NewsAd1
എന്താ, വീണാ തൈക്കണ്ടിയുടെ ഫ്യൂച്ചർ പ്ലാൻസ്?
അനു പ്രമോദ്
16 September 2026, 2:11 am
main image of news

'ഇന്ത്യ,ഇന്ത്യയുടേതെന്നും ചൈന, ചൈനയുടേതെന്നും പറയുന്ന കാശ്മീർ' എന്നത് പഴയൊരു കമ്മ്യൂണിസ്‌റ്റ്‌ പ്രയോഗമാണ്. 'പിണറായി ഇല്ലെന്നും ഇഡി ഉണ്ടെന്നും പറയുന്ന റെഡ്ബുക്ക്' എന്നതാണ് വിപുലീകൃത നിദ്രാ സമ്മേളന കാലയളവിലെ പുത്തൻ കമ്മ്യൂണിസ്റ്റ് പ്രയോഗം.

കമ്മ്യൂണിസ്റ്റുകാരാവുമ്പോൾ ചുവപ്പിനോട് ആഭിമുഖ്യമുണ്ടാവുക സ്വാഭാവികം. എന്തുകൊണ്ടാണ് അവർ ചോരച്ചാലുകൾ നീന്തിക്കയറുന്നത്. ചോര, വെറും ചോരയല്ല, ചെഞ്ചോരയായതു കൊണ്ടാണ്. അങ്ങിനെയുള്ള ഒരു മുതിർന്ന സഖാവിന്റെ മകൾ ഒരു ചെമ്പുക്ക് (ഇഡി ഭാഷയിൽ റെഡ്ബുക്ക് )സൂക്ഷിച്ചാൽ എന്താണ് കുഴപ്പം ?

 image 2 of news

എങ്കിലും പിണറായി ചോദിച്ചു 'എന്ത് റെഡ്ബുക്ക്, ഏത് ബ്ലാക് ബോക്സ്'? വെറുതേ ഇഡിയെ എരി കയറ്റി. പിറ്റേന്നു തന്നെ ഇഡി ആ രക്ത പുസ്തകത്തിന്റെ താളുകൾ മുതലാളിത്ത ബൂർഷ്വാ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. വല്ല കാര്യവുമുണ്ടായിരുന്നോ ഈ കാർന്നോർക്ക്!

എന്നാൽ ഭാവി കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിക്കേണ്ട മരുമകൻ മുഹമ്മദ് റിയാസ് സഖാവിന് ചുവപ്പിനോട് അറപ്പുണ്ടായില്ല. ഉണ്ട്. തന്റെ സഹധർമ്മിണി വീണാ തൈക്കണ്ടിയുടെ കൈയ്യിൽ അങ്ങിനെയൊരെണ്ണമുണ്ട്. അതിലാണ് ശ്രീമതി അവരുടെ ഫ്യൂച്ചർ ബിസിനസ്സ് ഒക്കെ സ്വന്തം കൈപ്പടയിൽ എഴുതി കൂട്ടിയും കുറച്ചും പ്ലാൻ ചെയ്തത്. 'എന്താണ് ഇന്ദുചൂഡന്റെ ഫ്യൂച്ചർ പ്ലാൻസ് 'എന്ന രീതിയിൽ തിലകന്റെ ഖര ശബ്ദത്തിൽ ഇ ഡി ആരാഞ്ഞപ്പോൾ തൈക്കണ്ടി അതെടുത്ത് തുറന്നു കാട്ടിയെന്നത് നേരാണ്. അയിനാണ്....
HomeAd1
 image 3 of news

'ഫയാസിന്റെ കണക്കുപ്രകാരം രൂപ:56, 430.91, ആകെ ഇവിടെ നിന്ന് അയച്ചത്: 85 L , ഫയാസ് ആകെ കൈപ്പറ്റിയത് : 349 K' തുടങ്ങിയ കണക്കുകളൊക്കെ പുസ്തകത്തിൽ ഇഡി കണ്ടുവെന്നത് ശരി. നോക്കൂ, ഭാവിയിൽ ബിസിനസ് ചെയ്യുമ്പോൾ ഫയാസുമുണ്ടാവുമെന്ന് സങ്കല്‌പിക്കുക.ഫയാസ് ഭാവിയിലും റിയാസിന്റെ ഒക്കച്ചങ്ങായി തന്നെ ആയിരിക്കുമല്ലോ. അപ്പോൾ ഫയാസ് ഒരു തുക പറയാനിടയുണ്ട്. അത് കൃത്യം 56,430 .91ആയിരിക്കും. ഇവിടെ നിന്ന് അന്ന് അയക്കുന്ന തുക 85 L-ഉം ഫയാസ് ആകെ കൈപ്പറ്റുന്നത് 349 K യും ആവും. ഇതു പോലെ തന്നെയാണ് മറ്റു പേജുകളിലെ ഫ്യൂച്ചർ പ്ലാൻസും.ആർക്കും സ്വന്തം ബിസിനസ്സ് ഭാവിയിലേക്ക് ഇങ്ങനെയൊക്കെ പ്ലാൻ ചെയ്യാവുന്നതേയുള്ളൂ. പക്ഷേ നല്ല ക്വാളിറ്റിയുള്ള ഒരു ചോപ്പൻ പുസ്തകം കൈയ്യിലുണ്ടാവണമെന്നു മാത്രം.

ഇത് ഇ ഡി യുടെ ഗൂഢാലോചനയാണെന്ന് ഉറപ്പിക്കാൻ മറ്റൊരു കാരണവും വേണ്ട. തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റതിന്റെ കാരണക്കാരായ അണികളെയും വോട്ടു മാറ്റിച്ചെയ്ത പാർട്ടി ബന്ധുക്കളെയും തിരുത്താൻ കോഴിക്കോട് വച്ച് വിപുലീകൃത സുലൈമാനി നിദ്രാ സമ്മേളനം നടക്കുന്നതിനിടെ തന്നെ എന്തുകൊണ്ടാണ് ഇ ഡി ഇത് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് ? തകർന്ന പാർട്ടിയെ വീണ്ടും തകർക്കുക തന്നെയാണ് മോഡിയുടെയും ഇഡിയുടെയും ഉന്നമെന്നറിയാൻ അരിയാഹാരം പോലും കഴിക്കേണ്ടതില്ല. കോഴിക്കോടൻ ബിരിയാണിയായാലും മതി. എന്നിട്ടെന്തായി? പാർട്ടി തകർന്നോ? ബേബി സഖാവിന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഉറങ്ങിപ്പോയെങ്കിലും സമാപന പ്രസംഗം കഴിഞ്ഞയുടൻ ഉണർന്നെണീറ്റില്ലേ ? ബാക്കി ഉറക്കം ഇനി സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ഉൾപ്പെടെയുള്ള പാർട്ടി വേദികളിൽ മാത്രം.

 image 4 of news

ഗ്രഹണം വരുമ്പോൾ സ്വപ്നയും തലപൊക്കും എന്നാണല്ലോ. അത് അച്ചെട്ടാണെന്നുറപ്പിച്ച് ബിരിയാണിച്ചെമ്പും, സ്വർണ്ണവും, നയതന്ത്ര ബാഗേജുമൊക്കെ പൊക്കിപ്പിടിച്ച് സ്വപ്നയെത്തിയിട്ടുണ്ട്. ഒരു വിപുലീകൃത പത്രസമ്മേളനം വിളിച്ചാണ് സ്വപ്ന,മാനം മര്യാദക്ക് ജീവിക്കുന്ന ഒരു പാർട്ടി കുടുംബത്തിനു നേരേ കുഴിബോംബാക്രമണം നടത്തിയത്. അതുകൊണ്ടു തീരുമെന്ന് കരുതിയവർക്ക് തെറ്റി. ജനത്തിൽ നിന്ന് പടിയിറങ്ങിയെന്ന് പോസ്റ്റിട്ട് പുതിയ പ്രസ്ഥാനത്തിലേക്ക് പോയ അനിൽ നമ്പ്യാർ ഗണപതിയ്ക്കടിച്ച് തുടക്കം കുറിച്ചതും പത്രസമ്മേളനത്തിൽ സ്വപ്ന പറഞ്ഞ കാര്യങ്ങളുടെ ഇന്റർനാഷണൽ എക്സ്ക്ലൂസീവുമായിത്തന്നെ. ചേരേണ്ടവർ ചേർന്നാൽ ഇനി എന്തു സംഭവിക്കുമെന്ന് കണ്ടുതന്നെ അറിയാൻ ഒരുങ്ങിക്കോളൂ....

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞