'ഭരണഘടനയുടെ ആർട്ടിക്കിൾ 316 പ്രകാരം നിയമിക്കപ്പെടുന്ന പി.എസ്.സി അംഗങ്ങൾക്ക് ആർട്ടിക്കിൾ 316 (2) പ്രകാരം ആറുവർഷത്തെ കാലാവധിയുണ്ട്. കാലാവധിക്കകം ഒരംഗത്തെ നീക്കം ചെയ്യണമെങ്കിൽ ആർട്ടിക്കിൾ 317 പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കണം. അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രവൃത്തിദോഷം സംബന്ധിച്ച് സുപ്രീം കോടതി അന്വേഷണ വിചാരണ നടത്തി റിപ്പോർട്ട് നൽകിയാൽ മാത്രമേ രാഷ്ട്രപതിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സാധിക്കൂ. അത്തരം അന്വേഷണമൊന്നും നടക്കാത്ത സാഹചര്യത്തിൽ ഗവർണർക്ക് ശുപാർശ നൽകാൻ ഭരണഘടനാപരമായ അധികാരമില്ല...' ഭരണഘടന വായിച്ച് സുചിന്തിതമായ അഭിപ്രായം പറഞ്ഞത് സാക്ഷാൽ പിണറായി വിജയൻ.
പിഎസ് സി ഭരണഘടനാ സ്ഥാപനമാണെന്ന് പറയുമ്പോഴും ചെയർമാനുപ്പെടെയുള്ള നിയമനങ്ങളെല്ലാം കക്ഷി രാഷ്ട്രീയാടിസ്ഥാനത്തിലാണെന്നതാണ് വസ്തുത. പ്രധാന ഭരണകക്ഷിയുടെയും മറ്റ് ഘടകകക്ഷികളുടെയും മത-ജാതി സംഘടനകളുടെയുമൊക്കെ താത്പര്യം നോക്കിയുള്ള വീതം വയ്ക്കലാണ് ഇത്തരം നിയമനങ്ങൾ. എന്നാൽ ചുമതലയേറ്റാലും രാഷ്ട്രീയ താത്പര്യങ്ങൾക്കു വിധേയരായി മാത്രമേ പ്രവർത്തിക്കൂ എന്ന് തീരുമാനിക്കുമ്പോഴാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. കേരള സർവ്വകലാശാലയിലെ വിവാദമായ അസിസ്റ്റന്റ് നിയമനം പോലെ പാർട്ടിക്കാർക്കും ബന്ധുക്കൾക്കുമായി പിഎസ് സി നിയമനങ്ങൾ വീതം വയ്ക്കുന്നത് ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗപ്പെടുത്തലല്ലാതെ മറ്റെന്താണ്?
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട നിയമനവും നീക്കം ചെയ്യലും ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരമാണ് നിയന്ത്രിക്കുന്നത്. പാർലമെന്റിന്റെ ഇരുസഭകളിലും പ്രത്യേക ഭൂരിപക്ഷത്തോടെ (impeachment motion) തെളിയിക്കപ്പെട്ട ദുർനടപ്പ് അല്ലെങ്കിൽ അയോഗ്യതയുടെ പേരിൽ പ്രമേയം പാസാക്കി രാഷ്ട്രപതിയുടെ ഉത്തരവിലൂടെ മാത്രമേ നീക്കം ചെയ്യാൻ കഴിയൂ. സർക്കാരിന് കമ്മിഷനെ നേരിട്ട് പിരിച്ചുവിടാൻ കഴിയില്ല.ഭരണഘടനയുടെ 316,317 വകുപ്പുകൾ വരെ വായിച്ച പിണറായിയും ഇടത്-വലതു കക്ഷികളും അല്പം കൂടി വായിച്ച് 324 വരെ എത്തിയിരുന്നെങ്കിൽ ജന്തർ മന്തറിലും സമാധാനം പുലർന്നേനേ. അത് ശരിയാവില്ല. ഗ്യാനേഷ് കുമാർ രാജി വയ്ക്കണം. പറ്റിയാൽ മോദിയും അമിത് ഷായും.
കേരളത്തിലെ പുതിയ ഗവർണർ ഒ പി മാഥൂർ തന്റെ ഔദ്യോഗിക കുശിനിയിൽ സസ്യാഹാരം മാത്രമേ പാചകം ചെയ്യാവൂ എന്ന് ശഠിച്ചാൽ കെ.സി വേണുഗോപാലിനെന്താണ് പ്രശ്നം? മുഴുവൻ ജീവനക്കാരും പൂണൂലിട്ട് പച്ചില കഴിക്കണമെന്ന് മാഥൂർ പറഞ്ഞോ? അർലേക്കർക്കു വേണ്ടി വാങ്ങി സൂക്ഷിച്ച അയിലയും കോരയുമൊക്കെ മാഥൂറും കഴിക്കണമെന്നാണോ? ജീവനക്കാരായ മാംസാഹാരികളെയും സമ്പൂർണ്ണ സസ്യാഹാരികളെയും ലോക് ഭവനിൽ നിന്ന് പുറത്താക്കി അർലേക്കർ മീൻ വെള്ളം തളിച്ച് പരിസരം ശുദ്ധിയാക്കിയതായി നമ്മളാരും കേട്ടിട്ടില്ല. ഭക്ഷണത്തിൽ മീനോ മാംസമോ ആവശ്യപ്പെട്ടാൽ മതേതരവും പച്ചക്കറി ചോദിച്ചാൽ മതഭീകരതയുമാകുന്നത് എങ്ങിനെയാണോ എന്തോ !
മനുഷ്യനൊഴികെ പ്രകൃതിയിൽ ലഭ്യമായതെന്തിനെയും ആഹരിക്കാനുള്ള സവിശേഷ അനുമതി സ്വായത്തമാക്കിയവരാണ് നമ്മൾ. നമ്മുടെ ആഹാരം, നമ്മുടെ അവകാശം.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



