NewsAd1
വടക്കാഞ്ചേരി ദാമോദര മേനോൻ സുകുമാരൻ
ബാലകൃഷ്ണൻ കാരോട്
29 August 2026, 4:04 am
main image of news

കിട്ടേണ്ടത് കുറുപ്പിനെ.കണ്ടെത്തിയത് മേനോനെ.ഇന്റർനാഷണൽ വാർത്ത ബ്രേക്ക് ചെയ്തത് നായരും. ആകെ കൺഫ്യൂഷനിലാണ് ഇപ്പോൾ എൻ എസ് എസ് ആസ്ഥാനം. സംഗതി കുറുപ്പായാലും മേനോനായാലും നായരായാലും സംഘടനാപരമായി എൻ എസ് എസ് തന്നെയാണല്ലോ.

തിരുവോണത്തിന് ഉച്ച വാർത്തയൊക്കെ കഴിഞ്ഞ് ഉണ്ടിരിക്കുമ്പോഴാണ് ( ശ്രീകണ്ഠൻ )നായർക്ക് ഒരു ഉൾവിളി വരുന്നത്. നന്നായി ഉണ്ടു കഴിഞ്ഞാൽ നായൻമാർക്ക് (മാത്രം)അത് പതിവാണെന്ന് ഡിജിപി ശ്രീജിത്ത് പോലും സമ്മതിക്കും.ഇത്തവണ വിളി വന്നത് അങ്ങ് ബ്രൂണെയിൽ നിന്ന്.

 image 2 of news

അവിടെ ഒരു ഫാം ഹൗസു പോലുള്ള വീട്ടിൽ നമ്മൾ കണ്ടു ശീലിച്ചതിൽ നിന്ന് വ്യത്യസ്തമായ രൂപഭാവങ്ങളോടെ ഒരു സുകുമാരക്കുറുപ്പുണ്ടെന്ന് റിപ്പോർട്ടർ ഉറപ്പിച്ചു പറയുന്നു. അവിടത്തെ മലയാളികളായ ചില പരിസരവാസികളുടെ സാക്ഷ്യപ്പെടുത്തലും കൂടിയായപ്പോൾ ശ്രീകണ്ഠൻ നായർക്ക് പിന്നെ യാതൊരു ശങ്കയും തോന്നിയില്ല. ടെലിവിഷൻ ചീഫ് ജസ്റ്റീസായ സഹപ്രവർത്തകൻ ഹാഷ്മിയോട് സംഗതി പറഞ്ഞപ്പോൾ ഹരം മൂത്ത് ഹാഷ്മി വിധിച്ചു. ഇന്റർനാഷണൽ ബ്രേക്കിംഗ് !

മീശയും താടിയുമില്ലാത്ത ഒരു കുറുപ്പച്ചനെ അങ്ങനെ നമ്മൾ ആദ്യമായി കൺകുളിർക്കെ കണ്ടു. ഓണാലയത്തിൽ കണ്ടു വന്ന മറ്റ് വിനോദ പരിപാടികളെയും വാർത്തകളെയുമൊക്കെ അടിച്ച് തൂഫാനാക്കി കുറുപ്പ് കത്തിക്കയറി. എം ഡി എം എ വേട്ടയ്ക്കിറങ്ങിയ തൂഫാൻ സംഘത്തെ മന്ത്രി ചെന്നിത്തല തിരികെ വിളിച്ചു. കറുപ്പ് അവിടെ നിൽക്കട്ടെ. നമുക്ക് ഇനി കുറുപ്പിനെ തപ്പാം.
HomeAd1
 image 3 of news

നിസ്സാരമല്ല.നാലു പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ അന്വേഷണചരിത്രത്തിലെ ഏറ്റവും വലിയ കണ്ടെത്താനാകാത്ത കഥാപാത്രമായി തുടരുകയായിരുന്ന സുകുമാരക്കുറുപ്പിനെയാണ് കണ്ടെത്തിയിരിക്കുന്നത്. പോലീസിന് കഴിയാതിരുന്നിടത്ത് ഒരു മാധ്യമത്തിന്റെ മഹത്തായ വിജയം.

പിടികിട്ടാപ്പുള്ളിയെക്കുറിച്ച് വിവരം കിട്ടുന്നത് ഒരു മാധ്യമത്തിനായാൽ എന്തു ചെയ്യണമെന്നതിന്റെ ഏറ്റവും നല്ല മാതൃകയാണ് ചാനൽ കാണിച്ചത്. ലൈവ് തുടങ്ങുക ! 'ഈ ഫാം ഹൗസിലാണ് കുറുപ്പ് ഉണ്ടായിരുന്നത്. ഇപ്പോൾ ഉണ്ടോഎന്നറിയില്ല...ഇടക്കിടെ ഹൈഡ് ഔട്ടുകൾ മാറുന്ന ശീലമുണ്ട്... ചിലപ്പോൾ മാറിയിട്ടുണ്ടാവും...'

 image 4 of news

ഇതിനിടെ ഹാഷ്മിയുടെ കോടതി കേസിന്റെ വിചാരണയും തുടങ്ങി.പണ്ട് ഈ കേസന്വേഷിക്കുകയും അവസാനിപ്പിക്കുകയും ചെയ്ത ഉന്നത പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചിരുത്തി തൊലിയുരിച്ചു. കുറുപ്പ് ഇപ്പോഴും ജീവനോടെയുണ്ടെന്ന് 'കണ്ടെത്തു'കയും ആ വിവരം മുകളിലോട്ട് പറഞ്ഞപ്പോൾ അവഗണിക്കപ്പെടുകയും ചെയ്തു എന്ന് വെളിപ്പെടുത്തിയ ഒരു കീഴുദ്യോഗസ്ഥനെ വിളിച്ചു വരുത്തി പൊന്നാടയണിയിക്കുകയും ചെയ്തു.

മറ്റു ചാനലുകളും നില്ക്കക്കള്ളിയില്ലാതെ കൊതിക്കെറുവോടെ കുറുപ്പിനെ തേടിയിറങ്ങി. ബ്രൂണോ പോയിട്ട് ബാന്ദ്ര വരെപ്പോലും പോകാൻ ബജറ്റില്ലാത്ത ചാനലുകൾ അവരവരുടേതായ ഹരികഥകളുണ്ടാക്കാ കാലക്ഷേപം ചെയ്തു.

ആദ്യം വാർത്ത പുറത്തുവിട്ടത് 24 ചാനലായിരുന്നല്ലോ. വാർത്തയ്ക്കും 24 മണിക്കൂറിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. പുതിയ വാർത്ത വന്നു. ബ്രൂണെയിലുള്ളത് ഫിലിം റപ്രസെന്റേറ്റിവ് ചാക്കോയെ കൊന്ന് പണം തട്ടിയ സുകുമാരക്കുറുപ്പല്ല. തൃശൂർ വടക്കാഞ്ചേരിക്കടുത്ത് മൂർക്കനാട് തറവാട്ടിലെ ദാമോദര മേനോനാണത്രേ. വർഷങ്ങളായി വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തു ജീവിക്കുന്ന സാധുവായ ഒരു ബിസിനസ്സുകാരൻ .

കഥ കുറുപ്പിനെക്കുറിച്ചായതിനാൽ കറുപ്പും വെളുപ്പും ഇനിയും തിരിയേണ്ടതുണ്ട്. ഇന്റർ പോളിനോട് നമ്മുടെ ആഭ്യന്തവകുപ്പ് സഹായം ചോദിച്ചതായി ആഭ്യന്തര മന്ത്രി പറയുന്നു. സമൂഹ മാധ്യമങ്ങളും മറ്റു ചാനലുകളും മാധ്യമസദാചാരത്തെക്കുറിച്ച് പരമ്പരകളും ക്ലാസ്സുകളുമൊക്കെയായി നിറഞ്ഞാട്ടവും തുടങ്ങിയിട്ടുണ്ട്.
എങ്കിലും ഇത്ര പ്രമാദമായ ഒരു വാർത്ത വന്നിട്ടും മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശൻ പ്രതികരിക്കാത്തതെന്ത് എന്ന അന്വേഷണാത്മക റിപ്പോർട്ടുകൾക്കും അന്തിച്ചർച്ചകൾക്കും ഇനിയും സ്കോപ്പുണ്ട്.
അവൻ ഏത് വേഷത്തിലും വരാം

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞