ഇത് എന്നെ ഉദ്ദേശിച്ചാണ് ..എന്നെ മാത്രം ഉദ്ദേശിച്ചാണ്...എന്റെ മകൾ വഴി ലക്ഷ്യമിടുന്നത് എന്നെ മാത്രമാണ്.
'മടിയിൽ കനമില്ലാത്തതിനാൽ അനക്ക് ഭയപ്പെടേണ്ടതില്ല. വേണേ ങ്ങ പാർട്ടിക്കാർ ന്റെ ചുറ്റും നിന്ന് ചുവപ്പ് കോട്ട ണ്ടാക്കി ചെറുത്തോളീ...'
ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റിൽ നിന്ന് ഇതിൽപരം ഒരു ആത്മാർത്ഥത പ്രതീക്ഷിക്കേണ്ടതുണ്ടോ.
ദേശാടന പക്ഷികളെപ്പോലെയാണ് കമ്മ്യൂണിസ്റ്റുകളും . കരയാറില്ല. എന്തിനേറെ ഒന്ന് തേങ്ങാറു പോലുമില്ല. പക്ഷേ മോങ്ങും. ഇക്കണ്ട സർവ്വതിനും കാരണഭൂതനായ ആ പരിശുദ്ധ പിതാവ് ഇത്തരത്തിൽ മോങ്ങലടിച്ച് ആണയിടുമ്പോഴും എക്സാ ലോജിക് കമ്പനിയുടെ ഇടപാടുകളിൽ രാഷ്ട്രീയ ലാഭം കാണുന്നവരും അതല്ല അഗ്നിശുദ്ധി വരുത്തിയേതീരൂ എന്ന് വാശിപിടിക്കുന്ന വരും തമ്മിൽ ഒളിപ്പോര് ഏറി വരികയാണ്. ഇ ഡിയുടെ അസാധാരണ പത്രക്കുറിപ്പിൽ സാധാരണക്കാരന് എന്തു കാര്യം എന്ന് ചോദിച്ച് നൈസായി സ്കൂട്ടാവുന്ന പാർട്ടിക്കാരുടെ ആത്മാർത്ഥതയും കാണാതിരിക്കാനാവില്ല.
“ഹാ പുഷ്പമേ അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നൊരു രാജ്ഞി കണക്കയെ നീ” എന്ന് പൂവിനെ പ്രതീകാത്മകമായി ഉപമിച്ച മഹാകവി കവിതയ്ക്ക് വീണ പൂവ് എന്ന ശീർഷകം നൽകിയത് എത്ര ദീർഘദർശനത്തോടെയാണ് !
ഈ ഓണക്കാലത്ത് മലയാളി മാറ്റിപ്പാടുന്ന “വീണേ വീണേ വീണപ്പെണ്ണെ വീണക്കെത്തറമാസം”. എന്ന വരികൾ വർത്തമാന കാലത്തെ വനിതാ രത്നത്തിന്റെ ജയിലിലേക്കുള്ള കാത്തിരിപ്പിനെക്കുറിച്ചാണ് എന്നു കരുതുന്നവരുമുണ്ട്
.
തിരുവായ്ക്ക് എതിർവായില്ലാതായതിന്റെ ഫലമായി യുഡിഎഫിന് നൂറ്റിരണ്ട് സീറ്റുകൾ ലഭിച്ചിട്ടും "പഠിക്കാൻ ഞങ്ങൾക്കു മനസ്സില്ല, താങ്ങാൻ ഞങ്ങൾക്കു മടിയുമില്ല" എന്ന് അത്യുച്ചത്തിൽ വിളിച്ചു കൂവി മുന്നിൽ നിന്ന് പ്രഖ്യാപിക്കുകയാണ് പാർട്ടി സെക്രട്ടറി. ഈ സെക്രട്ടറിയാണ് ഞങ്ങളുടെ ഐശ്വര്യം എന്ന് അദ്ദേഹത്തിന്റെ പടം വച്ച് പൂജിക്കുന്ന മറ്റ് പാർട്ടികൾ. ഇ.ഡിയെ രാഷ്ട്രീയമായി നേരിടുമെന്നും ഇതൊക്കെ വെറും വേട്ടയാടലാണെന്നും പറഞ്ഞ് എം വി ഗോവിന്ദൻ ഉറഞ്ഞുതുള്ളുമ്പോൾ, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് നേരത്തെ പറഞ്ഞവരൊക്കെ ഇന്ന് പാർട്ടി പരിചയുമായി പ്രരോധത്തിനിറങ്ങുന്നത് അണികളിൽ പോലും പന്തികേടുണ്ടാക്കുന്നുണ്ട്.
കഴിഞ്ഞ പത്തു വർഷമായി എകെജി സെന്ററിൽ അടച്ചിട്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ആ രഹസ്യ മുറിയിൽ പരിശോധന നടത്തിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ എന്ന വാദം ചാനൽ ചർച്ചകളിൽ മുഴങ്ങുന്നുണ്ടെങ്കിലും ഇ.ഡി അതൊന്നും കേട്ട മട്ട് നടിക്കുന്നില്ല. ശ്വാസം ഉള്ളിടത്തോളം ഭയവും കൂടെയുണ്ടാകുമെന്നിരിക്കെ ഈ രാഷ്ട്രീയ ലീലകൾ എങ്ങനെ സാധിക്കുന്നു എന്ന് ചിന്തിക്കുന്ന ജനത്തിന് ഒരു എത്തും പിടിയും കിട്ടുന്നില്ല. വീണാ വിജയൻ അറസ്റ്റിലാകുമോ, അറസ്റ്റിലായാൽ പിന്നെന്ത് എന്നത് മാത്രമാണ് പലർക്കും ചോദിക്കാനും അറിയാനുമുള്ളത്. ഒരു ലോജിക്കും ഇല്ലാത്ത ചോദ്യങ്ങൾ എന്ന് പറഞ്ഞ് തള്ളുന്നവരോട്, എന്നാൽ പിന്നെ എക്സാ ലോജിക്ക് കമ്പനിയുടെ സഹായധന ഇടപാടുകളിൽ ഏത് ലോജിക്കാണുള്ളത്?എന്നാണ് എതിരാളികളുടെ മറുചോദ്യം.
കോർപ്പറേറ്റ് കമ്പനികളുടെ കടന്നുകയറ്റവും കോർപ്പറേറ്റ് ഫ്രോഡുകളും വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, സാധാരണ നിയമങ്ങൾ പോരാത്തതിനാലാണ് 2013-ൽ SFIO പോലൊരു കേന്ദ്ര അന്വേഷണ ഏജൻസിക്ക് രൂപം നൽകിയത്. കെഎസ്ഐഡിസിയുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ രേഖകൾ പരാതിക്കാരനായ ഷോൺ ജോർജ് കേന്ദ്ര മന്ത്രാലയത്തിന് നൽകിയതോടെ കോടതി പോലും അന്വേഷണം തടയാൻ തയ്യാറാകാത്ത 'ദുരവസ്ഥ'യിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ ഉറച്ച അടിത്തറയാകാൻ ശേഷിയുള്ളതാണ് നമ്മുടെ ധാതുമണൽ. അതുകൊണ്ടുതന്നെയാണ് ഖനനം പൊതുമേഖലയിൽ മാത്രം നിജപ്പെടുത്തി സർക്കാർ സംരക്ഷിച്ചു പോന്നത്. എന്നാൽ പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ, രാഷ്ട്രീയ ഇടപെടലുകൾ വഴി കോടാനുകോടി രൂപയുടെ കരിമണൽ കൊള്ള സ്വകാര്യ മേഖലയയിൽ നടന്നു കഴിഞ്ഞിട്ടുണ്ട് എന്നു വേണം അനുമാനിക്കാൻ. അതിനുള്ള പ്രത്യുപകാരമായാണ് മാസപ്പടി കൈപ്പറ്റിയതെന്ന ‘ആരോപണം’ ശരിയെങ്കിൽ അത് കേരളത്തിന്റെ മാനം കെടുത്തുന്ന ഒന്നായി മാറും.
ഉന്നത പദവിയിൽ വിളങ്ങിനിന്ന ഒരു കമ്പനി ഡയറക്ടർ അറസ്റ്റിലാകുന്നത് രാജ്യത്ത് ആദ്യത്തെ സംഭവമല്ലെങ്കിലും, കരിമണലിന്റെ മറവിൽ നടന്ന ഈ കൊടുക്കൽ വാങ്ങലുകൾ അഴിമതിയുടെ ദുർഗന്ധം വമിക്കുന്ന അധ്യായമായും മാറും
കൊടകര കുഴൽപ്പണ കേസിലും ബിജെപി നേതാക്കളുടെ സാമ്പത്തിക ഇടപാടുകളിലും കണ്ണടയ്ക്കുന്ന ഇ.ഡി, പ്രതിപക്ഷ നേതാക്കളെയും സിപിഎം നേതാക്കളെയും മാത്രം വേട്ടയാടുന്നു എന്ന ഇ.ഡി വിരുദ്ധ പ്രസംഗങ്ങൾ ഒരുവശത്ത് സജീവമാണെങ്കിലും കമ്പനി നിയമലംഘനങ്ങളും മാസപ്പടി കേസും പാർട്ടിയെ പൂർണ്ണമായും പ്രതിരോധത്തിലാക്കിയിരിക്കുന്നു
അഴിമതി ആരോപണങ്ങളുടെ കാറ്റിൽ ആടിയുലഞ്ഞ് അപമാനങ്ങളിലേക്ക് 'വീണ 'പൂവിനെതിരെയുള്ള അന്വേഷണത്തെ രാഷ്ട്രീയമായി നേരിടും എന്നു പറയുന്ന പാർട്ടിയാണ് അഴിമതിക്കറ പുരളാത്ത നേതാവിന് ലഭിച്ച പത്മ പുരസ്കാരം സ്വീകരിക്കുന്നതിൽ നിന്ന് അദ്ദേഹത്തിന്റെ മകനെ തടഞ്ഞത്. ഒക്കെ ഒരു ദുരവസ്ഥ അല്ലെങ്കിൽ പിന്നെ എന്താണ്