NewsAd1
ചെമ്പരത്തിപ്പൂവേ, ചൊല്ല്....
അനിൽ ബാലകൃഷ്ണൻ
30 October 2026, 3:06 am
main image of news

ദിവസം മൂന്ന് കിലോ ചെമ്പരത്തിപ്പൂമൊട്ട്, പത്തമ്പത് കോഴിമുട്ട, നാരങ്ങാനീര്, ഏലാദി വെളിച്ചെണ്ണ എന്നിവ അശാസ്ത്രീയ വിധിപ്രകാരം  ചേർത്ത് തയ്യാറാക്കുന്ന വിശിഷ്ടൗഷധം വികസിപ്പിച്ചെടുത്താൽ 'ഗപ്പ് 'ഒന്നും കൊടുക്കണ്ട. ഒന്നു പ്രശംസിക്കുകയെങ്കിലും വേണ്ടേ? കേരളത്തിൽ സൗന്ദര്യമാഗ്രഹിക്കുന്ന ചെറുപ്പക്കാർക്കു മാത്രമല്ല തൈ-തള്ള വൈബുകാർക്കും പ്രയോജനപ്പെടട്ടെ എന്നു കരുതിയാണ് ഔഷധി ചെയർപേഴ്സൺ തന്നെ ഇതിന് മുൻകൈയ്യെടുത്തത്. എന്നിട്ട് കിട്ടിയതോ ട്രോളുകളും കുറ്റം പറച്ചിലും നിയമസഭയിൽ പോലുമുണ്ടായ കളിയാക്കലും മാത്രം. ഗോഡ്‌സ് ഓൺ കൺട്രിക്കു.വേണ്ടി ചെയ്തതാണ്. പരിഹസിക്കുന്നവർക്ക് ഗോഡ് തന്നെ കൊടുത്തോളും.

 image 2 of news

ഔഷധത്തിന്റെ ഗുണമേന്മയറിയാൻ ആരിലെങ്കിലും പരീക്ഷിച്ചല്ലേ പറ്റൂ. കുപ്പികളിലാക്കി സർക്കാരാശുപത്രികളിൽ 'ഫോർ ക്ലിനിക്കൽ ട്രയൽ' എന്ന ലേബലിൽ അയക്കാമെന്നാണ് ആദ്യം വിചാരിച്ചത്. പക്ഷേ പെട്ടെന്ന് നേർബുദ്ധിയുദിച്ചു. ഇല്ലെങ്കിൽ അനുവാദമില്ലാതെ  മനുഷ്യരിൽ മരുന്നു പരീക്ഷണം നടത്തി എന്ന പേരിൽ ഇപ്പോൾ മുരളിയേട്ടനെപ്പോലെ വിവാദങ്ങളെ നേരിടേണ്ടി വന്നേനേ.

ഔഷധിയുടെ തന്നെ പഞ്ചകർമ്മആശുപത്രിയിലെ ഡീലക്സ് എസി മുറിയിൽ സ്വയം പരീക്ഷണത്തിന് വിധേയയാകുമ്പോൾ ലക്ഷോപലക്ഷം സാധാരണക്കാരായ സൗന്ദര്യാരാധകരായിരുന്നു മനസ്സു നിറയെ..
ഉല്പന്നത്തിന്റെ വിജയമുറപ്പായാൽ  ബോച്ചെയെപ്പോലെ സ്വയം ബ്രാൻഡ് അംബാസഡറാകാമെന്നും തീരുമാനിച്ചിരുന്നതാണ്. പക്ഷേ ഇതൊന്നുമറിയാതെ പാവം ലക്ഷോപലക്ഷം പേർ വോട്ടു മാറ്റിക്കുത്തി. പേറ്റന്റെടുക്കും മുമ്പ് ഔഷധം ചീറ്റി. ഈശ്വരാ... എന്തെല്ലാം പരീക്ഷണങ്ങൾ.
HomeAd1
 image 3 of news

ഇപ്പോൾ പറയുന്നത് അവകാശമില്ലാത്ത ആനുകൂല്യങ്ങളും ആശുപത്രിയിലെ ആർഭാടമുറി സൗകര്യങ്ങളും സൗജന്യമായി കൈപ്പറ്റി ചെയർപേഴ്സൺ സുഖ ചികിത്സ നടത്തിയെന്നാണ്. എത്ര ബാലിശമായ ആരോപണങ്ങൾ!  സുഖചികിത്സയെന്ന പ്രയോഗം തന്നെ തെറ്റാണ്. സുഖമായിരിക്കുന്ന ആരെങ്കിലും ചികിത്സ നടത്താറുണ്ടാ? അസുഖത്തിനല്ലേ ചികിത്സ വേണ്ടത്. ആത്മാർത്ഥത കൂടിപ്പോയി എന്നതൊഴികെ മറ്റെന്തെങ്കിലും കുറ്റം ശോഭനാ ജോർജ്ജിനെപ്പറ്റി ആർക്കെങ്കിലും പറയാനുണ്ടോ? ഇപ്പോഴെന്നല്ല; മുൻപും .

നമ്മുടെ മോൻസൺ മാവുങ്കൽ മോശയുടെ അംശവടിയുടെ ഒറിജിനലിന് പേറ്റന്റെടുക്കുന്നതിനും ദശാബ്ദങ്ങൾക്കു മുൻപേ
അന്നത്തെ ടൂറിസം മന്ത്രി കെ.വി. തോമസിന് 336 കോടി രൂപയുടെ ഹവാല ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കേരള പോലീസിന്റെ ഒരു ഇന്റലിജൻസ് റിപ്പോർട്ടിന്റെ ഒറിജിനൽ സ്വകാര്യ രേഖയായി നിർമ്മിച്ച സ്റ്റാർട്ടപ്പിന്റെ സഹപ്രവർത്തകയെന്ന് ആരോപണം നേരിട്ടയാളാണ്. അങ്ങനെ എന്തെന്തെല്ലാം ഇന്നൊവേഷൻസ്.എന്നാൽ വേണ്ട രീതിയിൽ അംഗീകാരം കിട്ടിയിട്ടുണ്ടോ? എവട !

 image 4 of news

തൃശൂർ പൂങ്കുന്നത്ത് ഔഷധി ബോർഡ് അംഗങ്ങൾക്കായി വാടകയ്ക്കെടുത്ത ഗെസ്റ്റ് ഹൗസിൽ 2022 മുതൽ 2026 വരെ 372 ദിവസം ചെയർപേഴ്സൺ താമസിച്ചെന്നുള്ളതാണ് മറ്റൊരു ആക്ഷേപം. വാടക, ഫർണിച്ചർ, വൈദ്യുതിച്ചെലവ്  എന്നിവയുൾപ്പെടെ കാൽക്കോടിയോളം രൂപ ഔഷധിയിൽ നിന്ന് ചെലവാക്കിയത്രേ. താമസക്കാർ നിശ്ചിത നിരക്ക് നൽകണമെന്ന വ്യവസ്ഥയുണ്ടായിട്ടും സൗജന്യമായാണ് താമസിച്ചതെന്നും ആരോഗ്യ വകുപ്പ് പറയുന്നു. ഇതിനാണ് ദുഷ്ട ബുദ്ധിയെന്ന് പറയുന്നത്.  മുരളിയേട്ടാ, ലീഡർ, തനിക്ക് പിറക്കാതെ പോയ സ്വന്തം മകളായാണ് തന്നെ കണ്ടിരുന്നതെന്ന കാര്യം പോലും മറന്നാണല്ലോ അങ്ങ് ഇത്തരം നിസ്സാര കാര്യങ്ങളൊക്കെ കുത്തി പുറത്തെടുക്കുന്നത്. ഒന്നുമില്ലെങ്കിലും കുടുംബത്തിൽ നിന്ന് മറ്റൊരു പാർട്ടിയിലേക്ക് ചേക്കേറിയ ആദ്യവനിതയെന്ന പരിഗണനയെങ്കിലും ഉണ്ടാവേണ്ടതല്ലേ?

കേരളത്തിൽ ഇതിനു മുമ്പ് എത്രയോ പേർ ഔഷധി ചെയർമാൻമാരായിരിക്കുന്നു. എന്തെങ്കിലും പുതുതായി കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടോ ? ഇവിടത്തെ വേലിപ്പടർപ്പുകളിൽ പണ്ട് സുലഭമായുണ്ടായിരുന്നതും ഇപ്പോൾ നൊസ്സുള്ളവർക്ക് ചെവിയിൽ തിരുകാൻ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്നതുമായ തനതു പുഷ്പം ചെമ്പരത്തിക്ക് പുനർജന്മം കിട്ടിയേക്കുമായിരുന്ന ഒരു പരീക്ഷണമാണ്. നാടൻ കോഴിക്കർഷകർക്കും നാരങ്ങാത്തൊഴിലാളികൾക്കും മാത്രമല്ല ഏലം കൃഷിക്കാർക്കും നാളികേര ബോഡിനും പോലും സുകൃതമായേക്കുമായിരുന്ന ചുവടുവയ്പ്പ്. മുളയിലേ നുള്ളിക്കളഞ്ഞു എന്നു പറയുന്നില്ല. ആരോഗ്യ മന്ത്രിയെന്ന നിലയിൽ മുരളിയേട്ടൻ തന്നെ ഔഷധിയിലെ എ.സി മുറിയിൽ താമസിച്ച് കേശാദിപാദം ഇതൊന്നു പരീക്ഷിക്കണം. പുറത്തിറങ്ങിയാൽ പെറ്റ തള്ളയല്ല,മെറ്റ എ ഐയ്ക്കു പോലും തിരിച്ചറിയാൻ കഴിയാത്തത്ര യൗവ്വനയുക്തനായിപ്പോകും. കണ്ടാലറിഞ്ഞില്ലെങ്കിൽ കൊണ്ടറിയണം. മുരളിയേട്ടാ....പ്ലീസ്.

നിയമസഭയിൽ വി.പി. സജീന്ദ്രൻ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ മേൽ സാഹചര്യങ്ങളിൽ ശക്തിയായി നിഷേധിക്കുന്നു. ഔഷധിയിൽ  ഒരു ചികിത്സയും നടത്തിയിട്ടില്ല. നടത്തിയത് പരീക്ഷണം മാത്രമാണ്.

പിണറായി വിജയൻ സഖാവിന്റെ മൂന്നാം സർക്കാർ വന്നിരുന്നെങ്കിൽ ഇന്നൊവേഷൻസ് ഇൻ ഗവണ്മെന്റ് സെക്ടർ കാറ്റഗറിയിൽ അംഗീകാരം കിട്ടേണ്ടിയിരുന്നതാണ്. ദുഷ്ടനായ എസ്.ഐ.ആർ എല്ലാ പ്രതീക്ഷകളും തകർത്തു.
അതുകൊണ്ട് -
"ഗ്യാനേഷ് കുമാർ രാജി വയ്ക്കുക.
പേപ്പർ ബാലറ്റ് തിരികെക്കൊണ്ടുവരിക....
ഇൻക്വിലാബ്.. ഇൻക്വിലാബ്..
ഇൻക്വിലാബ് സിന്ദാബാദ്...."

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞