സ'ങ്കട' കേരളം സുന്ദര കേരളം
കെ.മോഹനൻ
6 October 2026, 4:48 am
“കാശ് കിട്ടിയേ തീരൂ...” എന്ന ഗതികെട്ട ആവശ്യവുമായി മോഹൻലാൽ, ചിത്രം സിനിമയിൽ നെടുമുടി വേണുവിന്റെ മുന്നിൽ പണം ചോദിച്ചെത്തുന്ന രംഗം ഓർമ്മയില്ലേ? ആദ്യം ആവശ്യപ്പെട്ട തുക കേട്ട് നെടുമുടി വേണുവിന്റെ മുഖത്ത് തെളിയുന്ന ആ ആസ്വാദനം. പിന്നെ തുക കുറച്ചു കുറച്ചു പറഞ്ഞ് ഒടുവിൽ ഏതെങ്കിലുമൊരു തുക കിട്ടുമെന്ന പ്രതീക്ഷയിൽ നിൽക്കുന്ന മോഹൻലാലിന്റെ അവസ്ഥ. അന്നത് ഏറെചിരിപ്പിച്ച ഒരു സിനിമാക്കാഴ്ചയായിരുന്നു.
ഇന്ന് ആ രംഗം ഓർക്കുമ്പോൾ ചിരിക്കണമോ കരയണമോ എന്നറിയാത്ത അവസ്ഥയാണ്. കാരണം, കാശ് ചോദിക്കുന്നവനും കാശ് കൊടുക്കുന്നവനും തമ്മിലുള്ള ആ കളി കേരളീയ ജീവിതത്തിന്റെ തന്നെ ഒരു പതിവു രംഗമായി മാറിക്കഴിഞ്ഞു.
കടം വാങ്ങുന്നതും കടക്കാരനാ കുന്നതും തറവാടിത്തമല്ലെന്നു കരുതിയ ഒരു സമൂഹമായിരുന്ന പണ്ട് നമ്മുടേത്. കടം വാങ്ങുന്നവനെ അധമനായ അധർമണൻ എന്നും കടം കൊടുക്കുന്നവനെ ഉത്തമനായ ഉത്തമർണൻ എന്നുമാണ് നമ്മുടെ ഭാഷ പോലും വിളിച്ചത്.പാപ്പരായവനെ ചുട്ടിത്തോർത്തിലാണ് അന്നു സമൂഹം
നടത്തിയത്.
രാജസ്വം ഭൂമി തലയിൽ കെട്ടിവച്ചു കരം കുടിശിക വരുത്തി ശത്രുക്കളെ നശിപ്പിച്ചവരാണ് പഴയ ഭരണകൂടങ്ങൾ.
പുതിയ കാലത്ത് കടം കൊണ്ടവരാണ് പൂജനീയർ.അങ്ങനെ
കടങ്ങളുടെ കയങ്ങളിലാണിന്ന് മലയാളികൾ
. ഒരു നിമിഷത്തിൽ കിട്ടുന്ന സ്വർണ പണയത്തിന് പലിശ വെറും 26 ശതമാനം.അതും മൂന്നമാസത്തക്ക്. ഒരു വർഷം അടവ് മുടങ്ങിയാൽ പൊന്ന് കമ്പനി വകയാകും.. ചിട്ടിക്കമ്പനി സലയുടെ പാതിലോൺ പറഞ്ഞ് കൊതിപ്പിക്കും. ചിട്ടിയും വട്ടിയും തീർക്കാൻ സ്വർണം വയ്ക്കും. ഒടുവിൽ പരസ്പരം കുറ്റപ്പെടുത്തി അച്ചിയും നായരും കിടക്കയുടെ ഇരു പാർശ്വ തങ്ങളിലേക്കും കമരും.
കട്ട്!
വൈറ്റ്ഗുഡ്സും മൊബൈലും 75ശതമാനം കുറവിൽ എന്ന മുഴുപേജ് കളർ പത്ര പരസ്യം വരുമ്പോൾ നിങ്ങൾ ഞെട്ടണം. വാരഫലം പലവുരു നോക്കണം. എന്തോ ദു:ശകുനം. മാനഹാനി,ധനനഷ്ടം, കുടുംബ കലഹം. ചാത്തനേറ്,കരച്ചിൽ പിഴിച്ചിൽ നിസഹകരണം ആകെ ഹുതാ ഹവ!
സായിപ്പെ, സായിപ്പെ രക്ഷിക്കണേ, മൈ ബ്രദർ ഈസ് ഡ്രിങ്കിംഗ് വാട്ടർ എന്നത് തിരുത്താൻ ഈ ഗുഡ് മോണിംഗ് കേരളത്തിൽ യാരുമെ കെടയാതാ ?
കേരളത്തിലെ മുപ്പതു ശതമാനം പേരും വായ്പയുള്ളവരാണെന്ന് കണക്കുകൾ..ദേശീയ ശരാശരിയുടെ ഇരട്ടി. അപ്പോളിത് നവ കേരളമല്ല കടകേരളമാകുന്നു.പണമില്ലെങ്കിലും ധനികരായി മേവുന്ന വെൽത്ത് ഇല്യൂഷനിൽ അടിപ്പെട്ടവരുടെ ചട്ടമ്പിനാട്.
മൈക്രോ ഫിനാൻസ്, ചിട്ടിക്കമ്പനികൾ, ബ്ലേഡുകൾ സ്വാശ്രയ സംഘങ്ങൾ, സഹകരണ സ്ഥാപനങ്ങൾ ഇതെല്ലാം ചേർന്നാണ് ഇവിടുത്തെ സാധാരണക്കാരെ വഴിയാധാരമാ ക്കുന്നത്.
കടക്കെണി മരണത്തിലേക്കുള്ള വഴി വെട്ടലാണന്ന് അനുഭവം.. ഒറ്റയ്ക്കും കൂട്ടായുമുള്ള ആക്ഷൻ.. തർക്കൊലയും പിന്നെ അരുംകൊലകളും
കേരളത്തിലെ ഒരുലക്ഷം അസ്വാഭാവിക മരണങ്ങളിൽ 30.6 ശതമാനത്തിലും കടം വില്ലനാകുന്നു. ഇവിടുത്തെ ശരാശരി ഓരോ കുടുബവും രണ്ടുലക്ഷം രൂപ വീതം കടബാധ്യത പേറുന്നുന്ന വിവരം അത്ര സന്തോഷകരമല്ല..
രാജ്യത്ത് വായ്പക്കാരിൽ 45 ശതമാനവും തിരിച്ചടവിനു പാങ്ങില്ലാത്തവരാണ്...താത്കാലിക കാര്യങ്ങൾക്കാണ് അധികം പേരും ലോണെടുക്കുന്നത്..
മര്യാദക്കുള്ള ഒരു വീടിനും നല്ല ഭാവിക്കുമായിരുന്നു പണ്ടത്തെ വായ്പകൾ. ഇന്ന് ആളുകളിക്കാനായി അതു മാറി..വായ്പാ ലഭ്യതയും ക്രെഡിറ്റ് കാർഡുകളും ലോൺ ആപ്പുകളും പ്രയോജനപ്പെടുത്തി ഇടത്തരക്കാർ അർമാദിച്ചു. ആലോചനക്കുറവും മീഡിയയുടെ കുന്തളിപ്പും ചിട്ടികളും ഉയർന്ന പലിശയും ബൈ നൗ പേ ലേറ്ററും വമ്പനാവാൻ ഒരുമ്പെടുന്നവരുടെ ചതിക്കുഴികളായി മാറി.
ക്രെഡിറ്റ് കാർഡിനു പലിശ നിരക്ക് 30 ശതമാനം. ഓൺലൈൻ വായ്പ 24 , പേഴ്സണൽ ലോൺ 16.ഈടില്ലാത്ത വായ്പ 26- 30 ശതമാനം. പിന്നെ കാർ വായ്പ, ഭവന വായ്പ.. അങ്ങനെ പലതും.
.മുടങ്ങിയാൽ അടച്ചതും അടിച്ചു പോകും
ആളേം കൊണ്ടു
പോകുന്ന ഏർപ്പാട്.
ശേഷിയുണ്ടെങ്കിൽ പല വായ്പകൾ.ഇതെല്ലാം ഒറ്റ ഇ എം ഐ ആക്കി മാറ്റം. പേര് ഡെബ്റ്റ് കൺസോളിഡേഷൻ .
ദിവസവും നിസാരം 30 രൂപക്ക് 50000 രൂപയുടെ മൊതല് വീട്ടിലെത്തും എന്നത് എടുത്ത് മണ്ടക്കടിച്ചാണ് കടക്കാർ ആളുകളെ വീഴ്ത്തുന്നത്.ഈ കെണിയുടെ പേരാണ് ഇക്വേറ്റഡ് ഡെയിലി ഇൻസ്റ്റാൾ മെന്റ്( ഇഡിഐ) .
ഈ കോമേഴ്സ് ഷോപ്പിംഗ് സൈറ്റുകളിലെ ഡിസ്കൗണ്ട് തട്ടിപ്പുകൾ തടയാനായുള്ള ഈ കോമേഴ്സ് ചട്ടങ്ങൾ 2027 ജനുവരി ഒന്നു മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരികയാണ്..ആശ്വാസം..
കടം വാങ്ങുന്ന പോലെ കെണിയാണ് കടം കൊടുപ്പും. ശത്രുക്കൾ കൂടും...തുക ചോദിച്ചാൽ കഷ്ടം പറയും. കരയും . സ്വർണവും കൊടുത്താൽ കഥ കഴിഞ്ഞു.
കടം വാങ്ങാം മൊതലു കൂട്ടാനാണെങ്കിൽ .. ആശകൾ സാധിക്കാനും ആളു കളിക്കാനുമെങ്കിൽ കുരുങ്ങും.കൊക്കിൽ കൊള്ളുന്നതു കൊത്താം അതിന് പ്ലാനും പദ്ധതിയും മൂളയും വേണം. ആലോചന വേണം.അല്ലേൽ വടക്കേ മാവിൽ തൂക്കം കാണാം.
30 ,000 രൂപ തികച്ചു മാസം മാസം കിട്ടാത്ത അധോതല ഗുമസ്തർ ഐഫോണും 350 സിസി ബൈക്കും വാങ്ങുന്നത് ആരെ കെട്ടിക്കാനാവോ?. പിഞ്ചിലേ വാടുന്ന ഹതഭാഗ്യർ.. കടം വാങ്ങി നാട്ടാരെ ഞൊട്ടാനാണ് തിടുക്കം. എന്റെ ഒടപ്പിറന്നോനെ ഇ എംഐ ഒരു കായംകുളം വാളാണ്.
നമ്മുടെ സന്താന വല്ലരികളും നമ്മെ കെട്ടി വലിച്ചെറിയുന്നത് കടം പൊന്തിവരുന്ന മാലിന്യ കനാലിലാണ്.
എല്ലാ കാര്യങ്ങളിലും നമ്മുടെ സർക്കാർ ഒപ്പമുള്ളതാണ് ഏക ആശ്വാസം. സർക്കാരിന്റെ കടമോർക്കുമ്പോൾ നമ്മുടേതൊക്കെ എന്തര് !!
ഭർത്താവ് ഭാര്യയോട് :
എടീ വനജേ;എന്റെ കാനന സുന്ദരിയേ...ചേട്ടൻ ഒരു ചെറുകിട ബിസിനസിനു ഒരുങ്ങുന്നു.നീ എന്തു പറയുന്നു.
ഭാര്യ:
കൊള്ളാം.ചേട്ടനാണല്ലോ തുടങ്ങുന്നത്. അതുകൊണ്ട് ആദ്യം ഒരു വൻകിട ബിസിനസു തുടങ്ങണം.അതു ക്രമേണ പൊളിഞ്ഞു പൊളിഞ്ഞു ചെറുകിട ബിസിനസാകും. പിന്നെ വച്ചടി വച്ചടി കയറ്റ മായിരിക്കും!
ഭർത്താവ്: എന്ത്?
ഭാര്യ: കടം!!!