വെറുമൊരു മോഷ്ടാവായോരെന്നെ...
മോഹനകൃഷ്ണൻ
11 September 2026, 2:00 am
രാമ സാമിക്ക് തോട്ടമുണ്ട്..
എട്ടടി വീതിയില്......
തോട്ടത്തിലൊരു പൂച്ചയുണ്ട്
നാലടി പൊക്കത്തില്....
ഒന്നാം പക്കം/ ബൗ ബൗ
രണ്ടാം പക്കം/ ബൗ ബൗ
ഒന്നാം പക്കം/ രണ്ടാം പക്കം/
ബൗ ബൗ/ ബൗ ബൗ...
ആയിരം രൂപയുടെ പിഴവു വരുത്തുന്ന സർക്കാർ ഗുമസ്തൻ ജനസാമാന്യത്തിന് കള്ളനാണ്.പീടികത്തിണ്ണയിലിരുന്ന് പലരും പിറുപിറുക്കാം. കള്ളൻ പോകുന്നു.കള്ളന്റെ ഭാര്യ പോകുന്നു. തിരുടന്റെ മകൻ പോകുന്നു....
അതെ സാദാ പട്ടിയെ പേപ്പട്ടിയാക്കുന്നവരുടെ ലോകത്താണ് നമ്മുടെവാഴ് വ്
എന്നാൽ പ്രബലരുടെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. അവരെത്തേടി മൈക്കുകൾ മൂത്രപ്പുരവരെയെത്തും. മൂത്രശങ്ക തീർക്കും മുമ്പ് മുൻ ശുണ്ഠി കാട്ടി പിടിച്ചു നില്ക്കാം. ശങ്ക തീർത്ത ശേഷം ആശങ്കയേതുമില്ലാതെ മിണ്ടാതെമണ്ടാം...
റിപ്പോർട്ടുകൾ ശരിയെങ്കിൽ കുടുംബാംഗങ്ങൾ ആകെ ഒന്നു ചേർന്നു നടത്തുന്ന വമ്പൻ കവർച്ച കേരളത്തിൽ നടാടെയാണ്. ഇതും വേണമെങ്കിൽ മുന്നണിയുടെ ഒരു മാതൃകയായി മാറ്റാം.
പണ്ട് കടലിന്റെ മാർത്തട്ടിലിരുന്നു ഒരാൾ സത്യം വിളിച്ചു പറഞ്ഞപ്പോൾ ബക്കറ്റിൽ തിരയിളക്കിയ സംഘടിത ന്യൂനപക്ഷ പാർട്ടി സംവിധാനം അയാളെ പരസ്യമായി അവഹേളിച്ചു. പാർട്ടി അണികളും ഒറ്റപ്പെടുത്തി. അന്തം കമ്മി എന്ന പൂജക പദത്തെ അങ്ങനെ അവർ അന്വർത്ഥമാക്കി. ഈ അവസരം മുതലാക്കിയ ഒരു സുന്ദര കില്ലാടി തന്തയില്ലാത്തവൻ എന്നു വിളിച്ച് മാസ്റ്ററെ വല്ലാതങ്ങു തന്തോഷിപ്പിച്ചു.ആ കരിയറിസ്റ്റാണ് ഇന്നത്തെ പാർട്ടിയുടെ ബജിയും ബുജിയും.
സംസ്ഥാന തലത്തിൽ ഭൂതരായർ കുടുബ സമേതം പണിയെടുത്തപ്പോൾ ബ്രാഞ്ച് ഏരിയ ജില്ലാതലങ്ങളിൽ തദനുസരണമായി വ്യക്തിഗത ആസ്തി നിർമാണവും റിക്കാർഡ് വേഗത്തിൽ നടന്നു. നടവരവുള്ള ഒരു സഹകരണ ബാങ്കും ഈ യജ്ഞത്തിൽ മാറി നിന്നതുമില്ല.
എല്ലാം കഴിഞ്ഞ ശേഷം ഒരാൾക്ക് പറയാൻ കഴിയുന്ന ഏറ്റവും സുന്ദരമായ വാക്കുകളാണ് താൻ കുറ്റക്കാരനല്ല എന്നത്. യഥാർത്ഥ നിരപരാധിയുടെ നിഘണ്ടുവിലെ വാക്കുകൾ ! വയറിളക്കി തൊണ്ടി പുറത്തെടുക്കും വരെ അല്ലെങ്കിൽ ഭേദ്യം കടൂക്കും വരെ അങ്ങനെ പറയാനുള്ള അവകാശം അയാൾക്ക് അനുവദിച്ചിട്ടുണ്ട്. ഇതു ചോര ശാസ്ത്രത്തിലെ പരമ്പരാഗത വിധിയുമാണ്.
എല്ലാമെല്ലാം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നാണ് സിക്രട്ടറി ഉവാച. അതി വിദഗ്ധരുടെ ഭാഷയിലാണ് വാർത്താ സമ്മേളനത്തിൽ ഇതിയാൻ കഞ്ഞി വെക്കാൻ എത്തുന്നത്.
എല്ലാവരും അവരവരുടെ കരങ്ങൾ ശുദ്ധമാനെന്നും അത് ആചന്ദ്രകാലം തുടരുമെന്നും പറയുന്നത് കാതിനു കുളിർമയാണ്. . സത്യം വദ; ധർമം ചര:
അച്ഛനു വേണ്ടി മകൾ പണം വാങ്ങുന്നു.അപ്പോൾ അച്ഛന്റെ കരങ്ങൾ പരമ ശുദ്ധം.മകളുടെ അക്കൗണ്ടിലേക്കു ഓൺലൈനായി പണം വരുമ്പോൾ മകളുടെ കരങ്ങൾ ശുദ്ധമേ ശുദ്ധം. മരുമകൻ അതു ഫോർവാർഡു ചെയ്യുമ്പോൾ ആകെ ശുദ്ധം. ആരും പണം കൈകൊണ്ട് തൊടുന്നതേയില്ല. എല്ലാം ഓൺലൈൻ. എല്ലാം ഇടനിലക്കാർ ബിനാമികൾ ! ഇടയ്ക്കിടെ കൈകൾ സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് ഉരച്ചു കഴുകി നാട്ടാരെ മലർത്തിക്കാണിക്കുകയും കൂടി ചെയ്താൽ പിന്നെ സംശയമേ ഉണ്ടാവില്ല. എല്ലാം നിത്യവിശുദ്ധം !
രജിസ്ടർ ചെയ്ത ഒരു പുരോഗമന വിമോചന സംഘടന കള്ളന്മാർക്ക് ഇല്ല എന്നതാണ് ഖേദകരം. ഉണ്ടായിരുന്നെങ്കിൽ അവർക്കും ഇങ്ങനെ നിയമപരമായും രാഷ്ട്രീയപരമായും നേരിട്ട് അംഗങ്ങളെ സംരക്ഷിക്കാൻ കഴിയുമായിരുന്നു.
രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്തവർക്കും തസ്കര സംരക്ഷണം ആവാമെന്ന് ഇതിനാൽ സിദ്ധിക്കുന്നു. ഒരു കാര്യം സത്യമാണ് ;കള്ളമാർക്കിടയിൽ ഒരു കാലത്തും നീതി സമമായി വീതിക്കപ്പെടുന്നില്ല.അതിനു മാറ്റം വേണം.അതു ജനാധിപത്യപരമാകണം.മതേതരവും!.
സംസ്ഥാനതലത്തിൽ എല്ലാ നെറികേടുകളും ചെയ്തു കൂട്ടിയവർ തന്നെ ഒരു സുപ്രഭാതത്തിൽ കുളിച്ചു വെള്ളയുമിട്ട് വരുമ്പോൾ അവർ വിശുദ്ധനായി മാറുന്നതാണ് നമ്മുടെ ജനാധിപത്യം.. പിന്നെ അങ്ങോട്ട് അവരുടെ സുഭാഷിതങ്ങളാണ് മാധ്യമങ്ങൾ നിറയെയും.
ജനങ്ങളുടെ സാമാന്യ യുക്തി മൂപ്പിലാനറിയണമെന്നില്ല. തുറന്നു മലർന്ന കിടക്കുന്ന സ്വന്തം ജീവിതത്തെക്കുറിച്ചും ജീവിത പുസ്തകത്തെക്കുറിച്ചും സ്വയം പറഞ്ഞു നടക്കുന്ന ഒരാളെ വഴിവക്കിൽ നിങ്ങളും കണ്ടേക്കാം. എല്ലാം സെൽഫ് പ്രമോഷൻ.ചുവടു പിടിക്കാൻ ആരുമില്ല. ചൂട്ടും കത്തിച്ചു വരാൻ ഇനി ആളു കുറയാം. പാർട്ടി സംരക്ഷിക്കാൻ ഉപരോധം നടത്തുമെന്നു പറയുമ്പോഴും സ്വഭാവ സർട്ടിഫിക്കറ്റ് ആരും നൽകുന്നുമില്ല. അല്ലേലും വൈറ്റ് കോളറുകാരും ഉന്നതരുമാണ് എല്ലാ തൊന്തരുവുകളും ഒപ്പിച്ചു കൂട്ടുന്നത്.അത് ആതങ്കവാദമായാലും ശരി അടിച്ചുമാറ്റലായാലും ശരി.
ഉപേക്ഷിക്കരുത് എന്ന അപേക്ഷയോളം എത്തുന്ന പ്രസ്താവനയുമായി പോളിറ്റ് ബ്യൂറോ കടന്നു വന്നതു നന്നായി. പല പദവികൾ വഹിച്ച്, നവകേരളം
ഉണ്ടാക്കാനുള്ള അവസാന ലാപ്പിൽ വീണുപോയ ഒരു വയസ്സനെ ചോദ്യം ചെയ്യുന്നതും ജയിൽ വാസത്തിനയക്കുന്നതും ശത്രുക്കൾ പോലും ആഗ്രഹിക്കില്ല. ഭാര്യയുടെ നൈവേദ്യങ്ങളിൽ ദൈവം പ്രസാദിക്കട്ടെ.!
ഇനി ഈ കദന ഭാരത്തോടെ കോഴിക്കോടു ചെന്നു വീഴ്ചകൾ ചർച്ച ചെയ്യാം.. പലതും തിരുത്താം..തിരുത്തലോട് തിരുത്ത് നടത്താം..തിരുത്തൽ അദാലത്ത് എന്നു വിളിക്കാമോ ഈ സമ്മേളനത്തെ ?
ഒരു പക്ഷേ ഒരു വിപ്ലവ മുഹൂർത്തത്തെ ജനങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്നതിൽ പരാജയപ്പെട്ട ബ്രാഞ്ചു സെക്രട്ടറിമാരെയാണ് വകവരുത്തേണ്ടത്. അവരെയാകെ സെൻഷ്വർ ചെയ്യാം..പ്രത്യയ ശാസ്ത്ര ദാർഢ്യത്തിന് അവരെ ഈഎംഎസ് അക്കാദമിയിൽ നല്ല നടത്തിപ്പിന് പാക്കു ചെയ്യാം.
ഈ ശുദ്ധി കർമങ്ങൾ മുഴുവൻ പൂർത്തിയായാൽ പിന്നെ വച്ചടി വച്ചടി കയറ്റമാണ്. അതു പിന്നീട് ബിഗ് സ്ക്രീനിൽ കാണാം.. പണിക്കരു പറഞ്ഞ വെടി വഴിപാടുകളും ധാരയും കൂടി നടത്തി കഴിയുമ്പോൾ എല്ലാം ശുഭ് ഓർ ശുദ്ധ്!