ഇ.ഡി. കാക്കകളും
ശുദ്ധഹസ്തങ്ങളും
ആദിത്യൻ പ്രിയമാനസം
9 September 2026, 6:04 pm
ഇ.എം.എസിന്റെ 'ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം' ഒന്നാം വാല്യത്തിന് മീതെ ചുവന്ന സിൽക്കു തുണി വിരിച്ച്, കവടികൾ ഒന്നൊന്നായി എണ്ണിപ്പെറുക്കുകയായിരുന്നു ചിറക്കൽ ആസ്ഥാന ജ്യോത്സ്യൻ സഖാവ് ദാമോദരപ്പണിക്കർ
കോവിഡ് കാലത്ത് തുമ്മിയ പാവപ്പെട്ടവരുടെ സർവ്വ വിവരങ്ങളും വിദേശത്തെ ക്ലൗഡ് സെർവറിലേക്ക് അയച്ചുകൊടുത്ത ആ പഴയ നയതന്ത്ര സ്മാർട്ട്‌നെസ്സോടെ, പച്ചപ്പട്ടിൽ കമിഴ്ന്നു കിടന്ന ഗ്രഹനിലകളെ നോക്കി പണിക്കർ ഒന്നു രണ്ടുതവണ കണ്ണുചിമ്മി. നടുമുറ്റത്തെ ചാരുകസേരയിൽ, പരാജയത്തിന്റെ അമാവാസിയിലും വൃഥാ സ്വപ്നം കണ്ട പൗർണ്ണമിയുടെ ധാർഷ്ട്യത്തിലുമായി സാക്ഷാൽ പരമോന്നതൻ സഖാവ് ഇരിപ്പുണ്ട്. മൂക്കിൻതുമ്പിലിരിക്കുന്ന കറുത്ത ഫ്രെയിമുള്ള കണ്ണടയെങ്ങാനും തനിക്കെതിരെ കരിങ്കൊടി കാട്ടുമോ എന്ന് ഭയന്ന്, അങ്ങേയറ്റം ബാലൻസിലാണ് ഇരിപ്പ്.
അപ്പുറത്ത്, ചാണകവും മണ്ണും മെഴുകിയ ഉമ്മറപ്പടിയിൽ അമ്പരപ്പോടെ ഇരിപ്പാണ് രണ്ട് നൂറ്റാണ്ടു പഴക്കമുള്ള സന്ദർശകർ: ചെങ്കോട്ട നഷ്ടപ്പെട്ട് കീറിയ ഷെർവാണിയും പൊടിപിടിച്ച തലപ്പാവുമിട്ട അവസാനത്തെ മുഗൾ ബാദ്‌ഷാ ബഹാദൂർ ഷാ സഫറും, പോൾട്ടാവയിലെ മഞ്ഞുമലയിൽ സർവ്വസൈന്യവും തകർന്നിട്ടും തോൽവി സമ്മതിക്കാതെ സ്വീഡനിൽനിന്ന് വഴിതെറ്റി പിണറായിൽ വന്നിറങ്ങിയ സാക്ഷാൽ കാൾ പന്ത്രണ്ടാമൻ രാജാവും!
"സഖാവേ," സഫർ ഒരു ദീർഘനിശ്വാസത്തോടെ ഉറുദു കലർന്ന മലയാളത്തിൽ നെടുവീർപ്പിട്ടു. "1857-ൽ വെള്ളക്കാർ ചെങ്കോട്ട വളഞ്ഞു. എന്റെ കവിതാസമാഹാരവും ഹുക്കയും തട്ടിപ്പറിച്ചു. ഒടുവിൽ റംഗൂണിലേക്ക് നാടുകടത്തി. അങ്ങയെയും, സതീശൻ , തിരുവനന്തപുരത്തുനിന്ന് ഈ പിണറായിലേക്ക് നാടുകടത്തിയതാണോ ഖുദാവന്ദ്?"
"നാടുകടത്തലോ? ആര്, ആരെ?" സഖാവിന്റെ വാക്കുകളിൽ വെടിയുണ്ടയായിരുന്നില്ല; മറിച്ച്, കുലീനമായ പുച്ഛമാണ്.
"സഫറേ, ഹറമിലിരുന്ന് ഗസലും പാടി നഖം കടിച്ചുതിന്ന തനിക്കെന്ത് വാൾപ്പയറ്റ്? ബ്രണ്ണൻ വരാന്തയിലെ ഊരിപ്പിടിച്ച കാവിവാളുകൾക്കിടയിലൂടെ, പായസച്ചെമ്പിൽ വീണ നെയ്ത്തുള്ളിപോലെ ഊളിയിട്ട്, പൂന്തോട്ടത്തിലെ മധുഭൃംഗമെന്നോണം നിസ്സംഗമായി ഉലാത്തിയ ദേഹമാണിത്! കുമ്പക്കൊടി സുധാകരനെന്ന നാടൻ ഗൂണ്ടയെ ഒറ്റ മാന്ത്രിക ‘ ഏക്ഷൻ’ കൊണ്ട് മുട്ടുകുത്തിച്ച കൈകളാണിത്
തോറ്റത് നാമല്ല, സതീശൻ കയറിയിരിക്കുന്നത് സെക്രട്ടേറിയറ്റിലെ പ്യൂണിന്റെ ഒടിഞ്ഞ മുക്കാലിയിലാണ്; ആ കസേരയ്ക്ക് നാലു കാലുണ്ടെങ്കിലും, ഭരണത്തിന്റെ അധികാരം ഇപ്പോഴും നമ്മുടെ തോളിലെ മണിപ്രവാള പ്രൗഢിയിൽത്തന്നെയാണ് വിശ്രമിക്കുന്നത്!"
"അത് ശരിയാണ്," സ്വീഡിഷ് പട്ടാള യൂണിഫോമിലെ തുരുമ്പിച്ച ബട്ടണുകൾ തടവി ചാൾസ് പന്ത്രണ്ടാമൻ ചാടിയെഴുന്നേറ്റു: "പോൾട്ടാവയിൽ സാർ പീറ്റർ എന്റെ സൈന്യത്തെ അരിഞ്ഞുതള്ളിയപ്പോഴും ഞാൻ ഒട്ടോമൻ സുൽത്താന്റെ കൊട്ടാരത്തിൽ ചെന്നിരുന്ന് പ്രഖ്യാപിച്ചു—ഞാൻ തോറ്റിട്ടില്ല, വെറുമൊരു സാങ്കേതിക പിൻവാങ്ങൽ മാത്രം! അങ്ങും തോൽവി സമ്മതിക്കരുത് സഖാവേ!"
പെട്ടെന്നാണ് പടിപ്പുര കടന്ന് വിഖ്യാത പത്രമെത്തിയത്—'സുപ്രഭാതം' ദിനപത്രം! കയ്യിൽ ഒരു ചുവന്ന ടേപ്പും തൂക്കിപ്പിടിച്ച് യുവരാജാവ് സഖാവ് മുഹമ്മദ് റിയാസ് ഓടിയെത്തി.
"സഖാവേ, പണിക്കരേ, ഇതാ തലസ്ഥാനത്തുനിന്ന് ബ്രേക്കിംഗ് ന്യൂസ്!" റിയാസ്, പത്രം മൂന്നു തവണ വായുവിൽ വീശി. "നമ്മളെ തോൽപ്പിച്ചെന്ന് അഹങ്കരിച്ച സാക്ഷാൽ വി.ഡി. സതീശന് സമസ്തയുടെ വക ഒന്നാന്തരം വെട്ട്! എഡിറ്റോറിയൽ പേജിൽ 'വ്യക്തിവിചാരം' എന്ന പേരിൽ സതീശനെ എടുത്ത് ഉച്ചയൂണിന്റെ അച്ചാറുപോലെ ചാലിച്ചിരിക്കുന്നു!"
പണിക്കർ കവടിയൊന്ന് കാറ്റിൽ തൊഴിച്ചുവിട്ട് കണ്ണട നെറ്റിയിലേക്ക് വലിച്ചുവെച്ചു. വടക്കേ മലബാറിന്റെ നാടൻ കുശിനി ശൈലിയിൽ ഒരൊറ്റ തിട്ടൂരം കാച്ചി: "എന്തൂട്ടാപ്പാ ആ കടലാസ്സ് തുണ്ടില് കുത്തിവരഞ്ഞ് കൂട്ടിയിറ്റ്ള്ളത് ? ഇ.ഡി. കാക്കകൾ കാഷ്ഠിച്ച് ആകെക്കൂടി നമ്മുടെ ഗ്രഹനില വല്ലതും വെടക്കായി പൊയമ്പുപോയോ?"
"അതൊന്നുമല്ല പണിക്കരേ," റിയാസ് എഞ്ചുവടി പോലെ വായിക്കാൻ തുടങ്ങി: "സതീശൻ ദിവസവും എഴുപത്തഞ്ചു പേജ് വായിക്കുമത്രേ! എന്നാൽ ഇന്നേവരെ ഒരു നോവൽ പോലും എഴുതിയിട്ടില്ല! പാവം രമേശ് ചെന്നിത്തല താൻ എത്ര പേജ് വായിക്കുമെന്ന് വീമ്പിളക്കാറില്ലെങ്കിലും ഒരു നോവൽ എഴുതിയിട്ടുണ്ട്! പോരാത്തതിന്, 'ഓപ്പറേഷൻ തൂഫാൻ' എന്ന അത്യുഗ്രൻ പൊലീസിങ് നടത്തി ആഭ്യന്തരവകുപ്പ് കസറുന്നതും ചെന്നിത്തലയാണത്രേ!"
സഖാവ് ചാരുകസേരയിൽനിന്ന് ഒന്നുയർന്നു, മുഖത്ത് വല്ലാത്തൊരു കോസ്മിക് ഭാവം! "എന്നിട്ട്? എന്നിട്ട് ആ സമസ്തക്കാർ മറ്റെന്താണ് എഴുതിയിരിക്കുന്നത്?"
"കാന്തപുരത്തിനെതിരെ ചാടിവീണ സതീശൻ , കുരുടൻ ആനയെ തൊട്ടതുപോലെയാണെന്ന്!" റിയാസ് തുടർന്നു: "ശബരിമലയിൽ യുവതികൾ കയറാൻ നോക്കിയപ്പോൾ വിശ്വാസത്തിന്റെ പേരുപറഞ്ഞ് തടസ്സം നിന്ന സതീശനാണ് ഇപ്പോൾ കാന്തപുരം പ്രസംഗിച്ചപ്പോൾ സ്ത്രീസമത്വത്തിന്റെ തീപ്പൊരിയായി മാറിയത്! മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് ഒറ്റയടിക്ക് പ്രഖ്യാപിച്ചതും, പി.എം. ശ്രീ സ്കൂൾ അറബിക്കടലിൽ എറിയുമെന്ന് വീരവാദം മുഴക്കിയിട്ട് ഇപ്പോൾ 'ഒപ്പിട്ടുപോയി ഇനി മാറ്റാൻ വയ്യേ' എന്ന് കരയുന്നതും ഈ വായനാസുൽത്താൻ തന്നെ!"
"സുബ്ഹാനല്ലാഹ്!" ബഹാദൂർ ഷാ സഫർ തലപ്പാവ് തിരുമ്മി അത്ഭുതപ്പെട്ടു: "75 പേജ് വായിക്കുന്നവൻ നോവൽ എഴുതിയില്ലേ? ഛെ! ദിവസവും എട്ടു വരി ഷായാരി എഴുതാത്ത ഒരുത്തനെയാണോ നിങ്ങൾ സുൽത്താനാക്കി വാഴിച്ചത്? ഖജനാവിൽ തുട്ടില്ലാതിരുന്നിട്ടും അന്തഃപുരത്തിലെ പശുത്തൊഴുത്തിന് ബുള്ളറ്റ് പ്രൂഫ് വാതിലിടാനും, ഒന്നാം നിലയിലേക്ക് കയറാൻ ലക്ഷങ്ങൾ മുടക്കി ലിഫ്റ്റ് പണിയാനും മിനക്കെട്ട ചക്രവർത്തിയേക്കാൾ വലിയ അത്ഭുതമൊന്നുമല്ലല്ലോ ഈ വായനാക്കാരൻ
പണിക്കർ കവടികൾ മേശപ്പുറത്തിട്ട് ഉറക്കെ ചിരിച്ചു: "തിരുമനസ്സേ, ഇതാണ് ഞാൻ പറഞ്ഞ കാവ്യനീതി! സതീശന്റെ ജാതകത്തിൽ ബുധൻ എട്ടാം ഭാവത്തിൽ പുസ്തകപ്പുഴുവായി ഇരിക്കുകയാണ്. വായനയുണ്ട്, പക്ഷേ നോവലില്ല! ഇ.ഡി. നമുക്ക് മൂന്നരക്കോടിയുടെ നോട്ടീസ് അയച്ചപ്പോൾ, ഇതാ സതീശന് സമസ്തയുടെ വക 'മര്യാദയ്ക്ക് സംസാരിക്കണം' എന്ന വിരട്ടൽ നോട്ടീസ്! 'വ്യക്തിവിചാരം' എന്നല്ല, ('വ്യക്തിവ്യഭിചാരം' എന്ന് മാറ്റിയെഴുതാവുന്നത്ര, ) നേതാക്കന്മാർക്ക് ഒറ്റയിരിപ്പിൽ വയറുകാളൽ വരുത്തിവെക്കുന്ന സാഹിത്യമാണ് ആ പത്രത്തിൽ കിടന്നു തിളയ്ക്കുന്നത്!"
അപ്പോഴാണ് അകത്തെ മുറിയിൽനിന്ന് തൈക്കണ്ടി രാജകുമാരി വീണ സരസ്വതീ രാഗത്തിൽ ഇറങ്ങിവന്നത്. കുമാരിയുടെ കയ്യിലെ ആപ്പിൾ മാക്ബുക്ക് ഒരു ദിവ്യായുധം പോലെ തിളങ്ങി. "ഇതിലൊരു ടെക്നിക്കൽ ട്വിസ്റ്റ് കൂടിയുണ്ട്," വീണ സ്ക്രീൻ തിരിച്ചുപിടിച്ചു: "ഈ ലേഖനം കണ്ട് ചാനലുകൾ വിറച്ചപ്പോൾ, സുപ്രഭാതത്തിന്റെ മാനേജിങ് എഡിറ്റർ യൂട്യൂബിൽ വന്ന് മാപ്പ് പറയുന്ന മട്ടിൽ പറയുന്നു—'ഞങ്ങൾ ഉദ്ദേശിച്ചതല്ല എഴുതിയത്, എഴുതിയതല്ല വായിച്ചത്, വായിച്ചതല്ല വ്യാഖ്യാനിച്ചത്'!
സതീശൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തതുപോലെ പത്രക്കാരും സ്വന്തം അക്ഷരങ്ങളിൽനിന്ന് തലയൂരുന്നു!"
"കണ്ടോ!" സഖാവ് മേശപ്പുറത്ത് ഒരൊറ്റ തട്ടു തട്ടി. "ഇതാണ് നാം നേരത്തെ പറഞ്ഞത്! ഇ.ഡി. എന്ന പരമനീചന്മാർ അയച്ച 3.62 കോടിയുടെ സമൻസ് കണ്ട് നാം ഭയക്കുമോ? കരിമണൽ കർത്താ തന്ന തുക നമ്മുടെ തൃശ്ശൂർ അങ്ങാടിയിലെ ടി.ഡി. റെഡ്ഡി ബ്രാൻഡ് പട്ടണം മൂക്കുപൊടി വാങ്ങാൻ പോലും തികയില്ലെന്ന് ഇവർക്ക് മനസ്സിലാകുന്നില്ല. ഈ കൈകൾ ശുദ്ധമാണ്!
സതീശൻ മുഖ്യമന്ത്രിയായത് വെറും ഭരണഘടനാപരമായ പ്രിന്റിംഗ് മിസ്റ്റേക്ക് മാത്രമാണെന്ന് ഇപ്പോൾ സമസ്തയ്ക്കും ബോധ്യമായിരിക്കുന്നു!"
"അതേ സഖാവേ," റിയാസ് കസവുനേര്യത് തോളിലിട്ട് തികച്ചും ശാസ്ത്രീയമായി ചിരിച്ചു: "സതീശൻ 75 പേജ് വായിച്ച് കുഴങ്ങിയിരിക്കട്ടെ. കരിമണൽ തീരത്തുനിന്ന് നാളെ നമ്മൾ ചൊവ്വയിലേക്ക് ഹൈവേ വെട്ടുമ്പോൾ ആ റോഡിന് കാൾ പന്ത്രണ്ടാമന്റെയും ബഹാദൂർ ഷായുടെയും പേരിടാം. അതിനിടയിൽ സതീശന് വായിക്കാൻ വേണമെങ്കിൽ നമ്മുടെ പഴയ ബ്രണ്ണൻ പ്രസംഗങ്ങളുടെ പ്രിന്റൗട്ട് അയച്ചുകൊടുക്കാം!"
"ഉത്തരവ് തിരുമനസ്സേ," പണിക്കർ കവടി സഞ്ചിയിലാക്കി എഴുന്നേറ്റു: "സന്ധ്യയ്ക്ക് രാഹുകാലം കഴിയുമ്പോൾ നാടൊട്ടുക്കും തീപ്പന്തങ്ങൾ കത്തണം! ഇ.ഡി.യുടെ കടലാസും സതീശന്റെ പുസ്തകങ്ങളും ഒരുപോലെ ആ വെളിച്ചത്തിൽ ചാരമായിക്കോളും!"
പുറത്ത് ,സാമ്പ്രദായിക സിപി എം സന്ധ്യ, പിണറായി വിജയന്റെ തറവാട്ടു മുറ്റത്തെ ശാന്തമായ തൊഴുത്തിൽനിന്ന് ഇറങ്ങിപ്പോയ ചുവന്ന കാളയെപ്പോലെ മയങ്ങുകയായിരുന്നു. ഡൽഹിയിലെ ഇ.ഡി. കാക്കകളെയും, തിരുവനന്തപുരത്ത് എഴുപത്തഞ്ചു പേജ് വായിച്ച് ഒരു ചെറുകഥ പോലും ഒപ്പിക്കാനാവാതെ വിയർത്തുനിൽക്കുന്ന സതീശനെയും ഒരൊറ്റ തീപ്പൊരിയിൽ ചാരമാക്കാൻ, വിപ്ലവപ്പട തെരുവിൽ കാറ്റും കോളും വിതറി ഇറങ്ങി.
നടുമുറ്റത്തെ ആ സാമ്രാജ്യത്വ ദർബാറിലെ അവസാനത്തെ ചക്രവർത്തിയെപ്പോലെ സഖാവ് ഒരൊറ്റ നുള്ളു മൂക്കുപൊടിയെടുത്തു. നഷ്ടപ്പെട്ടുപോയ നാല്പത് അകമ്പടി വണ്ടികളുടെ പഴയ സൈറൺ മുഴക്കങ്ങളും കറുപ്പിനോടുള്ള പേടിയും ഒടുങ്ങിയ ആ നിദാന്ത നിശ്ശബ്ദതയിലും, ഇരട്ടച്ചങ്കിലെ അധികാരച്ചുഴിയിൽ ആ കൈകൾ തീർത്തും ശുദ്ധമായിരുന്നു—കാരണം, അതിൽ മൂക്കുപൊടിയുടെ കറയല്ലാതെ മറ്റൊന്നുമേ പുരണ്ടിരുന്നില്ല!
സെൻട്രൽ സ്റ്റേഡിയത്തിലെ ആ പഴയ മെഗാ തിരുവാതിരയിലേക്ക് ഓർമ്മകൾ ചായാൻ ക്യാപ്റ്റന് പിന്നീട് ഒട്ടുമേ സമയം വേണ്ടിവന്നില്ല.