ഇതാ വന്നു! ചരിത്രത്തിലെ ഏറ്റവും വലിയ ഓണ ഓഫർ! 70% വരെ കിഴിവ്!
കിഴിവെന്നു കേട്ടാൽ പിന്നെ മലയാളിക്ക് രണ്ടാമത് ഒരു ആലോചനയില്ല. ഇത്രയും നാൾ വാങ്ങാൻ ആഗ്രഹിക്കാത്ത സാധനം പോലും ഓഫർ കാലത്ത് വാങ്ങിയില്ലെങ്കിൽ ജീവിതം പാഴാവും എന്നു തോന്നിപ്പോവും.
വെറുതേ ഒരു ടിവി കടയിൽ കയറിയ ആളിന്റ കഥ പറയാം.. കഥയല്ലിത്.. ജീവിതം. വില നോക്കുമ്പോൾ 50,000 രൂപ. ഓഫർ ബോർഡ് വായിക്കുന്നു - ടിവി വാങ്ങിയാൽ ഒരു മിക്സിയും ഒരു ഇസ്തിരിപ്പെട്ടിയും ഒരു കുടയും സൗജന്യം!"ഒരു കുട വേണമെന്ന് ഭാര്യ പറയാൻ തുടങ്ങിയിട്ട് മാസങ്ങളാവുന്നു. ഇപ്പോൾ ടി വി വാങ്ങിയാൽ കുടയും കൂടി കിട്ടും ഒരു വെടിക്ക് രണ്ട് പക്ഷികൾ; അതോ ഒരു പക്ഷിക്ക് രണ്ടു വെടിയോ?
സെൽഫി എടുക്കാൻ പോലും അറിയാത്ത അമ്മച്ചിക്ക് "സെൽഫി സ്റ്റിക്ക് ഫ്രീ!" എന്നും സ്മാർട്ട് വാച്ച് ഇടാത്ത അച്ഛന് "സ്മാർട്ട് വച്ച് ഫ്രീ!" എന്നും കേട്ടാൽ മതി. ആവശ്യമില്ലാത്തതിന്റെ കൂടെ തീരെ ആവശ്യമില്ലാത്തത് ഫ്രീ ആയി കിട്ടുന്നതാണ് ഓണത്തിന്റെ യഥാർത്ഥ സന്തോഷം !
വാങ്ങൂ, വാങ്ങൂ, വാങ്ങിക്കൊണ്ടേയിരിക്കൂ: "999ന് 3 ഷർട്ട്!" നമുക്ക് വേണ്ടത് ഒരു ഷർട്ട് ആണ്. പക്ഷെ ഒരെണ്ണം വാങ്ങിയാൽ 800 രൂപ. മൂന്നെണ്ണം വാങ്ങിയാൽ 999 രൂപ. ഹെന്തൊരു ലാഭം! അങ്ങനെ മൂന്നെണ്ണം വാങ്ങും. വീട്ടിലെത്തിയാൽ മനസ്സിലാകും ഷർട്ടിന്റെ ഗുണം!. പക്ഷെ ലാഭം കിട്ടിയല്ലോ, അതാണ് മുഖ്യം. എക്സ്ചേഞ്ച് മേളയാണ് മറ്റൊരു ആർഷണം. പഴയ മിക്സി കൊടുത്താൽ പുതിയ ഫ്രിഡ്ജിന് 5000 കിഴിവ്. പഴയ മിക്സിക്ക് ആക്രിക്കടയിൽ 50 രൂപ പോലും കിട്ടില്ല. പക്ഷെ ഓണത്തിന് അത് ആന്റിക് പീസാണ്. ഓണക്കാലപരസ്യങ്ങളുടെ ഏറ്റവും വലിയ കഴിവ് നമ്മുടെ ആവശ്യങ്ങളെ ആഗ്രഹങ്ങളാക്കുന്നതാണ്. ഇന്നലെ വരെ ആവശ്യമില്ലാത്ത ഒരു സാധനം ' വീട്ടിൽ ഉണ്ടായിരിക്കേണ്ട അത്യാവശ്യ വസ്തു' വായി മാറുന്നു.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



