മാധ്യമ പ്രവർത്തനമൊഴികെയുള്ള ഏത് പണിയും നല്ല വെടുപ്പായി ചെയ്യാനറിയുന്നവരാണ് ഇന്നത്തെ മാധ്യമ പ്രവർത്തകരിലേറെയും. നന്നായി വർത്തമാനം പറയും. അവകാശങ്ങളും പ്രിവിലേജുകളും പറഞ്ഞ് ആശുപത്രി സെക്യൂരിറ്റിക്കാരനോടും ബസ് കണ്ടക്ടറോടും വഴിയോര കച്ചവടക്കാരോടും വരെ തട്ടിക്കയറും.മനുഷ്യാവകാശ ധ്വംസനങ്ങളിൽ ഇടപെടും. സ്വന്തം തൊഴിലിടങ്ങളിൽ അതുണ്ടായാൽ ദാർശനികമായി വ്യാഖ്യാനിക്കും.വേണ്ടപ്പെട്ടവർക്കു വേണ്ടി കാശു വാങ്ങിയും അല്ലാതെയും പി.ആർ വർക്കുകൾ ചെയ്യും. മോൻസൺ മാവുങ്കലിനെപ്പോലുള്ള തട്ടിപ്പുകാരെക്കുറിച്ച് നെടുനീളൻ ഉപന്യാസങ്ങൾ രചിക്കും. എല്ലാ തട്ടിപ്പുകളിലും തല വയ്ക്കുകയും ചെയ്യും.
ലൈവ് പത്രസമ്മേളനങ്ങളിലേക്ക് അസൈൻമെന്റ് സംഘടിപ്പിച്ചെടുക്കുക എന്നതാണ് ഏറ്റവും എളുപ്പമുള്ള ഒരു വഴി. മിക്കപ്പോഴും ഒരു ജീവൻമരണ പോരാട്ടം തന്നെ വേണ്ടി വരും ഇത് ഒപ്പിച്ചെടുക്കാൻ. കാബിനറ്റ് ബ്രീഫുംഗുകൾ കാലാകാലങ്ങളായി ബ്യൂറോ ചീഫുമാരുടെ കുത്തകയാണ്. മുഖ്യമന്ത്രിയോട് നേരിട്ടു കൊമ്പുകോർക്കാമെന്നു മാത്രമല്ല താൻ ഒരു പുലിയാണെന്ന് തത്സമയം അഭ്യുദയ കാംക്ഷികളെയും അസൂയാലുക്കളെയും ബോധ്യപ്പെടുത്താനാകും എന്ന നേട്ടവും കൂടിയുണ്ട്.
സോഴ്സ് ഉണ്ടാക്കുകയെന്നതാണ് ബുദ്ധിമുട്ടേറിയ മറ്റൊരു പണി. രാഷ്ട്രീപാർട്ടിയുടെ സമ്മേളനങ്ങളിൽ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നതും ചർച്ച ചെയ്യുന്നതുമായ കാര്യങ്ങൾ അകത്തുള്ളവരുടെ താത്പര്യങ്ങൾക്കും ഭാവനയ്ക്കും ചേരും വിധം 'ചോർത്തി' ത്തരാൻ പാർട്ടി തന്നെ നിയോഗിക്കുന്ന ചിലരുണ്ട്.പാവം നമ്മൾ അത് നമ്മുടെ എക്സ്ക്ലൂസിവ് സോഴ്സാണെന്ന് ധരിച്ചുവശായി ഒരു റിപ്പോർട്ടിംഗുണ്ട്. വെറുതേ സൊറ പറഞ്ഞിരിക്കാൻ പാർട്ടിക്കാർ ഒത്തുകൂടുന്ന അവൈലബിൾ സന്ദർഭങ്ങൾ പോലും ആഗോള താപനത്തെക്കുറിച്ചുള്ള ചർച്ചകളാക്കി നമുക്കു തന്നും അവർ എത്ര ചിരിച്ചിരിക്കുന്നു!ദില്ലിയിലെ മലയാളി മാധ്യമ പ്രവർകരുടെയെല്ലാം മാർക്സിസ്റ്റ് പാർട്ടിയിലെ 'രഹസ്യ' സോഴ്സ് ദില്ലി കേന്ദീകരിച്ച് പ്രവർത്തിച്ചു വന്ന ഒരു നേതാവാണെന്നത് ലോകമലയാളികൾക്കു മുഴുവനും അറിയാവുന്ന രഹസ്യം !
സാധാരണ വാർത്തകളെല്ലാം പലതരം കുറ്റകൃത്യങ്ങളെക്കുറിച്ചുള്ളതായി മാറി. അഴിമതി, കോഴ, സ്വജനപക്ഷപാതം, കൈക്കൂലി, ഹവാല, സ്ത്രീപീഡനം തുടങ്ങി അധികാരിവർഗം നടത്തുന്ന അഭിജാത കുറ്റകൃത്യങ്ങൾ ഹെഡ് ലൈൻ വാർത്തകൾ . അല്ലാതുള്ളവരുൾപ്പെട്ട കൊള്ള, കൊലപാതകം, ബലാത്സംഗം, പിടിച്ചു പറി, തട്ടിപ്പ്, വെട്ടിപ്പ്,ചീത്തവിളി, അതിരു തർക്കം, മായം ചേർക്കൽ തുടങ്ങിയ ലൊട്ടുലൊടുക്ക് കുറ്റങ്ങൾ മറ്റുവാർത്തകൾ.പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് ക്രൈം വാർത്തകൾ പ്രത്യേകമായി നൽകിയെങ്കിലും മറ്റു വാർത്തകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹരം കുറഞ്ഞ് അതിന് പ്രേക്ഷകരില്ലാത്ത അവസ്ഥയുമുണ്ടായി.
ലോകത്തിലെ ഏറ്റവും ആരാധ്യനായ ഒരു ഫുട്ബോളറെ കേരളത്തിലെത്തിക്കാൻ ആഗ്രഹിച്ച ഒരു സർക്കാർ .അതിന് കൈമെയ് മറന്ന് സഹായത്തിനെത്തിയ ഒരു മാധ്യമ - മരവ്യാപാരി. ആരോ കുത്തിത്തിരിപ്പുണ്ടാക്കിയതിനാൽ കേരളം ഇതേവരെ കണ്ടതിൽ ഏറ്റവും മനോഹരവും ചെലവേറിയതുമായ ആ സ്വപ്നം നടക്കാതെ പോയി. അതിനോളം തലപ്പൊക്കുള്ള തുടർ ഭരണമെന്ന സർക്കാർ സ്വപ്നവും പൊലിഞ്ഞതോടെ ആകെ നാശ കോശമായി. സ്വപ്നാടകരെ ഓരോരുത്തരെയായി വേട്ടയാടുകയാണിപ്പോൾ.ഇ ഡി, പോലീസ്,ക്രൈംബ്രാഞ്ച്, എസ് എഫ് ഐ ഓ എന്തെല്ലാം കുന്ത്രാണ്ടങ്ങൾ. വന്നുവന്ന് ഇവരിപ്പോ പാർട്ടിയാപ്പീസുകളും മാധ്യമ സ്ഥാപനങ്ങളും വരെ അരിച്ചു പെറുക്കുകയാണ്. പെറുക്കികൾ... സാമ്രാജ്യത്വ കുത്തകകൾ ... ഇങ്ങിനെയെങ്കിൽ മാധ്യമ സ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും എങ്ങിനെ നിലനില്ക്കും !
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



