'എല്ലാം അച്ഛൻ നോക്കിക്കൊള്ളും'.. അപകടകരമായ രീതിയിൽ വണ്ടി പായിച്ച് മൂന്ന് ജീവനുകളെടുത്ത ശേഷം ഒരു കൗമാരക്കാരൻ പോലീസിനോട്. 'ഞാൻ ഊരിപ്പോരും സാറേ'.പെൺ സൗഹൃദം സംബന്ധിച്ച തർക്കവും പകയും കാരണം ഒരു കൗമാരക്കാരനെ കൊല ചെയ്ത കേസിലെ പ്രധാന പ്രതി 22 കാരൻ പോലീസിനോട് . ഇതേ കേസിലെ ഒന്നാം പ്രതി കൗമാരക്കാരൻ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചതിനെ , 'ജുവനൈലിനെ സ്റ്റേഷനിൽ വിളിച്ചത് എന്ത് നിയമപ്രകാര'മെന്ന് ചോദിച്ച് കയർക്കുന്നു. എല്ലാം നമ്മുടെ കേരളത്തിലാണ് സർ. നല്ല തന്തയ്ക്കു പിറന്ന കേരളം !
സമൂഹത്തിലും സിനിമയിലുമെല്ലാം കൊടൂര വില്ലൻമാർ ആലോഷിക്കപ്പെടുന്ന ഇക്കാലത്ത് ഇങ്ങിനെയൊക്കെ നടന്നില്ലെങ്കിലേ അതിശയമുള്ളൂ. വാർത്തകളിൽ മരവിക്കുകയാണ് കേരളം. എന്താണ് നമ്മുടെ മക്കൾ ഇങ്ങനെ ഹൃദയ ശൂന്യരാകുന്നത് ? എന്തൊക്കെയാണ് അവരുടെ മനസ്സിലും തലച്ചോറുകളിലും തിളച്ചുമറിയുന്നത്?
ഉപജീവനത്തിന്റെ ഭദ്രാസനങ്ങൾ ഉറപ്പിക്കാൻ ,കാലഹരണപ്പെട്ട രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ കാമ്പസുകളിൽ വെടിമരുന്നു നിറയ്ക്കുന്നു.ക്രിമിനൽവൽക്കരണവും നിഷേധവും ധിക്കാരവും കുട്ടികളിൽ വിതച്ച് മുളപ്പിക്കുന്നു. കലാലയങ്ങളിൽ പഠനമൊഴികെ ബാക്കി സർവ്വ കലകളിലുമാണ് അധ്യയനം. തൊട്ടു കുളിച്ചു കുറിയും തൊട്ട് കലാലയങ്ങളിൽ പോകുന്ന നിഷ്കളങ്ക കൗമാരങ്ങൾ അത്ര നിഷ്കളങ്കരായല്ല പുരകളിൽ തിരിച്ചെത്തുന്നത്. അക്കാദമിക് വൈശിഷ്ടം കൊണ്ട് പുകൾ പെറ്റ പല കലാലയങ്ങളും ആയുധപ്പുരകളും അക്രമത്തിന്റെയും അക്രമികളുടെയും ട്രാൻസിറ്റ് പോയിന്റുകളായാണ് ഇന്നറിയപ്പെടുന്നത്.
കോളേജിൽ ഇപ്പോൾ പതിവു ടൈം ടേബിളില്ല. 'ഹയ്.. ഗയ്സ്... എന്റെ പോർഷൻ കഴിഞ്ഞയാഴ്ച തീർന്നു. അതുകൊണ്ട് ഇന്ന് എന്റെ ക്ലാസില്ല.' യൂണിവേഴ്സിറ്റി കോളേജിലെ ഒരു ബിരുദ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പ്രൊഫ്രസർ മെസ്സേജിടുന്നത് രാവിലെ 11.30 ന്. വാല്യുവേഷന് മറ്റ് അധ്യാപകർ പോയതിനാൽ അതിനു മുമ്പും ശേഷവും ക്ലാസ്സേ ഉണ്ടായിരുന്നില്ല! അതുകൊണ്ട് കുട്ടികളായ ഹേ, ഗയ്സ് നിങ്ങൾക്ക് വേണമെങ്കിൽ ഊരു ചുറ്റാം, പ്രണയത്തിലോ പ്രണയപ്പകയിലോ പെടാം. പുതിയ ശാസ്ത്രീയരീതികളിൽ തന്തയ്ക്കോ തള്ളക്കോ ക്വട്ടേഷൻ കൊടുക്കാം. പത്രങ്ങളിൽ ഒന്നാം പേജ് വാർത്തകളായി, ഊർദ്ധശ്വാസം വലിക്കുന്ന അവരുടെ സർക്കുലേഷന് പുത്തനുണർവ്വു നൽകാം.
എഴുപതിലെത്തിയ കേരളം വല്ലാതെ വളരുകയാണ്. മലയാളിക്കു താങ്ങാൻ കഴിയാത്തവിധത്തിൽ അതിഭീകരമായ മട്ടിലും ഭാവത്തിലും!
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



