തെറ്റുപറ്റാത്ത പാർട്ടി..
തെറ്റുകാരായ അണികൾ
നന്ദകുമാർ നിലമേൽ
17 September 2026, 3:47 am
പിണറായിയിൽ തുടങ്ങി പിണറായിയിൽ ഒടുങ്ങുന്ന ചരിത്രത്തിലെ ഒരു അസംബന്ധ നിർമിതിയുടെ തിരോധാനത്തിന് കേളി കെട്ടുണരുന്ന ഒരു മഹാസമ്മേളനമാണ് കോഴിക്കോട് കടാപ്പുറത്ത് കെട്ടഴിഞ്ഞു വീണത്.
ഉച്ചിയിൽ വച്ച കൈ കൊണ്ടു തന്നെ ആവണോ ഉദകക്രിയ? പക്ഷേ ആയതിനും.ആ നാട്ടുകാരൻ തന്നെ നിയോഗമാകുന്നു എന്നത് കാലം കാത്തുവച്ച മഹാ തിരുത്തലാണെന്ന് മാർക്സിസ്റ്റ് വിരുദ്ധ മൂരാച്ചികൾ പറയും.അല്ലേ സഖെ ?
പാറപ്രത്തെ പേറ്റുനോവിനും വിവേകാനന്ദ നാമം തന്നെ സാക്ഷി. അങ്ങനയേ വരൂ. മൂന്നുവശവും സുരക്ഷിതവും അഗമ്യവുമായ വിവേകാനന്ദ ലൈബ്രറിയുടെ ഉൾ മുറിയിൽ, തൊട്ടടുത്ത സർക്കാർ സ്കൂൾ വാർഷികാഘോഷ മറവിൽ ഉരുവം കൊണ്ട സംഘടനയ്ക്കും ആ കര തന്നെ ഏറ്റവുമൊടുവിൽ നോ പറയുന്നൂ.ആ ബൂത്തിൽ അരിവാൾ കാലത്തിന്റെ തുരുമ്പ് ഏറ്റുവാങ്ങുമ്പോൾ അത് ചരിത്രത്തിന്റെ മുഖാമുഖം. വയറിന്റെ പിടച്ചിലിൽ കിടുങ്ങുന്ന ബാല്യവും സെവൻ കോഴ്സിൽ കുടുങ്ങുന്ന വാർദ്ധക്യവും.
ഉൽസവം കൊടിയിറങ്ങിയ രാവിൽ കണ്ണൂരിലെ തെരുവുകളിൽ പടർന്നുകയറിയത് പൂക്കുറ്റികളും മാലപ്പടക്കങ്ങളും ഹർഷാരവം മുഴങ്ങന്ന സ്വീകരണങ്ങളും..കണ്ണേ കരളേ ജയരാജാ.. ചെന്താരകമേ ചെമ്പൊട്ടേ.. ജയരാജാ..ജയരാജാ... ഒതുക്കപ്പെട്ടവൻ ഉയിർക്കുന്നു.പാച്ചുവും കോവാലനൂം ഞെട്ടി തിരിച്ചറിയുന്നു;കണ്ണൂർ കടക്കാനുള്ള പാലം ഇനി പി ജെ ആർമിയാണെന്ന്....
അരുമയയെ തഴുകി ആഢംബര ശകടത്തിൽ പായുന്ന പിബി അംഗത്തെ കല്ലെറിഞ്ഞത് , വഴിവക്കിലെ പൊട്ടിപ്പൊളിഞ്ഞ ഡിപ്പാർട്ടുമെന്റ് സ്റ്റോറുകളിൽ റേഷനായി കിട്ടുന്ന ചീഞ്ഞ ഗോതമ്പിനും ബാർലിക്കും വെള്ളത്തിൽ അലിയാത്ത സോപ്പിനും കടിച്ചാൽ പൊട്ടാത്ത ചീസിനും വേണ്ടി കാത്തുനിന്ന വർക്കിംഗ് ക്ളാസായിരുന്നു.
ഇത് 1990 ലെ റഷ്യ. സോഷ്യലിസത്തിന്റെ കഠിനാലിംഗനം സഹിക്കവയ്യാതെ ഒരു ചാൺവയറിനുവേണ്ടി
ചിരപുരാതന തൊഴിലിനായി അയൽ രാജ്യങ്ങളിലേക്ക്...
പറയുമ്പോൾ പോലും രോമാഞ്ചം വരുന്ന മോസ്കോയിൽ നിന്നും, ദിവസേന വിമാനം കയറി ഇറങ്ങിയ സ്വത്ലേന സാവിസ്കിമാരെയും നാം ഓർക്കണം; മാക്സിം ഗോർക്കിയുടെ അമ്മ എന്ന നോവലിലെ അമ്മയെ പോലെ.
മഹാഭാരത യുദ്ധം കഴിഞ്ഞു. സമാധാനം പോയ ധർമ പുത്രൻ മരിച്ചവരുടെ ആത്മശാന്തിക്ക് വൻ ദ്രവ്യം ചെലവിട്ട് ഒരു യാഗം നടത്തി. യാഗത്തിന് ഒരു സാധു ബ്രാഹ്മണന് ഒരു നേരം നൽകിയ ആഹാരത്തിന്റെ മൂല്യം പോലുമില്ലെന്ന് ഒരു കീരി പറഞ്ഞതു കേട്ട് ധർമൻ തകർന്നു. യുധിഷ്ടിരനൊപ്പം തകർന്നത് സമാധാനം, ആത്മശാന്തി. കുറ്റസമ്മതം,പാപനിവേദനം, തിരുത്ത്,മാപ്പ്,ഖേദം... ഈ നിരുന്മേഷത്തിലാണ് കടന്നു പോയ ഈ സമ്മേളന സത്തയെ നാം പിഴിയേണ്ടത്.
തിരുത്തലുകൾക്കും പ്രായശ്ചിത്തങ്ങൾക്കും ഫലശ്രുതി കൈവരാൻ മുദ്രാവാക്യങ്ങളും ഘടാഘടിയൻ വാചക കസർത്തുകളും തിരനാടകങ്ങളും മതിയാകുമോ എന്നു സംശയിക്കണം.കാരണം കാഥികരുടെ കഥനവും കവയ്ക്കലും പ്രസംഗ മണ്ഡപത്തിൽ തന്നെ തകർന്നു വീഴും. പിന്നെ ഭാഷകനും ശ്രോതാവും സ്വയം റദ്ദു ചെയ്യപ്പെടുകയാണ് പതിവ്.
നടപടികളിൽ സുതാര്യതയാണ് എവിടെയും വേണ്ടത്.കർമങ്ങളിൽ പ്രതിബദ്ധത ആരും മുഖവിലയ്ക്കെടുക്കും.പൊതു ജീവിതത്തിൽ പുലർത്തുന്ന ധാർമികതയും പരമ പ്രധാനമാണ് .
പാർട്ടി അണികളല്ല ;ജനങ്ങളോടാണ് പാർട്ടി പാപ നിവേദനം നടത്തേണ്ടത്.
ആൾക്കൂട്ട മഹിമ പറഞ്ഞ് അണികളെ ആവേശം കൊള്ളിക്കാമെന്നല്ലാതെ ആൾക്കൂട്ടം ആനന്ദിന്റെ ആൾക്കൂട്ടം പോലെ വെറും ആൾക്കൂട്ടമാണെന്ന് വഴിയെ അറിയാം. നിയമസഭയിൽ സംപൂജ്യരാകുമ്പോഴും കൽക്കട്ടയിലെ പരേഡ് ഗ്രൗണ്ടിലെ ആൾക്കൂട്ടം കണ്ടാൽ ആർക്കും തോന്നൂം സിപിഎം ബംഗാളിലെ 'ഭരണപക്ഷി'യാണെന്ന്.!
സോഷ്യലിസത്തെ ഭൂമുഖത്തു നിന്നു തന്നെ ചുട്ടി തോർത്തു കൊണ്ടു തുടച്ചു മാറ്റിയ ധീരനാണ് മഹാനായ വിപ്ളവ സിങ്കമാണ് യഥാർത്ഥ ഗോർബ്ബച്ചേവ് .അല്പത്തവും അഹങ്കാരവും അറിവുകേടും അരക്ഷിതത്വവും ആളു ചമയലും കൊണ്ട് പാർട്ടിയുടെ അവസാനത്തിനു ആരംഭം കുറിച്ച കേരള ഗോർബ്ബച്ചോവ് കുറ്റവിമുക്തനായി. ഇതിയാനെ സമ്മേളനം വല്ലാതങ്ങു വെളുപ്പിക്കുക വഴി ഈ കൂട്ടായ്മയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ തന്നെ റദ്ദാവുന്നു . അശ്ലീലമാവുന്നു. ബിസിനസ് പ്രമോഷനും ടാർഗറ്റു നിർണയിക്കുന്നതിനുമുള്ള ഒരു കോർപ്പറേറ്റ് കോൺഫറൻസിന്റെ ഗരിമയിലേക്ക് വിപ്ലവം തലതല്ലി ഒടുങ്ങുകയാണോ എന്റെ മുത്തപ്പാ...
തിരനാടകത്തിന്റെ സ്ക്രിപ്റ്റ് നേരത്തെ വായിച്ചവർ ഉദ്ഘാടന സമ്മേളനത്തിൽ തന്നെ ഏസിയുടെ ശീതളിമയിലും ഭക്ഷണത്തിന്റെ സുഖദത്തിലും നിദ്രപൂകി യോഗത്തോട് ഐക്യപ്പെട്ടു.
വരുത്തിക്കൂട്ടിയ എല്ലാ സാമ്പത്തിക അഴിമതികളും വീഴ്ചകളും വാഴ്ചകളും കൊള്ളയും ഇ ഡി എന്ന ഒറ്റ ആണിയിൽ തറച്ച് ബന്ധിക്കാൻ കഴിയുമോ ? അങ്ങനെ ഒരുവന് പരിശുദ്ധി നേടാൻ കഴിയുമോ? ഇതാണോ വിപ്ലവം.ഇതാണോ പുരോഗമനം.ഇവിടെയല്ലേ തിരുത്തു വേണ്ടത്.
നടവരവുള്ള എല്ലാ സംഘങ്ങളെയും കവർന്ന സഹകാരികളായ കവർച്ചക്കാരെ തുറന്നു കാട്ടാൻ പാർട്ടിക്ക് എന്തേ കഴിയുന്നില്ല. കഴിഞ്ഞില്ലെങ്കിൽ തിരിച്ചുവരവ് കടുക്കും.കടുക്കയാകും. കാരണം നഷ്ടപ്പെട്ടതെല്ലാം സാധാരണക്കാർക്കാണ്
കോസ്മറ്റിക് തെറാപ്പി കൊണ്ട് മുഖം മിനുക്കാം. അതിൽ തീരുമോ നോയ്കൾ. സമ്മേളനത്തിൽ കുറഞ്ഞത് ഒരാളെങ്കിലും എണീറ്റ് മര്യാദക്കു കാര്യങ്ങൾ ജനങ്ങളോട് തുറന്നു പറയാൻ തയ്യാറായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. അത്ര നന്നാവണ്ട എന്നതാണ് പാർട്ടി നയം !
സംസ്കൃത ശ്ലോകങ്ങൾ സ്ഥാനത്തും അസ്ഥാനത്തും തട്ടിവിടുന്ന പഴയ നമ്പൂരിച്ചനെയാണ് ഗോവിന്ദൻ ഓർമിപ്പിക്കുന്നത്.വ്യത്യാസം പഴയ യാന്ത്രിക മലയാള വിവർത്തന ഉദ്ധരണികൾ എന്നുമാത്രം. പുതിയ കാല വിനിമയത്തിനു ട്യൂഷൻ അദ്ദേഹത്തിനു വേണ്ടതുണ്ട്.എന്നാൽ പുറത്തു പറയില്ല എന്ന ഉറപ്പിൽ ചന്തിയിൽ പീലി കൊണ്ടുള്ള ഒരു ശാസനത്തിൽ പാർട്ടി മാഷിന് മോക്ഷം നൽകി.
തെരുവുകളിൽ കലാപം തീർത്തും സമര കോലഹലങ്ങൾ ഒരുക്കിയും കഴിയുമെങ്കിൽ കുറഞ്ഞത് രണ്ടു നിരപരാധികളെയെങ്കിലും ബലി കൊടുത്തും അധികാരം തിരിച്ചു പിടിക്കാമെന്ന പഴയ പയറ്റ് കാലഹരണപ്പെട്ടതാണെന്ന് തിരിച്ചറിയണം. കായബലവും ശക്തിയുമാണ് വലുതെന്ന് കരുതരുതെന്ന് ഒരു ചീനക്കുണ്ടൻ പറഞ്ഞു പോയതെയുള്ളു.
ഇനി ഇവിടെ അരങ്ങേറുന്ന കലാപ കേരളം മെഗാസീരീയലിൽ എം.എം.മണി,ശിവൻ കുട്ടി,വാഴക്കുല,ജയ്ക്ക്,ഡബിൾ എ റഹീം,ജോൺ ബ്രിട്ടാസ് എന്നിവരൂടെ അഭിനയത്തികവും ഡയലോഗ് ഡെലിവറിയും മുണ്ടൂകുത്തി ആളാവാനുള്ള ദില്ലി മോഡൽ ആക്ഷനുകളും പുനവതരിപ്പിക്കാം.ഏകാംഗ അഭിനയ തികവുകളും പ്രച്ഛന്ന വേഷങ്ങളും സ്കിറ്റുകളും പ്ലാൻ ചെയ്യാം. അതാണ് കലാസ്നേഹികളായ ഓരോ മലയാളിയും ആഗ്രഹിക്കുന്നത്.കഴിയുമെങ്കിൽ ഇവരെത്തന്നെ രാജസ്ഥാനിലെ നമ്മുടെ പഞ്ചായത്തിലെ കുടുംബശ്രീ വാർഷികത്തിലും എത്തിച്ച് ഇതേ സംഗതി
അവതരിപ്പിക്കണം.
തോറ്റിട്ടില്ല തോറ്റിട്ടില്ല
തോറ്റ ചരിത്രം കേട്ടിട്ടില്ല
കൈയ്യാമങ്ങൾ പൊട്ടട്ടെ
കഴുകൻ താണു പറക്കട്ടെ !!!