NewsAd1
നമുക്കു ബംഗാളി... അവർക്ക് മലയാളി
കെ.മോഹനൻ
7 November 2026, 4:39 am
main image of news

"നിങ്ങളുടെ മക്കൾ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യേണ്ടി വരികയാണെങ്കിൽ ഇവിടെ ജോലിക്ക് വരുന്ന ബംഗാളിയുടെ അതെ അവസ്ഥയാണ് അവർക്കുമുള്ളതെന്നു നാം മനസിലാക്കണം. തിരിച്ചറിയണം... ഒരു സായ്പിനും ഒരറബിക്കും നിങ്ങളോട് ഒരു തരത്തിലുള്ള മമതയും ആദരവും പരിഗണനയും ഉണ്ടാവില്ലന്നത് നേര്..."

"പൊതുയോഗങ്ങളിൽ വലിയ വായിൽ പറയാം ഞങ്ങളാണ് ദുബായ് ഉണ്ടാക്കിയതെന്ന്.നമ്മളില്ലെങ്കിൽ ദുബായ് ഉണ്ടാവില്ലെന്ന്. അതൊരു അളിഞ്ഞ വാചകമടിയായി മാത്രം കൂട്ടിയാൽ മതി..."
"കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ലോകം മുഴുവൻ സഞ്ചരിക്കുന്ന ഒരാളാണ് ഞാൻ.രണ്ടു മാസത്തിൽ ഒരിക്കലെങ്കിലും പ്രവാസി സമൂഹങ്ങളുടെ കൂട്ടായ്മകളിലും നിരന്തരം പങ്കു കൊള്ളുന്നു..
അവരുടെ അനുഭവങ്ങൾ എനിക്ക് നേരിട്ടറിയാം വീടുകളിൽ വിളിച്ചു പറയാത്ത പലതും... "
പ്രവാസത്തിന്റെ പരുഷമായ മറുപുറമാണ് ലോകം കണ്ട സഞ്ചാരിയായ സന്തോഷ് ജോർജ്കുളങ്ങര
മഥിക്കുന്ന മലയാളത്തിൽ നമ്മോട് പറയുന്നത്.

 image 2 of news

"ഇങ്ങനെ ആയാൽ എങ്ങനെയാണ് നമ്മൾ നന്നാവുക ? നമ്മുടെ മക്കൾ വിദേശ രാജ്യങ്ങളിൽ പോയി സുഖിക്കുകയല്ലെന്ന് ഓരോ രക്ഷിതാവും ആദ്യം തിരിച്ചറിയണം. പലവുരു ഞാൻ ഇതു പറഞ്ഞതാണ്.. ആരെയെങ്കിലും കുറച്ചു കാട്ടാനോ പരിഹസിക്കാനോ അല്ല ഞാനിത് പറയുന്നത്..."

.മക്കളുടെ വിദേശ വാസം ആഘോഷിക്കാനും ഊറ്റം കൊള്ളാനുമാണ് നമുക്കിഷ്ടം.ഒരു വിവാഹത്തിനു പോയാൽ മക്കളുടെ പ്ര വാസമാകും അന്തസ്സിന്റെ പ്രഘോഷണമായി എവിടെയും മുഴങ്ങുക.
സഹകരണ ബാങ്കുകളിലും ദേശസാൽകൃത ബാങ്കുകളിലും ഹുണ്ടികക്കാരന്റ പെട്ടകങ്ങളിലും പുരകളുടെ ആധാരങ്ങളാണ് നിറയെ.രജിസ്ട്രാർ ആപ്പീസിലെ കുടികിട രേഖകളിൽ എൻട്രികളും തിടം വയ്ക്കുന്നു.
HomeAd1
 image 3 of news

പണ്ട് ഗ്രാമച്ചന്തകളിലും നാട്ടുവഴികളിലും ചെന്ന് പതം പറഞ്ഞ് കങ്കാണിമാർ നിരക്ഷരരായ ആയിരക്കണക്കിന് കർഷക തൊഴിലാളികളെ വിദൂര രാജ്യങ്ങളിലേക്ക് കപ്പലിൽ കൊണ്ടു പോയ ആ വഞ്ചനയുടെ ആധുനിക രൂപമാണ് ഇന്നത്തെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഏജൻസികൾ നടത്തുന്ന കയറ്റി വിടലും.

ഇന്നത്തെ കങ്കാണിമാർക്ക് പകിട്ടും പത്രാസും ഏറും. മാധ്യമക്കാരുടെ ഉറ്റ തോഴരാണവർ. മനം മയക്കുന്ന ജാക്കറ്റു പരസ്യങ്ങൾ അവരുടെ തമ്പിടിയാണ്.രാഷ്ട്രീയക്കാരും ഈ കൊള്ളയ്ക്കു കൂട്ടാണ്.ഒറ്റ കൺസൈൻമെന്റിൽ അടിയുന്നത് കോടികളാണ്. എല്ലാവരും ഹാപ്പി.ഹാപ്പിയോട് ഹാപ്പി...

 image 4 of news

ആധുനിക മാനേജ്മെന്റും അടി പറയിക്കുന്ന സൈക്കോളജി ടൂളുകളും ചാലിച്ചാണ് പുതിയ ഇരതേടൽ.ആഡിയോ വിഡിയോ പിന്തുണയോടെ ശീതികരീച്ച അത്യാന്തുനിക ഓഫീസ് സമുച്ചയങ്ങളിലേക്കാണ് ഇരകളായ കൗമാരങ്ങളെയും ബലിയാടുകളായ രക്ഷിതാക്കളെയും നയിക്കുന്നത്. ആഭിചാരം തീരുമ്പോൾ അവരെല്ലാം വലയിലായ കിളികളാകും..

മകനു രക്ഷയാകേണ്ട ഫ്ലൈറ്റ് വെയ്റ്റ് ചെയ്യുന്നു. പണവും പ്രതാപവും സമ്പന്നതയുമാണ് പറന്നുയരുത്. ചാടു വചനങ്ങൾ ...അതോടെ കിടപ്പാടത്തിന്റ ആധാരവും പൊന്നും താലിയും അരഞ്ഞാണവും ചലിച്ചു തുടങ്ങും.
ഒരു ചെറുക്കന്റെ കഥ അതോടെ കഴിഞ്ഞു. ഒപ്പം ഒരു കുടുബത്തിന്റെയും. . പ്രവാസത്തിന്റെ ഒരറ്റത്ത് എന്നും ദുരന്തമായിരുന്നല്ലോ!

യൂറോപ്പിൽ പഠിപ്പിനു പോകുന്ന നമ്മുടെ മക്കൾക്ക് നീക്കി വച്ചിട്ടുള്ള ഇരുപതു മണിക്കൂർ ജോലികൾ കിടപ്പിലായ അപ്പാപ്പൻമാരുടെ പരിചരണം, വെയർഹൗസിലെ ക്ളാർക്ക് കം ലോഡിംഗ്, വീടുവീടാന്തരം കയറി കമ്മിഷനടിസ്ഥാനത്തിൽ ചാരിറ്റി പിരിവ്, തട്ടുകടയിലെ സഹായിവാലാതുടങ്ങിയ വയാണ്.... . ഇതിനെക്കാൾ നല്ല ജോലികളാണ് ഇവിടെ ബംഗാളികൾക്കുള്ളത്. വീടകത്ത് തട്ടിമാറ്റിയ ആഹാരവും അപ്പനമ്മമാരോട് പറഞ്ഞ കൊള്ളി വാക്കുകളും പുച്ഛത്തോടെ കണ്ട നാടും, നടുവൊടിയുമ്പോൾ പശ്ചാത്താപമാകും.. കൊടിയ തണുപ്പ്കൊത്തി വലിക്കമ്പോൾ... വെകിളിയുടെ തിമിരം പടം താഴ്ത്തും.

അറുപത് ലക്ഷത്തിന്റെ ലോണും അന്യാധീനമാകുന്ന ആധാരവും ഒരുക്കത്തിന്റെ ലക്ഷങ്ങളും ജലരേഖയാകുമ്പോൾ പഠന- തൊഴിൽ പ്രവാസത്തിന്റെ വിടനഖങ്ങൾ തെളിയും. അപ്പോഴും വഞ്ചിക്കപ്പെടുന്ന പുതിയ ബാച്ച് വിമാനം കയറാൻ തയ്യാറായി നില്പുണ്ടാകും
ഇനി വിൽക്കാനുള്ളത്
സ്വപ്നങ്ങൾ മാത്രം !!
ബോൺ വോയേജ് !!!

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞