NewsAd1
സ്മൈൽ പ്ലീസ്
സുധാകരൻ മേടയിൽ
31 October 2026, 1:03 am
main image of news

ഞങ്ങൾ ഒന്നും കാണുന്നില്ല.കേൾക്കുന്നുമില്ല. ഞങ്ങൾ അന്ധരും മൂകരും ബധിരരുമാണ്...' ഹരിശ്രീ അശോകന്റെ ഗദ്ഗദങ്ങൾ അസ്ഥാനത്തല്ലെന്ന് നമ്മുടെ നിയമസഭാ സമാജികർ  ഒരു തൊണ്ടയോടെ തെളിയിച്ചിരിക്കുന്നു

കേരള നിയമസഭയിൽ ഇനി എല്ലാർക്കും സ്വയം മറന്ന് പുഞ്ചിരിക്കാം.മന്ത്രിമാരുടെ  വേതനം1.08 ലക്ഷം എന്നത് 1.38 ലക്ഷവും എംഎൽഎമാരുടേത് 70,000 രൂപയിൽ നിന്നും  98,000 രൂപയുമായാണ് വർദ്ധിപ്പിച്ചത്. ഇതിനു പുറമെ യാത്രാ ബത്ത,മണ്ഡലബത്ത, വിമാന യാത്രാ അലവൻസ്,അപകട ഇൻഷ്വൻസ് എന്നിവയിലുമുണ്ട് വർദ്ധനവ്. പേഴ്സണൽ അസിസ്റ്റന്റിന്റെ എണ്ണം ഡബിളാക്കാനും ആലോചിക്കുന്നു.

 image 2 of news

രാജ്യത്തെ,കുറച്ച് നല്ലതും കൂടുതലും മോശവുമായ വിഷയങ്ങളിൽ ഒന്നാം സ്ഥാനത്ത് വിരാജിക്കുന്ന കേരളം ആസന്ന ഭാവിയിൽ തന്നെ തെലങ്കാനയുടെ രണ്ടരലക്ഷം പ്രതിമാസം എന്ന ടാർഗറ്റ് കൈവരിക്കാൻ,കൈയ്യും മെയ്യും മറന്ന് ഒന്നിച്ചൊന്നായി അടരാടുമെന്ന്  നമുക്ക് സമാധാനിക്കാം.

ഭരിപ്പുകാരുടെയും എതിർ വാചികരുടെയും വേതനം കൂട്ടിയത് ഒരു കരിയില പോലും അനങ്ങാതെയാണ്. ആർക്കും ബേജാറില്ലെന്നു മാത്രമല്ല വിരേചനം കഴിഞ്ഞ ആശ്വാസമാണ് ഏവരുടെയും മുഖത്ത്. മന്നവേന്ദ്ര വിളങ്ങുന്നു.നിൻ മുഖം വടക്കേലെ ചന്ദ്രനെ പോലെ.
HomeAd1
 image 3 of news

കാകളി വൃത്തത്തിൽ തത്വശാസ്ത്രം മൊത്തമായും ചില്ലറയായും വിപണനവും വിതരണവും ചെയ്യുന്ന ആസ്ഥാന പണ്ഡിതരും ധനകാര്യപടുക്കളും  സഭയിൽ തകർത്തടിക്കുന്ന ചീങ്കണ്ണികളും ബൗദ്ധിക ശാന്തയിലാണിന്ന്.  മൗനം ശാന്തത, പ്രസാദം. ഖജനാവ് കാലിയായതിന്റെ ദോഷം ജനങ്ങൾക്ക് മാത്രമാണ് ജനപ്രതിനിധികൾക്ക്  അത് ബാധകമല്ല.

ഓരോ പഞ്ചവൽസര പദ്ധതികളിലൂടെയും ജനാധിപത്യം ശക്തിപ്പെടുത്താൻ ക്വട്ടേഷൻ എടുത്തിട്ടുള്ളവരവാണ് നാം. കൂടുതൽ ശക്തിപ്പെടുത്തേണ്ടി വന്നാൽ കള്ളവോട്ടും അക്രമവും കച്ചറയും കാട്ടും. കുറവില്ലാതെ.. .എല്ലാം കൗമുദിയുടെ ത്യാഗം പോലെ, ജനായത്തം നീണാൾ വാഴാനുള്ള  ഗ്രൂപ്പ് ഹവനങ്ങളാണ്.

 image 4 of news

ഹർ ഏക് പാഞ്ച്  സാൽ  (ദേശാഭിമാനം കൂടിയാൽ നാവിൽ ഹിന്ദിയേ വരൂ,  മാപ്പ് കീജിയെ )140 പേരെ വീതം ജനായത്ത കോളനിയിലെ ധനികരാക്കാനുള്ള കർമപദ്ധതിയും ഇതുവഴി നടപ്പിൽ വരുന്നുണ്ട്.ത്യാഗമല്ല ഭോഗമാണ് പാർലിമെന്റെറി ജനാധിപത്യത്തിലെ ഇന്നത്തെ  ശാന്തിമന്ത്രം.

ഒരു വലിയ ടാസ്ക് ഏറ്റെടുക്കാനുള്ള ശേഷി കൈവന്നിട്ടില്ലാത്തവരാണ് ഇന്ത്യക്കാരെന്ന് സായിപ്പ് പറഞ്ഞപ്പോൾ നാം അവരെ പുലഭ്യം പറഞ്ഞാണ് സ്വയം സമാധാനിച്ചത്.  സായ്പ് പറഞ്ഞ പോലെ എല്ലാ കന്നന്തിരിവുകളും അരുതായ്കകളുമാണ് ജനാധിപത്യമായി നാം ഇക്കാലമത്രയും വിളമ്പിയത്..
സഞ്ചിയും മടക്കി കക്ഷത്തുവച്ച്  നടന്ന് റേഷൻ കടയിൽ ചെന്നു വരിനിന്ന് സാധനങ്ങൾ വാങ്ങിയിരുന്ന ഒരു പ്രധാന മന്ത്രി നമുക്കുണ്ടായിരുന്നു.ഇന്നതിന് ഒരു പഞ്ചായത്തംഗം പോലും മടിക്കും.
ജനാധിപത്യവും ധാർമികതയും മൂല്യബോധവും പടവലങ്ങ പോലെയാണ് ഇന്ന് വളർന്ന് പന്തലിക്കുന്നത്.

പ്രാതിനിധ്യമുള്ള  ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയ്ക്കെങ്കിലും  വർദ്ധനവിൽ നിർദോഷമായ ഒരു പാസിംഗ് റിമാർക്സ് പോലും നടത്താൻ കഴിയാത്തവിധം പുതു ജനാധിപത്യം അധ:പതിച്ചു പോയത് നാം കാണുന്നു.  വിദ്യാഭ്യാസ യോഗ്യതകളും സാമൂഹിക ബോധവും പ്രതിബദ്ധതയും വേണ്ടാത്ത, മുഷ്കിന്റെയും തറുതലകളുടെയും ഷെയ്ഡി പാസ്റ്റിന്റെയും സംഘാതമാണ് ഇന്നത്തെ രാഷ്ട്രീയ ഭൂമികയിൽ വലിയ പങ്കും.. അവിടെ ഡമോക്രസിയല്ല പ്ലൂട്ടോക്സിയാണ് പഥ്യം.

സംസ്ഥാനത്തെങ്ങും കേട്ടുകേൾവിയില്ലാത്ത ഫോർവേഡ് ബ്ലോക് പാർട്ടി ഐക്യമുന്നണിയുടെ ഭാഗമായപ്പോൾ അതിന്റെ അണിയും ഏക നേതാവുമായ
ജി ദേവരാജന് ദില്ലിയിൽ ജോലിയും പദവിയും നല്ല ശമ്പളവും ഖജനാവിൽ നിന്നു നൽകാൻ നമ്മുടെ ഇല്ലായ്മ പ്രശ്നമായില്ലെന്നത് ജനാധിപത്യത്തിന്റെ പുണ്യം.
ബർണാഡ് ഷാ പറഞ്ഞ അവസാന അഭയ സങ്കേതമാണ് ഒരു പരിധി വരെ ഇവിടവും. ഭിത്തി തകർന്നാലും ജയിലറയിൽ നിന്നും പുറത്തു വരാൻ അർഹതയില്ലാത്തവർ
പൊലീസിന്റെ ആദരവുകളും ഏറ്റുവാങ്ങി കീശയിൽ നിക്ഷേപിച്ച് നിയമ നിർമാണ സാഹസം നടത്താൻ ജയൻ സ്റ്റൈലിൽ  നിയമസഭയിലേക്ക്  തൂങ്ങിയിറങ്ങുന്ന കാഴ്ച ജനാധിപത്യത്തിന്റെ സൗന്ദര്യമേയല്ല. തീർച്ച.
വള്ളിക്കെട്ട്: പൊതുമേഖലാ സ്ഥാപനത്തിൽ  നിയമിതനായ എംഡി ഓഫിസിലെത്തിയപ്പോൾ എൻട്രൻസിൽ നിന്നും സെക്യൂരിറ്റികാരൻ സലൂട്ടടിച്ചു. എന്നിട്ട് പറഞ്ഞു: "സർ, എന്നെ അറിയുമോ? നാലാം ക്ളാസിൽ ഒരു ബഞ്ചിലിരുന്നു പഠിച്ചവരാണ് നാം. നന്ദി സർ..."
കാലം കഴിഞ്ഞപ്പോൾ ഒരാൾ കുടുംബക്കാരൻ. അപരൻ കുതിരക്കാരൻ. !

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞