പി ഭാസ്കരനെ മറന്ന 'വയലാർ'
കെ.മോഹനൻ
22 October 2026, 6:00 pm
വിപ്ലവകാരികളുടെ ചോര വീണ് മണ്ണു ചുവന്ന പുന്നപ്ര-വയലാർ പോരാട്ടത്തിന്റെ 80ാം വാർഷികമാണ്.
രക്തസാക്ഷികളെ അനുസ്മരിക്കുകയും പോരാട്ട ഭൂമിയെ നമിക്കുകയും ചെയ്യുമ്പോൾ ഓർമ്മിക്കപ്പെടേണ്ട ഒരാൾ,അയാളുടെ അവസാന കാലത്തിലെന്നപോലെ സ്മൃതി നാശത്തിനിരയാവുന്നു.
ഉയരും ഞാൻ നാടാകെ
പടരും ഞാനൊരു പുത്തൻ
ഉയിർ നാടിനേകിക്കൊ-
ണ്ടുയരും വീണ്ടും...
പുന്നപ്ര വയലാറിൽ എന്തു നടന്നു എന്ന് അന്ന് ലോകത്തോടു വിളിച്ചു പറഞ്ഞ ഇരുപത്തിരണ്ടുകാരനായ ഒരു വിപ്ലവ കവി 'വയലാർ ഗർജ്ജിക്കുന്നു' എന്ന കാവ്യം അവസാനിപ്പിക്കുന്നത് ഈ നിമിഷവും വായനയിൽ രോമാഞ്ചവും ആവേശവും കൊള്ളിക്കുന്ന ഈ വരികളോടെയാണ്.
പുന്നപ്ര വയലാർ സമരത്തിന്റെ എൺപതാം വാർഷികത്തിന്റെ ഈ വേളയിൽ പി ഭാസ്കരൻ മാഷിന്റെ ജീവൻ തുടിക്കുന്ന, ചിന്തയിൽ തീ പടർത്തുന്ന ഈ വാക്കുകളും വാങ്മയങ്ങളും ഒരഗ്നിശലാകയായി മാറുകയാണ്.
"ഉയരും ഞാൻ നാടാകെ
ഉയരും ഞാൻ,വീണ്ടുമ-
ങ്ങുയരും ഞാൻ
വയലാറങ്ങലറീടുന്നു
മിഴികളിലാവേശ
ത്തെളിനാളം തെളിയുന്നു
ഹൃദയത്തിൽ
വഴിയുന്നു വിപ്ലവബോധം."
മാഷിന്റെ രോഷവും പ്രതിഷേധവും ഗർജ്ജിച്ചു തുടങ്ങുന്നത് ഈ വരികളിലൂടെയാണ്.
ഒളിവിലെ സഖാക്കളെ സഹായിക്കാനുള്ള പണപ്പിരിവിന് കോട്ടയത്തു പോയ മാഷിനെ പൊലിസ് അറസ്റ്റു ചെയ്തു. ലോക്കപ്പിൽ ഇടിയും അടിയും മൂന്നാം മുറയും ഏറ്റുവാങ്ങിയത് മൂന്നു നാൾ. പിന്നെ പതിനഞ്ചു ദിവസം ഏകാന്ത തടവുകാരനായി ജയിലിൽ.യുവകവിയെ പൊലീസ് തല്ലിക്കൊന്നെന്നു പത്രങ്ങൾ എഴുതി.
ഇനിയും മരിച്ചിട്ടില്ലെന്ന് അമ്മ അറിയാനും അമ്മയെ അറിയിക്കാനും അന്നത്ത ആ ജെൻസി കൊടുങ്ങല്ലൂരെ കുടൂംബത്തെത്തി. അടുത്ത നാൾ വെടിപ്പുകയൂം ഭീതിയും കനത്തു നിൽക്കുന്ന വയലാറിലേക്കു പോയി;ആക്ഷൻ കഴിഞ്ഞ് ദിവസങ്ങൾക്കകം. ചോറ്റുപട്ടാളവും ഒറ്റുകാരും കഴുകൻ കണ്ണുകളും കവാത്തും തോക്കിൻ പാത്തികളുമായി,അവശേഷിക്കുന്ന ഇരകളെയും തിരയുന്ന സമയം.മരണഭയം ലേശവുമില്ലാതെ
തകർത്തിട്ട വയലാറിനെ അദ്ദേഹം വലം വച്ചു.കുടിലുകളിൽ പോയി. പിന്നെ പുകയുന്ന അഗ്നിശൈലവും പേറി മടങ്ങി.
തറവാട്ടിൽ തിരിച്ചെത്തിയ ആ ഇരുപത്തിരണ്ടുകാരൻ ആകാശദീപങ്ങളെ സാക്ഷിയാക്കി പൊട്ടിത്തെറിച്ചു.
'വയലാർ ഗർജ്ജിക്കുന്നു' എന്ന കവനത്തിലൂടെ.
1946 ഡിസംബറിൽ പുസ്തകം പുറത്തു വന്നു.രവി എന്ന എഴുത്തുകാരന്റെ പേരിൽ. നിരോധനവും വന്നു. എന്നാൽ അച്ചടിച്ചത് മുഴുവനും വിറ്റുപോയി.
"ഒരു നാളും മറയാതെ
കാലത്തിൻ തൂവാല
ച്ചുരുളിനും മായ്ക്കാനും കഴിയാതങ്ങ്
ചിരകാലം രാജ്യത്തിൻ
ഓർമയിൽ ഒക്ടോബർ
ഇരുപത്തിയേഴു തെളിഞ്ഞു മിന്നും''
എന്നും കവി ദീർഘദർശനം ചെയ്തു.
മികച്ച അവസരങ്ങളും ഉയർന്ന ജീവസന്ധാരണവും ഉറപ്പായിരുന്ന മാസ്റ്റർ, കൊച്ചിയിൽ എംഎൽസിയായിരുന്ന ഒരു പിതാവിന്റെ മകൻ ,പ്രശസ്തമായ കൊടുങ്ങല്ലുരിലെ ഒരു മേനവൻ കുടുംബാംഗം, അങ്ങനെയൊരാൾ
അറസ്റ്റും ലോക്കപ്പും ജയിലും തെരഞ്ഞെടുത്തത് ഉയർന്ന മാനവിക മൂല്യങ്ങളെ അധികരിച്ചായിരുന്നു. ഗൂഢാലോചന, അട്ടിമറി ശ്രമങ്ങൾ, വിധ്വംസക പ്രവർത്തനങ്ങൾ,
രാജ്യദ്രോഹം തുടങ്ങിയ കീർത്തി മുദ്രകളായിരുന്നു കവിക്ക് അന്നും ചാത്തി കിട്ടിയത്.
ഇന്ന് മാസ്റ്റർ/മാഷ് എന്ന പദത്തിന് അർത്ഥലോപം വന്നിരിക്കുന്നു. പറയു മ്പോൾ വിപരീതമാകുമോ എന്ന ശങ്കയും ശങ്കുവും;ടീച്ചർ എന്ന പദം പോലെ. രാഷ്ട്രീയക്കാർ ഇന്നു മേനോൻ എന്നു പറഞ്ഞാലും ജാഗ്രത വേണം.
പി.ഭാസ്കരൻ മാസ്റ്റർ ഇന്നു കമ്മ്യൂണിസ്റ്റു പാർട്ടികൾക്കും നേതാക്കൾക്കും അനഭിമതനാണ്. അദ്ദേഹത്തിന്റെ ഈ ജന്മശതാബ്ദി വർഷത്തിൽ പോലും ഒരു കക്ഷിയും പങ്കുപറ്റിയില്ല. പരിപാടികളും ഉണ്ടായില്ല.അദ്ദേഹത്തെ വ്യക്തിപരമായി സ്നേഹിക്കുന്നവരും ബന്ധുക്കളും മാത്രമാണ് ഈ വേള അനുസ്മരിച്ചത്.
കോടാമ്പാക്കം കവികളുടെ റെഡികുക്ക് സാധനങ്ങളായിരുന്നു ഇക്കാലമത്രയും നാം തിന്നു തീർത്തത്.അവരായിരുന്നു ബ്രാൻഡു ചെയ്യപ്പെട്ട വിപ്ളവ കവികൾ.
ദന്തഗോപുരം തപസിനു തിരയും ഗന്ധർവ്വ കവിയല്ലന്നു പറഞ്ഞ കവിഗന്ധർവ്വനും കവിജീവിതം മുന്തിയ മൂല്യത്തിന് ഇൻഷ്വർ ചെയ്ത കവികളുമാണ് പിന്നീട് നമ്മുടെ റൊമാന്റിക് വിപ്ലവ കവനം പുഷ്കലമാക്കിയത്.അവരുടെ ബഹുരൂപങ്ങളാണ് സ്മാരകശില്പങ്ങളായി പുരങ്ങളിൽ നിറഞ്ഞത്. അതിനു ചാരെ ഒരു കൈത്തെറ്റായി വൈകി എത്തി മാസ്റ്ററുടെ രൂപവും.. . കൊട്ടിപ്പാടാനും കെട്ടിയാടാനും ഒരു പോഷകനോ ഒരു അക്കാദമിയോ വന്നില്ല. ഒരു കൂട്ടായ്മയും വന്നതുമില്ല.
ഒരു ഘട്ടം കഴിഞ്ഞാൽ വിപ്ലവം അതിന്റെ കുഞ്ഞുങ്ങളെ തന്നെ ഭക്ഷിക്കുമെന്നു പറഞ്ഞത് പ്ലഖ്നോവാണോ ?
പുന്നപ്ര വയലാർ സമരത്തെ അധികരിച്ച പഠനങ്ങളും നിരീക്ഷണങ്ങളും ഏറെയുണ്ട്.അതിലെ ശരിതെറ്റുകളുടെ സംവാദവും തുടരുന്നു. സമരവുമായി ബന്ധമില്ലാത്തവരും അന്നു സ്ഥലത്തില്ലാത്തവരും പിന്നീട് സമര ഹീറോകളായി മാറി.മറിമായം! അതിനിടയിലും പാർട്ടിക്കാരനായി മരിച്ഛ വയലാർ സ്റ്റാലിൻ സികെ കുമാരപ്പണിക്കരെയും വലിയ ചുടുകാടിൽ ദഹനം വേണ്ടന്നു ശഠിച്ച് തെമ്മാടിക്കുഴിയിൽ ഒടുങ്ങിയ കുന്തക്കാരൻ പത്രോസിനെയും ആർക്കാണ് മറക്കാൻ കഴിയുക!അനുഷ്ഠാനപരമായി ആണ്ടോടാണ്ട് നടത്തുന്ന വാരാചരണങ്ങൾ മാത്രമാണ് ബാക്കിയാകുന്നത്.
പട്ടാളത്തിന്റ തോക്കിൻ കുഴലിൽ നിന്നും ഉതിർന്നത് നേതാക്കൾ പറഞ്ഞു വിശ്വസിപ്പിച്ച പോലെ മുതിരയായിരുന്നില്ല. അസൽ തിരകളായിരുന്നു.കവുങ്ങു മരച്ചീളികളിൽ അറ്റം കൂർപ്പിച്ചുണ്ടാക്കുന്ന വാരിക്കുന്തങ്ങൾ തോക്കിന് ബദലായിരുന്നുമില്ല.
ഇനിയും തിട്ടപ്പെടാത്ത ആയിരത്തോളം രക്തസാക്ഷ്യങ്ങൾ...
നിരപരാധികളുടെയും നിഷ്കളങ്കരുടെയും ചോരയിൽ നിന്നും ഉയർന്ന പൂമരങ്ങളാണ് ഇന്ന് അഴിമതിക്കും പണംവാരലിനും കോടതി വരാന്തകളിൽ നിരങ്ങുന്നത്...
ലാൽസലാം
ലാൽ സലാം.