നാല് മാസമായി സതീശൻസർക്കാർ അധികാരത്തിൽ വന്നിട്ട്. സർക്കാരിന്റെ സാംസ്കാരികസ്ഥാപനങ്ങൾ പക്ഷേ മേധാവികളാകാതെ തൃശങ്കുവിലായിരുന്നു ഇത്രയും നാൾ. സർക്കാർ വന്ന ശേഷം സെക്രട്ടറിയേറ്റിനു ചുറ്റും പ്രതിദിനമെത്തുന്ന പുരുഷാരത്തിൽ ബഹുഭൂരിപക്ഷവും സാംസ്കാരിക സ്ഥാപനങ്ങളിലേക്ക് ഉടുപ്പു തുന്നിയ തീർത്ഥാടകരായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. പത്തു വർഷവും ഇടതരായിരുന്ന ചിലരും ചെങ്കുപ്പായങ്ങൾ മാറ്റി സതീശ സ്തുതികളുമായി ചുറ്റിനടക്കുന്നുണ്ടായിരുന്നു. നിയമനം നീളുന്ന ഓരോ നിമിഷവുംചങ്കിടിപ്പിന്റെ ശബ്ദം തലസ്ഥാനത്തുനിന്ന് തുടങ്ങി കാസർഗോഡു വരെയും ചില സന്ദർഭങ്ങളിൽ ദില്ലിയിലും പ്രതിധ്വനിച്ചു നിന്നു. ഇപ്പോൾ സ്ഥിതി ശാന്തം. പ്രധാന സാംസ്കാരികസ്ഥാപനങ്ങൾക്ക് അധ്യക്ഷൻമാരെ തീരുമാനിച്ച് സർക്കാർ നടുനിവർത്തിയിരിക്കുന്നു. കാര്യമായ ആക്ഷേപങ്ങൾക്ക് അവസരമൊരുക്കാതെയാണ് തീരുമാനമെന്നത് എടുത്തു പറയേണ്ടതാണ്.
സാഹിത്യം, സംഗീതം, നാടകം, ലളിതകല, നാടോടിക്കല, സിനിമ തുടങ്ങിയ മേഖലകളെ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് ഇക്കുറി എത്തുന്നത് എന്നത് ആശ്വാസകരമാണ്. രാഷ്ട്രീയം നോക്കിത്തന്നെയാണ് നിയമനം. പക്ഷേ കക്ഷിരാഷ്ട്രീയത്തിനതീതമായ കാഴ്ചപ്പാടുകൾ ഉള്ളവരാണ് ഇവരെന്നത് ആശ്വാസകരമാണ്. കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി കൽപറ്റ നാരായണൻ, സംഗീത നാടക അക്കാദമിയിൽ ജി. വേണുഗോപാൽ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ചെയർമാനായി പ്രേംകുമാർ,ലളിതകലാ അക്കാദമിയിൽ പ്രഫ. പ്രകാശ് മൂർത്തി, ഫോക്‌ലോർ അക്കാദമിയിലേക്ക് സുരേഷ് ബാബു എളയാവൂർ, ചലച്ചിത്ര അക്കാദമിയിൽ രവീന്ദ്രൻ, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ എം. രഞ്ജിത് എന്നിവരാണ് പുതിയ നേതൃത്വത്തിലേക്ക് എത്തുന്നത്.
നടനും സാംസ്കാരിക പ്രവർത്തകനുമായ പ്രേംകുമാറാണ് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ പുതിയ ചെയർമാൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി പ്രവർത്തിച്ചിരുന്നു.. ചെർമാനായിരുന്ന രഞ്ജിത് വിവാദത്തിൽ കുരുങ്ങിയപ്പോൾ പ്രേംകുമാറിന് ആ ചുമതല കിട്ടി. ആശാ സമരത്തിലെ സർക്കാർ നിലപാടിനെ വിമർശനസ്വഭാവത്തോടെ ഒരു ഇൻഹൗസ് യോഗത്തിൽ അവതരിപ്പിച്ചതിന്റെ പേരിൽ ഒരു നോട്ടീസ് പോലും നൽകാതെ പുറത്താക്കപ്പെട്ട പ്രേംകുമാറിന് ഇത് ഇരട്ടിമധുരമുള്ള ഒരു അംഗീകാരമായി. അദ്ദേഹത്തിന്റെ കഴിവും ചലച്ചിത്ര അക്കാദമിയിലെ മുൻപരിചയവും കോർപറേഷന് ഗുണകരമാകുമെന്നതിൽ തർക്കമില്ല. സംവിധായകനും നിർമാതാവുമായ ആലപ്പി അഷറഫാണ് വൈസ് ചെയർമാൻ. കെഎസ്എഫ്ഡിസിയുടെ ഉത്തരവാദിത്തം സിനിമ നിർമ്മാണത്തിന് സഹായം നൽകുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. പുതിയ ചലച്ചിത്രപ്രതിഭകൾക്ക് അവസരം, തിയേറ്റർ ശൃംഖലയുടെ നവീകരണം, ആധുനിക പ്രദർശനസൗകര്യങ്ങൾ, പ്രാദേശിക സിനിമകൾക്ക് പിന്തുണ, സിനിമാ നിർമ്മാണത്തിന്റെ വികേന്ദ്രീകരണം എന്നിവ പ്രധാന വിഷയങ്ങളാണ്. സിനിമ ഒരു കലയും വ്യവസായവുമാണ്. ഈ രണ്ട് തലങ്ങളെയും പരസ്പരവിരുദ്ധമായി കാണാതെ മുന്നോട്ടുകൊണ്ടുപോകുകയെന്നത് കോർപ്പറേഷന്റെ വലിയ വെല്ലുവിളിയായിരിക്കും.
പ്രഫ. പ്രകാശ് മൂർത്തിയാണ് ലളിതകലാ അക്കാദമിയുടെ പുതിയ അധ്യക്ഷൻ. ടി.ആർ. ഉദയകുമാർ വൈസ് ചെയർമാനും വൈക്കം എം.കെ. ഷിബു സെക്രട്ടറിയുമാകും. ചിത്രകലയും ശിൽപകലയും ആനിമേഷനും ഫോട്ടോഗ്രഫിയും ഉൾപ്പെടെ ദൃശ്യകലയുടെ മാറുന്ന ലോകത്തോട് അക്കാദമി കൂടുതൽ അടുത്തുനിൽക്കേണ്ട കാലമാണിത്. കലാകാരന്മാർക്ക് പ്രദർശനവേദികൾ ഒരുക്കുന്നതിനു പുറമേ അവരുടെ സൃഷ്ടികളുടെ സംരക്ഷണം, ഡിജിറ്റൽ ആർക്കൈവ്, യുവകലാകാരന്മാർക്കുള്ള ഫെലോഷിപ്പുകൾ, സ്കൂൾ-കോളജ് തലത്തിലുള്ള കലാപരിശീലനം എന്നിവയിൽ ശ്രദ്ധ വേണം. കലാഗ്യാലറിയുടെ ചുവരുകൾക്കപ്പുറത്തേക്ക് കല എത്തിക്കുക എന്നതാകണം വലിയ ലക്ഷ്യം. സുരേഷ് ബാബു എളയാവൂരാണ് കേരള ഫോക്‌ലോർ അക്കാദമിയുടെ അധ്യക്ഷൻ. ശ്രീരാമൻ കൊയ്യോൻ വൈസ് ചെയർമാനും പ്രദീപ്കുമാർ എം. പയ്യന്നൂർ മെമ്പർ സെക്രട്ടറിയുമാകും. കേരളത്തിന്റെ നാടോടി പാരമ്പര്യം വെറും ഉത്സവവേദികളിലെ കലാപ്രകടനമല്ല. ഓരോ കലാരൂപത്തിനും പിന്നിൽ ഒരു ജനതയുടെ ചരിത്രവും വിശ്വാസവും ജീവിതരീതിയും സാമൂഹിക ഓർമയും ഉണ്ട്. തെയ്യം, പടയണി, പൂരക്കളി, വിവിധ നാടൻ കലകൾ, ആദിവാസി കലാപാരമ്പര്യങ്ങൾ തുടങ്ങിയവയെ ശാസ്ത്രീയമായി രേഖപ്പെടുത്തുകയും ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കുകയും വേണം. പാരമ്പര്യത്തിന്റെ യഥാർഥ അവകാശികളായ സമൂഹങ്ങളെ സംരക്ഷണപ്രവർത്തനത്തിൽ പങ്കാളികളാക്കുക എന്നത് പ്രധാനമാണ്.
അക്കാദമികൾ തമ്മിൽ മതിലുകളുണ്ടാകരുത് സാഹിത്യവും സിനിമയും സംഗീതവും നാടകവും ചിത്രകലയും നാടോടിക്കലയും വേറിട്ട തുരുത്തുകളല്ല. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന സാംസ്കാരിക ലോകത്തിന്റെ വിവിധ മുഖങ്ങളാണ് അവ. അതുകൊണ്ട് അക്കാദമികൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണം. ഒരു സംസ്ഥാനതല സാംസ്കാരിക ഡിജിറ്റൽ ആർക്കൈവ്, യുവകലാകാരന്മാർക്കുള്ള സംയുക്ത ഫെലോഷിപ്പ്, സ്കൂൾ-കോളജ് തലത്തിലുള്ള സാംസ്കാരിക പരിശീലനപദ്ധതികൾ, ജില്ലാതല സാംസ്കാരിക കേന്ദ്രങ്ങളുടെ ശൃംഖല എന്നിവ പോലുള്ള സംയുക്ത പദ്ധതികൾക്ക് വലിയ സാധ്യതയുണ്ട്. സാംസ്കാരിക സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർക്ക് വ്യക്തിപരമായ രാഷ്ട്രീയാഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ സ്ഥാപനത്തിന്റെ വാതിൽ എല്ലാ ആശയങ്ങൾക്കും കലാകാരന്മാർക്കും തുറന്നിരിക്കണം. സർക്കാർ നയങ്ങളുമായി സഹകരിക്കേണ്ടത് ഭരണഘടനാപരമായ സംവിധാനത്തിന്റെ ഭാഗമാണ്. അതേസമയം കലാസ്വാതന്ത്ര്യവും സ്ഥാപനങ്ങളുടെ അക്കാദമിക സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടതും അത്രതന്നെ പ്രധാനമാണ്. ആരെയാണ് ക്ഷണിച്ചത് എന്നതിലുപരി ആരെയും അനാവശ്യമായി ഒഴിവാക്കാതിരിക്കുകയാണ് ഒരു സാംസ്കാരിക സ്ഥാപനത്തിന്റെ ജനാധിപത്യപരമായ മുഖം.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



