NewsAd1
കേരളമേ..... കരാളമേ....
കെ.മോഹനൻ
1 November 2026, 6:57 am
main image of news

കേരളത്തിന് 70.  എവിടെയും പ്രശംസാ പത്രങ്ങൾ മാത്രം. കപട സമുഹത്തിനായി തയ്യാർ ചെയ്ത മോഹന കുന്ദള തൈലം! അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങൾ.അറിയാതെ കടന്നു വരുന്ന  കൊടിയ ആശങ്കകൾ. വൈകാരികമായ ഇളക്കങ്ങളും വാഴ്ത്തുകളും . മൊത്തം ഒലിപ്പീരുമായി ഒരു പിറന്നാൾ കൂടി.

സ്ഥലകാലമില്ലാത്ത ചരിത്രം കെട്ടുകഥയാണ്. അതിൽ വിശ്വസിക്കുന്ന ജനങ്ങളുടെ വിഭ്രാന്തികൾ ഇന്നത്തെ അവബോധത്തെയും നാളത്തെ കാഴ്ചപ്പാടുകളെയും പൂർണമായും വഴി തെറ്റിക്കുമെന്നു ചരിത്രകാരനായ പികെ ബാലകൃഷ്ണൻ.
പരശുരാമൻ ശരിയെങ്കിൽ കേരളത്തിനു ചരിത്രമില്ലെന്നു കാണാം.പിന്നെ മഹാബലി.  അതു വിട്ടാൽ കമ്മ്യുണിസ്റ്റു പാർട്ടിയും ആര്യ വൈദ്യ ശാലയും.  തൊട്ടടുത്ത് അറബി സഹോദരന്റെ ഇടിയും തൊഴിയും മുറ്റുന്ന മണൽപരപ്പും. പാരമ്പര്യം മിത്തായും മിത്ത് എസ്കേപ്പിസവുമായി മാറിയെന്ന്  ഒ വി വിജയൻ.
മൂന്നും കൂട്ടി മുറുക്കിയപ്പോൾ കേരളം ചുവന്നു എന്നാണ് വൈലോപ്പിള്ളി എഴുതിയത്.അതിന്റെ ക്ഷീണം ഇതുവരെ മാറിയില്ലെന്നു കരുതുന്നവരും ഏറെ .വൈചാരിക തലങ്ങളിൽ കത്തിപ്പടർന്ന് ഏടുകളിൽ തെളിഞ്ഞ ആകാശ കുസുമമായിരുന്നോ ഈ സ്വത്വം ?

 image 2 of news

മലയാളിക്ക് ജീവിക്കാൻ കൊള്ളാത്തതും എന്നാൽ പുറം നാടുകളിൽ പോയിരുന്ന്  അയ വെട്ടാൻ കഴിയുന്നതുമായ നാടാണ് നാടനായ കേരളമെന്ന് എംഎൻ വിജയൻ മാഷ് പറയുന്നു.

നാം ആട്ടിപ്പായിച്ച മലയാളികളായ പട്ടാളക്കാർ ബാരക്കുകളിലിരുന്നു വായിച്ചും കരഞ്ഞും തീർത്ത രമണന്റെ പ്രായോജക മൂല്യം എൻബിഎസിനും തപാൽ വകുപ്പിനുമായിരുന്നല്ലോ.
നമ്മുടെ മക്കളെ വാണിജ്യ പുത്രന്മാരായും പുത്രിമാരായും നാം പണ്ടേ വളർത്തി;വടക്കേയിന്ത്യയിലെ മുതലാളിമാരുടെ താത്പര്യം മുൻനിർത്തി.ഇന്നത് ആഗോളമായി.
HomeAd1
 image 3 of news

ടൈപ്പും ചുരുക്കെഴുത്തും പഠിപ്പിച്ച്,വെറുതെ തൊടിയിൽ കറങ്ങാതെ ബോംബേക്ക് കഴിയുമെങ്കിൽ ടിക്കറ്റെടുത്തു പോയി വാഴാനാണ് അമ്മമാർ പ്രാർത്ഥിച്ചത്. കാരണവൻമാരും

എല്ലാ കുടിയേറ്റവും കൊടിയിറങ്ങുകയാണ് ഇപ്പോൾ മലയാളിക്ക്. യൂറോപ്യൻ രാജ്യങ്ങൾ പോലും കുടിയേറ്റം തടയുന്നു; ഇതു തെരഞ്ഞെടുപ്പ് വിഷയമാകുന്നതിനാൽ..
കുടിയേറിയ മഹിമകൾ മലയാളത്തെ തകർത്തോ തളർത്തിയോ ?
മാമലയിലെ മരതകപ്പച്ച തകർത്തത് പ്ര വാസമായിരുന്നൂ.ആരോഗ്യം വിദ്യാഭ്യാസം ഉപഭോഗം വീടു വയ്പ് തുടങ്ങിയ കാര്യങ്ങളിൽ നാം വലിയ സായ്പായി മാറി.

 image 4 of news

സ്ത്രീധനവും മെഗാ കല്യാണവും മാത്രമല്ല അടിച്ചു പിരിയുന്നതിലും മലയാളി അരാ മോൻ ! നയാപൈസയുടെ വ്യാപാരവും വ്യവസായവുമില്ലാതെ  നാലു കിടിലൻ എയർ പോർട്ടുകളാണല്ലോ നമ്മുടെ സർക്കീട്ടിനു കരുതലായുള്ളത്.

മണിയോർഡർ ഇക്കണോമിയാണ് പിന്നീട് റമിറ്റൻസായി മാറിയത്.ഗമയായി.
സെക്രട്ടറിയറ്റ് ഉപരോധങ്ങളും രാപകൽ റിലേ സമരങ്ങളും നിരാഹാര വ്രതങ്ങളും പടപ്പാട്ടുകളും സംസ്ഥാന സമ്മേളന പ്രമേയങ്ങളും വർഗീയ സാമ്രാജ്യത്വ ഫാസിസ്റ്റു വിരുദ്ധ കസർത്തുകളുമായിരുന്നില്ല  ഇവിടുത്തെ പട്ടിണി മാറ്റിയത്.

രായ്ക്കുരാമാനം പിള്ളാരെ മുഴുവനും ഇവിടുന്നു പായിച്ചവരാണ് നാം. പുരോഗമന  സരണി. . അങ്ങനെ പായിച്ചവരുടെ പുറകെ. പ്രവാസ ക്ഷേമം പറഞ്ഞു വീണ്ടും  പോയി സ്വൈര്യം കെടുത്തിയതും സോകോൾഡ് പുരോഗമന കില്ലാടികൾ തന്നെ..

ജെൻസികൾക്ക്  ഇപ്പൊൾ മൊത്തം പ്രാന്തായിരിക്കുന്നു.ഭാവിയുടെ കാര്യത്തിൽ നിസഹായരാണവർ.
പാറ്റകൾക്കും പഴുതാരകൾക്കും മാത്ര മാണ് ജെൻസി ഒരു പ്രോട്ടീൻ പൗഡർ..
ഐ ടിയിലാണ് നമ്മുടെ ശക്തിമാനെ കുടിയിരുത്തിയിട്ടുള്ളത്. എഐയുടെ അന്താളിഫിക്കേഷൻ തകർക്കുമോ രണ്ടുലക്ഷം പിള്ളേരുടെ  സുഖജീവനം?.
ലോകത്തെ പുലർത്തുന്ന  മലയാളി  നെഴ്സുമാരുടെ എല്ലാ പ്രതാപവും മങ്ങുകയാണ്. അവസരങ്ങളും വരുമാനവും ഡിമാൻഡും താഴോട്ടാണ്.എന്റെശ്വീരാ !
ബാല്യം നഷ്ടപ്പെടുന്ന , അസന്തുലിത ലിംഗാനുപാതം ഏറുന്ന കേരളത്തിലെ നീക്കിബാക്കി വയോധികരാണ്. തൊണ്ണുറു കഴിഞ്ഞവരെ പരിചരിക്കുന്നത് അറുപതൂം എഴുപതും കഴിഞ്ഞവരായി മാറുന്നു.. 16000 കോടി നിക്ഷേപിച്ച് ആഗോള ഹെൽത്ത് ഭീമമന്മാർ നമ്മുടെ അവസാന നിമിഷങ്ങളെയും ഐസി യൂണിറ്റുകളിൽ  തളച്ച് ലൈവാക്കുകയാണിപ്പോൾ..
കാഴ്ചയും കാഴ്ചപ്പാടും മാറുകയാണ്.മാറണം.
ജീർണമായ  ആശയങ്ങളെയും ഡോഗ്മകളെയുംപുലരുക വയ്യ. ധൈഷണികമായ സത്യസന്ധതയോടെ
   ലോകത്തിനൊപ്പം സഞ്ചരിക്കുന്ന ഒരു നവ കേരളത്തിനാണ് നാം പുതിയ കാലത്ത് പുനരർപ്പണം ചെയ്യേണ്ടത്

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞