ഭഗ്നസിംഹാസനത്തിൽ 'ഞാൻ പ്രകാശൻ'
കെ.മോഹനൻ
20 October 2026, 5:45 pm
തലസ്ഥാന നഗരിയിൽ എസ്എഫ്ഐ പിള്ളേരും യൂത്ത് കോൺഗ്രസ്സുകാരും തമ്മിൽ ബിയർ കുപ്പികളും ചുടുകട്ടകളും കത്തിച്ച ടയറുകളും കൊണ്ട് സൗഹാർദ്ദ മൽസരം നടത്തിയതിന്റെ അടുത്ത ദിവസമായിരുന്നു
അടൂർ പ്രകാശിന്റെ ആദ്യ പരസ്യ വെടിവഴിപാട്.ശത്രു സംഹാരം..ഭഗീരഥൻപിള്ള.ഒറ്റവെടി എരട്ട വെടി.. കൂട്ടുവെടി.
ഏറുകൊണ്ടു ചുരുങ്ങിയ യൂത്തുകാരെ കുറിച്ച് ആ തിരുനാവായയിൽ നിന്നും ഒന്നും കേട്ടതേയില്ല. കോൺഗ്രസ് ആപ്പീസിലിരുന്നു സ്വന്തം മുഖ്യമന്ത്രിയെ ട്രോളുന്ന യുഡിഎഫ് കൺവീനറാണ് മഷിയിൽ തെളിഞ്ഞത്.
സർക്കാരിനെതിരെ രണ്ടു വർത്താനം പറയാൻ ഇനി പിസിസി ആപ്പീസിൽ പോയാൽ മതി. ഇതൊരു ക്ഷണമാണ്..
ഇതിന്റെ രണ്ടാം എപ്പിസോഡിന്റെ വേദിയായത് ദില്ലിയിൽ. കാരണവരെ കണ്ടു. പരാതി മുഖദാവിൽ സമർപ്പിച്ചു. ഗ്യാനേഷ് കുമാറിനെ ആവാഹിച്ച് പുളിമരത്തിൽ ബന്ധിക്കാൻ സർവ്വസംഹാര ഉപാസനയും അവധിയാഘോഷിക്കാൻ വിദേശത്ത് അജ്ഞാതവാസ വൈശാലി ക്രിയയും നടത്തുന്ന രാഹുലിന് ഈ അടുക്കള പോരു തീർക്കാൻ സമയമെവിടെ ? ഓണത്തിനിടയിലെ പുട്ടു കച്ചവടമായി ഈ ദൗത്യം ഒടുങ്ങി. സമയം നല്ലതല്ല..രണ്ടു നാൾ കേരളാ ഹൗസിൽ ഉണ്ടുറങ്ങി തിരുമ്പി വന്താൻ തമ്പി.. ഇതിനിടയിൽ മുറിയിൽ കടന്നു വന്ന സതീശനെ,മുഖം തുടയ്ക്കാൻ കരുതിവച്ച ഖദർഷാൾ അണിയിച്ച് ശത്രുത പുതുക്കുകയും ചെയ്തു പ്രകാശൻ..
ദില്ലിയിൽ രാഹുലിന്റെ നായകത്വത്തിൽ അരങ്ങേറുന്ന രണ്ടാം സ്വാതന്ത്ര്യ സമരം പുള്ളിക്കാരൻ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു.കേരള മക്കളെ എങ്ങിനെയും ഒന്നു സേവിക്കാണ് അദ്ദേഹത്തിന്റെ മനസു വെമ്പുന്നത്.അതിന്റെ കാൽനാട്ടു കർമമാണ് ഇവിടെ അരങ്ങേറിയത്.
വിഷയത്തിന്റെ നൈരന്തര്യം കാക്കാൻ ഒറ്റപ്പെടുത്തലിന്റെ തേങ്ങലുകളുമായി വീണ്ടും അയാൾ കഥ എഴുതി. ഒത്താൽ ഒത്തു. ഈ കലിപ്പിന്റെ മേക്ക്ഓവർ കാത്തിരുന്നു കാണാം.
ചെറിയാച്ചന്റെ ഈ ക്രൂരകൃത്യങ്ങൾക്കു പിന്നിൽ ചിലരുണ്ടെന്ന് മുരളീധരൻ മന്ത്രി പറയുന്നു. ആരുടെതാണ് ആ കറുത്ത കരങ്ങൾ ? ദില്ലിയുടെ അപഹാരമുണ്ടോ? പണിക്കരെ അടിയന്തിരമായി കാണണം.സുധാകരന്റെ വീട്ടുമുറ്റത്തു തകിടു കുഴിച്ചിട്ട മഹാമാന്ത്രികനെ കാണണം.വശ്യം വേണം. സംഹാരവും!
കോൺഗ്രസിന് വോട്ടു ചെയ്ത ജനങ്ങളോട് ഇങ്ങനെ തന്നെയാണ് പ്രതികാരം ചെയ്യേണ്ടത്.
ജോസ്പ്രകാശിന്റെ ഭാഷയിൽ പറഞ്ഞാൽ 'വെൽഡൺ മൈ ബോയ് ! വെൽഡൺ !'
ഖിന്നനാണ്, രോഷാകുലനാണ്. അടൂർ.കൈയ്യെത്തും ദൂരത്ത് സൗഭാഗ്യങ്ങൾ വന്നിട്ടും എല്ലാം തെന്നിമാറിപ്പോയി. വിജയം പരാജയമായി മാറുകയാണോ ?
യമകണ്ടക കാലമാണെന്ന് നിശ്ചയം. സ്ഥാനമാനങ്ങൾക്കുള്ള വെട്ടിപ്പിടുത്തത്തിൽ ദീർഘവീക്ഷണം കൈമോശം വന്നുപോയി.തലേലെഴുത്തിന് ചന്തിയിൽ ചൊറിഞ്ഞിട്ട് എന്തു കാര്യം
കോൺഗ്രസ് നേതാക്കളെ ഞെട്ടിച്ചല്ലേ കാരണഭൂതം വീണത്.110 സീറ്റെന്ന ചേട്ടായിമാരുടെ കണക്കിൽ കൊങ്ങികളും പെട്ടു. വിധിയുടെ വിളയാട്ടം. നിക്കണോ പോണോ എന്ന കമ്പ്യൂഷനിൽ ഇവിടെ തൊഴിൽരഹിതനാവേണ്ട എന്ന വെളിപാടിലാണ് ദില്ലിയിലേക്ക് പലരും. വണ്ടി പിടിച്ചത്. പ്രബുദ്ധരായ സമ്മതിദായകർ വോട്ടുകുത്തി കഥാപുരുഷുക്കളുടെ ഭാവി തുലച്ചു എന്നു പറഞ്ഞാൽ മതിയല്ലോ.
ഇതു സദാനന്ദന്റെ സമയമാണ്.ഗജകേസരി യോഗം... അതിനാലാണ് എല്ലാ കോൺഗ്രസ് സമാജികരും ഒത്തുപിടിച്ചിട്ടും മലയിങ്ങ് പോരാത്തത്. വൺമാൻ ആർമിയായി തന്നെയാണ് വിഡി പടനയിച്ചതും പട ജയിച്ചതും.
നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയം തുടങ്ങിയ മുതൽ ദില്ലിയിലെ ചൂടും തണുപ്പും കേരള എംപിമാർക്ക് അലർജിയായി. 19 പേരുടെ തലവേദന തീർന്നല്ലോ എന്ന് ആശ്വസിച്ചപ്പോഴാണ് അവരുടെ പുതിയ പുലികളി കണ്ടത്.. അവസരങ്ങൾ തങ്ങൾക്കു മാത്രം എന്ന ജനായത്ത ചിന്തയായിരുന്നു പുന്നാര നേതാക്കൾക്ക്.
സുധാകരൻ ചൂട്ടും കത്തിച്ചു ദില്ലിയിൽ തങ്ങി.സീറ്റൊപ്പിക്കാൻ. അടൂരും മറ്റു പലരും ആശകൾ നെയ്തു. ആ ചാൻസുകളെ വെട്ടിയരിഞ്ഞു കൊണ്ട് സതീശൻ ആദ്യ ഹവനം നടത്തി. അന്ന് അടൂരിന്റെ സ്വപ്നങ്ങളായിരുന്നു ചവിട്ടി അരയ്ക്കപ്പെട്ടത്. .പകയുടെ കനലുകൾ അവിടെയാണ് നീറാൻ തുടങ്ങിയത്.
എംഎൽഎയും ഒരു പ്രധാന വകുപ്പിന്റെ മന്ത്രിയുമായി പായേണ്ട ആൾ കാഴ്ചക്കാരനായി കൊതിക്കെറുവുമായി ഒതുങ്ങേണ്ടി വന്നു. നിരാശ.ശൂന്യതാ ബോധം...സീനിയോറിറ്റിയുടെ അസ്കിത,ജൂനിയർ പിള്ളേരുടെ മന്ത്രി പദവി.എല്ലാം ദു:ഖമയം.ശോക കോടീരം.
കെപിസിസി അധ്യക്ഷനാകാൻ പണ്ടേ ആഗ്രഹിച്ചു. അതുവഴി അടുത്ത പദവിയും.. ഇന്നത്തെ നിലക്ക് ഒന്നും നടപ്പില്ലെന്ന തിരിച്ചറിവ് അദ്ദേഹത്തെ വിമതനാക്കുകയാണ്. വേറെ ചോയ്സൊന്നുമില്ല എന്നത് മറ്റൊരു കാര്യം.
നഷ്ട സ്വപ്നങ്ങളേ നിങ്ങളെനിക്കൊരു
ദു:ഖ സിംഹാസനം നൽകി
തപ്ത നിശ്വാസങ്ങൾ ചാമരം വീശുന്ന
ഭഗ്ന സിംഹാസനം നൽകി....