NewsAd1
ഭീമനും കലികാല സൗഗന്ധികവും
മോഹൻ കൃഷ്ണർ
28 September 2026, 2:33 am
main image of news

പെൺമക്കളോട് പിതാവിനു വാൽസല്യം കൂടുന്നതിനു മന:ശാസ്ത്രപരമായ ഹേതുക്കളുണ്ട് തിരിച്ചും.കുമാരന്മാർക്ക് കുമാരിമാരോടും. മകളുടെ ആഗ്രഹ പൂർത്തികരണം തന്മയീഭവിക്കുമ്പോൾ പിതാക്കൾ ഏതറ്റം വരെയും പോയെന്നു വരാം .പരിധി ഇല്ലാത്ത വാൽസല്യം . ദുരവസ്ഥയിലെത്താം.പരിധി ഇല്ലാത്ത എന്തിലും അപകടവും പതിയിരിക്കുന്നുണ്ട്.

മനോ വിശ്ലേഷകർ ലിബിഡോ എന്നു വിളിക്കുന്ന മനുഷ്യനിലെ ഊർജമാണ് അവന്റെ ജീവിതത്തെയും വാഴ് വിനെയും നിർവചിക്കുന്നത്. അത് കരുണയായും കാമമായും സ്നേഹമായും വാൽസല്യമായും വിവിധ ജീവിത ദശകളിൽ പീലി വിടർത്തുന്നു.

 image 2 of news

സ്നേഹത്തിന്റെ ആ അംശവടി പാഞ്ചാലിയിൽ പൂത്ത വല്ലാത്തൊരു പൂതിയാണ് ഭീമനെ ഗദയുമെടുത്ത് കുബേരന്റെ പുഷ്കരണി എന്ന അപരിചിതമായ മറ്റൊരു ഭൂമികയിൽ എത്തിച്ചത്. ഈ കാമനകളുടെ പരിണാമമായിരുന്നു ഒരു മഹായുദ്ധവും തുടർന്നുള്ള സർവ്വനാശവും. ഇതെവിടെയും സംഭവ്യമാണ്. വല്ല കാര്യവുമുണ്ടോ ?

കവികൾ ദാർശനികരാണ്.ക്രാന്തദർശികളും ത്രികാല ജ്ഞാനികളും കൂടിയാകുന്നു അവർ.
സാധാരണ മലയാളിയിൽ ചിരിയും ചിന്തയും പടർത്തിയ ചാക്യാരായിരുന്നു കുഞ്ചൻ നമ്പ്യാർ. മിഴാവ് മാറ്റിവച്ച് സാഹിത്യവും വിജ്ഞാനവും സാധാരണക്കാരനു പ്രാപ്യമാക്കിയ സവ്യസാചി. കുഞ്ചൻ നമ്പ്യാർ ജനസമക്ഷത്തിൽ കെട്ടിയാടിയ
കല്യാണ സൗഗന്ധികം ശീതങ്കൻ തുള്ളലിൽ കാലാതിവർത്തിയും ഇന്നു വായിക്കുമ്പോൾ സമകാലികവുമായ വരികളും പ്രയോഗങ്ങളുമുണ്ട്.
HomeAd1
 image 3 of news

സംസാര ദു:ഖത്തിൽപ്പെട്ടുഴലുന്ന കേവലനായ ഏതൊരു മനുഷ്യനും കടന്നു പോകുന്ന വഴിത്താരകൾ എക്കാലവും സമാനമായിരിക്കും കനകത്തിനും കാമിനിക്കും വേണ്ടിയുള്ള കാമനകൾ- ആജന്മ ആസക്തികൾ- സദാ മനുഷ്യനെ അലട്ടിയിരുന്നു.അപകടത്തിൽപ്പെടുത്തിയിരുന്നു.ഏതു കാലത്തുമുള്ള കവികളുടെ വചനങ്ങളും വാങ്മയങ്ങളൂം അമരമാണ്.അവയിൽ ജീവിതഗന്ധികളായ പല നിരീക്ഷണങ്ങളും സമകാലീനമായി നിലനിൽക്കും. A thing of beauty is a joy forever. ആ സമകാലീനതയിലാണ് കല്യാണ സൗഗന്ധികവും പ്രസക്തമാകുന്നത്

പാഞ്ചാലിയുടെ അഭീഷ്ടങ്ങൾ നിരന്തരം സാധിച്ചു കൊടുത്തിട്ടും അർജുനനെയാണ് അവൾ അഗാധമായി കാമിച്ചത്.
വഴിയെ പോകുന്ന എല്ലാ വയ്യാ വേലികളും വന്നു ചേരുന്ന, ചെയ്യാത്ത എല്ലാ കുറ്റങ്ങൾക്കും തല്ലു വാങ്ങി കൂട്ടുന്ന ഒരു ഭീമനെ നമുക്കു ചുറ്റും എന്നും. കാണാം.ഗദയും വടിയുമില്ലാതെ. പലരെയും രക്ഷിക്കാൻ ഗദ സമാനമായ കാപ്സൂളുകളുമായി അവർ നിന്നു കൊടുക്കും. ഇനി ഈ ദൗത്യവും പേറി യുദ്ധ സമേതരായി നിൽക്കുന്ന ലോക്കൽ ഭീമൻമാർക്കും ഇവിടെ പഞ്ഞമില്ല.ഒരു പക്ഷേ തിരഞ്ഞാൽ നമ്മിലും കാണാം ഒരു ഭീമനെ. വേണ്ടപ്പെട്ടവർക്കായി ആരോടും പരിഭവമില്ലാതെ ഉരുകിത്തീരുന്ന ഒരു ഭീമൻ!
ഇനി കുഞ്ചന്റെ വരികളിലേക്ക്:
പൊയ്ക്കൊൾക നീ ഇനി ഭീമസേനാ ഭവാൻ
മൈക്കണ്ണിയാളുടെ
മോദം വരുത്തുക.
ചൊൽക്കൊണ്ട കല്യാണ സൗഗന്ധികങ്ങളെ
കൈക്കലാക്കി കൊണ്ടു പോകെടോ
പാണ്ഡവാ
അക്കുസുമങ്ങളും വിത്തേശരാജന്റെ
പുഷ്കരണി തന്നിൽ നിൽക്കുന്നു
നീ ചെന്നു
തക്കത്തിലൊക്കെ ഹരിക്കുന്ന
നേരത്ത്
വക്കാണമേശുവാൻ വന്നടുക്കും ചിലർ
വെക്കമടുത്ത് തടുക്കുന്ന നേരത്ത്
മുഷ്കരമായ ഗദ കൊണ്ടു താഡിച്ചു
ശീഘ്രമങ്ങോടിച്ചു കൊൾക വൃകോദരാ!
വ്യാഘ്രം വരുമ്പോൾ കുറുനരി ക്കൂട്ടങ്ങൾ
ഒക്കവെ പേടിച്ചു മണ്ടുന്ന പോലവേ
വിക്രളമുള്ള നീ കാര്യം ലഭിക്കടോ..

കാവൽക്കാരെ അടിച്ചു വീഴ്ത്തി സൗഗന്ധികം അപഹരിച്ചു വരാനാണ് മിടുമിടുക്കരായ പാണ്ഡവ സഹോദരങ്ങൾ ഭീമനെ മൂപ്പിക്കുന്നത്. ഗുണ്ടാ ബിനുവിനു നൽകുന്ന ക്വട്ടേഷൻ പോലെ.ഗദയും തൂക്കിപ്പിടിച്ച് മറ്റുള്ളവർ പറയുന്നിടത്തു പോയി പണി വാങ്ങി കൂട്ടാനാണ് എന്നും ഈ രണ്ടാമൂഴക്കരന്റെ തലവിധി! മോഷണം നടത്താനുള്ള പ്ലാനും പദ്ധതിയും സഹോദരങ്ങളായ വീരമണികണ്ഠൻമാർ ഭീമന് പറഞ്ഞു കൊടുക്കുകയാണ്. കുബേരന്റെ പുഷ്കരണിയിലെത്തിയ ഭീമൻ കാണുന്ന കാഴ്ചകൾ ഇതാണ്:

കല്ലോല ജാലം കളിക്കുന്ന കണ്ടു
കമല മണി നിറമുടയ കമലമതു കണ്ടു
കല്യാണിമാരും കുളിക്കുന്ന കണ്ടു
പൊലിമയൊടു ചടുല ജല വടിവുമതു കണ്ടു
അന്നങ്ങളങ്ങു പറക്കുന്ന കണ്ടു
ചക്രവാകങ്ങളുടെ വിക്രമം കണ്ടു
ചടുല മലർമിഴികളുടെ കളി വിരുതു കണ്ടു
മത്ത ഭൃംഗോദ്യാൽ പ്രയാണങ്ങൾ കണ്ടു
മലർ മധുര തരുനിരകളുടെ
സപദി കണ്ടു
സൽസംഗ ശൃംഗാര ഭാവങ്ങൾ കണ്ടു
ചക്രവാകങ്ങളുടെ ചാപലം കണ്ടു
ചടുല തരുമണികളുടെ
സരസ രതി കണ്ടു
നക്രങ്ങൾ കേറി കിടക്കുന്ന കണ്ടു
നടുവിലതി ചടുലമതി വടിവുമഥ കണ്ടു

അങ്ങിനെ സ്വയം മറന്നു നിന്ന് സൗഗന്ധികപ്പൊയ്ക കാണുകയാണ് പാണ്ഡവനായ ഭീമൻ . ആ നില്പ് Stopping by woods on a snowy evening ൽ റോബർട്ട് ഫ്രോസ്റ്റ് വിവരിക്കുന്നതു പോലെ ജീവിത യാത്രയ്ക്കിടയിലുണ്ടാവുന്ന സ്വാഭാവികമെങ്കിലും അനുചിതമായ ഒരു ഫ്രീസിംഗ് പോയിന്റാണ്. ചെയ്തു തീർക്കാനുള്ള കടമകൾ ഓർക്കാതെ നിന്നുള്ള സീൻ പിടിത്തം.

പിന്നീട് പ്രതിസന്ധികളിൽ കുടുങ്ങി മരണം മുന്നിൽ കണ്ടപ്പൊഴും ഭീമൻ വിളിച്ചത് സ്വന്തം പിതാവിനെ: ഏഴാകാശങ്ങളിലും നിറഞ്ഞു നിൽക്കുന്ന പിതാവേ, ഈ മകൻ അങ്ങയെ വിളിക്കുന്നു. കാത്താലും!
സ്വന്തം സൃഷ്ടിയുടെ ആ വിളി കരുണാമയനായ പിതാവ് കേൾക്കാതിരിക്കുന്നതെങ്ങിനെ

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞