NewsAd1
മയിൽപ്പീലിയെ മൊഴിചൊല്ലിയ മന്ത്രിയുപ്പാപ്പ
ഡോ.എസ്.ശിവപ്രസാദ്
17 November 2026, 5:56 pm
main image of news

കേരളത്തിലെ പൊതുവിദ്യാലയങ്ങൾ രാഷ്ട്രീയ-മത-സാംസ്കാരിക ബ്രാൻഡുകളുടെ വിജ്ഞാന സൂപ്പർമാർക്കറ്റുകളായി  മാറിക്കഴിഞ്ഞിട്ട് കാലമേറെയായി. അറിവിന്റെ തേൻകുടം എന്ന പേരിൽ ഒളിപ്പിച്ചു കടത്തുന്ന വിവിധ ഉദ്ദേശ്യ പരീക്ഷകൾ വിളമ്പാൻ വിതുമ്പി നിൽക്കുന്നവർ ഒളിപ്പിച്ചു കടത്തുന്ന രാഷ്ട്രീയത്തിന്റെ വിളനിലങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് സാരം . അധിക അറിവ് ആനന്ദമാണോ അപകടമാണോ എന്ന് മനസ്സിലാക്കാനോ ചോദിക്കാനോ സാധിക്കാത്ത പാവം കുഞ്ഞുങ്ങൾ.

കുഞ്ഞു മനസ്സുകളിൽ മത്സരവിത്തുപാകുന്ന മുതിർന്ന മനസ്സുകളുടെ ഏറ്റവും ഒടുവിലത്തെ മുന്തിയ ഇനമാണ് മയിൽപ്പീലി. ഞങ്ങൾ മാത്രമായിട്ട് എന്തിന് കുറയ്ക്കണം എന്നായിരിക്കണം ഒരുപക്ഷേ മയിൽപ്പീലിക്കാർ ചിന്തിച്ചത്. അധിക അറിവിന്റെ ബലത്തിൽ പാകമാകും മുമ്പേ വിളയുന്ന ബാലാവകാശം 18ൽ നിന്ന് 16 വയസ്സാക്കാണ്ടതല്ലേ എന്ന് കോടതി ചോദിച്ചത് ചുമ്മാതെയല്ല.

 image 2 of news

ദേശാഭിമാനിയുടെ അക്ഷരമുറ്റം, സിപിഐ അധ്യാപക സംഘടനയുടെ അറിവുത്സവം, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവം , ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള മലർവാടി ബാലസംഘത്തിന്റെ   മലർവാടി ലിറ്റിൽ സ്കോളർ , യുറീക്ക ടെസ്റ്റ് , മലയാള മനോരമ നല്ല പാഠം, പഠിപ്പുര ക്വിസ് മാതൃഭൂമി സീഡ് വായനാക്കളരി, മാധ്യമ വെളിച്ചം കുടുംബ ക്വിസ് , ദീപികയുടെ ഐ ക്യു ഒളിമ്പ്യാഡ് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ സ്വദേശി മെഗാ ക്വിസ് , ലീഗ് അനുകൂല സംഘടനയുടെ  സി എച്ച് മുഹമ്മദ് കോയ പ്രതിഭ ക്വിസ്, അറബിക് അധ്യാപക സംഘടനയുടെ ടാലന്റ് ക്വിസ്  സൺഡേ സ്കൂൾ , മദ്രസ പൊതു പരീക്ഷകൾ … അങ്ങനെയും പലതുണ്ടെന്നാണ് പറച്ചിൽ. പല ഓമനപ്പേരുകളിൽ പരീക്ഷകൾ ഇനിയും പലതുണ്ട്.  കുഞ്ഞുങ്ങൾക്കിനി ആഹ്ലാദിക്കാനും ആഘോഷിക്കാനും ഇതിൽപ്പരം എന്തുവേണം എന്ന ഭാവമാണ്  പരീക്ഷ നടത്തിപ്പുകാർക്ക്.  

മലർവാടിയിലൂടെ വിരിയുന്ന പൂക്കളും, അക്ഷരമുറ്റത്ത് വിരിയുന്ന വിപ്ലവങ്ങളും, സഹപാഠിക്കൊപ്പം പാറിപ്പറക്കുന്ന പഠിതാക്കളെയും കണ്ട് കേരളം  അറിവിന്റെ അത്യുന്നതങ്ങളിൽ അറുമാദിക്കുമ്പോഴാണ്; മയിൽപ്പീലി ചുരുണ്ടു കൂടി പുസ്തകത്തിനുള്ളിൽ ഒളിച്ചിരിക്കാൻ ശ്രമിച്ചത്. തിമിരം ബാധിക്കാത്ത കേരളത്തിന്റെ മതേതര കണ്ണുകളെ മറികടന്ന് മറ്റ് നിറങ്ങളിലെ കൊടികളിൽ  വിശ്വാസമില്ലാത്ത നിലവിലെ വിദ്യാഭ്യാസ വകുപ്പ്  പരീക്ഷയ്ക്ക് ആദ്യം പച്ചക്കൊടി കാട്ടി. പച്ചക്കൊടി വീശിയാണല്ലോ അവർക്ക് ശീലം. മുൻപിൻ നോക്കാതെ അത് ചെയ്തെന്ന് മാത്രം. ആദ്യം മിന്നൽ പിന്നീടാണല്ലോ ഒച്ച.  കഴിഞ്ഞ 10 വർഷക്കാലത്തും അതിനുമുമ്പും  ഇത്തരം പരീക്ഷകൾക്ക് പച്ചക്കൊടി കാട്ടിയിരുന്ന ചുവപ്പു കൊടിക്കാർ ലേശം താമസിച്ചെങ്കിലും ഉറഞ്ഞുതുള്ളാൻ തുടങ്ങി. മയിൽപീലി  കൊണ്ടാൽ മതേതരത്വത്തിന് മുറിവേൽക്കും പോലും . രാഷ്ട്രീയ കോലാഹലം കടുത്തു.  തുടർന്നാണ് ഒറ്റരാത്രികൊണ്ട്  മയിൽപ്പീലിയെ  ക്ലാസ്സ്മുറിക്ക് പുറത്താക്കി പടിയടച്ച് മൊഴി ചൊല്ലിയത്. സംഭവം നടക്കുമ്പോൾ വിദ്യാഭ്യാസ മന്ത്രിയും ഉദ്യോഗസ്ഥരും തമ്മിലുള്ള ഏകോപനം കണ്ടാൽ ആരും എഴുന്നേറ്റ് നിന്ന് ഒന്നുകിൽ കുരവ ഇടും ഇല്ലെങ്കിൽ മാനത്തേക്ക് മുഷ്ടി ചുരുട്ടി വിപ്ലവ മുദ്രാവാക്യങ്ങൾ വിളിക്കും .
HomeAd1
 image 3 of news

അപ്പർ പ്രൈമറി - ഹൈസ്കൂൾ വിദ്യാർത്ഥികളെ വിജ്ഞാന കുതുകികളാക്കിയേ തീരൂ എന്ന മറ്റുള്ളവരുടെ പിടിവാശി പോലെയാണ്  ദേശീയ അധ്യാപക പരിഷത്തും ബാലഗോകുലത്തിന്റെ മയിൽപീലി മാസികയും ചേർന്ന്  യങ് സ്കോളർ എക്സാം നടത്താൻ അപേക്ഷ കൊടുത്തത്.  നിഷ്കളങ്കരായ ഉദ്യോഗസ്ഥരാകട്ടെ  പഠനസമയം നഷ്ടപ്പെടാതെ നടത്തിക്കോളൂ എന്ന് പറഞ്ഞ് പരീക്ഷാ നടത്തിപ്പിനുള്ള  അനുമതി താലത്തിൽ കൈമാറുകയും ചെയ്തു. പരീക്ഷയുടെ ബ്രാൻഡ് അംബാസഡറായി സാക്ഷാൽ ഉണ്ണി മുകുന്ദൻ എത്തിയതോടെയായിരുന്നു ട്വിസ്റ്റ്.  ആർഎസ്എസ് - യുഡിഎഫ് അവിശുദ്ധ ഡീലാണ് പരീക്ഷയ്ക്കുള്ള അനുമതിയെന്നും  ലീഗ് മന്ത്രിയുടെ ഒത്താശയോടെ സ്കൂളുകളിൽ സംഘി കാംപയിൻ നടക്കുന്നുവെന്നും തല്പരകക്ഷികൾ   ഒരേ സ്വരത്തിൽ അലമുറയിട്ടു. നോം ഒന്നുമേ അറിഞ്ഞീല  രാമനാരായണാ എന്ന ഭാവത്തിൽ മന്ത്രി ഉടൻ തന്നെ ഡയറക്ടറോട് റിപ്പോർട്ട് തേടുകയും, പരീക്ഷ റദ്ദാക്കി തന്റെ മതേതര പ്രതിച്ഛായയ്ക്ക് മുകളിൽ വീണ കറ കഴുകിക്കളയുകയും ചെയ്തു. ഇതാവണം മന്ത്രി. പറഞ്ഞത് വിഴുങ്ങണം കൊടുത്തത്  തിരികെ വാങ്ങണം.  

മയിൽപ്പീലിയെ തലയിലേറ്റി നടക്കുന്ന വിദ്യാർത്ഥി സംഘടനയുടെ രോഷം അണപൊട്ടിയൊഴുകി. മലർവാടിക്കും അക്ഷരമുറ്റത്തിനും സഹപാഠിക്കും ഇല്ലാത്ത എന്ത് കൊമ്പാണ് മയിൽപ്പീലിക്ക് ഉള്ളത് എന്ന അവരുടെ ചോദ്യം കേരളത്തിലെ ബൗദ്ധിക കർണ്ണപുടങ്ങളിൽ ചെന്ന് തറച്ചു.   തുടർന്നാണ് നാട്ടുനടപ്പിൻ പ്രകാരവും  ഇടത് വലത് രാഷ്ട്രീയ നിഘണ്ടു പ്രകാരവും  ചില പ്രത്യേക നിറങ്ങളിലുള്ള മത്സര പരീക്ഷകൾ കുട്ടികളിൽ വിജ്ഞാനവും സർഗാത്മകതയും വളർത്തുമെന്നും, എന്നാൽ എതിർ  നിറത്തിലുള്ള പരീക്ഷകൾ പിഞ്ചുമനസ്സുകളിൽ വർഗീയ വിഷം കുത്തിവെക്കുന്ന മാരകായുധമായി മാറുമെന്നുമുള്ള വൈരുദ്ധ്യാത്മക വാദം പൊങ്ങി വന്നത്. ചോദ്യക്കടലാസിലെ പൊതുവിജ്ഞാന ചോദ്യങ്ങൾ  ഏത് മാസികയുടെ പേരിലാണ് അച്ചടിക്കുന്നത് എന്നതനുസരിച്ച് പുരോഗമനപരവും പിന്തിരിപ്പനുമായി മാറുന്ന ഈ രസതന്ത്രം കേരളത്തിന്റെ  സ്വന്തം തറവാട്ടുവകയാണ്.

 image 4 of news

കഴിഞ്ഞ പത്തുവർഷക്കാലം ഇത്തരം വർഗീയ അജണ്ടകളെ  സ്കൂൾ പടിക്ക് പുറത്തുനിർത്തി എന്ന്  വീമ്പിളക്കുകകയും  ലീഗ് ഓഫീസുകളിൽ സി.എച്ചിന് പകരം സവർക്കറുടെ ചിത്രം വൈകാതെ ഉയരും എന്നുമൊക്കെ പ്രവചിക്കുന്ന സൈബർ സഖാക്കൾ. പിണറായി സർക്കാർ കാലത്തെ സി എം ക്വിസിനെക്കുറിച്ച് ആർക്കും ഒരു ഓർമ്മയും ഇല്ല.  ഒരർത്ഥത്തിൽ കേരളത്തിലെ ഓരോ സ്കൂൾ ബെഞ്ചിലും കുട്ടികളുടെ രൂപത്തിൽ  ഇരിക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ ആശങ്കകളാണ്. ഏത് പരീക്ഷ എഴുതിയാലാണ് വർഗീയവാദികളാകുക ഏത് എഴുതിയാലാണ് പുരോഗമനവാദികളാകുക  എന്നറിയാതെ  കുഴങ്ങുകയാണ് പാവം വിദ്യാർത്ഥികൾ.

കേവലമായ പഠന കേന്ദ്രങ്ങൾ എന്നതിൽ നിന്ന് കാതങ്ങളുയർന്ന് നിൽക്കുന്ന നമ്മുടെ സ്കൂളുകളിൽ അറിവ് സമ്പാദനത്തിനായി   കൊണ്ടുചെന്നാക്കുന്ന  കുട്ടികൾക്ക് മുന്നിൽ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ  വിവിധ  വർണ്ണങ്ങളിലെ  അധിക അറിവിന്റെ രാഷ്ട്രീയ  സിലബസാണ്  തുറന്നു വച്ചിരിക്കുന്നത്. അതും പോരാഞ്ഞാണ്   രാഷ്ട്രീയക്കാരും സംഘടനകളും അവരുടെ സഹയാത്രികരും മത്സരിച്ച് നടത്തുന്ന മറ്റ് മത്സരപരീക്ഷകൾ. കുഞ്ഞുമനസ്സുകളിൽ കയറിപ്പറ്റാനുള്ള കുതന്ത്രങ്ങളാണ് ഇതൊക്കെ. പുറം പരീക്ഷകളുടെ ആധിക്യം കുട്ടികളിലും അധ്യാപകരിലും ഉണ്ടാക്കാനിടയുള്ള സമ്മർദ്ദങ്ങളെ കുറിച്ച് പഠനം നടത്താതെയാണ് പഠിപ്പിച്ചേ അടങ്ങൂ എന്നചിലരുടെ വാശി.  ഏതെങ്കിലും ഒരു സംഘടനയുടെ ലേബലില്ലാതെ സ്വതന്ത്രമായി ഒരു സ്കോളർഷിപ്പ് പരീക്ഷ പോലും നടത്താൻ കഴിയാത്ത വിധം പൊതുവിദ്യാലയങ്ങളെ രാഷ്ട്രീയ വീതംവെപ്പിന്റെ കളരികകളാക്കി മാറ്റിയവർക്ക് ഈ പരീക്ഷകൾ ഒന്നാന്തരം തമാശയായിരിക്കാം.

മയിൽപ്പീലി കണ്ടാലും കൊണ്ടാലും ശരീരത്തിനും മനസ്സിനും മുറിവേൽക്കാൻ ഇടയില്ല. എന്നാൽ പച്ചയായ ചില മനസ്സുകൾക്കും ചുവന്ന് തുടുത്ത നിൽക്കുന്ന മനസ്സുകൾക്കും  മയിൽപ്പീലി അത്ര പഥ്യമല്ല. കാരണം മറ്റൊന്നുമല്ല. ഇരുവരെയും ഒരുമിപ്പിക്കുന്ന വിചിത്ര  മതേതരത്വത്തിന്റെ മാനം കപ്പൽ കയറിയാലോ എന്ന ഭീതി.  ഞങ്ങൾ ഇട്ടാൽ ബർമുഡ നിങ്ങൾ ഇട്ടാൽ വള്ളി കളസം. അക്ഷരമുറ്റത്തും മലർവാടിയിലും വിരിയുന്നത് വിപ്ലവ പൂക്കളവും പുരോഗമനവും . മയിൽപ്പീലി എന്ന മത്സര പരീക്ഷ എഴുതിയാൽ  മതേതരത്വത്തിന് തീ പിടിക്കും.  മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്ന മാനം ഇല്ലാത്ത മാന്യന്മാർ . അധിക അറിവ് ആനന്ദമോ അപകടമോ അറിയില്ല. ആരുടെ പരീക്ഷയാണ് ശരി ആരുടേതാണ് അപകടം.

മയിൽപ്പീലി പെറ്റുപെരുകുമോ എന്ന പേടിയിൽ പരീക്ഷ റദ്ദാക്കുകയും, മറ്റ് പരീക്ഷകൾക്ക് പരവതാനി വിരിക്കുകയും ചെയ്യുന്ന സെലക്ടീവ് മതേതരത്വം. അധിക അറിവ് തലച്ചുമടായി പേറുന്ന കുഞ്ഞുങ്ങൾ നാളെകളിൽ ഇതൊക്കെ സ്വയം തിരിച്ചറിയും. കുഞ്ഞിലേ കൂട്ടുക,  കൂടെ നിർത്തുക, കൂട്ടിലടക്കുക , എന്നിട്ട് ഏതെങ്കിലും ഒരു ജാതി - മത കുറ്റിയിൽ കെട്ടിയിടുക ഇതായിരുന്നു തന്ത്രം എന്ന് മനസ്സിലാക്കുമ്പോഴേക്കും കുട്ടിക്കാലം കടന്നുപോയി കഴിഞ്ഞിരിക്കും . മുതിർന്നവരുടെ സ്വാർത്ഥ ലാഭത്തിനായി കുട്ടിത്തം നശിപ്പിച്ചതിന് നിങ്ങൾക്ക് അന്ന് അവർ മാപ്പ് തരില്ല

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞