്ഞിരുന്നെങ്കിൽ ഈ ലിസ്സുകാർ ഉണ്ടാകുമായിരുന്നോ? ഇനിയും ഒന്നര കൊല്ലമുള്ള ലിസ്റ്റ് വീണ്ടും നീട്ടുകയും വിദ്യാർത്ഥി അനുപാതം കുറയ്ക്കുകയും ചെയ്താൽ ടീച്ചർ നിയമനത്തിനുള്ള അവസാന ലിസ്റ്റായി ഇതു മാറും.ഇപ്പോൾ പണിയെടുക്കുന്നവർക്കും അതു പണിയാവും. ടിടിസി പഠിക്കുന്നവരുടെയും പഠനം പൂർത്തിയായവരുടെയും അവകാശവുമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്.
ഹെഡ്മാസ്റ്ററുടെ ക്ലാസെടുത്തു ജീവിക്കുന്നവരെ പെരുവഴിയിലാക്കാനും സമരക്കാർ മറക്കുന്നതേയില്ല.
നോർമലായി 50 ശതമാനം നിയമനം ലഭിക്കാവുന്ന സംവിധാനത്തെ- താറാവിനെ ആർത്തിയാൽ കൊന്ന് സർവ്വ നാശം വരുത്തുകയാണ് തല്പര കക്ഷികൾ..