NewsAd1
ബൈക്കിലെത്തുന്ന ആളോഹരി ആനന്ദം
മോഹനൻ കെ.
5 September 2026, 1:24 am
main image of news

മാർകേസിന്റെ കഥാപാത്രമായ കേണലിനെന്ന പോൽ മലയാളികൾക്കും ഇപ്പോൾ ആരും എഴുതുന്നില്ല. കത്തിലൂടെയുള്ള സാംസ്കാരിക വിനിമയം നിലച്ചു പോയി. ഇപ്പോഴുള്ള കടിതങ്ങൾ സർക്കാരിന്റെ ഇണ്ടാസുകൾ മാത്രം. അതിനായി കുറെ ഗുമസ്തൻമാർ മാത്രമാണ് ബാക്കിയുള്ളത്.ഈശ്വരോ..രക്ഷതു !

തപാൽ നാണുമാർ നമ്മെ പാടെ ഉപേക്ഷിച്ചിട്ട് കാലമേറെയായി. എന്നാൽ ആ വിടവ് നികത്താൻ പിന്നെയും പിന്നെയും പടിവാതിൽ കയറി വരുന്നത് ആമസോണും ഫ്ലിപ്പ്കാർട്ടും സ്നാപ്പ് ഡീലും സ്വിഗ്ഗിയും സൊമാറ്റയുമാകുന്നു. ബാലേട്ടന്റെ പീടികയിലെ ഉണ്ടം പൊരി മുതൽ ബഹുരാഷ്ട്ര കമ്പനികളുടെ തെങ്ങിൻ പൂക്കിലവരെ... സാധനങ്ങളും സേവനങ്ങളുമായി ഗിഗ് ഇക്കോണമി ഇന്ന് നമ്മെ ആപാദചൂഢം ആശ്ലേഷിച്ചു കഴിഞ്ഞു.

 image 2 of news

സൊമാറ്റയുടെയും സ്വിഗ്ഗിയുടെയും നാമം പേറുന്ന ചതുര വടിവുള്ള തുകൽ പെട്ടകങ്ങൾ ബൈക്കിന്റെ പിന്നിൽ വച്ച് നമ്മുടെ നാട്ടുവഴികളിൽ പാഞ്ഞു പോകുന്ന ജെൻസികൾ ഇന്ന് നിത്യകാഴ്ചയാണ്. നമ്മുടെ വാതിൽപ്പടിയിൽ സാധനങ്ങളും സേവനങ്ങളും എത്തിക്കുന്ന അവരാണ് ഗിഗ് വർക്കേഴ്സ് .

ഗിഗ്(GIG) എന്നത് Engagement എന്ന പദത്തിന്റെ നിഷ്പത്തിയാണെന്നു കരുതുന്നു.1920കളിൽ ജാസ് മ്യൂസിക് ബാൻഡുകൾ ഉപയോഗിച്ച ഒരു തൊഴിൽ പദം. ഒരു സംഗീത പരിപാടി ബുക്കിംഗായാൽ അവർ ഗിഗ് എന്നു പറയും. കരാറായി എന്നർത്ഥം. പിന്നിട് കലാവതരണത്തിനും അവർ ഇതേ പേരു നൽകി..കരാർ എടുത്ത പരിപാടി എന്ന അർത്ഥത്തിൽ.
HomeAd1
 image 3 of news

ജാസ് മ്യൂസിക് ബാൻഡുകളുടെ ഈ സ്ലാങ്ങിന് പ്രചുര പ്രചാരം നൽകി ആ പദത്തെ കരാർ തൊഴിലിന്റെ അപര നാമമാക്കിയത് ന്യൂയോർക്കർ ടൈംസിന്റെ എഡിറ്ററും ഡെയിലി ബീറ്റ്സിന്റെ സ്ഥാപകയുമായ ടിനാ ബ്രൗൺ എന്ന മാധ്യമ പ്രവർത്തകയാണ്.2009ൽ അവർ എഴുതി; 'No one I know has a job anymore.They have got Gigs.'

എല്ലാ കരാർ തൊഴിലും(contract Labour) ഗിഗ് ഇക്കോണമിയിൽ പെടില്ല. ഓൺലൈൻ പ്ളാറ്റ് ഫോമുകളെ ആധാരമാക്കി മാത്രമാണ് ഗിഗ് തൊഴിൽ മേഖലയുടെ വാഴ് വ്.
താത്കാലിക ഏജൻസികൾ,സ്വതന്ത്ര കരാറുകാർ,ഓൺലൈൻ സേവന ദാതാക്കൾ, ഹ്യൂമൻ ക്ലൗഡായി വർത്തിക്കുന്ന വർക്കറന്മാർ .ഇതാണ് ഗിഗ് സംവിധാനത്തിന്റെ സ്വരൂപം..

 image 4 of news

ഗിഗ് പണ്ടേക്കു പണ്ടേയുണ്ട് . പക്ഷേ അതെല്ലാം ഓഫ് ലൈൻ മോഡിലായിരുന്നു എന്നു മാത്രം ചരക്കു നീക്കവും ഫുഡ് ഡെലിവറിയും കാറ്ററിംഗുമായിരുന്നു അവയിൽ ചിലത്.. പക്ഷേ ഇന്നത്തെ ഗിഗ് തൊഴിലാളികൾ ഫുഡ് ഡെലിവറിയും വിപണനവും മാത്രമല്ല ഡിജിറ്റൽ മാർക്കറ്റിംഗും ഫ്രീലാൻസ് ജോലികളും ട്ട്യൂട്ടോറിയലും ഉൾപ്പെടെയുള്ള എല്ലാ പ്രൊഫഷണൽ ഓൺലൈൻ ആക്ടിവിറ്റികളും വിജയകരമായി നിർവഹിക്കുന്നവരാണ്.

ഗിഗ് മേഖലയിലെ വൈവിധ്യം നമ്മെ വിസ്മയിപ്പിക്കും.ജനറൽ & മൾട്ടി കാറ്റഗറിയിൽ ആമസോൺ,ഫ്ലിപ്പ്കാർട്ട്,മീഷോ എന്നിവയും ഫാഷൻ & ലൈഫ് സ്റ്റൈൽ കാറ്റഗറിയിൽ മിന്ത്ര, ഏജിയോ തുടങ്ങിയവയും ക്വിക്ക് കോമേഴ്സ് & എസൻഷ്യൽസിൽ സെപ്റ്റോ,ബ്ളിങ്കിത്ത്, സ്വിഗ്ഗി,സൊമാറ്റോ, സ്നാപ്പ് ഡീൽ എന്നിവയും വെഹിക്കിൾ ഹയറിംഗിൽ ഊബറും,ഓലയും പ്രധാനപ്പെട്ട ചില ബ്രാൻഡുകളാണ്. കൂടാതെ രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പുകൾക്കും ബ്രാൻഡുകൾക്കുമെല്ലാമുള്ള ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ വലിയ രീതിയിൽ ബിസിനസു നടത്തുന്നു.എന്തിനേറെ ,വാർഡ് തലങ്ങളിൽ പോലും കിടയറ്റ ഓൺലൈൻ ഡെലിവറി സംവിധാനം ഇന്നുണ്ട്. വലുതും ചെറുതുമായ ആയിരക്കണക്കിനു സംരംഭങ്ങളും സംരംഭകരും ഈ ശ്രേണിയുടെ ഭാഗമാണ്.
ആഗോള തലത്തിൽ തൊഴിൽ ശക്തിയുടെ 12 ശതമാനം അതായത് 44 കോടി ആളുകൾ ഗിഗ് മേഖലയിൽ ഉപജീവനം തേടുന്നവരാണ്. ഇന്ത്യയിൽ ഒരു കോടിയോളം ആളുകൾ. . 2029ൽ ഇത് രണ്ടര കോടിയായി വർദ്ധിക്കുമെന്ന് നീതി ആയോഗ് കണക്കാക്കുന്നു.
ഗുജറാത്ത്, തെലങ്കാന, ആന്ധ്രാ പ്രദേശ്,മധ്യപ്രദേശ് ,ഹര്യാന എന്നിവിടങ്ങളിലാണ് വിസിബിലിറ്റിയും മൊബിലിറ്റിയും കൂടുതലായുള്ളത്.
കോവിഡ് 19 ഈ മേഖലയ്ക്ക് കൂടുതൽ ഉത്തേജനം നൽകി.
വ്യവസായവും വ്യാപാരവും വാണിജ്യവും കണക്ടിവിറ്റിയുമുള്ള സാമുഹിക പരിസരങ്ങളിലാണ് ഗിഗ് തഴയ്ക്കുന്നത്.

ഊണിലും ഉടുപ്പിലും ഉടലഴകിലും വേണ്ട കോപ്പുകളും തീൻപണ്ടങ്ങളും എത്തിക്കുന്ന അയ്യായിരം വരുന്ന ഗിഗ്ഗുമാർ കേരളത്തിലെ നമ്മുടെ പരിസരങ്ങളിൽ പണിയെടുക്കുന്നു. . പരമ്പരാഗത നടപ്പു രീതികളെ ഗിഗ് ഇക്കണോമി അസ്ഥിരപ്പെടുത്തുന്നു. തൊഴിലാളിയാണ് ഇവിടെ നിബന്ധനകൾ തീരുമാനിക്കുക. അതാവാം ജൻസികളെ ഇതിലേക്ക് സ്വാധിനിക്കുന്നത്. ഈ രംഗത്ത് വനിതകൾ കുറവും കുടിയേറ്റക്കാർ കൂടുതലുമാണ്. എങ്കിലും അനൗപചാരിക തൊഴിൽ മേഖലയുടെ എല്ലാ അസ്കിതകളും ഇവിടെയും കാണാം.

നിലവിലുള്ള തൊഴിൽ നിയമങ്ങൾക്കു പുറത്തായതിനാൽ സാധാരണ തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ ഇവർക്ക് കിട്ടാതെ പോകുന്നു. . ഇവിടെ തൊഴിലാളി തൊഴിലുടമ ബന്ധമില്ല. കരാർ ഏജൻസികളുമായാണ് തൊഴിലാളികളുടെ ഉഭയ സമ്മത ഉടമ്പടി.ചെയ്യുന്ന ജോലിക്കാണ് വേതനം. ഗ്രാമങ്ങളിൽ വേതനം കുറയും.. കുറഞ്ഞ വേതനം ,കൂടുതൽ സമയ ജോലി, സമ്മർദ്ദം, ജോലിയുടെ അനിശ്ചിതത്വം, സർക്കാർപരിരക്ഷയുടെയും സേവന വ്യവസ്ഥകളുടെയും അഭാവം.. ഇവയൊക്കെയും ഇവർ നേരിടുന്നു. വിവാഹിതരായ തൊഴിലാളികൾക്ക് ആശങ്കകൾ ഒഴിയുന്നില്ല. എന്നാൽ അവിവാഹിതർക്ക് ആവേശവും.
രാജസ്ഥാനിലാണ് രാജ്യത്ത് ആദ്യമായി ഗിഗ് തൊഴിലാളികൾക്ക് പെൻഷനും ഇൻഷ്വറൻസും ഏർപ്പെടുത്തിയത്.
2020 -21ലെ കേന്ദ്ര ഇക്കണോമിക് സർവ്വേയും 2021 ലെ തൊഴിൽ കോഡും ഈ മേഖലയെ കാര്യമായി പരിഗണിച്ചു. നിലവിലുള്ള സാമുഹിക സുരക്ഷാ പദ്ധതികളിൽ ഇവരെ ഉൾപ്പടുത്തുകയൂം ചെയ്തു. കൂടാതെ ഗിഗ് വർക്കർമാർക്ക് ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്തി ഐഡി കാർഡുകളും വിതരണം ചെയ്തു.
സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള കുതിപ്പു കാരണം ധാരാളം പുതു തലമുറ തൊഴിലുകൾ ലോകത്തു രൂപപ്പെടുന്നു. പരമ്പരാഗത തൊഴിലുകൾ പരിഷ്കരിക്കപ്പെടുന്നു... മാറ്റങ്ങളെ ഉൾക്കൊള്ളാനും അവസരങ്ങളെ ഉപയോഗപ്പെടുത്താനും നമുക്കു കഴിയണം. നാം മുന്നേറേണ്ടത് കാലത്തിനൊപ്പമാണ്.ലോകത്തിനൊപ്പമാണ്.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞