നാളെ കന്നി 10 .
നാടുകടത്തലിന്റെ ഒരു ഓർമ ദിനം കൂടി ...
സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ മൂടിക്കെട്ടിയ കുതിരവണ്ടിയിലാണ് പൊലീസ് ബന്തവസിൽ ആരുവാമൊഴിയിൽ എത്തിച്ചത്. കര പ്രമാണിമാരുടെ പിന്തുണ ഉറപ്പാക്കിയ ശേഷമായിരുന്നു നാടുകടത്തൽ .. പിന്നീട് അദ്ദേഹം കണ്ണൂരിലെത്തി. വളരെ ക്ലേശങ്ങൾ സഹിച്ചു .രോഗങ്ങളാൽ വലഞ്ഞു.മാനസികമായി തകർന്നു. ഒടുവിൽ ജീവിതത്തിൽ നിന്നും മോചനം നേടി. തിരുവിതാംകൂർ കാണാതെ.
തിരുവിതാംകൂറിലെ നിർഭയ മാധ്യമ പ്രവർത്തനം യഥാർത്ഥത്തിൽ അന്നേ തീർന്നു.
അദ്ദേഹത്തിന്റെ ആറാലുംമൂട്ടിലെ തറവാട് ഇന്ന് പുല്ലും പടർപ്പും നിറഞ്ഞ് നാട്ടുകാർക്ക് തലവേദനയായി മാറിയിരിക്കുന്നു.തറവാട് ഇപ്പോൾ കൈകാര്യം ചെയ്യുന്നത് തിരുവനന്തപുരം പ്രസ് ക്ലബ്ബ്. അവരുടെ സമർപ്പിത സേവനം ഇഴജന്തുകൾ നിറഞ്ഞ പൊന്തക്കാടായി പ്രശോഭിക്കുന്നു. അതൊന്നും ആരും കണ്ടതേയില്ല. ആരും മാറത്തടിച്ചു കരഞ്ഞതുമില്ല. നാം ചരിത്രത്തെ ആദരിക്കുന്നത് പലപ്പോഴും ഇവ്വിധമാണ്..
സുരേഷ് ഗോപിയായിരുന്നു ഈ സ്ഥലം വാങ്ങി നൽകിയത്. ഇവിടെ എത്തിയ ചിലരെ ഈയിടെ നാട്ടുകാർ വളഞ്ഞത് നടത്തിപ്പു കാരുടെ സ്തുത്യർഹമായ സേവനത്തെ പുരസ്കരിച്ചാവണം.
സ്വദേശാഭിമാനി ഇവിടെ ഇന്നൊരു അധികപ്പറ്റാണ്. ആരാണ് കേസരി ബാലകൃഷ്ണപിള്ളയെന്നു ചോദിച്ചാൽ അതാരാണെന്ന് തിരിച്ചു ചോദിക്കുന്ന മാധ്യമ പ്രവർത്തകരുടെ കാലം.വാർഷിക സ്മരണയ്ക്കും മാലയിടലിനും ലേഖന പ്രസംഗങ്ങളിൽ പേർത്തും പേർത്തും ഉദ്ധരിക്കാനുമുള്ള ഷോ പീസുകളാണ് നമ്മുടെ മുൻഗാമികൾ .
ഇന്നത്തെ മാധ്യമ രംഗം ജാതി ഉപജാതി മതം രാഷ്ട്രീയം എന്നിവ തിരിച്ചുള്ള ദർഘാസുകളും ഗസറ്റുകളുമാണ്. ദേശീയ ദിനപത്രങ്ങളായി അവ പുലരിയിലെ അലോസരമായി നമ്മുടെ വാതിലുകളിൽ വിരിയുന്നു.
പഴയ ശീലം മാറാൻ സമയമെടുക്കും. രണ്ടു മിനിട്ടു കൊണ്ട് പത്രം വായിച്ച് ചായയും മോന്തി വാഷ്റൂമിൽ വായനക്കാരനെ എത്തിക്കുന്ന പണിയാണ് എഡിറ്റോറിയൽ ബോർഡിൽ നിഷിപ്തമായിരിക്കുന്നത് .
ആട് തിന്നുന്ന പത്രം ഇവിടെ പരസ്യമായി . ആക്രിക്കു പോലും അന്നന്നത്തെ പത്രമാണ് പഥ്യം. ക്ഷണിക്കപ്പെടാതെയും പത്രം വരും.നിർബ്ബന്ധിത വരി ചേർക്കലിലൂടെ.മടിക്കുത്തിൽ പിടിച്ചു വായിപ്പിക്കുന്ന അനന്യമായ സർക്കുലേഷൻ മോഡൽ. ആ പാർട്ടി ഗസറ്റ് അതുപോലെ ആക്രിക്കാരനെ സ്മരിച്ച് സ്ക്രാപ്പിൽ വലിച്ചെറിഞ്ഞാണ് വായനക്കാരൻ അരിശം തീർക്കുന്നത്. വായനക്കാരന്റെ ദുര്യോഗങ്ങളെ !
മാധ്യമം ഇന്നൊരു ഉല്പന്നമാണ്. ബിസിനസും വ്യവസായവും ധനാഗമ മാർഗവും.
സമ്മർദ്ദം ചെലുത്തി കാര്യം കാണാനും പലതും വെളുപ്പിക്കാനുമുള്ള ഉപാധി.പാർട്ടികൾക്ക് ഗീബൽസിയൻ പ്രചാരണത്തിനും അജണ്ട സെറ്റു ചെയ്യാനും
മതക്കാർക്ക് ഖണ്ഡശ്ശ മത പ്രേഷണത്തിനുമുള്ള മൊതലുകളാണ് മാധ്യമങ്ങൾ..
സർവ്വീസ് സംഘടനകളാണ് ഇന്നത്തെ പെരിയ മാധ്യമ പൊരിച്ചിലുകാർ. ഉദ്ദിഷ്ട കാര്യങ്ങൾക്കുള്ള ഉപകാര സ്മരണകളായി മാധ്യമലോകം മാറിക്കഴിഞ്ഞു.
വർത്തമാന പത്രങ്ങളും ആനുകാലികങ്ങളും വർധിക്കുന്നത് ജനങ്ങളെ വട്ടൻമാരാക്കുമെന്നും നട്ടിൽ വട്ടാശുപത്രികൾ പെരുകുമെന്നും പണ്ട് പറഞ്ഞത് ബേപ്പൂർ സുൽത്താനാണ്. അന്നത്തെ ഫലിതം ഇന്നത്തെ കറുത്ത സത്യമായി മാറുകയാണോ
എറണാകുളത്ത് ബഷീറിന്റെ വാതിൽ പടിക്കൽ നിറയെയും പോർട്ടർമാർ,റിക്ഷാക്കാർ,പോലീസുകാർ,പീടികക്കാർ, ഹോട്ടലുടമകൾ.. എല്ലാവരും പത്രാധിപന്മാർ.. അവർക്കു വേണ്ടത് ലേഖന സഹായം. എല്ലാം വായിച്ചു വട്ടാകാൻ ബഷീറിന്റെ ജീവിതം ബാക്കി.
പണ്ട് ഒളിഞ്ഞും തെളിഞ്ഞും മാധ്യമങ്ങളെ പ്രീണിപ്പിച്ച ഛിദ്ര ശക്തികളും തട്ടിപ്പുകാരും ഇന്നു ഡയറക്ട് ഇൻവെസ്റ്റർമാരാണ്. മാധ്യമങ്ങൾ വിലയ്ക്കുവാങ്ങി എഡിറ്റോറിയൽ ഡെസ്കിൽ അനധികൃതമായി കയറി കസേര നീക്കിയിട്ട് കസറുകയാണ് കോട്ടിട്ട കള്ളന്മാർ! (പോലീസുകാർ പക്ഷേ ഡസ്കിൽ കയറിയാൽ മാധ്യമ ധർമ്മം പ്രതിസന്ധിയിലാകും.) ചോരശാസ്ത്രം ആവിഷ്കാരത്തിൽ നിറച്ചാണ് നിത്യേന ഡെലിവറി. കമ്പോടു കമ്പ് വ്യാജം ചമച്ച് ഒരു വ്യാജ മാധ്യമലോകം അവർ പണിതെടുത്തു.
ആസന്ന മരണത്തിനു തയ്യാറെടുക്കുന്ന വൃത്താന്ത പത്ര പ്രവർത്തനത്തിൽ വാണിഭ മാധ്യമ സിൻഡിക്കേറ്റുകളും കള്ളക്കടത്ത് ബിസിനസിന്റെ കാർട്ടലുകളുമാണ് ഇടം തേടുന്നത്
അച്ചടിച്ചും ഉച്ചരിച്ചും വാക്കുളെയും അക്ഷരങ്ങളെയും അവർ വ്യാജോക്തികളാക്കി മാറ്റി. ന്യൂസ്റൂമുകളിൽ അവരുടെ അജണ്ടകൾ സെറ്റുചെയ്ത് ജനഹിതം അട്ടിമറിക്കാൻ രാവും പകലും പണിയെടുക്കുന്നവരെയും നാം കണികണ്ടുണരുന്ന നന്മകളാക്കുന്നു
കാശിനു വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറുള്ള ഉളുപ്പു തീർന്നവർ യജമാനൻമാർക്കുവേണ്ടി വെട്ടമാകുന്നു.കൈമണി കിലുക്കുന്നു.വൈറ്റ് കോളർ ഫ്രോഡുകൾക്കായി
തെരുവിൽ ഇറങ്ങാൻ അതിനെക്കാൾ മോശക്കാരായ രാഷ്ട്രീയ ഭിക്ഷാംദേഹികളെയും കാണാം. ജീർണതയുടെ പരകോടിയിലാണ് നാമിന്ന്.
വാർത്തകളെല്ലാം അപനിർമിക്കപ്പെടുന്നു;
വാണിജ്യവൽക്കരിക്കപ്പെടുന്നു.വരികൾക്കിടയിൽ അജണ്ട തിരുകുന്നു.ഇതിലെവിടെയാണ് ചങ്ങായി, സ്വദേശാഭിമാനി പറഞ്ഞ സത്യം,ധർമം,നീതി,നിർഭയത്വം ?
രാത്രി വാർത്തകളുമായി ചാനലിലെ പുരുഷ കേസരി ആറാടുമ്പോൾ ഗൾഫിൽ നിന്നും ന്യൂസ് എഡിറ്റർക്കൊരു ഫോൺ കോൾ.. . വാർത്ത വായിക്കുന്ന വേതാളത്തെ എത്രയും വേഗം ഹനിച്ച് ഇന്നലെ പാരായണം നടത്തിയ ദാക്ഷായണിയെ കൊണ്ടുവരൂ എന്ന കണ്ടന്റാണ് ഫോണിൽ. അപ്പോൾ
വാർത്തയല്ല വായ്നോട്ടവും ദർശന രതിയുമാണ് മുഖ്യമെന്നു വരുന്നു.
എട്ടാം ക്ളാസ് വിദ്യാഭ്യാസ നിലവാരവും എംഎ ബിരുദമുള്ള നാവും മേക്കപ്പും പുട്ടിയുമിട്ട മുഖത്തെ മുഴപ്പുമാണ് വാർത്തകളുടെ മൂലാധാരാരവും വസ്തുതകളുടെ നാഭീബന്ധവും നിശ്ചയിക്കുന്നതെന്ന് വ്യക്തം.
മാധ്യമ പ്രവർത്തകർക്ക് കൊമ്പും ചിറകുമുണ്ടോ? ഇല്ലേ ഇല്ല. നമ്മുടെ വസതിയിൽ സ്ക്രാപ്പിനായി എത്തുന്ന ഹരിത കർമ സേനയുടെ തൊഴിൽ മാഹാത്മ്യം മാത്രമാണ് മാധ്യമ പ്രവർത്തകർക്കും അവകാശപ്പെടാനാകുക. പിന്നെ മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കുന്ന സൗരഭ്യവും.
നാട്ടുകാർക്ക് നമ്മുടെ റൂൾ ബുക്ക് നൽകിയിട്ടുള്ള 19 (1)A അനുസരിച്ചുള്ള ആവിഷ്കാരം മാത്രമാണ് മാധ്യമ ശിങ്കങ്ങൾക്കുമുള്ളത്.വകതിരിവും പാകതയുമാണ് ആർക്കും വേണ്ടത്.ഇന്നില്ലാത്തതും അതാണ്.
ഇനി മറന്നേക്കുക
ഒരു പാരമ്പര്യത്തെ.
ധാർമികതയെ
എരിഞ്ഞൊടുകിയ ത്യാഗത്തെ.....
കിടപ്പുമുറിയിൽ ശണ്ഠ കൂടിയ കണവൻ അരിശത്തോട് പറഞ്ഞു: കിടന്നൊറങ്ങടീ രണ്ടു കുട്ടികളുടെ തള്ളേ...
ഭാര്യയുടെ മറുപടി പെട്ടന്നായിരുന്നു:
താൻ കെടന്നറുങ്ങെടോ,ഒരു കുട്ടിയുടെ തന്തേ!
ഭാര്യ ഉറങ്ങി. ഭർത്താവ് ചിന്തിച്ച് ചിന്തിച്ച് വട്ടായി . കിഴക്ക് വെള്ള കീറി എടുക്കും വരെ !.