NewsAd1
കോഴിക്കോടൻ സുലൈമാനിയും കൂർക്കംവലി രാഷ്ട്രീയവും
ആദിത്യൻ പ്രിയമാനസം
15 September 2026, 1:21 am
main image of news

കോഴിക്കോടിന്റെ മണ്ണിൽ സുഗന്ധവ്യഞ്ജനങ്ങൾ തേടി വിദേശികൾ അലഞ്ഞ ചരിത്രമൊക്കെ പഴങ്കഥ! ഇന്നത്തെ കോഴിക്കോട്ടെ എ.സി. ഹാളിലെ സഖാക്കൾ, പരമ്പരാഗത ചുക്കും ചുണ്ണാമ്പുമുപേക്ഷിച്ച് സോവിയറ്റ് കാലത്തെ സുലൈമാനി നുണഞ്ഞ്, മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പ്രൊളിറ്റേറിയറ്റ് സമാധിയിൽ കണ്ണടച്ച് ധ്യാനിക്കുകയാണ്.

"ഞാൻ 'ദാസ് ക്യാപിറ്റൽ' എഴുതാൻ വിയർപ്പൊഴുക്കിയത് ഇവർ കോഴിക്കോട്ടെ എ.സി. ഹാളിലിരുന്ന് കട്ടൻചായ കുടിച്ച് കൂർക്കംവലിച്ചുറങ്ങാനാണോ എന്ന് ഓർക്കുമ്പോൾ... എന്റെ മീശ രോമങ്ങൾ പോലും ലജ്ജകൊണ്ട് കൊഴിഞ്ഞുപോവുകയാണ്!"
— കാറൽ മാർക്സിൻ്റെ ആത്മഗതം അല്പം ഉച്ചത്തിലായി.

 image 2 of news

പുറത്തുള്ള ചാനലുകൾ ഇപ്പോൾ എണ്ണച്ചട്ടിയിൽ കടുക് പൊട്ടുന്നതുപോലെ പൊട്ടിത്തെറിക്കുകയാണ്. പത്തുവർഷം ക്ലിഫ് ഹൗസിലെ സുഖലോലുപമായ കസേരയിലിരുന്ന് എ.കെ.ജി സെന്ററിലെ പൂച്ചയെപ്പോലും വിരട്ടിക്കൊണ്ട്, സ്വർണക്കട്ടി മുതൽ കരിപ്പൂർ ചരക്കുവരെയുള്ള സകലമാന 'വ്യാപാരങ്ങളും' തകർപ്പനായി സെറ്റാക്കി മേഞ്ഞുനടന്ന സഖാക്കൾ പെട്ടെന്ന് കരണംമറിഞ്ഞ് കുഴിയിലേക്ക് മലർന്നടിഞ്ഞുവീണതിന്റെ ചൊറിച്ചിൽ തീർക്കാൻ ഇപ്പോൾ സ്വന്തം ആശാന്റെ കസേരയിലെ സ്പ്രിംഗ് ഊരിയെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും കുത്തുകയാണ്!

മുഖ്യമന്ത്രിയെ കറുത്ത മാസ്ക് ഇട്ട് തിരിഞ്ഞുനോക്കിയാൽ നേരെ ലോക്കപ്പിലെ ഇരുമ്പ് അഴിക്കുള്ളിൽ കിടക്കേണ്ടിവരുന്ന കാലത്തെ ചെങ്കോൽ നഷ്ടപ്പെട്ടവന്റെ ചായക്കപ്പിലെ കൊടുംകാറ്റ് അറിയാത്തവർക്കേ, ഈ അന്തർധാരയെന്നുവെച്ചാൽ വല്ല അന്തർദേശീയ ശാസ്ത്രീയ രഹസ്യമാണെന്ന് തോന്നൂ; അല്ലാവർക്ക് അതൊരു ഇളം ചൂടു കട്ടൻചായയുടെ മയക്കത്തിൽ കണ്ണടഞ്ഞുപോകുന്ന പച്ചയായ സത്യം മാത്രം!
ആ കമ്മിറ്റി ഹാളിൽവെച്ച് ആരെങ്കിലും മകൾ വാങ്ങിയ മാസപ്പടിയുടെ വെളുത്ത കണക്കുകളെക്കുറിച്ചോ, മരുമകൻ റോഡ് പണിയിലൂടെ നടത്തിയ പച്ചയായ വിക്രിയകളെക്കുറിച്ചോ ഒരക്ഷരം നാക്കുപിഴച്ചുപോകുമോ? ഹേയ്, എന്റെ റബ്ബേ! അബദ്ധത്തിൽ അങ്ങനെ വല്ല വായ്‌ത്താരിയും വീണുപോയാൽ, അന്ന് രാത്രി തന്നെ ആ സഖാവിന്റെ രാഷ്ട്രീയ ശവപ്പെട്ടിക്ക് മുകളിലൂടെ പ്രസ്ഥാനത്തിന്റെ ജെ.സി.ബി. കയറിയിറങ്ങി, ആ ചീഞ്ഞ ശവത്തിൽ റീ ടാറിംഗ് നടത്തി നവകേരള സദസ്സിന്റെ അടുത്ത റൗണ്ട് ഓടിക്കും.
HomeAd1
 image 3 of news

ഈ ഗൗരവമേറിയ ചർച്ചകൾക്കിടയിലാണ് 'മാതൃഭൂമി'യുടെ ഫോട്ടോഗ്രാഫർ സാജൻ നമ്പിയാർ ആ വിഖ്യാത ചിത്രം ഒപ്പിയെടുത്തത്. ചിത്രത്തിന് മുകളിൽ പത്രം കണ്ണിൽ കുത്തുംവിധം എഴുതിവെച്ചിരുന്നു: "ഉണരാൻ നേരമായി..." സഖാവ് എം.എ. ബേബിയുടെ ഉദ്ഘാടന പ്രസംഗം കേട്ട് പാർട്ടിയുടെ ഉന്നതരായ സഖാക്കളെല്ലാം കട്ടൻചായയുടെ ലഹരിയിൽ കണ്ണടച്ച് അഗാധമായ പ്രൊളിറ്റേറിയറ്റ് റിപ്പബ്ലിക്കൻ ലെവൽ കൂർക്കംവലിയിലേക്ക് വഴുതിവീണ ആ ചരിത്ര നിമിഷം, സാജൻ ഷട്ടറടച്ചപ്പോൾ വിചാരിച്ചത് ഇതൊരു അതിസാധാരണ പ്രസ് ഫോട്ടോയായിരിക്കുമെന്നാണ്

പക്ഷേ, പ്രഭാതത്തിൽ പത്രം നിവർത്തിവെച്ചപ്പോൾ സംഭവിച്ചത് ചരിത്രമേ നിൻ്റെ ചരിത്രം.
"എ.സി. ഹാളിലെ കിടപ്പുമുറി രാഷ്ട്രീയം: മാർക്സിസ്റ്റ് ധ്യാനയോഗത്തിന്റെ പച്ചയായ ലൈവ്!" എന്ന ബ്രേക്കിംഗ് ന്യൂസുമായി ചാനലുകൾ കളംപിടിച്ചു.
പാൽവില വർദ്ധനവിൻ്റെ ക്ലിഫ് ഹൗസ് വാർത്തയറിഞ്ഞ്. ജനം ദേശീയപാതയോരത്തെ മാവേലി സ്റ്റോറിലേക്ക് ഇരച്ചുകയറുന്നതുപോലെ ഫോണുകൾ റിങ് ചെയ്യാൻ തുടങ്ങി.
ആദ്യം വിളിച്ചത് ജില്ലാ സെക്രട്ടറിയാണ്.
"സാജൻ നമ്പിയാരല്ലേ? ആ പടം... അതൊരു പെറ്റിബൂർഷ്വാ മാധ്യമത്തിൻ്റെ പച്ചക്കള്ളമാണ്. നമ്മുടെ സഖാക്കൾ ആരും അവിടെ കസേരയിലിരുന്ന് കൂർക്കംവലിച്ചിട്ടില്ല. റിസോർട്ട് കണക്കുകൾ കൂട്ടിക്കിഴിച്ച് കണ്ണടച്ചുകിടന്ന ഇ.പി.യും—അതായത് കണ്ണടച്ച് പണം എണ്ണിയതാണ്—റോഡുപണിയുടെ ആഗാധത്തിൽ മയങ്ങിപ്പോയ മുഹമ്മദ് റിയാസ് പഴയ പൊതുമരാമത്ത് റോഡിലെ കുഴികളിൽ സ്വപ്നത്തിൽ ടാറിംഗ് ചെയ്യുകയായിരുന്നു.
സഭയിലെ സ്പീക്കർ കസേര വീണ്ടും സ്വപ്നംകണ്ട് കണ്ണടച്ച ഷംസീറടക്കമുള്ള ആ സംഘത്തിന്റെ അന്തർധാര കുലട മാധ്യമങ്ങൾക്കൊന്നും ഒരു കാലത്തും പിടികിട്ടാൻ പോകുന്നില്ല. സത്യത്തിൽ സഖാക്കൾ, പ്രൊളിറ്റേറിയറ്റ് അന്തർധാരയുടെ ആഴങ്ങളിൽ മുങ്ങി ഏകാഗ്ര ധ്യാനത്തിലായിരുന്നു ."

 image 4 of news
സാജൻ നമ്പ്യാർ

ഉച്ചയോടെ പത്ര ഓഫീസിന് മുന്നിൽ അടുത്ത അതിഥി വന്നു. കയ്യിൽ ചുവന്ന കൊടിയില്ല, പക്ഷേ മുഖത്ത് കൊടിയ അമർഷം. സാക്ഷാൽ സഖാവ് എം.എ. ബേബി തന്നെ! ഇല്ലാമീശപിരിച്ച് അദ്ദേഹം സാജന്റെ മേശപ്പുറത്തിരുന്ന ഫോട്ടോയിലേക്ക് ചൂണ്ടി: "എന്താ ഇത്? ഞാൻ അവിടെ ഡയാലക്റ്റിക്കൽ മെറ്റീരിയലിസത്തെക്കുറിച്ചും അന്താരാഷ്ട്ര പ്രകൃതിക്ഷോഭങ്ങളെക്കുറിച്ചും ലെനിനിസ്റ്റ് ഹെർട്സുകളെക്കുറിച്ചും പ്രസംഗിക്കുകയായിരുന്നു എന്നത് നിങ്ങൾക്കും അറിവുള്ള കാര്യമല്ലേ? ആ പ്രസംഗത്തിന്റെ ഫ്രീക്വൻസി താങ്ങാൻ കോഴിക്കോടൻ എ.സി. ഹാളിലെ സഖാക്കൾക്ക് കഴിഞ്ഞില്ലെങ്കിൽ അതിൽ എന്റെ കുഴപ്പമെന്താണ്? അവർ ഉറങ്ങുകയല്ല, മറിച്ച് കമ്യൂണിസത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിടുകയായിരുന്നു എന്ന് ഞാൻ മൂന്നുവട്ടം ആണയിടുന്നു.. സാജൻ എടുത്ത ആ പടം കണ്ടിട്ട് നാട്ടുകാർ വിചാരിച്ചത് ഞങ്ങളുടെ പാർട്ടി ഒരു കൂർക്കംവലി ക്യാമ്പ് നടത്തുകയാണെന്നാണ്..."

"അല്ല സഖാവേ, ഫ്ലാഷ് അടിച്ചപ്പോൾ എല്ലാവരുടെയും കണ്ണ് അറിയാതെ..." സാജൻ വിക്കി.
"കണ്ണടച്ചത് ഫ്ലാഷ് കൊണ്ടല്ല സഖാവേ, പ്രസംഗത്തിന്റെ ഭാരം കൊണ്ടാണ്!" ബേബി സഖാവ് ഗൗരവത്തിൽ തുടർന്നു. "ഇത് തിരുത്തണം. ഉറങ്ങുന്ന ചിത്രമല്ല, മറിച്ച് 'മാർക്സിസ്റ്റ് ധ്യാനയോഗം' എന്ന പേരിൽ ഇതിനൊരു വ്യാഖ്യാനം കൊടുക്കണം.
ഇല്ലെങ്കിൽ പാർട്ടിയുടെ അച്ചടക്കനടപടി നേരിടാൻ തയ്യാറായിക്കോളൂ."
എം.എ. ബേബി സഖാവിന്റെ ആ ഭീഷണി കേട്ടപ്പോൾ സാജൻ നമ്പിയാർക്ക് ആ പഴയ പ്രാസകാവ്യം ഓർമ്മവന്നത് യാദൃശ്ചികം.
നമ്പി ആരെന്നു ചോദിച്ചു
നമ്പിയാരെന്നു ചൊല്ലിനേൻ
നമ്പി കേട്ടഥ കോപിച്ചു
തമ്പുരാനേ പൊറുക്കണം.."
തുടർന്ന് സാജൻ ഇപ്രകാരം തിരുവുര ചെയ്തു.
"അച്ചടക്കനടപടിയോ? സ്വർണ്ണക്കടത്തും മാസപ്പടിയും പ്ലാൻ ചെയ്ത് നടപ്പാക്കിയ ആശാന്മാർക്ക്, എൻ്റെ ക്യാമറ ഷട്ടർ അടയുന്നത് കട്ടൻചായയിൽ പരിപ്പുവട മുക്കി തിന്നുന്നത്ര നിസ്സാരമല്ലേ?! ഇനി അച്ചടക്കത്തിന്റെ വടിയുമായി വന്നാൽ, അടുത്ത സംസ്ഥാന സമ്മേളനത്തിന് സഖാക്കൾക്ക് സുഖമായി കൂർക്കംവലിക്കാൻ ഒരു ഡുറോഫ്ലെക്സ് (Duroflex) മെത്തയും കൊതുകുവലയും എന്റെ വക ഫ്രീ ഡെലിവറി !!"

വൈകുന്നേരമായപ്പോഴേക്കും പത്ര ഓഫീസിന് മുന്നിൽ വലിയൊരു ആൾക്കൂട്ടം തടിച്ചുകൂടി. സാധാരണ സഖാക്കളല്ല, പടത്തിൽ കണ്ണടച്ചുകിടന്ന ആ ഉന്നതരായ നേതാക്കൾ നേരിട്ട് എത്തിയിരിക്കുന്നു! മേഴ്സിക്കുട്ടിയമ്മ മുന്നിൽ വന്നുനിന്നു: "ഞാൻ ഉറങ്ങിയതല്ല സഖാവേ, ഫിഷറീസ് സെക്ടറിലെ സ്രാവുകളുടെ വരവിനെക്കുറിച്ച് ആഴത്തിൽ ആലോചിച്ചതാണ്."

"ഞാൻ നവകേരളത്തിന്റെ പാതയിലെ കല്ലുകളെക്കുറിച്ച് ചിന്തിച്ചതാണ്," മറ്റൊരു സഖാവ് പ്രതിവചിച്ചു.
ഒടുവിൽ സാജൻ നമ്പിയാറിന് പാർട്ടിയുടെ പുതിയൊരു സർക്കുലർ കിട്ടി.
ഇതു പോകട്ടെ, ഭാവിയിൽ ഉത്തരം ചിത്രങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ താഴെ ഒരു അടിക്കുറിപ്പ് നിർബന്ധമാണ്:
"ചിത്രത്തിലെ സഖാക്കൾ ഉറങ്ങുകയല്ല, മറിച്ച് ശാസ്ത്രീയ സോഷ്യലിസത്തിന്റെ സൂക്ഷ്മ തത്ത്വങ്ങൾ മനസ്സിലേക്ക് ആഴ്ന്നിറങ്ങാൻ ലൗകികമായ എല്ലാ ബാഹ്യ ഇടപാടുകളെയും പുറന്തള്ളി സൂചീമുഖം പോലെ ഏകാഗ്രത പാലിക്കുകയാണ്."
പാവം സാജൻ നമ്പിയാർ ക്യാമറയുടെ ലെൻസ് ഊരി മേശപ്പുറത്തുവെച്ച് നെടുവീർപ്പിട്ടു— ഇനി അടുത്ത സമ്മേളനത്തിന് പടമെടുക്കുമ്പോൾ ക്യാമറ തുരുമ്പെടുക്കാതിരിക്കാൻ പാടുപെടുന്നതിനേക്കാൾ ഭേദം, സഖാക്കൾ കൂർക്കംവലിക്കുന്നതിന്റെ ഓഡിയോ കാസറ്റ് വാങ്ങി ചാനലുകാർക്ക് മൊത്തവിലയ്ക്ക് വിൽക്കുന്നതാണ്.
ഒരു സുലൈമാനി കുടിച്ചാലോ എന്ന് സാജനും പൂതി പൂണ്ടു.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞