“അമ്മ ഫ്രിഡ്ജിൽ വെച്ച മീൻ കറണ്ട് പോയി കേടായി. അമ്മ ഇപ്പോൾ സണ്ണി ജോസഫിനെ ശപിക്കുകയാണ്.” സമൂഹ മാധ്യമങ്ങളിലെ വിശ്വസാഹിത്യകാരൻമാർ ചമയ്ക്കുന്ന കഥാ പരമ്പരകളിൽ നല്ല ഓട്ടമുള്ള ഒരു കഥയാണ്. എന്നാൽ നാട്ടിലെ പെണ്ണുങ്ങൾ സണ്ണി ജോസഫ് എന്ന പേര് പഠിച്ചു വരുന്നേയുള്ളൂ എന്നതാണ് വസ്തുത. പ്രാക്കു മുഴുവൻ പോകുന്നത് വിഡി സതീശനിലേക്കാണ്.
ഇരുട്ടിലിരുന്നാണ് ഇതെഴുതുന്നത്. കൊതുകുകൾ മൂളിവരുന്നുണ്ട്.കൊടുംചൂടാണെന്നത് വളരെ വലിയ ആശ്വാസം. ആകെ വിയർത്ത് വീഴുന്ന തുള്ളികൾ പണ്ടാണെങ്കിൽ എഴുത്തുകടലാസിൽ വീണ് പണ്ടാരടങ്ങിയേനേ.. ടെക്നോളജി രക്ഷിച്ചു. ഇപ്പോ എഴുത്ത് മൊബൈലിലാണ്. ചാർജു തീരും വരെ എഴുതിയാൽ രണ്ടുണ്ടു കാര്യം. വീട്ടിനുള്ളിലും തലയ്ക്കുള്ളിലും ഇച്ചിരിയെങ്കിലും വെട്ടം കിട്ടും.
കറണ്ടാപ്പിസ് ജീവനക്കാർ ഇപ്പോൾ ആപ്പീസിലെത്തിയാൽ ആദ്യം ചെയ്യുന്ന പണി കറണ്ട് കട്ടാക്കുക എന്നതാണ്. അതു കഴിഞ്ഞാണ് അറ്റൻഡൻസ് ഗ്രന്ഥത്തിൽ ഒപ്പിടുന്നതു പോലും. പിന്നെ നാട്ടാർക്ക് സുഖമാണ്. ഹൈ ടെൻഷൻ എക്ട്രാഹൈ ടെൻഷൻ തുടങ്ങിയ സാങ്കേതികപദങ്ങൾ ചേർത്ത് കാരണം പറയുന്ന സന്ദേശങ്ങൾ നമ്മുടെ മൊബൈലിലേക്ക് കെ എസ് ഇ ബി ഇപ്പോഴും ദിവസം നാലു നേരം അയക്കുന്നുണ്ട്. പോയ കറണ്ട് ഉടനേ തിരിച്ചു വരുമെന്ന് ബേജാറില്ലാത്തതു കൊണ്ട് നമുക്ക് ടെൻഷനേയില്ല.
പിണറായി ഭരിച്ച പത്തു വർഷക്കാലം കറണ്ടു കട്ടെന്നത് കണി കാണാൻ പോലുമില്ലാതിരുന്നതാണ്. ഒരു ഊഴം കൂടി നൽകിയിരുന്നെങ്കിൽ കറണ്ടു ചാർജു കൂടി ഒഴിവാക്കിയേനേ. പക്ഷേ നാട്ടാർക്ക് വെളിച്ചം ദുഃഖമാണ്. തമസ്സല്ലോ സുഖപ്രദം. അതുകൊണ്ടാണല്ലോ ഉണ്ണിയായ കൃഷ്ണൻ കുട്ടിയെ മാറ്റി സണ്ണിയായ ഇച്ചായനെ കൊണ്ടുവന്നത്. അതോടെ കലിപ്പോടെ സണ്ണീ ഡേയ്സും വന്നു. മുകളിൽ 'സൺ' നിന്നു കത്തുകയാണ്. താഴത്തെ സണ്ണി ഇരുട്ടത്ത് പ്രസംഗത്തിലും ! സണ്ണി വന്നതോടെ വൈദ്യുതി മാത്രമല്ല പരിസ്ഥിതിയും ആകെ താറുമാറായി.
ഇദ്യം കെ.പി സി സി പ്രസിഡന്റായ പ്പോൾ കെ.പി സി സി യുടെ സ്ഥിതിയും ഇതു തന്നെയായിരുന്നു. വേണ്ടത്ര പ്രകാശമില്ലാത്ത അവസ്ഥ. നിലവിലും പ്രസിഡന്റ് സണ്ണി തന്നെയാണെന്ന് സണ്ണി ക്കൊഴികെ എല്ലാർക്കും അറിയാം. ചതുരവടിവിലെ സംസാരം മാത്രം വച്ച് സംഘടനയെയോ സർക്കാരിനെയോ ഉദ്ധരിക്കാനാവില്ല.
കിട്ടുന്ന വകുപ്പിനെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും അതിൽ ദീർഘകാല മുദ്ര പതിപ്പിക്കുന്ന മാറ്റങ്ങൾ കൊണ്ടുവരികയുമാണ് ഒരു നല്ല രാഷ്ട്രീയക്കാരന്റെ ധർമ്മം. വൈദ്യുതി വകുപ്പിനെ മുൾക്കിരീടം എന്നു വിശേഷിപ്പിച്ചാണ് സണ്ണിച്ചായൻ ഇടതുകാലെടുത്തു വച്ച് അകത്തു കയറിയത്. ഉദ്യോഗസ്ഥർ എഴുതിക്കൊടുക്കുന്ന തുണ്ടുകടലാസുകൾക്കായി പോക്കറ്റിൽ തപ്പുകയും അതു കിട്ടിയില്ലെങ്കിൽ നിഷ്കളങ്കമായി അറിവില്ലായ്മ വെളിപ്പെടുത്തുകയും ചെയ്യുന്ന ഒരു മന്ത്രി കേരളത്തിൽ ആദ്യമാണ്.
ഉമ്മൻ ചാണ്ടി സർക്കാർ ഉണ്ടാക്കിയ ദീർഘകാല വൈദ്യുതിക്കരാർ കഴിഞ്ഞ സർക്കാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പറഞ്ഞാൽ അത് ജനം തൊണ്ട തൊടാതെ വിഴുങ്ങിക്കൊള്ളുമെന്നാണ് സണ്ണി ജോസഫ് കരുതുന്നത്. ചൂട് കൂടി ഉപഭോഗം കൂടി. മഴ കുറഞ്ഞു.വൈദ്യുതിയുൽപ്പാദനവും ലഭ്യതയും കുറഞ്ഞു. പിന്നെന്തു ചെയ്യാനാണ് എന്നാണ് ചോദ്യം. ഇതേ സാഹചര്യങ്ങൾ കഴിഞ്ഞ പത്തു വർഷവുമുണ്ടായിരുന്നല്ലോ. അന്ന് എങ്ങിനെ പരിഹരിച്ചുവെന്ന് പിണറായിയോടു ചോദിക്കാൻ മടിയാണെങ്കിൽ കൃഷ്ണൻ കുട്ടിയോടെങ്കിലും ചോദിച്ചു കൂടേ? ഉപഭോഗം കൂടുമ്പോൾ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാമെന്ന പ്രാഥമിക ബോധമെങ്കിലുമുണ്ടാവണ്ടേ? വൈദ്യുതി വില്ക്കുന്ന കർണ്ണാടകം ഭരിക്കുന്നത് ബി ജെ പി യോ സിപിഎം ഓ അല്ലല്ലോ സണ്ണിക്കുട്ടാ .
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അലമ്പായ വകുപ്പായിരുന്നു ആരോഗ്യം. ഏത് വിഷയമുണ്ടായാലും പഠിക്കുമെന്ന ഉറപ്പു പറയാൻ മാത്രമേ അന്നത്തെ മന്ത്രിണിക്ക് കഴിഞ്ഞിരുന്നുള്ളൂ. ഫലമോ നാട്ടാര് പാഠം പഠിച്ച് സഹി കെട്ടു. അവസരം വന്നപ്പോൾ പഠിച്ച പാഠങ്ങൾ തിരികെ പഠിപ്പിച്ചു കണക്കു തീർത്തു. ഇപ്പോൾ കെ മുരളീധരൻ വകുപ്പുമന്ത്രിയായി. കിട്ടിയത് മുൾക്കിരീടമാണെന്ന് നിലവിളിക്കാതെ വകുപ്പിനെയും ജനാഭിലാഷങ്ങളെയും മനസ്സിലാക്കി പരാതികൾക്ക് അവസരം കുറച്ച് ഭരണം മുന്നോട്ടു കൊണ്ടുപോകുന്നു. സണ്ണിച്ചായൻ പാഠം പഠിക്കേണ്ടത് പഴയ കെപിസിസി പ്രസിഡന്റു കൂടിയായ മുരളീധരനിൽ നിന്നാണ്.
സോഷ്യൽ മീഡിയ യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക വിദഗ്ധർ പറയും — കേരളത്തിലാണ് ഏറ്റവും കൂടിയ വൈദ്യുതി നിരക്ക്. എന്നാൽ സത്യം KSEB പറയുന്നു: രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, ബംഗാൾ ഒക്കെ നമ്മളേക്കാൾ പിഴിയുന്നുണ്ട്. നമ്മൾ ദക്ഷിണേന്ത്യയിൽ ഏറ്റവും ചീപ്പാണ്. 100 യൂണിറ്റിന് 4.67 രൂപ. അതായത് വാസ്തവത്തിൽ കേരളത്തിൽ കറണ്ട് ചീപ്പാണ്, പക്ഷേ കിട്ടില്ല. ബീവറേജസിൽ മദ്യം ചീപ്പാണ്, പക്ഷേ ക്യൂവിൽ നിന്നാൽ കിട്ടില്ല എന്ന് പറയുന്നത് പോലെ.
പിണറായി സർക്കാരിന്റെ കാലത്ത് KSEB യുടെ ഒരു ഫ്യൂസ് പോയാൽ, 4 ചാനലിൽ 4 വിദഗ്ധർ വന്ന് പറയും — “സംസ്ഥാനം ഇരുട്ടിലായി, നിക്ഷേപം പിൻവാങ്ങും, വ്യവസായം തകരും”.
ഇപ്പോൾ സംസ്ഥാനം ശരിക്കും ഇരുട്ടിലായി. നിക്ഷേപം അല്ല, ജനത്തിന്റെ ക്ഷമയാണ് പിൻവാങ്ങുന്നത്. പക്ഷേ ഒരു വിദഗ്ധനും ഇല്ല ചർച്ചയുമില്ല..
സോഷ്യൽ മീഡിയയിൽ ഒരു ട്രോൾ:
“പിണറായി ഭരിക്കുമ്പോൾ കറണ്ട് പോയാൽ — ‘ജനദ്രോഹം’
വി ഡി ഭരിക്കുമ്പോൾ ‘ജലദോഷം’ ഇപ്പോൾ കറണ്ട് പോകുന്നത് പ്രകൃതി ദുരന്തമാണ്. അന്ന് കറണ്ട് പോയിരുന്നെങ്കിൽ അത് മനുഷ്യനിർമ്മിത ദുരന്തമാകുമായിരുന്നു.
എല്ലാമറിയുന്ന മുഖ്യമന്ത്രി ജനം ഉരുകിയൊലിക്കുന്നത് അറിയുന്നുണ്ടാവില്ല.ഔദ്യോഗിക വസതിയിൽ ഇൻവെർട്ടർ ഉള്ളതു കൊണ്ട് റോബിൻ ശർമ്മയുടെ ജനപ്രിയ പുസ്തകം 'ദ ലീഡർ ഹു ഹാഡ് നോ ടൈറ്റിൽ' വായിച്ച് നേതൃപാടവം മെച്ചമാക്കുന്നതെങ്ങിനെയെന്ന് പഠിക്കാം.സെക്രട്ടേറിയറ്റിൽ ജനറേറ്ററുള്ളതു കൊണ്ട് തണുപ്പിലിരുന്ന് ചൂടൻ ചർച്ചകൾക്ക് നേതൃത്വം നൽകാം. . ജനത്തിന് മാത്രമേ ഇരുട്ട് അറിയൂ. ജനകീയ മുഖ്യമന്ത്രി എന്നതിന്റെ പുതിയ നിർവചനം അതാണ്.