"നീ എന്തിനാ ഞെട്ടിയത് ?"
"അച്ഛാ, ഞാൻ കരുതി ഏതോ കുത്തക മുതലാളിയാണെന്ന്"
"എന്തിനാ നീ അവരെ പേടിക്കുന്നത് ?"
"അവരെ പേടിക്കേണ്ടവരാണ് അച്ഛാ അവർ വിപ്ലവ വഴിയിലെ കാരമുള്ളുകളാണ്, വിഷ സർപ്പങ്ങളാണ്...."
വൈദേകം എന്നതിന് പഴയവിദേഹത്തെ അരചന്മാരെന്നും വേദജ്ഞാനികളുമെന്ന് അന്വയം.
എന്നാൽ ഈ വൈദേകം
കണ്ണൂരിലെ ധർമ്മശാലയ്ക്ക് സമീപമുള്ള ഒരു പ്രമുഖ ആയുർവേദ വെൽനസ് റിസോർട്ടാണ്
ആയുർവേദ ചികിത്സകൾ, യോഗ, സുഖവാസ സൗകര്യങ്ങൾ ഉള്ള ഒരു ഹീലിംഗ് വില്ലേജ്.
മുതിർന്ന നേതാവ് ഇപിയുടെ ഭാര്യ പി.കെ. ഇന്ദിര, മകൻ ജെയ്സൺ എന്നിവർക്ക് ഈ റിസോർട്ടിൽ ഓഹരി യുണ്ടെന്നത് പഴയ വിവാദം. .
കരിമണൽ കർത്തയുടെ പണമാണ് നിക്ഷേപമെന്ന് ഇ.പി. ജയരാജന്റെ അനന്തരവൻ ഇ.പി. ശ്യാംജിത്ത് ആരോപിക്കുന്നു. എന്നാൽ തന്റെ വിരമിക്കൽ തുകയാണിതെന്നു ഇ.പി. ജയരാജന്റെ ഭാര്യയും റിസോർട്ട് മാനേജ്മെന്റും വ്യക്തമാക്കുന്നു .
റിസോർട്ടിലെ മുൻ ജീവനക്കാരിയായ ഈപിയുടെ അനന്തരവളും ശ്രീജിത്തിന്റെ ഭാര്യയുമായ ദീപയെ സാമ്പത്തിക ക്രമക്കേടിന് പുറത്താക്കിയതിന്റെ പ്രതികാരമാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും മാനേജ്മെന്റ് പറയുന്നു
ഇവിടെ തനിക്ക് യാതൊരുവിധ സാമ്പത്തിക ബന്ധമോ ഷെയറുകളോ ഇല്ലെന്ന് ഈപിയും പറയുന്നു. ..
ജയരാജൻ്റെ ഭാര്യ കർത്തയുടെ പണം വാങ്ങി എന്ന ആരോപണം നിഷേധിച്ച് വൈദേകം റിസോർട്ട് ജനറൽ മാനേജരുമുണ്ട്... ശ്യാംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രതികാരം മൂലമെന്നും അദ്ദേഹം പറയുന്നു.
ഇതൊക്കെയാണ് ബൂർഷ്വാ മാധ്യമങ്ങൾ
തട്ടിവിടുന്ന കിംവദന്തികൾ. മൂരാച്ചികൾ !തൊഴിലാളി വർഗം ഈ പ്രചാര വേല പാടെ തള്ളുമെന്നതിൽ സംശയമില്ല
മുതലാളിമാർ കാര്യമേതുമില്ലാതെ നാടിന്റെ നാനാഭാഗത്തും വിപ്ലവകാരികളെ തപ്പുന്ന കാലമാണിത്.സൂക്ഷിക്കണം അരയിൽ തിരുകിയ വിപ്ലവ ഏലസ് കക്കാനാവും വരവ് .വിപ്ലവവീര്യത്തിന്റെ പാതിവ്രത്യവും അവർ കവർന്നേക്കാം
അറിയപ്പെടുന്നതും അറിയപ്പെടാത്തതു മായ എല്ലാ നേതാക്കൾക്കും ഈശ്വര സഹായത്താൽ ആലംബമായി ചെറുതും വലുതുമായ കാൽഡസനെങ്കിലും കരുണാമയന്മാരായ മൊയലാളിമാർ വിളിപ്പാടകലെയുണ്ടെന്നത് വർഗസമരം നടത്താൻ എന്തു സഹായകരമാണെന്ന് അനുഭവമുള്ളവർക്ക് അറിയാം
മുതലാളിമാരുടെ അതിരില്ലാത്ത കനിവുകളിലാണ് നമ്മുടെ കുട്ടികൾക്ക് ശീമയിൽ പോയി പഠിക്കാൻ കഴിഞ്ഞത്.അവരുടെ സംരംഭങ്ങളിൽ മുന്തിയ പണി തരപ്പെട്ടത്.കമ്പനികളിൽ ഓഹരി കിട്ടിയത്. നിക്ഷേപങ്ങൾ തരപ്പെട്ടത്.
വച്ചടി വച്ചടി വിദേശ യാത്രകളും ശാപ്പാടും പാർപ്പും വാത ചികിൽസയും അങ്ങനെയാണ് തരമായത്.
കുത്തക മുതലാളിമാരേ, നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ്.
സ്വർഗരാജ്യവും നിങ്ങൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.
കർത്താവ് കർമം ക്രിയ എന്ന ക്രമത്തിലാണ് കാര്യങ്ങളുടെ പോക്ക്.കർത്താവ് എന്നൊരാൾ ഈ ഭൂമി മലയാളത്തിലുണ്ടെന്ന് അറിയാത്ത ചിറ്റപ്പനായ ഇ.പി. അയാളുടെ ധനരാശിയാണ് റിസോർട്ടെന്ന് അനന്തരവനായ മറ്റൊരു ഇ.പി. പ്രിയതമയുടെ അടിത്തൂൺ തുകയുമുണ്ടെന്ന് ഇ പിയുടെ ടിപ്പണി വേറെ.. അക്കൗണ്ട്സ് മാനേജരായീ ഇ പിയുടെ ശിപാർശയിൽ കയറിക്കൂടിയ കച്ചറകളാണ് ഒരു കുടുംബ പ്രശ്നമായും ഒരു റിസോർട്ടിലെ മാനേജ്മെന്റ് പ്രതിസന്ധിയായും ഒരു രാഷ്ട്രീയ അഴിമതി പരമ്പരയിലെ പുതിയ എപ്പിസോഡായും അവതരിക്കപ്പെട്ടത്.
കർത്താവ് ദേശീയ സംസ്ഥാന കമ്മിറ്റി ക്ഷണിതാവല്ലെങ്കിലും എല്ലാ കമ്മറ്റി അംഗങ്ങളുടെയും ക്ഷണിതാവാണ്. ഏതു അഴിമതിയുടെ അപസർപ്പക കഥയിലും ഒരു തല കർത്താവാണ് മേലേ തല മറ്റാരാ?ചുക്കില്ലാത്ത കഷായമുണ്ടോ ?
ഇ പി ക്ക് ഒന്നുമറിയില്ല പക്ഷേ നാളും തിഥിയും തെറ്റാതെ വൈദേകത്തിന്റെ കഥ പറയുന്നു. അകത്തെ അക്കാണ്ട് ബുക്കിലെ കണക്കും അറ്റാദായവും കിറുകൃത്യമായി മാപ്രകൾക്കു മുന്നിൽ. പ്രഖ്യാപിക്കുന്നു . ഒരു ചാനലിനെതിരെ കടലാസ് കോടുക്കുമെന്നും പറയുന്നു. ഇവനൊക്കെ ഇങ്ങനെ മാന്യൻമാരെ അപമാനിച്ച് നടക്കാതെ നയിച്ച് ജീവിച്ചു കൂടേ?
വെറുതെ കിടന്നു ബലം പിടിക്കാതെ അനന്തവരനെയും കളത്രത്തെയും വി ളിച്ച് വിരുന്നു കൊടുത്ത് പറഞ്ഞു തീർക്കരുതോ ? വെറുതെ ഒലക്ക എടുത്ത് കാലിലിടുന്നതെന്തിന്?
പാർട്ടിക്കാർ തൊട്ടതെല്ലാം പണമായും പണിയായും പണതൂക്കമായും മാറിക്കഴിഞ്ഞു.
ഇപ്പോൾ സാമ്രാജ്യത്വ വിരുദ്ധ കുത്തക വിരുദ്ധ പ്രക്ഷോഭത്തിന്റെ സമയമാണ്. രണ്ടാം സ്വാതന്ത്ര്യ സമരത്തിനും. സമയമായി.
ഒതളങ്ങ വർത്തമാനം നിർത്തി അന്തിമ പോരാട്ടത്തിനിറങ്ങുക സഖാക്കളെ!
വലിയ ബലം വേണ്ട. ചെറുങ്ങനെ വിളിക്കാം
മുതലാളിത്തം മൂർദ്ദാബാദ്...
സോഷ്യസിസം സിന്ദാബാദ്...