NewsAd1
ശ്രീ ഭൂവിലസ്ഥിരം
കെ.മോഹനൻ
21 November 2026, 6:37 pm
main image of news

കേരള ഭൂവിലെ മഹാ സാംഘികത്തിൽ നിന്നും രണ്ടു ഉഗ്രസംഘിണികളാണ് ഒരു കനിവുമില്ലാതെ ഇറങ്ങിപ്പോയത്. ഒന്ന് പത്മത്തിൽ നിന്നും ഉരുവം കൊണ്ട വിലമതിക്കാനാവാത്ത 'ജെം'. അടുത്തത് താമരയിൽ വിടർന്ന പത്മ സംഭവിയായ പത്മിനിയും. വൈകുണ്ഠവും കൈലാസവും ഇനി ശോകമൂകം.!

ബിജെപിയുടെ സൗഭാഗ്യങ്ങളുടെ ആമാടപ്പെട്ടികളും അടിച്ചു മാറ്റിയാണ് ഈ ഐശ്വര്യങ്ങൾ സ്റ്റേഷൻ വിട്ടതെന്നു നിശ്ചയമായും തംശയിക്കണം.
ശിബിരങ്ങൾ ഉപേഷിച്ച്  പത്തുനാഴിക കഴിയും മുമ്പേ രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മൂക്കുംകുത്തി വീണ വാർത്തയാണ് കേൾക്കുന്നത്. ശിവ ശിവ. എന്തൊരു കാലക്കേട് !

 image 2 of news

ഈ കണ്ണകിമാർ രാജസ്ഥാനത്തേക്ക് എറിഞ്ഞു കളിച്ചത് കാൽത്തളയോ കൈവളയോ തോൾ വളയോ ? എന്തായാലും മധുരാപുരി പോലെ ജയപുരിയും പ്രാന്തങ്ങളും നിന്നു കത്തി എന്നു പറഞ്ഞാൽ മതിയല്ലോ.

എന്തെല്ലാം  സ്വപ്നങ്ങളും  മോഹങ്ങളുമായിരുന്നു. എല്ലാം ശടപെടാന്ന് കടലെടുത്തു പോയി. രാജഭവനങ്ങളിലും കായിക സോപാനങ്ങളിലുമാണ് കനവുകൾ  പൂത്തത്.
വികാര തരളിത ഗാത്രികളായി അവർ എത്രയോ സുന്ദര രാത്രികളിൽ വരാനിരിക്കുന്ന സൗഭാഗ്യ നാളുകൾ കിനാവു കണ്ടു.
HomeAd1
 image 3 of news

സൂര്യപുത്രിമാർ പൊടുന്നനവെ ഡിവോഴ്സും വാങ്ങി പെട്ടിയും കിടക്കയുമായി വിടപറഞ്ഞ നിമിഷം രേവതി രാഗത്തിൽ ഒരു ശോക മൂസിക് അന്തരീക്ഷത്തിൽ തൂങ്ങിക്കിടപ്പതു കാണുമാറായി എന്നു സാക്ഷ്യം.

നന്നായി ഞെട്ടിയിട്ടും ചിരിച്ചിട്ടും ആണ്ടുകൾ കഴിഞ്ഞ  രാജസ്ഥാനിലെ ഗാന്ധിയന്മാർ കൊളോക്ക്യൽ രാജസ്ഥാനിയിൽ  ഈ ഭാരതസ്ത്രീകൾതൻ ഭാവശുദ്ധികളെ വിസ്തരിച്ചങ്ങു സ്തുതിക്കുമെന്ന് കരുതാം.

 image 4 of news

ത്രിശ്ശിവപേരൂരിൽ തൃച്ചേവടി വച്ച്  ആനയും അമ്പാരിയും പകൽ പൂരവുമായി പിസിസിയിലേക്ക്  അങ്കുശമിസ്ലാത്ത ദിവ്യാംഗനയെ വരവേൽക്കാനായിരുന്നു സണ്ണി വക്കീലിനു ത്വര. ഇറങ്ങി എന്ന്എ കേട്ട മാത്രയിൽത്തന്നെ വന്നു കയറിക്കോളാൻ വാതിലും തുറന്ന് കാത്തിരിക്കയാണ് വക്കീൽ . എന്തിലും കൂടിയാലോചനക്കു പനിക്കുന്ന വക്കീലിന് ഇക്കാര്യത്തിൽ ആ വേവലാതിയില്ല.ആശാന് അടുപ്പത്തുമാകാം.  അതാണ് കല്ലുവഴിച്ചിട്ട.

വെൽകം ഡ്രിങ്കും കലക്കി റെഡിയാക്കി  കാത്തിരുന്ന ഈ സ്മര്യ പുരുഷുവെ യൂത്ത് കോൺഗ്രസ് അധ്യക്ഷനും പാർട്ടി വക്താവും ചേർന്നാണ് കൊങ്ങയ്ക്കു പിടിച്ച് മരത്തേൽ തറച്ചത്.
കൊയ്യാൻ തയ്യാറായി കിടക്കുന്ന പൊതു മേഖലയുടെ കരളു
കവരാനാണ്  മുഖ്യമായും ഇപ്പോൾ ഇരുന്നും കൊണ്ടുള്ള  വേലിചാട്ടം എന്നു കരുതുന്നവരുണ്ട്.ഏതു ഷുവർ സീറ്റു
കൊടുത്താലും തോൽവി മാത്രം ഏറ്റുവാങ്ങുന്ന അനന്യ സാധാരണമായ മികവുണ്ടെന്നത് ശത്രുക്കൾ പറഞ്ഞു പരത്തുന്ന നുണയാണ്.

ചേക്കേറിയവർ  ബിജെപിയിൽ നിന്നും കൂടൊഴിയുകയാണെന്നത് ദേശാഭിമാനിയിലെ അന്വേഷകൻ കണ്ടെത്തിയ മലയാളിയെ നടുക്കുന്ന  വാർത്തയാണ്. ബിജെപി സംസ്ഥാനെ അധ്യക്ഷൻ നിരന്തരം സർക്കീട്ടിലാണെന്നും  വോട്ടർമാർക്കും സന്ദർശകർക്കും അപ്രാപ്യനാണെന്നും വാർത്തയുടെ മണം പിടിച്ചു പോയ ദേശാഭിമാനി മാപ്ര നിരുദ്ധശ്രീകണ്ഠനായി നമ്മെ അറിയിക്കുന്നു.

ഈ പ്രസിഡന്റ് ശതകോടീശ്വരനായ ബിസിനസുകാരനാണെന്നും  ബയോമെട്രിക് പൂട്ടുള്ള മുറിയിലാണ് അതിയാന്റെ ഇരിപ്പെന്നുമുള്ള സ്തോഭജനകങ്ങളായ  ഇടിത്തീ വാർത്തകളാണ് മുളപൊട്ടി വരുന്നത്. എന്താശ്ചര്യം ! എത്ര മനോഹരം !
രാഷ്ട്രീയത്തെ ഏറ്റവും വലിയ  വാണിജ്യവും
ഘനവ്യവസായവുമാക്കിയ കേരള മോഡലുകളെ ആരറിയുന്നു. ജയിക്കാൻ ചോരപ്പുഴ തീർത്തവർ... മൂലധനമില്ലാതെ  സഹസ്ര കോടീശ്വരൻമാരായവർ യഥാർത്ഥ വർത്തകന്റെ വർഗശത്രു വാണ്.
ശൂന്യതയിൽ നിന്നും കോടികൾ തീർത്ത അറബിക്കഥകളിലെ നായകരെ കുറിച്ച് ഇവിടെ ഇനി ആരെഴുതും ?ദുർഗ പ്രസാദ് ഖത്രിയോ, ബാറ്റൺ ബോസോ ? !

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞