'പാർട്ടി ഘടകത്തിൽ ഒരു വനിതാ സഖാവുണ്ട് .അവിവാഹിത. അവർ ഗർഭിണിയായി.പാർട്ടി സെക്രട്ടറിയാണ് ഉത്തരവാദി എന്നവർ പറഞ്ഞു.കമ്മിറ്റിയിൽ ആകെ ബഹളമായി.വിഷയം പഠിക്കാൻ അന്വേഷണ കമ്മിഷനെ നിയോഗിച്ചു.വനിതാ സഖാവ് ഗർഭിണിയാണെന്ന വാദം അസംബന്ധവും അടിസ്ഥാന രഹിതവുമാണന്ന് കമ്മിഷൻ സംശയ രഹിതമായി തീർപ്പ് കല്പിച്ചു. ഈ കണ്ടെത്തൽ കമ്മറ്റി ഐക കണ്ഠേനെ അംഗീകരിച്ചു. തീരുമാനം മനസാ വാചാ കർമണാ തലയാട്ടാൻ എല്ലാ സഖാക്കളും ബാധ്യസ്ഥരാണല്ലോ.. ആറുമാസം കഴിഞ്ഞപ്പോൾ വനിതാ സഖാവ് പ്രസവിച്ചു. കമ്മറ്റി വീണ്ടും കൂടി. പാർട്ടി തീരുമാനം നഗ്നതയോടെ ലംഘിച്ചതിന് വനിതാ സഖാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കാനാണ് കമ്മിറ്റി തീരുമാനിച്ചത്.'(വിബി ചെറിയാൻ)
വിപ്ലവ പ്രവർത്തനം സർഗാത്മക പ്രവർത്തനമാണന്ന് ചിന്താമേഡം പറഞ്ഞപ്പോൾ ഇത്രയും കടുക്കുമെന്ന് നിരീച്ചതേയില്ല.. പാലക്കാട് സുരേഷട്ടന്റെ വിപ്ല സപര്യ പുറത്തു വന്നപ്പോഴാണ് സർഗാത്മകതയുടെ ആഴവും പരപ്പും ബോധ്യമായത്.
വരിക വരിക സഹജരെ സഹന സമര സമയമായി എന്നു മുദ്രാവാക്യം മുഴക്കി പീഢനത്തിന്റെ 11 ചെറുകഥകളുടെ ഒന്നാം വാല്യമാണ് പാർട്ടി സിക്രട്ടറിക്ക് കൊടി പിടിച്ച് കാൽനടയായി ചെന്ന് സഖാത്തികൾ സമർപ്പിച്ചതെന്നാണ് കേൾവി.സംഗതി ശരിയെങ്കിൽ പാർട്ടി ആപ്പിസിൽ വളർന്നു വന്നത് വെറും കോഴിയല്ല.കാട്ടുകോഴിയാണെന്നു സാരം. എന്റെ കൃഷ്ണാ, എന്താ കേക്കണത് !
വിപ്ലവം തോക്കിൻ കുഴലിലൂടെ എന്നാണ് ജീവിക്കാനും സുഖിക്കാനും ആളുകളിക്കാനും അറിയാത്ത പാവത്തുങ്ങളായ നക്സലുകൾ ചുവരെഴുതിയത്.. പുരോഗമനത്തിന്റെ പുതിയ എഡീഷനിൽ തഴച്ചത് കരിയറിസവും പ്രൊഫണലിസവും ബഡായിയും മാത്രം. നവലിബറലിസം സാമുഹിക പ്രതിബദ്ധതയെ തച്ചുടച്ചു. വർഗസമരം വർഗീയമായി.ആശയ സമരം ആമാശയ സമരവും.
അധികാരം പേർത്തും പേർത്തും ആസ്വദിക്കാനുള്ള പുതിയ വഴികളാണ് ഇപ്പോൾ സഖാക്കൾ തേടുന്നത്. ഏതു തരം നീതിയുടെ കുഴലിലൂടെ പാർത്താലും വിപ്ലവോർജ്ജം പുഷ്ടി പെടുത്താൻ വാജീകല്പം തന്നെയാണ് വിധി. ഒരു പക്ഷെ വരും കാലത്തെ ന്യൂജെൻ പുരോഗമന പ്രവർത്തനം പടർന്ന് പന്തലിക്കുന്ന വഴികളിലൊന്നാവാം ഇതും.
ഒളിവിലെ ഓർമകൾ എഴുതിയതു കൊണ്ടു നാട്ടുകാർ എഡിറ്റഡ് സ്മരണകൾ വായിച്ചു.എഴുതപ്പെടാതെ പോയ ബഹുശതം ഒളിവിലെ ഓർമകളാണ് വടക്കു മുതൽ തെക്കുവരെ പരന്നു കിടക്കുന്നത്.അതിൽ വീരത്വം മാത്രമല്ല മാദകത്വവും തുള്ളിത്തുളുമ്പുന്നതു കാണാം. അതിൽ രക്ത പുഷ്പങ്ങളുടെ കനലുകളുണ്ട്. മാംസ പുഷ്പങ്ങളുടെ തേങ്ങലുകളും.
ജന്മിമാരെയെല്ലാം മുച്ചൂടും അഞ്ചു സെന്റിൽ ഒതുക്കി ചരിത്രത്തെ കൊണ്ടു സുല്ലു പറയിച്ച വിപ്ലവകാലം കഴിയുമ്പോൾ അതിന്റെ നേതാക്കളെ തന്നെ ജന്മിമാരും ഭൂപ്രഭുക്കളും വൻകിട മൊയലാളിമാരും മൂരാച്ചികളുമായി മാറ്റിയത് ആവർത്തിക്കുന്ന ചരിത്രത്തിന്റെ പരിഹാസ്യതയായി മാറുന്നു. ആ ജീർണതകളൊക്കെയും ഈ കാലത്ത് ഒളിവിലെ ഒടിവിദ്യകളായും തെളിവിലെ ആദർശാത്മക വെടിവട്ടങ്ങളും വെടിവഴിപാടുകളുമായി മാറുന്നതിൽ അത്ഭുതമില്ല. അശേഷം.
യുവജന സംഘടനയുടെ ആപ്പീസ് ദില്ലിയിൽ ഉദ്ഘാടിച്ച ബേബിസഖാവ് പറഞ്ഞത് യുവാക്കളെല്ലാം എളിയിൽ തിരുകിയ സമരക്കച്ചയും പേറി 24 മണിക്കൂറും തെരുവോരങ്ങളിൽ സമരം ചെയ്തു കൊണ്ടേയിരിക്കണം എന്നാണ്. ദില്ലിയിലെ കാര്യം അറിയുന്ന സഖാവ് പിൻ പോയിന്റ് ചെയ്തത് പല ആശങ്കകളും മുൻകൂട്ടി കണ്ടാകണം.
ദില്ലിയിൽ കിടന്ന് ഉരുളാനും തീവണ്ടിയിൽ പോയി ഗോസായിമാരുടെ തല്ലോഹരി വാങ്ങാനും തവണ വ്യവസ്ഥയിൽ പോകേണ്ടത് ഇവിടുത്തെ കിഡ്സുകളാണ്. അവരെ ഒന്നിനും രണ്ടിനും മാത്രം ആപ്പീസിൽ കയറ്റിയിൽ മതി എന്നത് ബേബി സഖാവിന്റെ വിവേക ബുതിയാണ്.അല്ലേലും പുരോഗമനക്കാർ പിറവി മുതൽക്കേ ബുത്തി ജീവികളാണല്ലോ!
കമ്മ്യൂണിസ്റ്റ് ആരോഗ്യം കാത്തു സൂക്ഷിച്ചിരുന്ന ഒരു സഖാവ് ഇപ്പോൾ ഇവിടെയില്ല. ഒരാൾ പോയാൽ ഒരായിരം പേർ ഉയരുന്നു. അവർ നാടിൻ മോചന രണാങ്കണത്തിൽ പടരുന്നു. ഇതാണല്ലോ കവിയുടെ ചരണ മന്ത്രം !
കന്ന് തുളളിയാൽ കാണാം.കാളയായൽ വിഷയമാണ്.വിഷമമാണ്. രാഹുൽ മാങ്കൂട്ടത്തിനെതിരെ വേട്ടനായ്ക്കളെ പോലെയാണ് സഖാക്കൾ പാഞ്ഞത്. സഖികളും. .സദാചാരത്തീന്റയും ശാക്തീകരണത്തിന്റെയും ഗോൾഡൻ റൂളുകൾ കക്കിയവരാണ് അവർ.ഇപ്പോൾ ദേ കിടക്കുന്നു.ഉടുതുണി ഇല്ലാതെ.. ദേശീയ പുരസ്കാരം ലഭിക്കുന്ന വർക്കല്ലല്ലോ യാതൊരാളും ഇവിടെ ചെയ്തു കൂട്ടിയത്.
ഇന്നാട്ടിലെ സാസ്കാരിക വാച്ച്ഡോഗുകളുടെ വദനങ്ങളിൽ സൈലൻസറുകൾ ഘടിപ്പിച്ച മട്ടാണ്. മണി കിലുക്കുമ്പോൾ തന്നെ വായിൽ വെള്ളം നിറയുന്ന പരീക്ഷണപ്പരിഷകൾ !
ടി.സിദ്ധിക്കിന്റ വീട്ടിൽ സമരം ഉദ്ഘാടിച്ചത് റിയാസ്. പക്ഷേ ഗുരുതര ആരോപണം ഉന്നയിക്കപ്പെട്ട റിയാസിന്റെ വീട്ടുപടിക്കൽ സിദ്ധിക്ക് പോയില്ല. പിന്നെ പിർട്ടിയിലെ പീഢന വ്യാഖ്യാനം നടത്തുന്നത് ഉത്പതിഷ്ണുക്കളും മനോ വിജ്ഞാനീയകളുമായ എൽപി സ്കൂൾ മാഷ്മാരുടെയും ചുമതലയിലാകുന്നു.
പെണ്ണുങ്ങളെ വല്ലാതങ്ങു കെളച്ചു നട്ടു വലുതാക്കാനും അവരുടെ മാന്യതക്ക് അടിവളം ചേർക്കാനുമാണ് ഭഗീരദൻ പിള്ളമാരുടെ കഠിന ശ്രമം. അതിനായി അവരെ റോട്ടിൽ വെലങ്ങനെ നിർത്തി കൈപിടിപ്പിച്ചു മതിലുകൾ തീർക്കുകയും ചെയ്തു. പാവങ്ങളാണ് പെണ്ണുങ്ങളെല്ലാം.തൊഴിലുറപ്പു കൺവീനറും അയൽ ക്കൂട്ട ചേച്ചിമാരുമാണ് അവരുടെ സോഷ്യൽ അജണ്ടകൾ സെറ്റു ചെയ്യുന്നത്.
അത്യന്താധുനിക നവോത്ഥാന നായകനായി അഭിഷേകം. ചെയ്യപ്പെട്ട ചെങ്കീരിയാണ് പാലക്കാട്ടെ കീരിയെ ആവാഹിച്ച് അതിജീവിത എഴുതിയ വിക്രമത്തെ വായിച്ചു ബോധിപ്പിച്ചതെന്നു വാർത്തയുണ്ട്. അതിനു എന്തു കൊണ്ടും സർവ്വദാ യോഗ്യനാണ് മൂപ്പിൽസ് പുതിയാപ്ലയുടെ ഓൾഡ് ബീവി എഴുതി അയച്ച പരിദേവനങ്ങളൊന്നും ഇതുവരെയും .വായിക്കപ്പെട്ടില്ല. എന്തൊരു നീതി! എന്തെല്ലാം കാണണം,കേൾക്കണം ! എന്റെ ഭഗവാനേ...
ആവർത്തിച്ചു തളർന്ന നാട്ടിലെ നാണിമാരെ എന്തു വില കൊടുത്തും ധന്വന്തരം തൈലമാക്കാനാണ് നവോത്ഥാനികളുടെ ഇനിയത്തെ പരിപാടി എന്നു വികെഎൻ ഭാഷയിൽ പറഞ്ഞാലോ?
നാരി സ്തനഭര നാഭീദേശം
ദൃഷ്ട്വാ മാ ഗാ മോഹാവേശം
ഏതന്മാം സവ സാദി വികാരം
മനസി വീചിന്തിയ വാരം വാരം
(മോഹമുദ്ഗരം: ശ്രീ ശങ്കരാചാര്യർ)
സ്തനങ്ങൾ വിയർപ്പു ഗ്രന്ഥികളുടെ സംഘാതമാകുന്നു. നാഭിയും തനുവും കൊഴുപ്പും മാംസവും ചോരയും മാത്രമെന്നറിയുക. വിവേകികൾ ഇത് മനസിൽ ഉറപ്പിക്കണം. ഭൗതിക ഭ്രമം വിട്ട് പരമ സത്യത്തെ തിരിച്ചറിയുക...
ലാൽ സലാം.