ചെലവു ചുരുക്കാൻ ഓസ് - കാർ വകുപ്പ് .
ഹരി സുന്ദർ
30 September 2026, 11:10 am
തദ്ദേശ ഉപതെരഞ്ഞെടുപ്പു ഫലം വന്നു.തോറ്റവരുടെ വിശദീകരണവും ജയിച്ചവരുടെ വ്യാഖ്യാനവും ഉച്ചസ്ഥായിയിൽ നില്ക്കുന്നു.. ഏതാനും മണിക്കൂറുകൾക്കുള്ളിൽ വോട്ടിനേക്കാൾ കൂടുതൽ വിശദീകരണങ്ങൾ കിട്ടും.
വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ പ്രധാന തദ്ദേശ രാഷ്ട്രീയ പരീക്ഷണം കഴിഞ്ഞു.
യു.ഡി.എഫ് 19 സീറ്റിലും എൽ.ഡി.എഫ് 18 സീറ്റിലും വിജയിച്ചു. ട്വന്റി20 ഒരു സീറ്റ് നേടി. ഒറ്റനോട്ടത്തിൽ യു.ഡി.എഫിന് നേരിയ മുൻതൂക്കം. പക്ഷേ .കണക്കിന്റെ മറ്റൊരു വശം തുറന്നാൽ കഥ മാറും. നേരത്തെ യു.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന 22 സീറ്റുകളിൽ മൂന്നണ്ണം കുറഞ്ഞപ്പോൾ എൽ.ഡി.എഫിന്റെ 15 എന്ന നില 18 ആയി ഉയർന്നു. യു.ഡി.എഫ് ചില എൽ.ഡി.എഫ് സീറ്റുകൾ പിടിച്ചെടുത്തു.എൽ.ഡി.എഫ് യു.ഡി.എഫിന്റെ ചില സീറ്റുകൾ തിരിച്ചുപിടിക്കുകയും ചെയ്തു.
38 വാർഡുകളുടെ ഫലം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ ജനവികാരം അളക്കാനാവില്ല. എങ്കിലും, അധികാരത്തിലെത്തി ഏതാനും മാസങ്ങൾക്കുള്ളിൽ സിറ്റിങ് സീറ്റുകളിൽ നേരിട്ട തിരിച്ചടികൾ സതീശൻ മേനോൻ കണ്ണു തുറന്ന് കാണണം.
വൈദ്യുതി പ്രതിസന്ധി, സർക്കാർ ആശുപത്രികളിലെ മരുന്നു ക്ഷാമം, മന്ത്രിമാരുടെ ഓസടിച്ചുള്ള വിദേശയാത്രകൾ തുടങ്ങിയ വിഷയങ്ങൾ സർക്കാരിനെതിരെ എൽ.ഡി.എഫ് ഉന്നയിച്ചിരുന്നു.
അതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയും വിവാദമായത്.
സതീശനിൽ നിന്ന് പിണറായിയിലേക്കുള്ള ദൂരം വളരെ വലുതാണെന്ന് കരുതിയവരെ ഞെട്ടിച്ചു കൊണ്ട് അതിവേഗം ബഹുദൂരം മുന്നോട്ടു പോവുന്ന സതീശനെയാണ് ഇപ്പോൾ കാണുന്നത്.
സർക്കാരിന് കാശിന് വലിയ പഞ്ഞമുണ്ട്. അതു കൊണ്ട് മുണ്ട് ( ഉള്ളവർ /ഉടുക്കുന്നവർ) വയറിൽ മുറുക്കിക്കെട്ടി ചില നേരങ്ങളിൽ പട്ടിണിയാചരിക്കണം.പഴയ വണ്ടികൾ പൊടി തട്ടിയെടുത്ത് ഉപയോഗിച്ചാൽ മോടി അല്പം കുറയുമെങ്കിലും ഇ ഡി പിടിക്കുമെന്ന പേടി മാറും. കാടിയായാലും മൂടിക്കുടിക്കണം എന്നത് പണ്ട് ഇല്ലായ്മക്കാലത്ത് അന്തസ്സുള്ളവർ പറഞ്ഞു പഠിപ്പിച്ച ആപ്തവാക്യം. അന്തസ്സില്ലാതാവുമ്പോൾ ഓസടിക്കുന്നത് തെറ്റല്ലാതാവും. അതാണ് നിലവിൽ ജനം മനസ്സിലാക്കുന്ന സർക്കാർ നയം.
തന്ത വൈബിൽ പിടിച്ച് താടിക്ക് കൈയ്യും കൊടുത്തിരുന്നാൽ ഉലകം ചുറ്റാനാവില്ല. നമ്മൾ പൂമ്പാറ്റകളെയോ ദില്ലിയിൽ സമരം ജയിപ്പിച്ച പാറ്റകളെയോ പോലെ ജൻ സിയാവുകയാണ് വേണ്ടത്. ഓസിനു കൊണ്ടുപോകാൻ ആളുണ്ടെങ്കിൽ നമ്മളും ഇടക്കിടെ വിമാനം കയറണം. മാനം കപ്പലുകയറിയാലും ഖജനാവ് കാലിയാവില്ലല്ലോ.
മുഖ്യമന്തി സതീശന് സർക്കാർ ഖജനാവിൽ നിന്ന് ഇല്ലാത്ത കാശെടുക്കാനുള്ള പെടാപ്പാട് കണ്ടപ്പോഴാണ് പേര് വെളിപ്പെടുത്താതെ സതീശന് വെടിവഴിപാട് നടത്താൻ അവസരം പാർത്തിരുന്ന പാവപ്പെട്ട ഒരു പണക്കാരൻ ചാർട്ടേഡ് വിമാനം തരപ്പെടുത്തിയത്. അതിൽ തെറ്റില്ല. എന്നു മാത്രമല്ല ശരി മാത്രമേയുള്ളൂ. ഒരു മന്ത്രിക്ക്.ഓസിനു കാറു നൽകാനും തയ്യാറായി ഒരു പുണ്യാത്മാവ്. അതിനെയും കുറ്റം പറഞ്ഞു നടക്കുകയാണ് അസൂയ മുഴുത്തവർ.വല്ലവന്റെയും ഭാര്യയോട് തോൾ ചേർന്ന് പടം പിടിക്കുന്നതു പോലെ പക്ഷേ ഒരു അശ്ലീലം അറിയാതെ മന്ത്രി കാണിച്ചത് തെറ്റായിപ്പോയി. കാറിന്റെ മുന്നിൽ കൈ കെട്ടിനിന്ന് ഫോട്ടം എടുത്തത് ചെറിയൊരു നോട്ടപ്പിശക് കൊണ്ടാണെന്ന് സമ്മതിക്കുന്നു.
ഓസിനു കിട്ടുന്ന കാറുകൾ പൂൾ ചെയ്ത് മന്ത്രിമാർക്ക് ആവശ്യാനുസരണം നൽകാൻ ഓസ്കാർ എന്ന പേരിൽ വകുപ്പുണ്ടാക്കണം. ഓസ് വിമാനങ്ങൾക്കായി ഓസ്മാനിയ എന്ന ഉപവകുപ്പുമാകാം. പക്ഷേ ആരാണ് ഇത്ര ഉദാരമായി ഓസിൽ സഹായം നൽകുന്നത് എന്നത് അറിയാനുള്ള അവകാശം വിവരാവകാശനിയമ പരിധിയിൽ നിന്നൊഴിവാക്കും. ഇല്ലെങ്കിൽ 'ഇവിടെ എല്ലാർക്കും നൂറു രൂപ വെച്ച് കൊടുക്കുന്നുണ്ടെന്ന് കേട്ടു' എന്നും പറഞ്ഞ് നേർ ബുദ്ധികളായ പാവം ആ അഴകിയ രാവണൻമാരുടെമുന്നിൽ പിരിവുകാരായ ശ്രീനിവാസൻമാരുടെ അയ്യരുകളിയായിരിക്കും.
വി ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇനി ചെയ്യേണ്ടത് ഉപതിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ‘ഞങ്ങൾ ജയിച്ചു’ എന്ന് പറയുകയോ ‘അവർക്ക് ജയിക്കാനായില്ല’ എന്ന് പരിഹസിക്കുകയോ അല്ല.
ജനങ്ങൾക്ക് മുന്നിലുള്ള ഭരണപ്രശ്നങ്ങൾ പരിഹരിക്കുകയാണ്. കൂടുതൽ തെറ്റുകളിലെക്കും കുഴപ്പങ്ങളിലേക്കും കൂപ്പുകുത്താതിരിക്കലാണ്.
വൈദ്യുതി, വിലക്കയറ്റം, ക്ഷേമപദ്ധതികൾ, ദുരിതാശ്വാസം, സർക്കാർ ആശുപത്രികൾ, തൊഴിൽ, ഭരണത്തിലെ സുതാര്യത—ഇവയിലാണ് സർക്കാരിന്റെ രാഷ്ട്രീയ ആയുസ്സിന്റെ യഥാർത്ഥ കണക്കെടുപ്പ് നടക്കുക.
പ്രിയപ്പെട്ട സി എം.
പൂക്കി, മേനോൻ.. തുടങ്ങിയവയൊക്കെ...എത്ര അന്തസ്സുള്ള വിളിപ്പേരുകളാണ്...
ദയവായി നാട്ടാരെക്കൊണ്ട് ഓസടി മുഖ്യൻ എന്ന് വിളിപ്പിക്കരുത്.