NewsAd1
ന്നാ താൻ കേസ് കൊട്...
ബാലകൃഷ്ണൻ കാരോട്
14 August 2026, 3:17 am
main image of news

നായൻമാർ ലോകത്തെമ്പാടുമുണ്ടെങ്കിലും കേരളത്തിലെ നായൻമാർക്ക് മാത്രമായി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും പെരുത്ത നായർ സംഘടനയാണ് പെരുന്ന ആസ്ഥാനമാക്കിയ നായർ സർവ്വീസ് സൊസൈറ്റി. ജനറൽ സെക്രട്ടറിയാണ് സംഘടനയുടെ സർവ്വസൈന്യാധിപതിയും പൊന്നുതമ്പുരാനും. ഇപ്പോൾ അത് ഭാഗ്യവശാൽ സുകുമാരൻ നായരാണ്.

നായരാണെങ്കിലും പേരിന്റെയറ്റത്ത് ചുരുട്ടി വയ്ക്കാൻ നായർ എന്ന വാലില്ലെങ്കിൽ നായരെ നായൻമാർക്കു പോലും തിരിച്ചറിയാൻ പറ്റാതായ കാലമാണ്. അതുകൊണ്ടാണ് ജനറൽ സെക്രട്ടറിയായ സുകുമാരൻ പോലും നായർ വാൽ പേരിൽ ചേർത്തുപിടിച്ചിരിക്കുന്നത്

 image 2 of news

എന്നാൽ കാര്യങ്ങളുടെ പോക്ക് അത്ര ശുഭകരമല്ല. നായർ സമുദായത്തിൽത്തന്നെ ചാതുർവർണ്ണ്യം നിലനില്ക്കുകയാണിപ്പോൾ. പെരുന്നയിലെ തിണ്ണയോട് സമദൂരം പാലിച്ച ഒരു നായരാണ് ഇപ്പോൾ സംസ്ഥാനത്തിന്റെ പൊന്നുതമ്പുരാൻ. തെരഞ്ഞെടുപ്പു കാലത്ത് നാവിൽ ഗുളികനും ഒടിയനമൊക്കെ കയറി നിരങ്ങിയപ്പോൾ പെരുന്നതമ്പുരാൻ എന്തൊക്കെയോ പറഞ്ഞു പോയി. അത് മനസ്സിൽ കൊണ്ടു നടന്നു എന്നു മാത്രമല്ല. ഞാൻ നായരല്ല, നല്ല മേനോന്റെ മോനാണെന്ന് സമസ്തനായൻമാരും കേൾക്കേ പ്രഖ്യാപിക്കുകയും ചെയ്തു അദ്ദ്യം !

പത്തനാപുരത്ത് പത്തു പച്ചത്തത്ത ഒത്തു ചത്തു പിടിച്ചാലും ഗണേഷ് കുമാർ ജയിക്കരുതെന്നുള്ള തിട്ടൂരം ജനറൽ സെക്രട്ടറി നായൻമാർക്ക് സർക്കുലേറ്റ് ചെയ്തത്രേ. ചാമക്കാല, കാലഭൈരവനായി പതിവായി വന്ന് തിണ്ണയിൽ നില്ക്കുകയും ഇരിക്കുകയുമൊക്കെ ചെയ്തപ്പോൾ അലിഞ്ഞു പോയതാണ്. ഇപ്പോൾ അത് പാമ്പായിഴഞ്ഞ് അതേ തിണ്ണ വഴി സിക്രട്ടറിയുടെ മേശയ്ക്കപ്പുറത്ത് മുഖാമുഖം നിന്ന് ചീറ്റുകയാണ്. വിനാശകാലത്ത് മനുഷ്യന്റെ ഏതോ ഒരു അവയവവും പാമ്പായി മാറുമെന്ന് ഒരു നാടൻ പ്രയോഗവുമുണ്ടല്ലോ.
HomeAd1
 image 3 of news

അഭിമാനമാണ് അതീത കാലം മുതൽ നായരിസത്തിന്റെ അടിസ്ഥാനം. മാനം പോയാൽ നായർ മാത്രമല്ല: മേനോനുമില്ല. മരിക്കുവോളം എൻ എസ് എസ് -ന്റെ കൊടി മുന്നിൽ നിന്നു പിടിച്ചു നടന്നയാളാണ് ബാലകൃഷ്ണപിള്ള.ആ നായരുടെ പിള്ളയാണ് ഇപ്പോൾ ജനറൽ സെക്രട്ടറിയുടെ മാനത്തെ ദേദ്യം ചെയ്ത് രംഗത്തിറങ്ങിയിരിക്കുന്നത്.

ഗുരുതരമായ ആക്ഷേപങ്ങളാണ് ഗണേശൻ,നായർക്കെതിരേ ഉന്നയിക്കുന്നത്. എൻ എസ് എസ് സ്ഥാപനങ്ങളിൽ സ്വന്തം കുടുംബത്തിൽ നിന്ന് അമ്പതോളം പേർക്ക് ജോലി കൊടുത്ത് സ്വജന പക്ഷപാതം എന്ന വമ്പൻ അഴിമതി കാട്ടിയെന്നതാണ് ആദ്യ ആരോപണം. അത് സഹിക്കാം. ആദ്യം സ്വയം നന്നാവണം. അതു കഴിഞ്ഞ് സമുദായം എന്നുണ്ടല്ലോ. നാട്ടു നടപ്പുമാണത്.കുടുംബത്തിൽ ആളു കൂടിപ്പോയത് ആരുടെയും കുറ്റമല്ലല്ലോ.

 image 4 of news

ധനലക്ഷ്മി ബാങ്കിൽ യോഗ്യതയില്ലാത്ത ബന്ധുവിനെ വ്യാജ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ നിയമനം നടത്താൻ സുകുമാരൻ നായർ കൂട്ടുനിന്നത്രേ. ഒടുവിൽ ബാങ്കധികൃതർ കള്ളം കണ്ടുപിടിച്ച് ബന്ധുവിനെ പുറത്താക്കിയപ്പോൾ ബാങ്കിൽ നിന്ന് എൻ എസ് എസിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം പിൻവലിക്കാൻ കീഴ് ഘടകങ്ങൾക്ക് നിർദേശം നൽകി നായർ ബാങ്കിനെ വിറപ്പിക്കുകയും ചെയ്തുവെന്നാണ് ഗണേഷിന്റെ കഥ .

പിതൃതുല്യനെന്ന് ഇത്ര നാളും വിശേഷിപ്പിച്ച് നടന്നയാളാണ് ഇപ്പോൾ പിതൃതർപ്പണത്തിനിറങ്ങിയിരിക്കുന്നത്. ഗുരുതരമായ അഭിമാനക്ഷതമുണ്ടാക്കുന്ന ആക്ഷേപമുന്നയിക്കുന്നത് ആരായാലും മാനനഷ്ടത്തിന് കേസു കൊടുക്കുകയാണ് വേണ്ടത്. മാന്യതയുടെ നില കൂടുന്തോറും മാനനഷ്ടത്തിന്റെ വിലയും കൂടും. സംഘടനയുടെ കാശെടുത്തായാലും വേണ്ടില്ല ; രാജ്യത്തെ നമ്പർ വൺ ലായറെ വരുത്തി കേസ് പറയിക്കണം. ഗണേഷിന് വലിയ വില കൊടുക്കേണ്ടി വരണം.

പത്തനാപുരം യൂണിയൻ നിയമ വിരുദ്ധമായി രായ്ക്കുരാമാനം പിരിച്ചു വിട്ടുകളഞ്ഞു എന്ന ഗണേഷിന്റെ പരിദേവനത്തിന് നായർ ഇങ്ങനെ മറുപടി പറഞ്ഞു. "എന്നാൽ അയാള് പോയി കേസ് കൊടുക്കട്ടെ..." ഇപ്പോൾ നായർ സമുദായത്തിന്റെ ജീവിച്ചിരിക്കുന്ന പരമോന്നത നേതാവിന്റെയും അതു വഴി സമുദായാംഗങ്ങളുടെ ആകെയും മാനത്തെ കപ്പലുകയറ്റുന്ന ഈ നടപടി എങ്ങനെ സഹിക്കാനാവും ! മാനാഭിമാനികളായ നായൻമാരേ സംഘടിക്കുവിൻ. നമ്മുടെ നേതാവിന്റെ മാനം രക്ഷിക്കാൻ കോടതി കയറുവിൻ..

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞