NewsAd1
സാധനം കൈയ്യിലുണ്ടോ.....?
മോഹനകൃഷ്ണൻ
15 November 2026, 2:29 am
main image of news

അക്ഷര നഗരിയിലെ ഒരു ഗേൾസ് ഹൈസ്ക്കൂളിൽ നിന്നാണ് അവർ ടൂറു പോയത്. വിനോദമല്ലേ? പതിനാറു പെൺകുട്ടികൾ ബാഗിൽ മദ്യം കരുതിയിരുന്നു.ജസ്റ്റ് എ ഫൺ. രാത്രി അടിച്ചു കോൺ തെറ്റിയ ഒരു പെൺകുട്ടി ബോട്ടിലും തലയിൽ വച്ച് ഇൻസ്റ്റയിൽ കീച്ചി. Guys, We are in Bangaluru. സംഭവം അറിയേണ്ടവരെല്ലാം അറിഞ്ഞു.ആകെ പുകിലായി. തിരികെ വന്ന കുട്ടികളെ പാരന്റ്സി നൊപ്പം കൗൺസിലിങ്ങിനയച്ചു. പോസ്റ്റിട്ട കുട്ടിയുടെ തന്ത പറഞ്ഞതിങ്ങനെ: എന്റെ മകളെ ധ്യാനകേന്ദ്രത്തിലേക്കല്ല ഞാൻ അയച്ചത്.പ്രാർത്ഥിക്കാനുമല്ല. ആനന്ദിക്കാനും അർമാദിക്കാനുമാണ്. കുപ്പി കൊടുത്തു വിട്ടതു ഞാനാണ്.   ആർക്കാ  അതിൽ സൂക്കേട് !

കഴിഞ്ഞ നാലു പതിറ്റാണ്ടായി  ഫാമിലി കൗൺസിലിംഗ് നടത്തിവരുന്ന കോട്ടയത്തെ ഗ്രേസ് മാഡം പറഞ്ഞതാണിത്.
അടിച്ചു പൂസായി വാളുവയ്ക്കുന്ന യുവ കേരളത്തിന്റെ സമകാലിക ഭൂമികയിലേക്കാണ് നാം  ഇന്നു ജീവിക്കുന്നത്.
പതിനാറിനും പതിനഞ്ചിനും മുമ്പു തന്നെ നമ്മുടെ  ചെക്കന്മാരെയും കുമാരിമാരെയും നാലുകാലിൽ നടത്തി വേണം നവകേരളത്തിൽ എത്തിക്കാൻ.

 image 2 of news

കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 18-ൽ നിന്ന് 16 വയസ്സായി കുറയ്ക്കുന്നതിനെക്കുറിച്ച് നിയമനിർമാണസഭകൾ ഗൗരവമായി ആലോചിക്കേണ്ട സമയമായെന്ന് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഈ നിരീക്ഷണം രാജ്യത്തെ ജുവനൈൽ നീതിന്യായ നിയമത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ മാനം നൽകുന്നതാണ്. കൗമാരക്കാർക്ക് ബാറുകളിൽ നിന്ന് നിയന്ത്രണമേതുമില്ലാതെ മദ്യം ലഭിക്കുന്നതിനെതിരേ കൊല്ലം സ്വദേശിയും മാധ്യമപ്രവർത്തകനുമായ വിനോദ് വിക്രമൻപിള്ള സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. വിനോദിനും ഹൈക്കോടതിക്കും കൂപ്പുകൈ... സമൂഹം എത്രയോ കാലമായി ആഗ്രഹിച്ചിരുന്നതാണിത്. പക്ഷേ 16 മതിയോ?

പ്രത്യയശാസ്ത്രങ്ങൾ, മത പ്രബോധനങ്ങൾ സൻമാർഗ ശാസ്ത്രം ഈശ്വര ഭയം, ഗുരു ഭക്തി, മുതിർന്നവരോടുള്ള ആദരവ്.... എല്ലാം ഒടുങ്ങുന്ന മുക്കവലയാണ് നമ്മുടെ ബിവറേജ് ഷോപ്പുകളും മധുശാലകളും ലഹരി പൂക്കുന്ന തെരുവുകളും.
HomeAd1
 image 3 of news

നിലവിൽ കേരളത്തിന്റെ അഭിമാന ഭാജനവും കേരളം കണികണ്ടുണരുന്ന നന്മയും  നമ്മുടെ സോമരസ പാർലറുകളാണ്. മധ്യവർഗത്തെയും ധനിക വിഭാഗങ്ങളെയും വല്ലാതെ അനുകരിച്ചു കൊണ്ട്  സാധാരണക്കാരായ നമ്മുടെ അനുജന്മാരും അനന്തരവൻമാരും മക്കളും ചെറുമക്കളുമെല്ലാം ചെറുതുകളും വലുതുകളും വാങ്ങി പറമ്പുകളിലേക്കും തുറസുകളിലേക്കുമാണ് കുതിക്കുന്നത്.

മക്കളുടെ എല്ലാ തെണ്ടിത്തരങ്ങളും ന്യായീകരിച്ചു തള്ളുന്ന, സാമാന്യ വത്കരിക്കുന്ന തള്ളമാരും തന്തമാരു മാണ് നമുക്കുള്ളത്;  മിക്കപ്പോഴും ഗതികേടു കൊണ്ടു മാത്രം.
കരളു പഴുക്കുമ്പോഴും മാതൃകയാണ് അവർക്ക്  മക്കൾ.
അപകടം വരുമ്പോൾ ഈ കണ്മണികൾ ബാധ്യത മുഴുവനും  തന്തയ്ക്ക് ഇഷ്ടദാനമായി നൽകും.  തന്തയ്ക്കു മുന്നേ പിറന്നവരാണവർ..വീടകങ്ങളെ
ഭീഷണിയുടെ മുൾമുനയിൽ നിർത്തിയാണ് മാതാപിതാക്കളുടെ അന്തകരായി പിറന്ന ഈ സന്തതികൾ അവരെ  ഭ്രാന്തരാക്കി മാറ്റുന്നത്.
 

 image 4 of news

മദ്യം കിട്ടിയില്ലെങ്കിലെന്ത്,മയക്കു മരുന്ന് സുലഭം. തൂഫാനടിച്ചാലും ഇല്ലെങ്കിലുംഇവിടെ ഒന്നിനും പഞ്ഞമില്ല. അതിനൊന്നും ഒരു കുറവും ഒരു രാഷ്ട്രീയക്കാരനും വരുത്തിയിട്ടുമില്ല.

അക്രമം,കൊല,കൊള്ള, പീഢനം, പ്രതികാരം,ക്രൂരമായ പകപോക്കലുകൾ, വണ്ടികളിൽ മരണപ്പാച്ചിൽ നടത്തി നാട്ടാരെ കൊല്ലൽ,ആത്മഹത്യ,...
കുടിയുടെ,വലിയുടെ, പുകയ്ക്കലിന്റെ,ശരീരത്തിൽ കുത്തിക്കയറ്റുന്നതിന്റെ
ബാക്കിപത്രങ്ങളാണിവ.

നന്നായി സോപ്പിട്ടു കഴുകി കുളിച്ചാൽ തീരുന്ന ഒറ്റമൂലി പറഞ്ഞ് വഞ്ചിക്കപ്പെട്ട വരെ സമാശ്വസിപ്പിച്ച ധീരശബ്ദത്തെ അസ്തപ്രജ്ഞയാക്കി  ആ ക്രിയയെ ഒരു ടിഷ്യു പേപ്പറിൽ തീർക്കുന്ന ക്ഷുദ്രമായ കൗമാര കുതൂഹലങ്ങൾ ഇവിടെ  സാധാരണമായ ഒരു  ടൈം പാസായി മാറിക്കഴിഞ്ഞു.

ഓരോ വീടകവും  ഇന്നു ഭയാശങ്കളുടെ നടുവിലാണ്. വലതു കാൽ  വച്ചു കയറി വരുന്ന ഉഭയജീവികൾ  വഹിക്കുന്നത് വെടിയാണോ തടയാണോ  എന്നു മിശ്ചയമില്ല.. ശനിയിൽ അപഹാരമെങ്കിൽ മാതാപിതാക്കൾ ഉണ്ട തിന്നും. തീർച്ച.  മണിയറയുടെ ബദലാണ് തടവറ!
കേരളത്തിൽ മദ്യം വാങ്ങാനുള്ള
പ്രായം 23 വയസ്.  വലിയ കോമഡിയാണത്.നിയമം നിയമത്തിന്റെ വഴിക്കു പോകും.ചെക്കന്മാർ ബാറിലേക്കും ബിവറേജിലേക്കും.  ഈ നിയമത്തിന്റെ പേരിൽ ഒരാളെയും എവിടെയും തടഞ്ഞിട്ടില്ല.തടയുന്നുമില്ല.അതാണ് പുരോഗമന കേരളത്തിലെ അവസര സമത്വം !.
ഇനി 50 രൂപ കൊടുത്താൽ സാധനം വീട്ടലെത്തും എല്ലാർക്കും ആളോഹരി ആനന്ദം ഫ്രീ..
സാധനം കൈയ്യിലുണ്ടോ?
സാധനം കൈയ്യിലുണ്ടേ !

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞