NewsAd1
വിപരീതകാലേ വിനാശ ബുദ്ധി!
ബാലകൃഷ്ണൻ കാരോട്
27 August 2026, 4:10 am
main image of news

കാര്യമെന്തൊക്കെയായാലും കേരളത്തിൽ സി പി എം ന് ഒരേയൊരു നേതാവേയുള്ളൂ. അത് ഇടത് ഭരണത്തിന്റെ സുവർണകാലത്ത് ക്രാന്തദർശിയായ ആ കവി പാടിയതുപോലെ 'കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ..'സംസ്ഥാന തലത്തിൽ മാത്രമല്ല; ദേശീയതലത്തിൽ പാർട്ടിയുടെ പോളിറ്റ്ബ്യൂറോയും ജനറൽ സെക്രട്ടറിയും കേന്ദ്രക്കമ്മിറ്റിയും ഇദ്ദേഹമല്ലാതെ മറ്റാര് !

വിപ്ലവത്തിന്റെ അരിഷ്ടം നിത്യേന ചുവപ്പിൽ ചാലിച്ച് കുടിച്ചുണരുന്ന പാർട്ടിയാണ്. ബേബി എന്ന് കൊല്ലത്തുകാർ വിളിക്കുന്ന എം.എ ബേബിയാണ് അതിന്റെ ജനറൽ സെക്രട്ടറിയെന്ന് എത്ര പേർക്കറിയാം. ഫോർവേർഡ് ബ്ലോക്കിന്റെ ജനറൽ സെക്രട്ടറി ജി ദേവരാജിനെ അറിയുന്ന അത്രയുമെങ്കിലും ബേബിയെ അറിയുന്നവർ കുറവ്. എന്നാൽ പിണറായിയെ ദില്ലിയിൽപ്പോലും ചിലർക്കെങ്കിലുമറിയാം.
വീണക്കേസിൽ തിരുവനന്തപുരത്തും കോഴിക്കോടും നടന്ന ഇ ഡി റെയ്ഡിൽ പ്രതിഷേധിച്ച് ദൽഹിയിൽ ഇതേ ബേബിയുടെ നേതൃത്വത്തിൽ ഒരു ആഗോള പ്രക്ഷേഭ പരിപാടി സംഘടിപ്പിച്ചിരുന്നു..
അന്ന് ദില്ലി പോലീസ് ആളറിയാതെ പ്രക്ഷോഭകരെ കൈകാര്യം ചെയ്യുന്നതും ഇടിവണ്ടിയിൽ കയറ്റിക്കൊണ്ടുപോകുന്നതുമെല്ലാം നമ്മൾ കണ്ടതാണ്. പോലീസുകാർ എത്ര ആലോയിച്ചിട്ടും ഇക്കൂട്ടർ ആരാണെന്നോ എന്താണ് അവരുടെ പ്രശ്നമെന്നോ മനസ്സിലാക്കാൻ കഴിയാത്തതിനാൽ ജയിലിലേക്ക് കൊണ്ടുപോകാതെ .പഞ്ചാബിനടുത്ത് ഒരു ഇടറോഡിൽ ഇറക്കിവിട്ട് തിരിച്ചു പോന്നതായി ഒരു കഥയുണ്ട്. വഴിയറിയാതെ ഉഴറി നിന്ന ബേബി സഖാവിന് തുണയായത് തെരഞ്ഞെടുപ്പിന് വോട്ടുചെയ്യാൻ കേരളത്തിൽ നിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ച ഒരു ബംഗാളിയാണത്രേ . മുണ്ടുടുപ്പും താടിയും കണ്ട് മലയാളിയാണെന്ന് മനസ്സിലാക്കിയ ആ ബംഗാളി ഉണ്ട ചോറിനോടുള്ള നന്ദി മറക്കാതെ ഏതോ വണ്ടിയിൽ കയറ്റി വഴിക്കാശും നൽകി ദൽഹിയിലേക്കയച്ചുവെന്നാണ് പ്രചരിക്കുന്ന കഥ.
സി.പി എമ്മുകാർ ദിവസേ ഇറക്കുന്ന കാപ്സ്യൂളുകളെക്കാളും വിശ്വസനീയവുമാണ് അത്.

 image 2 of news

പാർട്ടിയുടെ നിലവിലെ ഏക നാഷണൽ ഫിഗർ എന്നതുകൊണ്ടു തന്നെ പോളിറ്റ് ബ്യൂറോയും സംസ്ഥാന കമ്മിറ്റിയും ദീർഘനാൾ ചർച്ച ചെയ്ത് കൈക്കൊള്ളേണ്ടുന്ന തീരുമാനങ്ങൾ പിണറായി മുമ്പേ എടുക്കും. ചർച്ചയൊക്കെ ആചാരാനുഷ്ടാനങ്ങളോടെ പിന്നീട് നടത്തി അണ്ടിപ്പരിപ്പു കഴിച്ച് പിരിയും.

വന്നു വന്ന് ഇടതുമുന്നണിയുടെ കാര്യവും അങ്ങിനെ തന്നെ.തെരഞ്ഞെടുപ്പിനു ശേഷം മുന്നണി യോഗം ചേരലൊക്കെ കണക്കാണ്. മൂന്നേമൂന്നുകക്ഷികൾക്കു മാത്രമാണ് നിലവിൽ നിയസമസഭ കാണാനെങ്കിലും അവസരം കിട്ടിയത്. വല്യേട്ടനും ചെറ്യേട്ടനും പിന്നൊരു കുറ്യേട്ടനും. പിന്നെന്തിന് യോഗം !
26 സീറ്റാണ് മൂന്നാം ഭരണമെന്ന് ഗീർവാണമടിച്ച് മുക്കിന് മുക്കിന് ഭൂതരായരുടെ ഫുൾ ഫിഗർ വച്ച് പരസ്യം നിരത്തിയ വല്ല്യേട്ടന് ലഭിച്ചത്. കാരണവരുടെ കാരുണ്യം കൊണ്ട് ബി ജെ പി ക്കും കിട്ടി മൂന്നു സീറ്റ്. ചെറ്യേട്ടന് 8 സീറ്റ്. മറ്റു കക്ഷികളെ മഷിയിട്ട് നോക്കിയാൽപ്പോലും കാണാതെയുമായി.ഒരുസീറ്റ് കിട്ടിയ ആർ ജെഡി കുറ്യേട്ടൻ സംസ്ഥാനത്തോ മുന്നണിയിലോ ഉണ്ടോ എന്നു പോലും ആർക്കും അറിയാത്ത അവസ്ഥയുമാണ്.
HomeAd1
 image 3 of news

തോറ്റ് തുന്നം പാടിയെങ്കിലും അതിന്റെ യാതൊരു അഹങ്കാരവുമില്ലാതെ സിപിഎം ഇപ്പോഴും നമ്മളെ സന്തോഷിപ്പിച്ചു കൊണ്ടേയിരിക്കുന്നു. വമ്പൻ ഭൂരിപക്ഷം കിട്ടിയ കോൺഗ്രസ്സ്,മുഖ്യമന്ത്രിയെ കണ്ടെത്താൻ ദിവസങ്ങളെടുത്തെങ്കിലും വിഡി സതീശൻ മുഖ്യമന്ത്രിയായതോടെ അവിടെ എല്ലാം ശുഭപര്യവസായിയായതു പോലാണ്. മുന്നണിക്ക് നേരിട്ട കനത്ത പരാജയത്തിൽ നിന്ന് പാഠങ്ങളുൾക്കൊണ്ട് തിരുത്തലുകൾ വരുത്തുമെന്ന് ഉറക്കെ പറഞ്ഞ ഇടതുപക്ഷം, പറഞ്ഞത് തിരുത്തി പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് എന്തു കൊണ്ടാണെന്ന് മനസ്സിലാക്കാനുള്ള കമ്മ്യൂണിസമൊന്നും ഇപ്പോഴും പൊതുജനത്തിനില്ല.കൺട്രി ഫെലോസ്... എന്തൊക്കെ തിരുത്തലുകളാണ് കൊണ്ടുവരേണ്ടത് എന്നതിൽ അഭിപ്രായം പറയുന്നതിന് ഒരു മൊബൈൽ നമ്പർ സി പി എം പുറത്തുവിട്ടിരുന്നു. നമ്പര് കിട്ടിയ പാടെ നാടാകെ ഒറ്റസ്വരത്തിൽ 'എല്ലോപ്പി'യായി പിണറായി വിജയനന്നെ സഖാവുമതിയെന്ന് പറഞ്ഞിട്ടുണ്ടാവണം. നശിക്കാൻ പാർട്ടിയിൽ സ്വല്പക്കൂടി അവശേഷിക്കുന്നുണ്ടല്ലോ.

26 സീറ്റ് നേടിയ സിപിഎം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തതിൽ ആർക്കും പരാതിയില്ല. അത് അവരുടെ കാര്യം.
8 സീറ്റു കിട്ടിയ സിപിഐയ്ക്കുമില്ലേ മോഹങ്ങൾ! ഉപഎല്ലോപ്പി എന്ന തികച്ചും സാങ്കല്പികവും നഗ്നനേത്രങ്ങൾകൊണ്ട് കാണാനാവാത്തതുമായ ഒരു സാധനം മാത്രമാണ് അവർ ആവശ്യപ്പെട്ടത്.
എല്ലോപ്പിക്ക് തന്നെ വായതുറക്കാൻ ബാലഗോപാലൻമാർ ആവശ്യമായി വന്നിരിക്കേയാണ് അവമ്മാരുടെയൊരു ഉപ എല്ലോപ്പി.
പോകാമ്പറ!

 image 4 of news

തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും ഗോവിന്ദൻ മാഷ് തന്നെയാണ് സിപി എമ്മിന്റെ സംസ്ഥാന സിക്രട്ടറിയെന്ന് പാർട്ടി പത്രത്തിൽ ഇതുസംബന്ധിച്ച് വരുന്ന പ്രസ്താവകളിൽ നിന്നും മറ്റു മറിയാം. പക്ഷേ പാർട്ടി തീരുമാനമെന്നാൽ പിണറായിയുടെ മാത്രം തീരുമാനമാണ്. മുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ എന്ന സാധു.തെരഞ്ഞെടുപ്പിനു ശേഷം മുന്നണി യോഗം പോലും കാര്യമായി നടന്നിട്ടില്ല. ചർച്ചയുമുണ്ടായില്ല.എന്നിട്ടും തീരുമാനം പിണറായി പറഞ്ഞു. ഉപ എല്ലോപ്പി ഊപ്പകൾക്കുള്ളതല്ല.

പാർട്ടി അണികൾ പോലും വായിക്കാത്ത ജനയുഗം പത്രത്തിൽ (ഓ ഹോ..അങ്ങിനെയും ഒരു പത്രമുണ്ടോ?) കണ്ണീർ സാഹിത്യമെഴുതി വികാരം കൊള്ളുകയാണ് കടുത്ത കമ്മ്യൂണിസ്റ്റായ സി.പി.ഐ ഇപ്പോൾ. സത്യം. മൊകേരി വക

പ്രിയപ്പെട്ട സി പി ഐ ക്കാരേ. എടുത്താൽ പൊങ്ങാത്ത തീരുമാനമെന്നും എടുത്തേക്കരുതേ. നമുക്ക് ഒരുമിച്ചു നിന്നാൽ ചെയ്യാൻ പറ്റുന്ന ഒരുപാട് വിപ്ലവ പ്രവർത്തനങ്ങളുണ്ട്. ആദ്യത്തേത് നമ്മുടെ ഏക നേതാവിന് ചുറ്റും പാറ പോലെ ഉറച്ചു നില്ക്കുക എന്നതാണ്. അദ്യത്തിന്റെയും കുടുംബാംഗങ്ങളുടെയും നേർക്ക് ലോക മുതലാളിത്ത ഫാസിസ്റ്റ് ശക്തികൾ നടത്തുന്ന അട്ടിമറി നീക്കങ്ങൾക്കെതിരേ ഒറ്റക്കെട്ടാവുക. ഇ ഡി എന്നത് മോഡിയുടെ മാത്രമല്ല ലോക കെ ഡി യായ അമേരിക്കയുടെയും വളർത്തുമൃഗമാണ്. അതിനെ ചെറുക്കുന്നതിലൂടെ സാമ്രാജ്യത്വത്തെയാണ് നമ്മൾ എതിർക്കുന്നത്. ഓണം പ്രമാണിച്ച് നാട്ടാരെ രസിപ്പിക്കാനെഴുതിയ ഒരു കോമഡി പീസാണ് ജനയുഗത്തിൽ വന്നതെന്ന് തലയുയർത്തിനിന്ന് മുന്നണിയോഗത്തിൽ ബിനോയേട്ടൻ ഒന്ന് വിശ്വസിപ്പിച്ചാൽ തീരാവുന്ന പ്രശ്നമാണ്. അല്ലാതെ സാഹസങ്ങൾക്കു തുനിഞ്ഞാൽ ഇന്ത്യൻ ചെ ഗുവേരയായ സഖാവ് ബേബി പറഞ്ഞതു പോലെ വിപരീത കാലേ വിനാശ ബുദ്ധി എന്നേ പറയേണ്ടതുള്ളൂ!

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞