ഇനി അല്പം നേർ ബുദ്ധിയാകാം: ലിറ്റ്മസ് 26 ഇന്ന്.
ഡോ.എസ്.ശിവപ്രസാദ്
19 October 2026, 5:54 pm
'ക്രൂശിതനായ യേശുക്രിസ്തുവിനെ ചാട്ടവാറടികളോടെ ഗാഗുൽത്ത മലയിലേക്ക് കൊണ്ടുപോവുന്നു. തിരുമുറിവുകളിൽ നിന്ന് രക്തം വാർന്നു വീഴുന്നു. അത് തുടയ്ക്കാനുപയോഗിച്ച തുണിക്കഷണങ്ങളിലൊന്നാണിത്....'
പുരാവസ്തുഗവേഷകനും 'ശാസ്ത്രജ്ഞാനി'യുമായ മോൻസൺ മാവുങ്കൽ വിശദീകരിച്ചു.
'അക്കാണുന്നത് അന്താണീസ് പുണ്യാളന്റെ നഖത്തിന്റെ കഷ്ണം... അൽഫോൻസാമ്മയുടെ മുഖാവരണത്തിന്റെ കഷ്ണമാണ് അപ്പുറത്ത്.' ഏത് മതക്കാരുടെയും ദൈവങ്ങളുടെ തിരുശേഷിപ്പുകൾ മോൻസൺ ആവശ്യക്കാരെ കാണിച്ച് വിശ്വസിപ്പിച്ചു
കെ.പി.സിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ,
മുൻ ഐജി ജി. ലക്ഷ്മണ, മുൻ ഡിഐജി എസ്. സുരേന്ദ്രൻ മുൻമന്ത്രി റോഷി അഗസ്റ്റിൻ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുൻ ഡിജിപി ലോക്നാഥ് ബെഹ്റ, ഡിജിപി മനോജ് എബ്രഹാം, എൻ. പ്രശാന്ത്സി ഐഎഎസ് നിമാതാരങ്ങളായ ബാല, നവ്യ നായർ ഗായകൻ എം ജി ശ്രീകുമാർ തുടങ്ങി നിരവധി പ്രമുഖരെ മാവുങ്കൽ ഊശിയാക്കി.
അത്രയ്ക്കുണ്ട് നമ്മളുടെ ശാസ്ത്രബോധവും യുക്തിചിന്തയുമെന്ന് നമ്മെ ഓർമ്മിപ്പിക്കാൻ ഒരു മോൻസൺ മാവുങ്കൽ തന്നെ വേണ്ടി വന്നു.
'ഭൂമിയിൽ ഒരു വാഴക്കയും ചെയ്യാൻ കഴിയാത്ത ദൈവത്തിന് സ്വർഗത്തിൽ എന്തു ഉലക്കയാണ് ചെയ്യാൻ കഴിയൂക യെന്ന് നമ്മുടെ ലോക സഞ്ചാരി ചോദിക്കുന്നു.
ദൈവമുണ്ടോ എന്നറിയില്ല. ഇല്ലാതിരിക്കുന്നതിന് നല്ലത് എന്നു കരുതുന്ന ചിന്തകരും ഏറെ. കാറ്റുകളെ വിതക്കുകയൂം കടലിനെ ഇളക്കുകയും സൂര്യനെ പ്രകാശിപ്പിക്കുകയും ചെയ്യുന്ന ശക്തി ചൈതന്യമാണ് ഈശ്വരൻ എന്നു വിവേകാനന്ദൻ.
സത്യാന്വേഷണത്തിന്റെ എല്ലാ ഗരിമകളും ഉപയോഗപ്പെടുത്തിയും ശാസ്ത്ര നേട്ടങ്ങൾക്കുമേൽ അർമാദിച്ചുമാണ് നാമിന്ന് ഭജനത്തിന് ഇറങ്ങുന്നത്.നാഴികയും വിനാഴികയും നോക്കിയാണ് പലരും മോക്ഷം വാരിക്കൂട്ടുന്നത്.
വിശ്വാസികളായാലും അവിശ്വാസികളായാലും അന്ധവിശ്വാസികൾ ആകാതിരിക്കുക എന്നതാണ് പ്രധാനം .
മതവും ശാസ്ത്രവും മതവിശ്വാസങ്ങളും തുറന്ന മനസോടെ ചർച്ച ചെയ്യുന്ന ലിറ്റ്മസിന്റെ ഇന്നത്ത തിരുവനന്തപുരം എഡീഷൻ യഥാർത്ഥത്തിൽ അവനവനെ തന്നെയാണ് വിചാരണ ചെയ്യുന്നത്.
പ്രാണൻ പുകയുമ്പോൾ പള്ളിയിലും അമ്പലത്തിലുമല്ല അടുത്ത മൾട്ടി സ്പെഷ്യാലിറ്റിയിലാണ് നാം കുതിക്കു
ന്നത്. ആ കേവലയുക്തിയെ പടർത്താനാണ് ലിറ്റ്മസ് വഴി തെളിയിക്കുന്നത്.
വസ്തുനിഷ്ഠമായ തെളിവുകളുടെയും പരീക്ഷണ നിരീക്ഷണങ്ങളുടെയും പ്രമാണങ്ങളുടെയും മേൽ പടുത്തുയർത്തപ്പെടുന്ന ശാസ്ത്രീയ ബോധമാണ് വിശ്വാസത്തിന്റെ മാനദണ്ഡമാകേണ്ടത് എന്ന് വാദിക്കുന്ന യുക്തിചിന്താപരതയും അതല്ല കേവലമായ തെളിവുകൾക്കപ്പുറം അനുഭവതലങ്ങളുടെയും ആന്തരിക ബോധ്യങ്ങളുടെയും അടിസ്ഥാനത്തിൽ അദൃശ്യമായ ഏതൊന്നിനെയും സത്യമായി കണ്ട് നെഞ്ചിലേറ്റാം എന്ന ആത്മീയവും തത്വചിന്താപരവുമായ വിശ്വാസവും തമ്മിലെ ആശയ സമര കാലഘട്ടത്തിലൂടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കൊടുങ്കാറ്റടിക്കലിന് ഇടയിലൂടെയുമാണ് സമൂഹം കടന്നു പോകുന്നത്.
കേരളീയ പൊതുമണ്ഡലത്തിൽ ശാസ്ത്രീയ മനോഭാവവും മാനവികതയും അന്ധവിശ്വാസ നിർമാർജനവും ലക്ഷ്യമാക്കി പ്രമുഖ സ്വതന്ത്രചിന്താ പ്രസ്ഥാനമായ 'എസ്സെൻസ് ഗ്ലോബലി’ന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആഗോള ചിന്താസംഗമമാണ് 'ലിറ്റ്മസ്'. പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ രവിചന്ദ്രൻ സി. യുടെ ആശയാവിഷ്കാരത്തിലും സജീവ നേതൃത്വത്തിലും രൂപംകൊണ്ട ലിറ്റ്മസ്, കേവലമായ വാർഷിക സമ്മേളനത്തിനപ്പുറം പ്രബുദ്ധ കേരളത്തിൽ ബൗദ്ധികവും യുക്തിസഹവുമായ ചർച്ചകൾക്ക് വഴിതുറക്കുന്ന സാംസ്കാരിക കൂട്ടായ്മയായി മാറിയിരിക്കുന്നു. നിരീക്ഷണം, പരീക്ഷണം, യുക്തി എന്നിവയിലൂടെ കാര്യങ്ങളെ വിശകലനം ചെയ്തും പാർശ്വവത്കരിക്കപ്പെട്ട യാഥാർത്ഥ്യങ്ങളെ പൊതുസമൂഹത്തിന് മുന്നിൽ എടുത്തുകാട്ടുകയാണ് ഈ സംരംഭത്തിന്റെ മൂലക്കല്ല്.
തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഇന്നു നടക്കുന്ന 'ലിറ്റ്മസ് 26'കൂടുതൽ വിപുലവും ഗൗരവമുള്ളതുമായ വിഷയങ്ങളോടെയാണ് അരങ്ങേറുന്നത്. 'Cure for Blindness' എന്ന ആപ്തവാക്യമുയർത്തി രാവിലെ 8.30 മുതൽ രാത്രി 7.30 വരെ നീണ്ടുനിൽക്കുന്ന പന്ത്രണ്ടു മണിക്കൂർ ബൗദ്ധിക സംവാദത്തിനാണ് തലസ്ഥാന നഗരി ഒരുങ്ങിക്കഴിഞ്ഞു. യാഥാസ്ഥിതികതയ്ക്കും മിഥ്യാധാരണകൾക്കും എതിരെ ശാസ്ത്രീയവും യുക്തിസഹവുമായ പ്രതിരോധം തീർക്കുക എന്നതാണ് ഇത്തവണത്തെ ഒത്തുചേരലിന്റെ പ്രധാന ലക്ഷ്യം.
ഏറെ വൈവിധ്യമാർന്നതും ചൂടേറിയതുമായ വിഷയങ്ങളാണ് ലിറ്റ്മസ് 26-ന്റെ സെഷനുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 'ദൈവം വിഭ്രാന്തിയോ?', 'യുക്തിയും ഭാവനയും', 'ഇന്റലക്ച്വൽ ജിഹാദ് - ‘ സവർക്കർ നായകനോ വില്ലനോ ?’ ‘മാധ്യമങ്ങളിലൂടെ വളരുന്ന ആഗോള ഭീകരത' തുടങ്ങിയ ഗൗരവകരമായ തലക്കെട്ടുകളിലുള്ള സംവാദങ്ങൾക്ക് പുറമേ, 'എക്സ്മുസ്ലിം ഓവറാണോ?' എന്ന വിഷയത്തിൽ മുസ്ലിം, എക്സ്മുസ്ലിം പ്രതിനിധികൾ തമ്മിൽ നടക്കുന്ന തുറന്ന സംവാദവും ഏറെ ശ്രദ്ധേയമാണ്. പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് വിദഗ്ദ്ധർ തൽസമയം മറുപടി നൽകുന്ന 'ഓപ്പൺ ക്ലിനിക്ക്', നവതലമുറയുടെ ചിന്തകളെ പ്രതിഫലിപ്പിക്കുന്ന 'ജെൻ സെഡ് കോർട്ട്' (Gen Z Court) എന്നിവ സമ്മേളനത്തിലെ പ്രധാന ആകർഷണങ്ങളാണ്.
രവിചന്ദ്രൻ സി. യുടെ മുഖ്യപ്രഭാഷണത്തിന് പുറമെ ശാസ്ത്രജ്ഞർ, ഗവേഷകർ, സാമൂഹിക നിരീക്ഷകർ, സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കാളികളാകുന്ന വൈവിധ്യമാർന്ന പാനൽ ചർച്ചകളും ഇതിന്റെ ഭാഗമായി നടക്കും. വൈജ്ഞാനിക രംഗത്ത് വിശിഷ്ട സേവനം അനുഷ്ഠിച്ച പ്രമുഖ വ്യക്തികൾക്കുള്ള എസ്സെൻസ് ഗ്ലോബലിന്റെ അവാർഡുകളുടെ വിതരണവും സമ്മേളന വേദിയിൽ വെച്ച് നടക്കും. സാമ്പത്തിക രംഗം, പ്രകൃതിശാസ്ത്രം, നിർമ്മിത ബുദ്ധി വരുത്തുന്ന മാറ്റങ്ങൾ തുടങ്ങി മാനവരാശി അഭിമുഖീകരിക്കുന്ന സമകാലിക വെല്ലുവിളികളെ യുക്തിഭദ്രമായി വിശകലനം ചെയ്യാൻ ഈ സെഷനുകൾ വഴിയൊരുക്കും.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ പ്രധാന നഗരങ്ങളിൽ നടന്ന ലിറ്റ്മസ് മുൻകാല സമ്മേളനങ്ങൾ വൻ ജനപങ്കാളിത്തം കൊണ്ടും വിഷയസ്വഭാവം കൊണ്ടും വലിയ തരംഗം സൃഷ്ടിച്ചിരുന്നു. പരിണാമ സിദ്ധാന്തം, തത്ത്വചിന്ത, ചരിത്രം, നിർമ്മിത ബുദ്ധി, ജെൻഡർ പൊളിറ്റിക്സ് തുടങ്ങിയ സങ്കീർണ്ണ വിഷയങ്ങളിൽ ഊന്നി നടന്ന മുൻകാല പ്രബന്ധാവതരണങ്ങളും സംവാദങ്ങളും ആയിരക്കണക്കിന് യുവാക്കളെ നേരിട്ടും ലക്ഷക്കണക്കിന് ആളുകളെ ഡിജിറ്റൽ മാധ്യമങ്ങൾ വഴിയും സ്വാധീനിച്ചു. കേവല മതവിമർശനത്തിനപ്പുറം ശാസ്ത്രത്തിന്റെ ആധുനിക കണ്ടെത്തലുകളെ അധിഷ്ഠിതമാക്കി സമൂഹത്തെ നവീകരിക്കാൻ കഴിഞ്ഞകാല ലിറ്റ്മസുകൾക്ക് സാധിച്ചിട്ടുണ്ട്.
അറിവിനെയും യുക്തിയെയും ഉപാസിക്കുന്നവർക്ക് ആഴത്തിലുള്ള ആശയവിനിമയത്തിനും സംവാദങ്ങൾക്കും വഴിയൊരുക്കുന്ന സമാനതകളില്ലാത്ത വേദിയാണ് ലിറ്റ്മസ് 26. കേരള പൊതുമണ്ഡലത്തിലെ വൈജ്ഞാനിക ചർച്ചകൾക്ക് പുതിയ രൂപവും മാനവും നൽകിക്കൊണ്ട്, യാഥാസ്ഥിതിക ചിന്താഗതികൾക്കെതിരെ ശക്തമായ ബൗദ്ധിക പ്രതിരോധം തീർക്കാൻ ഈ വിപുലമായ സ്വതന്ത്രചിന്താ മഹാസമ്മേളനത്തിന് സാധിക്കുമെന്നതിൽ സംശയമില്ല.