ഗുളികൻ നിൽക്കുന്ന സമയത്ത് ഇങ്ങനൊന്നും പറയരുത് എന്ന് എത്ര പറഞ്ഞാലും പാർട്ടി ജനറൽ സെക്രട്ടറിക്ക് മനസ്സിലാവില്ല. വെറും ബേബിയല്ലേ അദ്ദേഹം. പറഞ്ഞത് ബൂമറാങ്ങ് ആയി എന്നുവേണം കരുതാൻ- അതവിടെ നിൽക്കട്ടെ. ആവതുള്ള കാലത്ത് വിപ്ലവ ബഡായികളിൽ മയങ്ങി, മുന്നും പിന്നും നോക്കാതെ ഇടതുവശത്തേക്ക് മാത്രം കണ്ണുംനട്ട് വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ സമരങ്ങളിലേക്ക് എടുത്തുചാടിയവരായിരുന്നു ഇടതുപക്ഷ അണികൾ. പോലീസിന്റെ ചവിട്ടിത്തിരുമ്മലിന് പാത്രമായി, ചോരയും നീരും വറ്റിയ ആ പഴയ വിപ്ലവകാരികളോട് പാർട്ടി ജനറൽ സെക്രട്ടറി ഒരു ദാക്ഷിണ്യവും ഇല്ലാതെ പറയുന്നു: പാർട്ടിക്ക് അനാരോഗ്യം ബാധിച്ചിരിക്കുന്നു; അണികളെ ചവിട്ടിപ്പിഴിഞ്ഞാലേ ഇനി രക്ഷയുള്ളൂ എന്ന്. ചോരച്ചാലുകൾ നീന്തിക്കയറാതിരുന്നവർ ഭാഗ്യവാന്മാർ! പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്.അണികളെ ചവിട്ടിത്തിരുമ്മാൻ ആഗ്രഹിച്ച ബേബിച്ചായന്റെ നേതാവിനെ ഇ ഡി ചവിട്ടിത്തിരുമ്മുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം ഇപ്പോൾ.
ഒന്നും ഒക്കാതെ വന്നപ്പോഴാണ് ഒന്നാംതരം മർമ്മാണിയും തിരുമ്മൽ വിദഗ്ധനും ആധുനിക കമ്മ്യൂണിസ്റ്റ് ചാണക്യനുമായ സാക്ഷാൽ ബേബിക്കുഞ്ഞ് പാർട്ടിക്കേറ്റ പരാജയത്തിന്റെ മുഴുവൻ ഉത്തരവാദികൾ എന്ന മുദ്രകുത്തി അംഗങ്ങൾക്കുമേൽ ഈ നാലാംമുറ പ്രയോഗിക്കാൻ ഒരുങ്ങുന്നത്.
ജനങ്ങൾക്ക് തെറ്റ് പറ്റിയതിന്റെ ഫലമാണ് പാർട്ടിയുടെ പരാജയമെന്ന് പിണറായി പറഞ്ഞപ്പോൾ, കുറച്ചുകൂടി കവച്ചുവെച്ച് അവരെ തിരുത്താൻ ചവിട്ടി തിരുമ്മുക തന്നെ വേണമെന്ന് ബേബി കൂട്ടിച്ചേർത്തു. ഇതിനിടയിലാണ് അഴിമതി നിരോധനം നിയമപ്രകാരം പിണറായി വിജയൻ മകൾ വീണാ വിജയൻ , മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കണമെന്ന ഇ ഡിയുടെ ആവശ്യം സർക്കാരിന് മുന്നിൽ എത്തിയത് . മകൾ വീണ വിജയൻ വഴിക്കും എക്സാ ലോജിക് എന്ന കമ്പനി വഴിയും സി എം ആർ എല്ലിൽ നിന്ന് 3.28 കോടി രൂപ പിണറായി വിജയന് അഴിമതി പണമായി ലഭിച്ചു എന്നാണ് ഇ ഡിയുടെ കണ്ടെത്തൽ . കൈപ്പറ്റിയ തുക ദുബായിലേക്ക് കടത്താൻ മുഹമ്മദ് റിയാസും റിയാസിന്റെ സുഹൃത്തുക്കളും സഹായിച്ചുവെന്നുമാണ് ഇഡി റിപ്പോർട്ട്.
പാർലമെന്റിലോ പോലീസിലോ പട്ടാളത്തിലോ വിശ്വാസമില്ലെന്നും, തീരുമാനങ്ങൾ തെരുവിൽത്തന്നെ തീർപ്പുകൽപ്പിക്കപ്പെടണമെന്നും വിശ്വസിക്കുന്ന 'പാറ്റ'കളിൽ പഴയ എസ്.എഫ്.ഐക്കാരുടെ വീര്യം ദർശിക്കുന്ന ബേബിക്കും കാണില്ലേ ചില മോഹങ്ങൾ. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന യോഗങ്ങളിൽ ഫോണുകൾ താഴെയിടെടാ എന്ന് ഉഗ്രശാസന മുഴങ്ങിയെന്ന മാപ്രകളുടെ പറച്ചിലിലും കഴമ്പില്ലാതില്ല. തോൽവിയുടെ ജാള്യത മറക്കാനുള്ള ശ്രമത്തിനിടയിലാണ് ഇ ഡി യുടെ കടുംവെട്ട് .
പത്തുവർഷം തുടർച്ചയായി ഭരിച്ചിട്ടും പാർട്ടി പറയുന്നത് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി അണികൾക്ക് പോലും ഉണ്ടാകാത്തതിലാണ് പാർട്ടിക്ക് സങ്കടം. ഞങ്ങൾ പറയും. നിങ്ങൾ അനുസരിക്കും, ഇല്ലെങ്കിൽ അനുഭവിക്കും. മേലിൽ ഇത് ആവർത്തിക്കാതിരിക്കാനാണ് പ്രത്യേക തിരുമ്മൽ ചികിത്സ. മാറിയ സാഹചര്യത്തിൽ പണ്ട് കർഷകത്തൊഴിലാളികൾക്കിടയിൽ ഉണ്ടായിരുന്ന സ്വാധീനം ഇന്നത്തെ ഐ.ടി കിഡ്സുകൾക്കിടയിൽ ഇല്ലെന്ന് പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം പുതിയ മേച്ചിൽ മേഖലകളിൽ സ്വാധീനമുറപ്പിക്കാനുള്ള തത്രപ്പാടിലാണ് പാർട്ടി . അമ്പലക്കമ്മിറ്റികളിൽ പോലും തൊഴുകയ്യോടെ കയറി ചെല്ലാനാണ് തീരുമാനം. ചിലരെ കൊത്തിപ്പറിച്ച് സ്വന്തമാക്കാൻ മുണ്ടും മടക്കിക്കുത്തി ഡൽഹി തെരുവുകളിൽ അലയുന്ന ചിലരെ ‘പാറ്റ’സമരക്കാലത്ത് നാം കണ്ടതാണ്. ഇതിനായി ചില കണിയാന്മാരെത്തന്നെ പാർട്ടി നിയോഗിച്ചിട്ടുണ്ടെന്നും വർത്തമാനമുണ്ട്. വലയിൽ വീഴുന്നവർക്ക് പാർട്ടി വിദ്യാഭ്യാസം കുത്തിവെച്ച് സാമ-ദാന വഴികളിലൂടെ കടത്തി വിടും.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



