നായർ സർവീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ ഔപചാരിക വിദ്യാഭ്യാസ യോഗ്യതകൾ എന്തെങ്കിലും മാനദണ്ഡങ്ങളായി ഉണ്ടാകാനിടയില്ല എന്നാണ് എന്റെ പരിമിതമായ അറിവ്. സുകുമാരകലകളിലെ അറിവ് ഒരു അയോഗ്യത ആകാനുള്ള സാധ്യതയും ക കാണുന്നില്ല. അങ്ങനെ ഗുണിച്ചും ഹരിച്ചും നോക്കിയാൽ ജനറൽ സെക്രട്ടറി കസേരയിൽ പറ്റിപ്പിടിക്കാൻ സർവഥാ അർഹതയുള്ള ദേഹമാണ് ശ്രീ സുകുവേട്ടന്റേത്. എൻ എസ് എസ് എന്ന പേരുകേട്ട പ്രസ്ഥാനത്തിന്റെ പെരുന്നപ്പെരുമയുടെ പുതിയൊരു അധ്യായം തുന്നി ചേർക്കാനുള്ള ചരിത്രപരമായ തത്രപ്പാടുകളുടെ തിരക്കിലാണ് ഏറെ നാളായി അദ്ദേഹം. എന്നാൽ അടിതട വിദഗ്ധനായ നായർ മേധാവി സുകുവേട്ടനോടുള്ള ചില പീക്രി പയ്യന്മാരുടെ കളി ഈയിടെയായി കൂടി വരുന്നുണ്ട്. സമുദായത്തെ ഉയർച്ചയിലേക്ക് നയിക്കാനുള്ള അട്ടിപ്പേർ അവകാശത്തിന്റെ സമർപ്പിത രൂപമാണ് സാക്ഷാൽ സുകുവേട്ടന്റെത് എന്ന് ചിലർ സൗകര്യപൂർവം മറക്കുന്നു. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം. പരിവർത്തനത്തിന്റെ പുതിയകാല ഭാഷ ആയുധമാക്കി പയ്യൻസ്കളും സുകു ഗാങ്ങും പരസ്പരം പറയുന്ന എടാ പോടാ പ്രയോഗങ്ങൾ നായർ സമുദായത്തിന്റെ സുഗന്ധം പരത്തി അന്തരീക്ഷത്തിൽ പാറിപ്പറന്നു നടക്കുന്നു. അവനവന് അറിയുന്ന ഭാഷയല്ലേ പറയാനാകൂ.
ഈ പരമ്പരയിലെ പ്രധാന താരം ആർ. ബാലകൃഷ്ണപിള്ളയുടെ മകനും മുൻ മന്ത്രിയും മികച്ച നടനുമായ കെ.ബി. ഗണേഷ് കുമാർ തന്നെ. സംഘടനയുടെ ആന്തരിക കാര്യങ്ങൾക്കും നേതൃത്വത്തിന്റെ ശൈലിക്കു നേർക്കും അദ്ദേഹം തൊടുത്തു വിട്ട വിമർശനശരങ്ങൾ പാരമ്പര്യമായി "പിള്ളമാർക്കും നായന്മാർക്കും" മാത്രം അവകാശപ്പെട്ട പെരുമാറ്റച്ചട്ടങ്ങളെ പലതിനെയും കാറ്റിൽ പറത്തി. ഇപ്പോഴാണെങ്കിൽ പഴയപോലെ മന്ത്രിപ്പണിയും എംഎൽഎ ജോലിയും ഇല്ല. ഏതാണ്ട് അല്ല മുഴുവനായി തന്നെ ഫ്രീ ആണ് താനും. പരിഷ്കരണത്തിന് പറ്റിയ ശുഭമുഹൂർത്തമാണിത് എന്നറിയാത്തവൻ അല്ല പിള്ള പുത്രൻ ഗണേശൻ. എൻഎസ്എസിന്റെ കുത്തകാവകാശത്തെയും തീരുമാനങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് മികച്ച അഭിനേതാവായ ഗണേശൻ തന്റെ വാക്ചാതുരിയും നടനശേഷിയും സമാസമം ചേർത്തും എൻ എൻ എസിന്റെ കുത്തക അവകാശത്തെയും തീരുമാനങ്ങളെയും ചോദ്യം ചെയ്തുകൊണ്ടും നടത്തിയ പ്രസ്താവനകൾ ചാനൽ ക്യാമറകൾക്ക് ആഘോഷ വിരുന്നായി മാറിയില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളൂ. സമുദായത്തിന്റെ പേരും പറഞ്ഞു നടക്കുന്ന വലിയേട്ടൻ കസേരയ്ക്ക് നേരെ സ്വന്തം കൂട്ടത്തിൽ നിന്നുതന്നെ ഉയര്‍ന്ന ഈ 'മാസ്സ് ഡയലോഗുകൾ' ജനറൽ സെക്രട്ടറിയുടെ സാമ്രാജ്യത്വത്തിന്റെ അടിത്തറയിൽ ചെറുതല്ലാത്ത ഭൂകമ്പം തന്നെ സൃഷ്ടിച്ചു.
ആക്രമണം എവിടെ നടക്കുന്നുവോ അവിടെ പ്രതിരോധവും വേണമല്ലോ! സുകുമാരൻ നായരും അദ്ദേഹത്തിന് ജയ് വിളിക്കുന്ന ചില താലൂക്ക് യൂണിയൻ ഭാരവാഹികളും ഉടൻ തന്നെ വർത്തമാനസമ്മേളനങ്ങളും പ്രമേയങ്ങളും വിളിപ്പിച്ചു കൂട്ടി കൂറു കാട്ടി. "തറവാട്ടിലെ കാര്യങ്ങളിൽ പുറത്തുനിന്നുള്ളവരും വഴിതെറ്റിയ മക്കളും ഇടപെടേണ്ട" എന്ന മട്ടിലുള്ള പരമ്പരാഗത പ്രസ്താവനകളിലൂടെയാണ് താലൂക്ക് കമ്മിറ്റികൾ മറുപടി നൽകിയത്. സാക്ഷാൽ ഉപരാഷ്ട്രപതിയെ പോലും മന്നം സമാധിയിൽ പ്രവേശിക്കാൻ അനുവാദം നൽകിയില്ല. അതുപോലെ മറ്റ് പല പ്രമുഖരെയും. പിന്നല്ലേ ഈ ചിന്ന പൈതലുകൾ. പെരുന്നയിലെ നായർ കോട്ടയിൽ ഇടിച്ചു കയറും തകർക്കും സർവ്വവും പൊളിച്ചഴുതും എന്നൊക്കെ പറഞ്ഞു പയ്യൻസുകളും പരമാവധി പോരടിക്കുന്നുണ്ട്. ജനറൽ സെക്രട്ടറിയെ തൊട്ടാൽ സമുദായത്തെ തൊട്ടതിന് സമമാണെന്ന ചിന്തക്കാരുടെ മൂടു താങ്ങൽ 'താലൂക്ക് ഭക്തി' കണ്ട് ചെവിയിൽ പോലും രോമമുള്ള ആരും ഞെട്ടാത്തതിനു കാരണം പലതുണ്ട്. വിമർശിക്കുന്നവരെ മുഴുവൻ സമുദായദ്രോഹികളായി ചിത്രീകരിക്കുന്ന നേതാക്കളുടെ ശൈലി മാറ്റാൻ കാലം എത്ര മാറിയാലും പലരും ഇനിയും തയ്യാറല്ല. അതാൺടാ നായർ മഹിമ.
ആത്മാഭിമാനമുള്ള നായന്മാർക്ക് മാധ്യമങ്ങൾക്ക് മുന്നിലെ ഈ ചെളിവാരിയെറിയൽ കണ്ട് തലയിൽ കൈവെക്കാനേ നിവൃത്തിയുള്ളൂ. പുതിയൊരു വാർത്താസമ്മേളനത്തിൽ അടുത്ത പ്രമേയം പാസ്സാകുന്നതും കാത്ത് സാദാ സമുദായംഗങ്ങൾ എന്റർടെയിൻമെന്റ് ചാനലുകൾക്ക് മുന്നിൽ സീറ്റ് ഉറപ്പിച്ചിരിക്കുന്ന കാഴ്ച! വല്ലതുമൊക്കെ നടക്കും നടക്കാതിരിക്കില്ല
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



