NewsAd1
ഉണ്ടാലും ഇല്ലെങ്കിലും ഡയമണ്ട്....
സിദ്ധാർത്ഥ് എം
11 October 2026, 2:24 am
main image of news

ഇന്നലത്തെ മനോരമയുടെ ജാക്കറ്റ് പരസ്യം എംഎ യൂസഫലി ഉദ്ഘാടനം ചെയ്യുന്ന മെറാൾഡാ എന്ന ഗോൾഡ്, ഡയമണ്ട്,ജെം ഷോപ്പിനെക്കുറിച്ചായിരുന്നു.എറണാകുളം എംജി റോഡിൽ. യഥാർത്ഥ ബന്ധങ്ങൾക്ക് യഥാർത്ഥ ഡയമണ്ട് എന്ന ക്യാപ്ഷനിൽ. De Beers ഗ്രൂപ്പിന്റെ അരപ്പേജ് പരസ്യം അടുത്ത പേജിൽ. love from hubby - real love solitaires. വീണ്ടും അടുത്ത താളുകളിൽ ഡയമണ്ട് ആഭരണ പരസ്യം തന്നെ. അതും അരപ്പേജ്. കാരറ്റ് ലെയിൻ, ടാറ്റാ പ്രോഡക്ട്. വജ്രം പോലെ തിളങ്ങുന്ന 18 വർഷങ്ങളെന്നു കാപ്ഷൻ.20 ശതമാനം ഫ്ലാറ്റ് ഡിസ്കൗണ്ടും പസ്യം അറിയിക്കുന്നു.

അവസാന പേജിൽ 13 ലക്ഷം മുതൽ തുടങ്ങുന്ന ഹെക്ടർ ടൊമാഹാക് ഇവിയുടെ ഫുൾപേജ് പരസ്യമാണ്. സിംഗിൾ ചാർജിൽ 517 കിമീ. അഞ്ചും ഏഴും സീറ്ററുകൾ ലഭ്യമാണെന്ന് പരസ്യം കൺസ്യൂമറെ അറിയിക്കുന്നുണ്ട്.
മൂന്നാം പേജിൽ കാനറാ ബാങ്കിന്റെ യുപിഐ സേവനങ്ങളെ കുറിച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ എഴുതിയ കുറിപ്പാണ് കാൽ പേജിൽ.പുൾകിറ്റ് ടിഎംടി ബാറുകളാണ് അടുത്ത കാൽ പേജിൽ. കെന്റ് ആർ ഒ വാട്ടർ പ്യൂരിഫയറുകളാണ് അടുത്ത കാൽ പേജിലെ വിഷയം. അടുത്ത കാൽ പേജിൽ കുളിരും കുളിയും ഓഫറു ചെയ്യുന്ന ഏസിയുടെയും മറ്റു ധവള ഉല്പന്നങ്ങളുടെയും ഓഫറുകളാണ്.

 image 2 of news

കേരളത്തിൽ തിടം വെക്കുന്ന ഒരു അതിസമ്പന്ന സമൂഹത്തെ ആദ്യമേ അഭിവാദ്യം ചെയ്യേണ്ടതുണ്ട്..അവരുടെ നിത്യജീവിത വ്യവഹാരങ്ങളിലെ ഇച്ഛകളെ ശമിപ്പിക്കുന്ന വർത്തക സംരംഭങ്ങളും വരേണ്ടതാണ്. ഓരോ മാസത്തെയും രണ്ടാം ശനികളാണ് വിശദവായനക്കായി അവർ പത്രം തുറക്കുന്നതെന്ന പത്രാധിപരുടെയും പരസ്യ വിഭാഗത്തിന്റെയും തിരിച്ചറിവും അഭിനന്ദിക്കേണ്ടത്.

ഉപജാപക രാഷ്ട്രീയ തൊഴിലാളികളുടെ അണിയറക്കഥകളും അഴിമതിക്കഥകളും ലജ്ജയും മാനവുമില്ലാത്ത തള്ളുകളും അവയൊക്കെയും മുള്ളു തൊടാതെ വിഴുങ്ങുന്ന മാനവരും ഇവിടെ സജീവം. അക്കൂട്ടർ വായിച്ചും വാദിച്ചും ജാഥയിൽ ശരീരം നിക്ഷേപിച്ചും പരമ്പരാഗത കേരളത്തിന്റെ വികസന വിമുഖത പടർത്തുന്നതു തുടരും എന്നു സമാശ്വസിക്കാം.
HomeAd1
 image 3 of news

വായനയും അനുഭാവിക തലങ്ങൾ പകർന്നു നൽകുന്ന തിരിച്ചറിവുകളും ജീവിത നിരീക്ഷണങ്ങളുമുൾക്കൊള്ളുന്ന കേവല അറിവുകളെയും മൂല്യങ്ങളെയും പ്രായോഗിക മൂല്യങ്ങളുള്ള അറിവുകളായി ജീവിതത്തിൽ പരിവർത്തിപ്പിക്കുമ്പോഴാണ് ഗുണമേന്മയുള്ള സമൂഹം പിറവി കൊള്ളുക.

ഡോഗ്മകളിൽ കുരുങ്ങുന്ന സമൂഹം ഒരു നിശ്ചേഷ്ട സമൂഹമായി തന്നെ തുടരും എന്നതാണ് അനുഭവം.
കേരളത്തിൽ പ്രവാസികളുടെ പണമായി ഓരോ വർഷവും എത്തുന്നത് 2,17 ലക്ഷം കോടി രൂപയാണെന്നു കണക്കുകൾ.പക്ഷേ ഇതൊന്നും നിക്ഷേപങ്ങളായി മാറുന്നില്ല.പ്രത്യുല്പാദന പരമായ ആസ്തികളായും മാറുന്നില്ല. എവിടെയോ അവ ലീനമാകുന്നു.

 image 4 of news

വലിയവനും ചെറിയവനും വാങ്ങിക്കൂട്ടു ന്ന ഇ കോമേഴ്സ് വഴി പ്രതിവർഷം 5000 കോടി രുപ ഐജിഎസ്ടി ഇനത്തിൽ ചോരുന്നതായി മുഖ്യമന്ത്രി വിഡി സതീശൻ ജിഎസ്ടി കൗൺസിലിൽ പറയുകയുണ്ടായി. വിറ്റുവരവു നോക്കാതെ എല്ലാ ഓപ്പററ്റേർമാർക്കും ഇ-ഇൻവോയ്സ് നിർബ്ബന്ധമാക്കണമെന്നാണ് അദ്ദേഹം കൗൺസിലിൽ ആവശ്യപ്പെട്ടത്.

പണ്ട് നടത്തിയ പട്ടിണിജാഥകളുടെ ഹാങ്ങ് ഓവറിൽ നിന്നും നാം ഇതുവരെയും വിമുക്തമായിട്ടില്ല. അര നൂറ്റാണ്ടിനു മുന്നേ ഘനീഭവിച്ച മസ്തിഷ്കവുമായാണ് ഇപ്പോഴും നാം നമ്മുടെ മൊബൈലുകൾ തോണ്ടി തെറിപ്പിക്കുന്നത്.ഗോപിപ്പിള്ളയെ തേടുന്നത്.എഐയെ തിരയുന്നത്.

ഓരോ ദിവസവുമെത്തുന്ന നവജാത ബേബികളൊഴിച്ച് കേരളത്തിലെ എല്ലാ മഹാമാന്യ ജനങ്ങൾക്കും പെൻഷനും കൈമണിയും കൊടുത്തു വരുന്ന ഒരു പെൻഷൻ സർക്കാരാണ് നമുക്കുള്ളത്. ആവശ്യമുള്ളവർക്ക് അത് കൊടുക്കുക തന്നെ വേണം. വെള്ളം കയറുന്നിടത്തു തന്നെ വീടുവച്ച് വെള്ളം കയറുമ്പോൾ പെൻഷനു വേണ്ടി മുഖ്യമന്ത്രിയുടെ തള്ളയ്ക്കു വിളിക്കുന്ന തരത്തിൽ പ്രതിലോമമാണ് ഇന്ന് നമ്മുടെ സമൂഹം. സർക്കാർ സഹായം ഒന്നു കൊണ്ടു മാത്രം ലോകത്ത് ഒരു സമൂഹവും വളർന്നതായി തെളിവൊന്നുമില്ല. സ്വയം വളരുമ്പോഴാണ് സമൂഹവും സർക്കാരും ശാക്തീകരിക്കപ്പെടുന്നത് സെക്രട്ടേറിയേറ്റിനു ചുറ്റും ശയന പ്രദക്ഷിണ സമരം കൊണ്ട് കുറെ ഗോലി സോഡകൾ മാത്രമേ വിറ്റുപോകു. അതു മാത്രമാണ് സമരത്തിന്റെ പ്രായോജിക മൂല്യം! അഭിവാദയെ !.

ജോലി തേടി വന്ന യുവാവിനോട് കടയുടമ പറഞ്ഞു:
നാളെ മുതൽ വന്നോളു.
മാസം ശമ്പളം 20,000 രൂപ.വരാത്ത ദിവസം 500 രൂപ വീതം കട്ടു ചെയ്യും കേട്ടോ
ശരി, മുതലാളി. നാളെ മുതൽ വരാം
യുവാവ് വന്നത്ഒരു മാസം കഴിഞ്ഞ്
യുവാവ് ചോദിച്ചു :
മൊയലാളി, മൊയലാളി. ഞാൻ വന്നു. 30 ദിവസത്തെ പിടൂത്തം കിഴിച്ച എന്റെ ശമ്പളം താ മുതലാളി.
എടങ്ങടാ വതുവലേ എന്നും പറഞ്ഞ് ബോധം പോയ മൊയലാളി വെട്ടിയിട്ട വാഴ പോലെ കസാലയിലേക്ക് മറിഞ്ഞു.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞