പാറ്റയെ വിളിക്കൂ...
കേരളത്തെ രക്ഷിക്കൂ..
കെ.മോഹനൻ
8 November 2026, 5:01 pm
ഒടുവിൽ പാറ്റകൾ കൊച്ചിയിലുമെത്തി. ഇവിടെ ഇവരുടെ കുറവും അവ്വിധം ഹരിക്കപ്പെട്ടു.. ഓൺലൈനായി പാറ്റകൾക്കായി കണ്ണീരണിഞ്ഞ ശൗരിമാർ കൂടുതലും ഈ കരക്കാർ ആയിരുന്നുവെന്ന് ഗദ്ഗദ കണ്ഠനായി സ്ഥാപക പാറ്റ ഓർക്കുന്നു.
മലയാളി പിള്ളേരുടെ വിക്രമവും കാപട്യവും പാറ്റകൾക്കു വഴിയെ തെളിയും എന്നു സമാധാനിക്കാം. വോട്ടു സമരത്തിന് കേരളത്തിൽ ഒരു ശുംഭന്റെയും പിന്തുണ വേണ്ടന്ന് കോൺഗ്രസ് പറഞ്ഞു കഴിഞ്ഞു. തഥാസ്തു എന്നാണ് ഇടതിന്റെയും മനസ്സിലിരിപ്പ്.
ദില്ലിയിൽ നടത്തിയ സമരം വച്ച് കേരളത്തെ അളക്കരുത് എന്നാണ് പാറ്റകൾക്കുള്ള പൊതുവായ താക്കീത്. പാറ്റാ പാർട്ടിയിൽ ഓൺലൈനായി അംഗത്വമെടുത്തവരെല്ലാം അടിമച്ചങ്ങല പൊട്ടാൻ ഏകാദശി നോറ്റവരാകണം. അപ്പോൾ പാറ്റകൾ കരളുന്നതും ആരെയെന്ന് തീർച്ച.ഭയം വേണ്ട ജാഗ്രത മതി.
പാറ്റകൾക്കു പിന്നിൽ അണിനിരക്കാൻ എല്ലാ ജനുസ്സിലും പെട്ട ജീവജാലങ്ങൾ കൊച്ചിയിലെത്തി. എഴുത്തുകാരൻ എൻ.എസ്. മാധവൻ, സിപിഎം ന്റെ നിലവിലെ സൈദ്ധാന്തികൻ പി. രാജീവ്, ജിഹ്വകളായ എൻ. മാധവൻകുട്ടി, സുനിൽ പി. ഇളയിടം, പ്രകാശ് രാജ് മലയാളഭാഷയിലെ അറിയപ്പെടുന്ന ആക്ടിവിസ്റ്റ് രഞ്ജിനി ഹരിദാസ്, എസ്.എഫ്.ഐ. ദേശീയ വൈസ് പ്രസിഡന്റ് ശില്പ സുരേന്ദ്രൻ, ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റെന്ന നിലയിൽ പുതു ചിന്തകൾ തലയിൽ പേറി നടക്കുന്ന ചിന്താ ജെറോം, എൻ.എസ്.യു. ദേശീയ സെക്രട്ടറി ജെയിൻ ജെ. വിൽസൺ, ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഡാനിഷ് അലി, എ.ഐ.എസ്.എഫ്. പ്രസിഡന്റ് വിരാജ് ദേവാംഗ്, എം എസ്.എഫ്. ദേശീയ പ്രസിഡന്റ് മുഹമ്മദ് സജു....പട്ടിക നീളുന്നു. പാറ്റകൾക്ക് അർമാദിക്കാൻ ഇതിൽക്കൂടുതലെന്തു വേണം !
എൽ പി റാങ്കുകാരുടെ സമരം പാറ്റകൾ ദത്തെടുക്കുമെന്ന് കേൾക്കുന്നു.എങ്കിൽ വളർമതിക്ക് ആശ്വസിക്കാം. ഇൻസ്റ്റന്റ് പരിഹാരം തലമുടി കിളുർക്കും പോലെ ഉടനെ വരും. കേരളത്തിൽ അനാഥമായി കിടക്കുന്ന സമരങ്ങളെ ഏറ്റെടുക്കാൻ പാറ്റകൾക്കു കഴിയുമാറാകട്ടെ.അതിൽ ആദ്യത്തെ ഐറ്റം പി എസ് സി ഭരിപ്പുകാരുടെ തോന്ന്യാസങ്ങൾ തന്നെ ആകട്ടെ. അതൊടെ കാര്യങ്ങൾ തെളിയും.
ഇപ്പോൾ പൂച്ചെണ്ടു പിടിച്ച കരങ്ങളിൽ അപ്പോൾ കുറുവടി കാണാം.ബീഹാറിൽ ഓടിത്തള്ളാൻ കണ്ടങ്ങൾ ധാരാളമായിരുന്നു എന്നും ഓർക്കുക.
ഇന്ദിരയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കു എന്നത് പഴയ മന്ത്രം. 'കൊക്റോച്ചിനെ വിളിക്കു ഖേരളത്തെ രക്ഷിക്കൂ 'എന്നു ജൻസികൾ കൂട്ടമായി നിലവിളിച്ചാൽ വായു മാർഗേണ പരശുവും ചുഴറ്റി അഭിജിതനായ പുതിയ ദീപ്കേരാമൻ പെർമെനന്റായി മലയാളം പൂകിയേക്കാം.. നവകേരളം നിർമിക്കാൻ.
പാറ്റാ നേതാവിന് ത്രികാല ജ്ഞാനമേറും. സംശയമില്ല.തനി രാവണൻ!. കെജ്രിവാളിന്റെ കളരിയിൽ പയറ്റിയ മൊതലാ..
2029 മുതൽ ഭാരതം പാറ്റകൾക്കു മാത്രം സ്വന്തം. അന്നു തൊട്ട് പാറ്റാ റിപ്പബ്ളിക് നിലവിൽ വരും. കൂടെ നിന്നാൽ ഇന്ത്യാ മുന്നണിയിലെ കലാകായിക താരങ്ങളെ വാല്യക്കാരും കുന്തക്കാരും മുതൽ പിടിക്കാരുമാക്കി ജീവനം ഉറപ്പിച്ച് അവരിലെ തൊഴിലില്ലായ്മ പാറ്റകൾ പരിഹരിക്കും.
ആദ്യം ഗ്യാനേഷ് പിന്നെ അമിത് ഷാ, മോദി എന്ന ക്രമത്തിലാണ് ഉച്ചാടനക്രിയകൾ. മാറാത്ത, മാറ്റാത്ത വോട്ടർ പട്ടിക കൊണ്ടാണ് ആവാഹനം എന്നാണ് പ്ലാൻ. 'മൊട കാണിച്ചാൽ എടപെടും' എന്നാണ് പാറ്റാ തലവന്റെ വിമാനം കയറി വരുന്ന ഭീഷണി.
മോദിയെ എതിർക്കാനും തോൽപ്പിക്കാനും കാനഡയിൽ നിന്നും വായു മാർഗം വരേണ്ട ഗതികേടിലാണ് ശതാബ്ദി കഴിഞ്ഞ രാഷ്ട്രീയസ്വത്വങ്ങൾ..
എന്തൊരു ഗതി കേടാണ്.
കുടുംബക്കാരായി മാറിയ കുതിരക്കാർ വന്നത് യാനപാത്രങ്ങളിലായിരുന്നു.എന്നാൽ യാചനാ പാത്രങ്ങളുമായി ആകാശ നൗകയിൽ തൂങ്ങിയിറങ്ങുന്ന രക്ഷകനെ കാക്കുകയാണ് രാജ്യത്തെ പ്രതിപക്ഷം . ഒരു ജനകീയ വിഷയം പോലും മുൻനിർത്തി സമരം നടത്താൻ അവർക്കു കഴിയുന്നില്ല. വിലാസവും വിശ്വാസ്യതയും പാൻ ഇന്ത്യാ വ്യാപനവുമുള്ള ഒരു സംഘടന മരുന്നിനുപോലും കോൺഗ്രസ് ചേരിയിലില്ല.
ഇത് ഇന്ത്യൻ ഡമോക്രസിയുടെ പരാജയമാണ് വിശ്വാസ്യതയുടെ പരാജയമാണ്. സുകൃതക്ഷയം !
ഇരിക്കേണ്ടവർ ഇരുന്നില്ലെങ്കിൽ അവിടെ പാറ്റയും കൂറയും ഇരിക്കും. അതാണിപ്പോൾ സംഭവിക്കുന്നത്. രാജ്യത്തെ എതിർ ശബ്ദം ഇപ്പോൾ വരുന്നത് നാടിനെ അറിയാത്ത വാണാലുകളിൽ നിന്നാണ്. അതൊരു രാഷ്ട്രീയ ദുരന്തമാണ്. അവരെ പൊക്കി നടക്കുന്ന പ്രതിപക്ഷത്തിനാണ് ഇന്ന് ജനങ്ങളുടെ ഹിതപരിശോധന വേണ്ടത്.
ദില്ലിയിൽ ഉമ്മ കൈമാറി ഒന്നാകുകയും കേരളത്തിലെത്തി വെളുപ്പിനു തന്നെ പരസ്പരം പുലഭ്യം പറഞ്ഞ് രണ്ടാണെന്ന് വരുത്തി തീർക്കുകയും ചെയ്യുന്ന പണിയെ, എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്.?
കേരള ബിജെപിയിൽ ഒരു ജനകീയ നേതാവിന്റെ അഭാവമാണ് ഇന്ന് ഇരു മുന്നണികളുടെയും
അതിജീവനം ഉറപ്പാക്കുന്നത്.
കേരളത്തിൽ അണികളെ നിയോഗിച്ച് രക്ഷാപ്രവർത്തനം കൊണ്ടു തങ്ങളെ വീർപ്പു മുട്ടിച്ച വിജയനെയും ബംഗാളിൽ ഓടിച്ചിട്ടു വെട്ടിപ്പിരുത്ത മമതയെയും ഒക്കത്തിരുത്തി കോൺഗ്രസ്സ് ഏതു പാതാളത്തിലാണോ പോകുന്നത്?
തമ്പുരാനറിയാം!