ഇത്തിരിപ്പൂവേ ചുവന്ന പൂവേ..
ഹരി സുന്ദർ
2 October 2026, 2:05 am
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കുടിയിറക്കാനുള്ള ആലോചനാ സെഷനിൽ മുറുക്കി തുപ്പിയും വെടിവട്ടം നടത്തിയും മേവുന്ന ബേബി സഖാവിന്റെ പേരക്കുട്ടികൾ രാഹുൽജിയുടെ ഓമനകൾ നടത്തിയ സമരത്തിനു നേരെ കല്ലും കവണയും ബിയർ ബോട്ടിലും എറിഞ്ഞു തച്ചോളികളായി .ആ ധീരതയെ ന്യായീകരിക്കാൻ ചെറുതും വലുതുമായ വതുവലുകൾ നിരയായി വന്നു. ആകെ ജഗ പൊക. പ്രാന്ത് ആർക്കാണെന്നറിയാൻ നറുക്കു വേണ്ടി വരും.
എങ്കിലും സ്വയമ്പായി ബിജെപിയും സിപിഎമ്മും മന്ത്രിമാരെ തടയുന്നുണ്ട്.കണ്ണൂരിൽ കൊല്ലെടാ അവനെ എന്ന ആക്രോശവുമുണ്ട്. കോൺഗ്രസ്സ് ഏജീസ് ആപ്പീസുകളെയാണ് ലക്ഷ്യം വക്കുന്നത്. പിന്നെ ടയർ കത്തിച്ചു കുട്ടി സഖാക്കളെ വിരട്ടുന്നുമുണ്ട്.
പുട്ടിനു പീര പോലെ എംഎം മണിയുടെ അർദ്ധ ഒടപ്പീറന്നോൾ ആലപ്പുഴ സ്റ്റാർ ലതാരഘു എന്ന സാധാകമ്മിണി മെഡിക്കൽ കോളേജിൽ വിഡിയുടെ മരിച്ചുപോയ അമ്മയെ കിടത്തി പാരാട്ടുന്നുമുണ്ട്.
മഹാ പരിവാറാണ് ഇന്ത്യാ മുന്നണി.കോട്ടയം അയ്യപ്പാസ് പോലെ. അകത്തു അണ്ഡകടാഹമാണ്. ഒന്നും രണ്ടുമല്ല 39 രാഷ്ട്രീയ ചെമ്പോത്തുകളാണ് ഇവിടെ തൊഴിലും കാത്തിരിക്കുന്നത്.. റിക്ഷയും പിടിച്ച് യോഗത്തിൽ എത്തിയവർ ഇനിയും മരിഞ്ഞിട്ടില്ലെന്നു സ്വയം ബോധ്യപ്പെടുന്നു. മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നു.കൈയ്യിൽ ലൈഫ് സർട്ടിഫിക്കറ്റ് പകർപ്പുമുണ്ട്. സിനിമയിലെ ആൾക്കൂട്ട സീനിലെ ജൂനിയർ ആർട്ടിസ്റ്റുകളെ പോലെ അവർ ഫോട്ടോയിൽ നിറയുന്നു. ഒത്താൽ ഒത്തു എന്ന വിചാരധാരയിൽ.
മുന്നണിയിലെ 39 കക്ഷികളിൽ 38ഉം കോൺഗ്രസ്സിന്റെ എല്ലാ അവസരങ്ങളും സാധ്യതകളും തകർത്തവരും തകർക്കുന്നവരുമാകുന്നു. പാമ്പു വേലായുധന്റെ സർപ്പയജ്ഞത്തിനു സമാനമായ മുന്നണി.
വയനാട്ടിലെ രാഹുൽജിയുടെ ആപ്പീസു തകർത്തും മുറിയിലെ ചില്ലിട്ട ഗാന്ധിയെ തറയിലിട്ടു ചവിട്ടിയുമാണ് സിപിഎം നടാടെ ഇന്ത്യാ മുന്നണി നായകന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
നാട്ടിൻ പുറങ്ങളിൽ നിന്നും ടൗൺ, നഗര കലാലയങ്ങളിലെത്തുന്ന സാധാരണക്കാരുടെ മക്കളാണ് പാർട്ടിയുടെ ഇരകൾ. ചെറിയ സൗജന്യങ്ങൾ നൽകി പാർട്ടി അവരെ ചാവേറാക്കും. അതിനായി പാർട്ടി ദശകം കാണാപ്പാഠം പഠിക്കണം. നക്ഷത്രം പതിപ്പിച്ച വെള്ളക്കച്ച സദാ അരയിൽ ചുറ്റണം.കാലവും സമയം നോക്കാതെ പറയുന്നിടത്തു പോയി പറ്റൂന്ന രീതിയിൽ ആവിഷ്കാരം. നടത്തണം. പാരിതോഷികമായി കലാലയ കില്ലാടിപ്പട്ടം കിട്ടും.പിന്നെ ക്ലാസിൽ കയറേണ്ട.പഠിക്കണ്ട. സാറുസഖാക്കൾ ജയിപ്പിക്കും.വലിക്കാൻ ബീഡി.കുടിക്കാൻ ബിയർ. ഓസിനു ശാപ്പാടും കിടപ്പാടവും.ഒരു പാർട്ടി പുളച്ചു വളരുന്നത് ഈ ചാവേറുകളിലൂടെയാണ്. ഈ ഈറ്റില്ലങ്ങളാകുന്നു പാർട്ടിയുടെ ഒസ്യത്തുകൾ..
ആലംബമില്ലാത്ത രക്ഷിതാക്കളുടെ ആധികൾ ധർമസങ്കടങ്ങൾ...
പിണമായി വരുമോ ജീവച്ഛവമായി വരുമോ അതോ രണസ്മാരകമാകുമോ ? നിരപരാധികളുടെ ശിരോലിഖിതങ്ങൾ ആരറിയുന്നു !
ഇടുക്കിയിലെ ഒരു കുഗ്രാമത്തിൽ നിന്നും നഗരം കണ്ട അർജുൻ അഭിമന്യുവായാണ് മടങ്ങിയത്.പാതി മരണ ഫണ്ടും വായനശാലയുടെ നാമവും സ്തൂപവും മാത്രം ബാക്കിവച്ച്..അങ്ങനെ എത്രയെത്ര ഇത്തിരിപ്പൂക്കൾ... എത്രയെത്ര ചുവന്ന പൂക്കൾ...!
കാൽപ്പന്തു കളിച്ചു കൊണ്ടിരുന്ന പുള്ളാരെയാണ് കറുത്ത ബാനറും പിടിപ്പിച്ച് ഗവർണറെ ഉപരോധിക്കാൻ അണിനിരത്തിയത്. പൊലീസിനു മുന്നിൽ കഥയറിയാതെ കുട്ടികൾ കരഞ്ഞു. ഒപ്പം രക്ഷിതാക്കളും.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് ഹോസ്റ്റൽ നഗര മധ്യത്തിലുള്ള ഒരു എസ്എഫ് ഐ വിചാരിപ്പു കേന്ദ്രമായിരുന്നു എന്നും.എല്ലാം സർക്കാർ ചെലവിൽ. ഇവിടെ നിന്നാണ് അവർ ചരിത്ര വിജയങ്ങൾ ഉണ്ടാക്കിയെടുത്തതും ശത്രുക്കളെ ഒതുക്കിയതും.ഈ സങ്കേതത്തിൽ കുടുങ്ങിപ്പോയതു നൂറു കണക്കിനു സാധാരണക്കാരുടെ മക്കൾ. താത്ക്കാലിക സുഖങ്ങൾ അവർ ആസ്വദിച്ചു. പക്ഷേ സ്വയമറിയാതെ ചാവേറുകളായി മാറുകയായിരുന്നു അവർ..പല പോലീസ് കേസുകളിലൂം തളച്ച് അവരെ അടിമകളാക്കി മാറ്റിയത് കാലകേയന്മാർ.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പൂ കാലത്ത് എസ്എഫ്ഐക്ക് വോട്ടു ചെയ്യുമെന്ന് മാധ്യമങ്ങളോടു പറഞ്ഞത് രാഷ്ട്രീയ സാക്ഷരതയും പക്വതയും ഇല്ലാത്ത ഈ പാവത്തുങ്ങളായിരുന്നു
കഴിഞ്ഞ ദിവസം അനന്തപുരിയിൽ അരങ്ങേറിയ യുദ്ധസമാനമായ സംഘർഷങ്ങളിൽ എസ്എഫ് ഐയിലൂടെ സിപിഎം ഇരുന്നു കൊണ്ടാണ് പ്രവേശിച്ചത്. അതൊരു അനിവാര്യതയായിരുന്നു. അജണ്ടകൾ പലതാണ്. സിപിഎം ഒരു ഭാഗത്തില്ലാത്ത സംഘർഷം പാർട്ടിക്കു അചിന്ത്യം..ബിജെപി കോൺഗ്രസ് സംഘർഷം സിപിഎമ്മിനെ മൂന്നാം സ്ഥാനത്തേക്കാവും തള്ളി മാറ്റുക..ആ സമവാക്യം പൊളിച്ചില്ലെങ്കിൽ എല്ലാം ഹുതാ ഹവ!. ബിജെപി മുൻകൈ നേടും. സിപിഎം കോൺഗ്രസ് എന്ന സമവാക്യം ഊട്ടി ഉറപ്പിക്കണം. പിന്നെ പിണറായിയുടെ കേസ് തണുപ്പിക്കണം.അമാന്തപ്പെടുത്തണം. നരേറ്റീവുകൾ ദൂർബ്ബലപ്പെടുത്തണം. പാർട്ടിയിലെ ഭിന്നാഭിപ്രായങ്ങളുടെ ദിശ മാറ്റി പൊതു ശത്രുവിനെതിരെ തിരിച്ച് പാർട്ടിയെ ഉഷാറാക്കണം. ഒന്നു രണ്ടു രക്തസാക്ഷികൾ കൂടിയായാൽ സംഗതി ജോറാകും. വികാരപരത കൂട്ടാം. വരുന്ന അഞ്ചു കൊല്ലം കൊണ്ടു മോന്തായം ബലപ്പെടുത്താം
ദു:ഖഭാരം ചുമക്കുന്ന
ദു:ശകുനമാണു ഞാൻ
ചില്ലു മേടയിലിരുന്നെന്നെ
കല്ലെറിയല്ലേ ....
കല്ലെറിയല്ലേ...
എന്നെ കല്ലെറിയല്ലേ..