NewsAd1
തലസ്ഥാനത്തിന്റെ പുതിയ തലവേദന
ഡോ എസ് ശിവ പ്രസാദ്
21 August 2026, 3:25 am
main image of news

തലവേദനയ്ക്ക് തിരുവനന്തപുരത്തെ ചില 'പൗര പ്രമുഖർ' നൽകിയ പുതിയ പേരാണ് വി വി രാജേഷ്. അമ്മച്ചിയാണെ സത്യം. എന്നിട്ടും വിശ്വസിക്കുന്നില്ലെങ്കിൽ പെറ്റ തള്ളയെ കൊണ്ട് ആണയിടാം. വി വി രാജേഷ് എന്ന തലവേദനയ്ക്ക് മറ്റ് ചില തലവേദനകളെ അപേക്ഷിച്ച് ദോഷത്തേക്കാൾ ഗുണമാണുള്ളത് എന്നതാണ് വിചിത്രം. ഇതൊരു മേൽത്തരം തലവേദനയാണ് എന്ന് പറയാതെ വയ്യ.

സാധാരണക്കാരെ ഈ തലവേദന പൊതുവെ അലട്ടുന്നില്ല. രാജേഷ് എന്ന പേര് തലവേദനയുടെ പുതിയ പര്യായമായി മാറിയതിന് പിന്നിലെ കഥ മനസ്സിലാകണമെങ്കിൽ തിരുവനന്തപുരത്തെ ചില മുൻകാല മേയർമാരുടെ പ്രവൃത്തികളുമായി ഇദ്ദേഹത്തിന്റെ പ്രവൃത്തികളെ താരതമ്യം ചെയ്യേണ്ടിവരും.

 image 2 of news

കയ്യേറ്റം ഒഴിപ്പിക്കലിലൂടെയാണ് സാക്ഷാൽ സഖാവ് വിഎസ് അച്യുതാനന്ദനും സർവ്വമാന പാർട്ടികളിലും കയറിയിറങ്ങി ഒടുവിൽ ബിജെപിയിൽ ചേക്കേറിയ അൽഫോൻസ് കണ്ണന്താനവും പേരും പെരുമയും സൃഷ്ടിച്ചതും സാധാരണക്കാരുടെ മനസ്സിൽ കൂടുകൂട്ടിയതും. അതേ ട്രാക്കിലാണ് രാജേഷിന്റെയും യാത്ര.

തിരുവനന്തപുരത്തെ യോഗി ആദിത്യനാഥാണ് വിവി രാജേഷ് എന്ന് ബുൾഡോസറിനെ സാക്ഷിയാക്കി പലരും പറയുന്നത് കാണാം. ഐപിഎസ് പരീക്ഷ പാസായി ഉന്നതങ്ങളിൽ എത്തിയ ശ്രീലേഖ മിടുമിടുക്കിയാണ് . എന്നാൽ പരീക്ഷ പാസാകുന്നതിലെ മിടുക്കും രാഷ്ട്രീയ പരിചയവും രണ്ടും രണ്ടാണ്. അതാണ് രാജേഷിന് ഗുണകരമായി മാറിയതും.
HomeAd1
 image 3 of news

അനിതിരസാധാരണമായ മെയ് വഴക്കം ഇല്ലെങ്കിൽ തിരുവനന്തപുരത്ത് പപ്പനാവനെ പോലെ കിടക്കേണ്ടി വരും. ഈ സൂത്രവിദ്യയുള്ളവനാണ് രാജേഷ്. സാക്ഷാൽ പൂക്കി സതീശനെയും തൂഫാൻ ചെന്നിത്തലയെയും സാക്ഷിയാക്കി പറയാനുള്ളത് പലതും തുറന്നടിക്കാൻ രാജേഷിനെ പ്രേരിപ്പിക്കുന്നതും തനി നാടൻ തിരുവനന്തോരം കഴിവാണ് പിള്ളേച്ചാ. മാധ്യമങ്ങളുടെ ഉടുതുണി ഉരിയുന്ന ഉരുളയ്ക്ക് ഉപ്പേരി ഉത്തരങ്ങൾ

പൗര ബോധം വളർത്തുന്ന ശ്രമങ്ങളിലൂടെ മേയർ എന്ന നിലയിലെ രാജേഷിന്റെ മേൽക്കോയ്മ പാർട്ടിയിലേക്കും പരകായ പ്രവേശം ചെയ്യും. പുത്തനച്ചി പുരപ്പുറം തൂക്കും എന്ന് പറഞ്ഞവർ ഏറെയാണ്. എങ്ങോട്ടാണീ പോക്ക് എന്നാണ് അവരുടെ ഇപ്പോഴത്തെ ചോദ്യം. നയിക്കാനും ചോദിക്കാനും ആളില്ലെങ്കിൽ പിന്നെ ഞങ്ങൾ എന്തരിനാണ് ബിജെപിക്ക് വോട്ട് ചെയ്യുന്നത് എന്നാണ് തിരുവനന്തപുരത്തുകാരുടെ മറു ചോദ്യം. ആഗോള ഭീമനായ കൊക്കക്കോളയെ പൂട്ടിക്കാനായ പ്ലാച്ചിമട പഞ്ചായത്ത്, 20-20 യുടെ കിഴക്കമ്പലം എന്നിവ പോലെ കേരളം ഒന്നാകെ പറയും ഞങ്ങൾക്കും തിരുവനന്തപുരം പോലെയാകണം. രാജേഷിനെ പോലെ ഒരാൾ മേയറായി ഞങ്ങൾക്കും ഉണ്ടാവണം.

 image 4 of news

നാടിനോട് സ്നേഹമുള്ളവനാണ് രാജേഷ്. സർവ്വതും മറന്ന് രാജേഷിനോടൊപ്പം നിൽക്കാൻ നമുക്കാവുമോ എന്നതാണ് ചോദ്യം . ഇല്ലേൽ പിന്നെ അനുഭവിച്ചോ. പഴകി ചീഞ്ഞു നാറിയ ആഹാരം നമ്മെ തീറ്റിച്ച ഹോട്ടലുകളുടെ പേരുകൾ വിളിച്ചുപറയാൻ മേയർ എന്ന നിലയിൽ രാജേഷ് കാട്ടിയ ആർജ്ജവം മുൻ മേയർമാരിൽ ആർക്കാണ് ഉണ്ടായിരുന്നത്. പണത്തിന്റെയും മറ്റ് പല കൊഴുപ്പുകളുടെയും പിൻബലത്തിൽ പടുത്തുയർത്തിയ അനധികൃത കെട്ടിടങ്ങൾ പൊളിച്ചു കളയാനുള്ള തന്റേടം കാട്ടിയ ഏത് മുൻ മേയർമാരാണ് തിരുവനന്തപുരത്ത് ഉള്ളത് . രാജേഷ് ഒരു റോൾ മോഡൽ ആയി മാറുന്നത് ഇവിടെയാണ്. സർവ്വതും മറന്ന് കയ്യടിക്കുകയല്ലേ വേണ്ടത്. സർവാത്മനാ പിന്തുണ പ്രഖ്യാപിക്കേണ്ടതല്ലേ. എങ്കിലല്ലേ നല്ലത് ചെയ്യാനുള്ള പ്രേരക ശക്തിയായി സമൂഹം മാറുകയുള്ളൂ.

പാർട്ടിയുടെ മൂലധനമായി മാറുന്ന നേതാക്കൾ എല്ലാ പാർട്ടികളിലും ഉണ്ട്. അത്തരക്കാരിൽ ഒരാളാണ് ബിജെപിയുടെ രാജേഷ്.
ഉയർച്ചയുടെ തിരക്കിൽ കൂടെയുള്ളവരെ രാജേഷും ശ്രദ്ധിക്കണം. മേയറുടെ പേരുപറഞ്ഞ് ചിലയിടങ്ങളിൽ ചിലർ പിരിവു തുടങ്ങിയതായി സംസാരമുണ്ട്. ഇതിന്റെ ശരിതെറ്റുകൾ കൂടി തിരക്കിനിടയിൽ ഒന്ന് അന്വേഷിച്ചാൽ നന്ന്. ചുമ്മാതല്ല ഇത് പറയുന്നത്.

തിരുവനന്തപുരത്തിന്റെ മേന്മയ്ക്കായുള്ള രാജേഷിന്റെ പ്രവർത്തനങ്ങളെ നോക്കിക്കാണുമ്പോൾ രാജേഷ് തളയ്ക്കപ്പെടുമോ എന്നാണ് സാധാരണ ജനത്തിന്റെ ചോദ്യം. കളി ചില്ലറക്കാരോടല്ല എന്നത് തന്നെ കാരണം. ജയേന്ദ്ര പണ്ഡിറ്റ് എന്ന അഹമ്മദാബാദിലെ ആദ്യ ബിജെപി മേയർ വിതച്ച വിത്തുകളാണ് കേശുഭായി പട്ടേലിന് ശേഷം 2001 മുതൽ നരേന്ദ്രമോദി എന്ന മുഖ്യമന്ത്രിയുടെ തേരോട്ടത്തിന് വഴിതെളിച്ചത്തിൽ മുഖ്യപങ്ക് വഹിച്ചത്. ഗുജറാത്തിലെ മാത്രമല്ല പിന്നീട് രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും ബിജെപിയുടെ വളർച്ചയ്ക്ക് നിദാനമായതും അഹമ്മദാബാദിലെ മാതൃകാ ഭരണമായിരുന്നു. ഒറ്റകക്ഷി എന്ന നിലയിൽ ഒരു വലിയ നഗരം കാര്യക്ഷമമായി ഭരിക്കാൻ ബിജെപിക്ക് കഴിയുമെന്ന് രാജ്യത്തിന് മനസ്സിലാക്കി കൊടുക്കാൻ അഹമ്മദാബാദിന് കഴിഞ്ഞു. തുടർന്നാണ് പരമ്പരാഗത വോട്ട് സമവാക്യങ്ങളെ മറികടക്കാൻ ബിജെപിക്ക് കഴിഞ്ഞതും ഗുജറാത്തിൽ തുടർച്ചയായ ഭരണം കയ്യടക്കാൻ സാധിച്ചതും. തിരുവനന്തപുരം നഗരത്തെ സ്വന്തമായി ബ്രാൻഡ് ഉള്ള ഒരു അന്താരാഷ്ട്ര നഗരമാക്കി മാറ്റാനാണ് രാജേഷിന്റെ ശ്രമം 7 സിഗ്നേച്ചർ ആശയങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്. ശ്രീമാൻ ശശി തരൂരിന്റെ ബാഴ്സലോണ ഇരട്ട നഗരം പോലെയും വിദേശങ്ങളിൽ പിണറായി വിജയൻ കണ്ട വേസ്റ്റ് വാട്ടർ മാനേജ്മെൻ്റും റോഡും തിരുവനന്തപുരം ചാർത്തുന്നത് സ്വപ്നം കണ്ടിരുന്ന് മടുത്ത തിരുവനന്തപുരം ജനതയുടെ സമ്മാനമാണ് ബിജെപിയുടെ ഭരണം എന്ന് മനസ്സിലാക്കാനുള്ള വിവേകം രാജേഷിനുണ്ട്.

ചുറ്റുമുള്ളവരുടെ ജീവിതത്തിൽ കയറി സോഷ്യൽ ഓഡിറ്റിംഗ് നടത്താൻ തിരുവനന്തപുരത്തുകാരെ എന്നല്ല മലയാളിയെ ആരും പഠിപ്പിക്കേണ്ടതില്ല. നടന്നോ വണ്ടിയോടിച്ചോ പോകുന്ന വഴിയിൽ എന്തെങ്കിലും അരുതായ്കയോ നിയമ ലംഘനമോ കണ്ടാൽ മേയർ രാജേഷിനെ വിളിച്ചുപറയാനുള്ള ആർജ്ജവം പൊതുജനം കാട്ടുന്നത് അദ്ദേഹത്തിലുള്ള വിശ്വാസം കൊണ്ടാണ്. തീറ്റ ഇടങ്ങളായി മാറുന്ന തെരുവീഥികളുടെ പിന്നാമ്പുറ കഥകൾ ഫോൺ കോളുകളായി രാജേഷിലെത്തുന്നതും തുടർന്നുള്ള റെയ്ഡുകളും വഴി അദ്ദേഹത്തിനും പാർട്ടിക്കും നഷ്ടപ്പെടാനിടയുള്ള വോട്ടുകളിലുമേറെയാകും അനുകൂലമായി ലഭിക്കുന്നത്.
ഈ ചിന്തയുമാകാം രാജേഷിനെ മുന്നോട്ട് നയിക്കുന്നതും.
എന്നാൽ എല്ലാം സമ്മർദ്ദതന്ത്രം മാത്രമാണെന്ന അടക്കം പറച്ചിലുകളുമുണ്ട് അന്തരീക്ഷത്തിൽ. അങ്ങിനെയെങ്കിൽ വീണ കെട്ടിടങ്ങളും ഒഴിപ്പിക്കപ്പെട്ട കൈയ്യേറ്റങ്ങളും അതതിടങ്ങളിൽ തന്നെ ഉയിർത്തെഴുന്നേല്ക്കുന്നത് കാണാനാവും പപ്പനാവന്റെ യോഗം !

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞