കണ്ണും നട്ട് കാത്തിരിക്കുകയായിരുന്നു നിരീക്ഷക സമൂഹം ഇതേവരെ.വൈകുന്നതിനുള്ള കാരണം തേടി.
ഒടുവിൽ തിറുപ്പതിയായി.
കെപിസിസി ആപ്പിസിനെ സാക്ഷിയാക്കി മുന്നണി കൺവീനർ തന്നെ ആ മഹനീയ കർമം നിർവഹിച്ചു ചരിത്രപരമായ കടമ നിറവേറ്റി. ഹാവൂ ആശ്വാസമായി..
ഏറ്റവും നല്ല കാര്യം ഏറ്റവും മോശമായി അവതരിപ്പിക്കുന്നത് ഒരു അവതരണ സങ്കേതമാണ്..മുന്നണിയെ എല്ലായ്പോഴും പ്രതിരോധിക്കേണ്ട കൺവീനർ തന്നെ മുന്നണി നേതാവിനെതിരെ നിലപാടുകൾ പറയുന്നു. എൽഡിഎഫിൽ ആയിരുന്നെങ്കിൽ ആയാൾ ഇപ്പോൾ വീട്ടിലിരുന്നു ടിവി കാണുമായിരുന്നു.
ഉദാര ജനാധിപത്യത്തിൽ മുക്കി എടുത്ത കോൺഗ്രസിലെ പുതിയ എഡീഷൻ ഭിന്നിപ്പിന്റെ ഉദ്ഘാടകൻ മുന്നണി കൺവീനർ തന്നെയാകുന്നതും ഒരു വിസ്മയമാണ്. അത് ഉചിതവുമായി. ആവർത്തിച്ചു വരുന്ന വിസ്മയങ്ങൾ കൺപാർത്ത് നാമൊരു പരുവമായില്ലേ?ആവർത്തിച്ചു തളർന്ന നിന്നെ ഞാൻ ധന്വന്തര തൈലമാക്കുമെന്നാണ് നാണ്വാര് പറയാറ്!അതെത്ര ശരി!
കാതിലോല നല്ലതാളി.കരി കലക്കിയ കുളം. കളഭം കലക്കിയ കുളം എന്നാണല്ലോ കവി വാക്ക്. വാക്കേ..വാക്ക്.
കെപിസിസി അധ്യക്ഷൻ ഉൾപ്പെടെ യുള്ള തസ്തികകളിൽ എഐസിസി പരീക്ഷ നടത്തി നിയമനം വേഗത്തിലാക്കാൻ ആവശ്യപ്പെടുന്ന കാര്യം പറയാനാണ് വാർത്താ സമ്മേളനം വിളിച്ചത്. അവിടെ ആസനവുമായി വന്ന മാപ്ര സഹോദരങ്ങളിലാരെങ്കിലും എഐസിസി അംഗമാകാൻ തരമില്ല. എന്നിരിക്കിലും വേപഥു പൂണ്ട വ്യസനിക്കുന്ന ഒരു റിയൽ കോൺഗ്രസുകാരനെ അവിടെ കണ്ടു. അതു നാടറിയണം. മാത്രമോ ;ഈ രാജകീയ വ്യസനത്തിൽ എത്ര വേദനക്കാർ കൂടെയുണ്ടെന്നും പരതണം.
ദില്ലിയിലേക്ക് പോകുന്നവർ മുഖാന്തിരം ഒരു പ്രേമലേഖനം കാച്ചിയാൽ തീരാവുന്നതേയുണ്ടായിരുന്നുള്ളൂ.യൗവ്വന തീക്ഷ്ണതയും പ്രേമ സുരഭിലതയുമൊക്കെ ആ എഴുത്തിൽ നിറക്കാമായിരുന്നു. ചെറുപ്പം വിട്ടൊഴിയാത്തതിനാൽ ഒരു കമ്പി തന്നെ ആകാമായിരുന്നു. കമ്പിയില്ലാക്കമ്പി. വാക്കുകൾ കുറയുമെങ്കിലും പരാതി രജിസ്റ്റർ ആകുമായിരുന്നു. ഇനി ഒരു ഈ മെയിലോ ഫീമെയിലോ ആയിരുന്നേൽ കഥ ഒന്നുകൂടി കനപ്പിക്കാമായിരുന്നു.
ഒരു പൂർണ സമയ അധ്യക്ഷൻ ഇല്ലാത്തതു കാരണം ദിവസവും നാലു നേരവും കദനവും വിരഹ ദു:ഖവും കടിച്ചു തിന്നു ജീവിക്കുന്ന കേരളത്തിലെ നിത്യ ദു:ഖിതനാണ് ഇതിയാൻ എന്ന തുണിയുടുക്കാത്ത സത്യം കേരളം അറിയാൻ വൈകിപ്പോയി. സത്യത്തിന്റെ പ്രകാശിച്ച മുഖം സ്വർണ പാത്രം കൊണ്ടു മൂടി ഇട്ടിരിക്കുകയായിരുന്നു ഇതേവരെ.. ശിവ ശിവ!
ദില്ലി മാത്രമല്ല തിരുവനന്തപുരവും ഇതിയാനു നൽകുന്നത് ദു:ഖമേ ദു:ഖം .നാടിനെ നടുക്കുന്ന തീരുമാനങ്ങൾ അദ്ദേഹം അറിയാതെ പോകുന്നു.മുന്നണി യോഗങ്ങൾ മുറയ്ക്കു നടക്കുന്നില്ല. മുന്നണിയിലെ ഒരു ഘടക കക്ഷിക്കും ഇല്ലാത്ത പരാതിയാണ് കൺവീനർക്കുള്ളത്. ശാന്തം പാവം. മുന്നണിക്കുവേണ്ടി എന്തെന്തു ത്യാഗങ്ങൾ
കുളം കലക്കി മീൻ പിടിക്കുന്നത് പണ്ട് ഒരു സുകുമാര കലയായിരുന്നു. നടുവ് വിലങ്ങിയ കഴിഞ്ഞ ഒരു ദശകം പാകമാക്കിയ ഒരു മുന്നണിയിലെ ഉരുപ്പടികൾക്ക് ഇപ്പോൾ തൊന്തരവറിയാം.. അപ്പോൾ പഴയ ടെലിഫോണും കറക്കി പുതിയ ഇൻസ്റ്റയിൽ എത്താൻ കൺവീനർക്ക് വലിയ പാടാ..
പിസിസി അധ്യക്ഷനാകാൻ ആഗ്രഹിക്കുന്ന ഒരു കോൺഗ്രസുകാരനാണ് കൺവീനർ. ആ പദവിക്കു സർവ്വദാ യോഗ്യനുമാണദ്ദേഹം.
സഖാക്കൾ ജയിക്കാൻ മാത്രം വരുന്ന ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം കള്ളവോട്ടുകളും ഇരട്ടവോട്ടുകളും പട്ടികയിൽ നിന്നും നീക്കി വിജയം കൊയ്ത നേതാവ് ചെറിയ പുള്ളിയാണെന്ന് ആരും കരുതരുത്. കേരളത്തിലെ ആദ്യത്തെ SIR ഗ്യാനേഷ് കുമാർ തന്നെയാണ് പുമാനെന്ന് കരുതുന്നതിലും തെറ്റില്ല. ഒരു നിയമസഭാ മണ്ഡലത്തിലെ നിയായമക ശക്തിയായി അദ്ദേഹം ഇന്നും വർത്തിക്കുന്നത് ഒരു ചെറിയ കാര്യമാണോ? നെത്തോലി ചെറിയ മീനല്ലെന്നു ആ സിനിമാക്കാരൻ എത്രയോവട്ടം പറഞ്ഞു. ആരു കേൾക്കാൻ ! പല പിസിസി തലൈവരുടെയും ശേഷിയും ശേമുഷിയും കണ്ട് മനം തകരുന്ന ഈ കാലത്ത് ഈ ഭൈമികാമുകൻ അനുരൂപനും ഒരു അഥിരഥനുമാകുന്നു..
പാർട്ടി തീരുമാനങ്ങൾക്കു വിരുദ്ധമായി പണ്ട് മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കുകയും തന്റെ കൈയിലിരുന്ന ആഭ്യന്തരം തിരുവഞ്ചൂരിന് നൽകുകയും റവന്യൂ വകുപ്പ് പഴയ അടൂർ പ്രകാശിലെത്തിക്കുകയും ചെയ്തത് ഉമ്മൻ ചാണ്ടിയുടെ മാത്രം തീരുമാനമായിരന്നു.ആ ഗുണഭോക്താവ് ഇന്നത്തെ വിമർശകനാകുന്നതിൽ ഒരു തെറ്റുമില്ല.അങ്ങനെയേ വരാവൂ. ഇപ്പോഴുള്ള അസുഖം വേറെയാണ്.വേറിട്ടതാണ്.
സ്വന്തം മുഖ്യമന്ത്രിക്കെതിരെ കെപിസിസി ആപ്പീസിൽ തന്നെ വാർത്താസമ്മേളനം വിളിച്ചത് ഒരു കടന്ന കൈയ്യായിപ്പോയി. ഇത്രയും പൂത്തുലഞ്ഞു പുരക്കു മേൽ ചായുന്ന ജനാധിപത്യം ചിലപ്പോൾ കൂരയും തകർത്തു തിമിർക്കാം.
പുരയ്ക്കകത്ത് പറയേണ്ടത് പുരപ്പുറത്തു കയറി വിളിച്ചു കൂവുന്നത് ഉദാര ജനാധിപത്യമല്ല അരാജകത്വമാണ്. മിനിമം അച്ചടക്കം പുലർത്താൻ കഴിഞ്ഞില്ലെങ്കിൽ അജ്ഞാതവാസം അകലെയല്ല. പിന്നെ തിരയെണ്ണി കാലം പോക്കാം.
മകൻ ചത്താലും വേണ്ടില്ല മരുമോളുടെ കണ്ണീരു കാണാനാണ് പലർക്കും തിടുക്കം. പക്ഷേ ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ ലൂസേഴ്സ് ട്രോഫികളാകും ഇവരെ കാത്തിരിക്കുക.
പരിദേവനങ്ങളുടെ രണ്ടാം റൗണ്ട് അൺലോഡ് ചെയ്യുന്നത് ഇനി ദില്ലിയിലാണ്. അക്രമങ്ങളുടെ വിക്രമം അവിടെയാണ്. ദീപാ ദീദിയെയും വേണുവേട്ടനെയും കടാഷിച്ച് . ഈ ദ്വന്ദങ്ങളുമായി മന:സമാധനത്തോടെ മനം നിറഞ്ഞ് കൺപാർക്കാം . പിന്നെ.പല കഴഞ്ച് മോക്ഷവുമായി മടങ്ങാം.
അപ്പുറത്ത് തേങ്ങ ചിരകുമ്പോൾ നിലയനുസരിച്ച് നമ്മൾ ചിരട്ടയെങ്കിലും ചിരകിയില്ലെങ്കിൽ മോശമല്ലേ. സംഗതി ഫിഫ്റ്റി ഫിഫ്റ്റിയടിച്ച് ഏതാണ്ട് സമനില പാലിച്ചാണ് കക്ഷി നില മുന്നോട്ടു പോകുന്നത്. സംസ്ഥാനത്ത് ആദ്യമായി കിട്ടിയ നഗരസഭാ ഭരണമാണ്. താമര വിരിഞ്ഞ് വരുന്നതേയുള്ളൂ. അപ്പോഴാണ് പഴയ പോലീസ് നേതൃണി ശ്രീലേഖ ചേച്ചിക്ക് ഉൾവിളി വരുന്നത്. രണ്ടുവരിയെഴുതി എല്ലാ മോഹങ്ങളോടുമുള്ള രാജി അവർ എതിർ സ്ഥാനാർത്ഥി രാജേഷിനെത്തന്നെ ഏല്പിച്ചു. സംസ്ഥാനം ഭരിക്കാൻ ശേഷിയുള്ളയാളെ വാർഡിൽ ആണിയടിച്ച് തറയ്ക്കാൻ ശ്രമിക്കുന്നവർക്കുള്ള മനോഹര പ്രതികാരം. . കോർപറേഷന്റെ മോടി ഇനി എങ്ങനെ കൂടുമെന്ന് നോക്കാം!
ഡാഡി മമ്മി വീട്ടീലില്ല
തടപോട യാരുമില്ലെ
വിളയാടാ വാടാ ഉള്ളെ
വില്ലാല...വില്ലാല...