"എല്ലാ നാളും മണ്ണിൽ നടപ്പതി -
ലില്ലൊരു കുതുകം നിരൂപിച്ചാൽ
മാനത്തങ്ങു പറക്കാതിങ്ങനെ ഞാനമരുന്നതു ശരിയാണോ
വിരിവൊടു നീലച്ചിറകുകളുള്ളൊരു കരിവണ്ടായി തീർന്നെങ്കിൽ
കാടിനു മുകളിൽ കുന്നിൻ മുകളിൽ മോടി കലർന്നു പറക്കും ഞാൻ
എന്തൊരു രസമാണെന്തൊരുസുഖമാ-
ണന്തിവരേക്കു പറന്നീടാൻ...."
(കരിവണ്ട് -വള്ളത്തോൾ)
കാര്യം രസമുള്ളതാണ്. ഹണിമൂൺ പിരീഡിൽ കറങ്ങാൻ പോവുക സ്വാഭാവികം. അമ്മായിയപ്പന്റെ തുട്ടുകൊണ്ടല്ലല്ലോ;ഭാര്യയുടെ ചന്തം കണ്ട് പെട്ടെന്ന് വന്ന് കൂട്ടുകാരായ അളിയൻസിന്റെ ഓസിലാണ് കറക്കം. ആർക്ക് ചേതം. ഒരു തെറ്റുമില്ല. ഞാൻ ഇനിയും പോകും.ഭാര്യയെ ചിലപ്പോൾ അവമ്മാര് കൊണ്ടുപോയെന്നു വരും. എന്താ തെറ്റ്!
വളരെ നല്ല കാര്യങ്ങൾ വളരെ നല്ലതല്ലാത്ത വിധം നടത്തിക്കുക, അതിൽ അനാവശ്യമായ പുകയും പുക്കാറും നിറയ്ക്കുക,പിന്നീടത് വല്ലാതെ വ്യാഖ്യാനിക്കുക, അടിക്കാൻ വടിവെട്ടി നൽകുക തുടങ്ങിയവ മുഖ്യമന്ത്രിയുടെ ദിനസരികളിൽ നിഴലിക്കുന്നുണ്ട്. ഇതൊക്കെയും ഭൂഷണവും മിടുക്കും പുതുമയാണെന്നു കരുതുക വയ്യ.
മുഖ്യമന്ത്രിയുടെ വ്യോമയാന യാത്രകൾക്കൊപ്പം വിവാദങ്ങളാണ് സമാന്തരമായി സഞ്ചരിക്കുന്നത്.
ആരാധനാലായങ്ങളിൽ പുരോഹിതരെയും വിശ്വാസികളെയും ഒരു പോലെ വിസ്മയിപ്പിക്കുന്ന മുഖ്യമന്ത്രി എളിമയും നേർമയും സുതാര്യതയും നിത്യജീവിതത്തിലും പുലർത്തേണ്ടതുണ്ട് . നാട്ടുകാർ അത് വാർത്തകളിൽ വായിച്ചല്ല ;മുഖദാവിൽ കണ്ടറിയണം. സതീശനിൽ പിണറായി രണ്ടാമനെയല്ല ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
പക. അതു വീട്ടാനുള്ളതാണ്. പക്ഷേ . തൊണ്ണൂറ് നാൾ തികയും മുമ്പ് മൂന്നു നാലു മന്ത്രിമാർ വിദേശ സഞ്ചാരം നടത്തി പക തീർക്കുന്നത് ഒരു പെറ്റ തള്ളയും സഹിക്കൂല. മന്ത്രിയാകുമ്പോഴാണ് പലർക്കും പറപറക്കാൻ മുട്ടുന്നത്.സ്വന്തം വകുപ്പിനെ പഠിച്ചു സേവനം കാര്യക്ഷമമാക്കുന്നതിനേക്കാൾ താത്പര്യം പദവി ആസ്വാദനമാക്കുന്നതിനാണ്... ഇപ്പോൾ എങ്ങും നിറയുന്നത് സ്പോൺസർമാരാണ്. പട്ടിണി ക്കാലത്ത് ഈ മൊതലുകൾ എവിടെയായിരുന്നണ്ണാ?
ഭരണത്തിലും പെരുമാറ്റത്തിലും പിണറായിസം കൊണ്ടുവരുന്ന ലക്ഷണങ്ങളും സിഎം കാട്ടുന്നുണ്ട്. കടക്ക് പുറത്ത് എന്നതിന്റെ പൂക്കി വേർഷൻ ' മാറിനില്ക്ക്.. ഞാൻ നിങ്ങളെ കാണുന്നില്ല..' കഴിഞ്ഞ ദിവസമാണ് മേനോൻ സാറ് ഇടുക്കിയിൽ പുറത്തിറക്കിയത്. വിമാന യാത്ര സ്പോൺസർ ചെയ്തത് ആരാണെന്ന് എന്തിനാ അറിയുന്നത്. പാവം പണക്കാരുടെ പേരു പുറത്തുവിട്ടാൽ മാസപ്പടി തങ്ങൾക്കും വേണമെന്നാവശ്യപ്പെട്ട് അഭ്യുദയകാംക്ഷികളുടെ അയ്യരുകളിയായിരിക്കും. എന്തിനാ ആ പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. പോരേണ്ടതെല്ലാം ഇങ്ങോട്ടു മാത്രം പോരട്ടെ...
അതികായരെ മലർത്തിയടിച്ചും എഐസിസിയെ തിരുത്തിയും എംഎൽഎമാരെയും എം.പിമാരെയും പരണത്താക്കിയും വിഡി സതീശൻ അഴിച്ചുവിട്ട യാഗാശ്വം ഒരു എതിർപ്പുമില്ലാതെ സെക്രട്ടേറിയറ്റിലെത്തി. അതു സമാന്തരതകൾ ഇല്ലാത്ത ഒറ്റയാൾ പോരാട്ടവും വൻ വിജയവുമായരുന്നു .വിജയിച്ചവൻ ഏറെ പണിപ്പെടണം ആ 'ഗും' നിലനിർത്താൻ.
സുതാര്യമായും എളിമയൂം നേർമയും നിലനിർത്താൻ വാചകമല്ല സമർപ്പണവും ജാഗ്രതയുമാണ് വേണ്ടത്.
വെറുതെ കോടാലി എടുത്ത് കാലിലിടരുത്.സ്മാർട്ടാകാം ഓവർ സ്മാർട്ടാകുന്നത് നല്ലതിനല്ല.
വിഷയദാരിദ്ര്യം രൂക്ഷമായി അനുഭവിക്കുന്ന സിപിഎമ്മിനു വിഷയങ്ങൾ എറിഞ്ഞു കൊടുക്കേണ്ട ഒരാവശ്യവും വിഡി സതീശനില്ല.
കഴിഞ്ഞ പത്തു കൊല്ലത്തെ സോഷ്യലിസ്റ്റു ഭരണമാണ് പുതിയ ഭരണം ഉറപ്പാക്കിയത്. ജയിച്ചവർ അതറിയണം.
ജനങ്ങളുടെ മാൻഡേറ്റ്,ബദലിനു വേണ്ടിയായിരുന്നു. അതിന്റെ ഗുണം യുഡിഎഫിനു ഫ്ളൂക്കിനു കിട്ടിയെന്നേയുള്ളു.
പരിഭ്രാന്തരായി ചിതറിയോടിയ ഒരു കോൺഗ്രസ് കാലം മറന്നു പോകരുത്.ബിജെപിയിലേക്ക് കണ്ണെറിഞ്ഞവരുടെ വലുപ്പം ചെറുതല്ല.കോൺഗ്രസ് ഉപ്പുവച്ച കലം പോലെയാകുമെന്ന് പ്രവചിച്ചത് അനന്തപുരിയിലെ ഡിസിസി കൊണാണ്ടറായിരുന്നില്ലേ ? ഒരു ആത്മവിശ്വാസം അന്ന് കടലെടുത്തു പോയി.
ഒരു പതനത്തിൽ താങ്ങായ പിണറായിയെ കോൺഗ്രസുകാർ മറക്കരുത്.എന്നും വേണം നന്ദി .
ക്ലിഫ് ഹൗസിലും കെപിസിസി ആപ്പിസിലും തൂക്കേണ്ട ബോർഡ് ഇതാവണം: 'ഈ ഭവനത്തിന്റെ ഐശ്വര്യം കാരണഭൂതൻ.'സിപിഎമ്മിനെ ചൊല്ലി ആരും വിലപിക്കേണ്ടതില്ല. കഥ മുടിയാൻ പുറം പണിക്കാരുടെ സേവനവും ആവശ്യമില്ല. വലിയ വെടി വച്ച ശേഷം പൂത്തിരി കൊളുത്താൻ തീരുമാനിച്ച് സമാധാനത്തിന്റെ ഒലീവില കൈമാറിയതിനും നന്ദി സ്മരണയാകാം.
മച്ചമ്പീ,അത് നമ്മളെ കുത്തിയതാണോ ?
കടിഞ്ഞാണിടാൻ , ഉപദേശിക്കാൻ ഒരു സംവിധാനവുമില്ലാത്ത,എല്ലാം മുഖ്യനിൽ ഒടുങ്ങന്നതാണ് കോൺഗ്രസ് രീതി. സി പി എമ്മിലേക്കും പടർന്ന ഈ രീതിയാണ് പിണറായിയെ വീഴ്ത്തിയത്.ഏതിനും പിണറായിയെ താരതമ്യം ചെയ്യുന്നതിൽ കാര്യമൊന്നുമില്ല. തെറ്റു പറ്റാത്തതു ഹേതുവായാണ് ഇതിയാനെ ജനം പറഞ്ഞു വിട്ടത്.
പട്ടി ചന്തക്കു പോയ പോലെ കഴിഞ്ഞ ദശകം നൂറുകണക്കിനു വിദേശ സഞ്ചാരങ്ങളിലാണ് ഉലകം ചുറ്റും വാലിബൻമാരായ മന്ത്രിമാർ മുഴുകിയത്. കാരണഭൂതം തന്നെ കുടുംബ പരിവാര സഹിതം മുപ്പതോളം കണ്ട്രികളിലാണ് കൈയ്യും കാലും കുത്തിയത്. പലതും പഠിക്കാൻ.പലതും ലോകത്തെ പഠിപ്പിക്കാൻ. അതു തിരുവാതിര ആട്ടക്കഥയിലുണ്ട്.അല്പം സമയം കൂടി ലഭിച്ചിരുന്നെങ്കിൽ ഒരു മഹാകാവ്യം തന്നെ ഇറങ്ങിയേനെ. വിധി വൈപരീത്യം! മുൻമന്ത്രി രാജീവ് കോട്ടിട്ടു പോയി ലോക വ്യാപാര വാണിജ്യ സമ്മേളനത്തിൽ. വായിൽ നോക്കാനും ഇവിടെ വായിൽ തോന്നിയ പോലെ വന്നു തള്ളാനും.
ഷാജി മന്ത്രി ഒരു പൊടിക്ക് അടങ്ങുന്നതാണ് പൊതുവെ നല്ലത്. സർക്കാരിനെ നാട്ടുകാരെ കൊണ്ട് തെറി പറയിച്ച സണ്ണി വക്കീലും വാ പൂട്ടിയാൽ നന്ന്. വോട്ടു വാങ്ങി നൽകിയ നേതാക്കളെ ചാടിച്ച രമ്യയുടെ കാര്യം ഇപ്പൊ തന്നെ തീരുമാനമായിട്ടുണ്ട്.രാഹുൽ ഗാന്ധിയുടെ ടാലന്റ് ഹണ്ടിന് അഭിവാദനങ്ങൾ !
ജനവിധിയുടെ അന്തസത്ത ഉൾക്കൊള്ളാനുള്ള ഉത്തരവാദിത്തമാണ് സർക്കാരിനു വേണ്ടത് .ജനങ്ങളായിരുന്നു വിധാദാക്കൾ..അല്ലാതെ കൊങ്ങികളോ യുഡിഎഫോ അല്ലെന്നറിയുക.
മൊട കാണിച്ചാൽ ജനം ഇടപെടും.
അതുകൊണ്ട് ;ചെല്ലാ കന്നംതിരിവു കാണിക്കല്ലേ !