NewsAd1
പടകാളി ചണ്ടിച്ചങ്കരി.. പോർക്കലി മാർഗ്ഗിനി....
മോഹനകൃഷ്ണൻ
22 November 2026, 4:02 pm
main image of news

കല്ല് കരട് കാഞ്ഞിരം... മുള്ള് മുരട് മൂർഖൻപാമ്പ്.... ഈ പഴയ ശൈലി  ഇപ്പോഴുള്ള രാഷ്ട്രീയ കക്ഷികൾക്കാണ് കൂടുതൽ ഭൂഷണം. ജനാധിപത്യം പൂത്തുലയുന്ന കോൺഗ്ര സിൽ ഇതിന്റെ പ്രഭാവം ബൂത്ത് കമ്മിറ്റി മുതൽ ആരംഭിക്കും മറ്റു കക്ഷികളിൽ കമ്മിറ്റിയുടെ മൂപ്പാണ്  ഈ രൂക്ഷതയുടെ മാനദണ്ഡം. .

ഭഗ്നഭവനങ്ങളാണ് ഓരോ കക്ഷിയുടെയും അന്ത:പുരങ്ങൾ. അധികാരം കിട്ടിയാൽ കെപിസിസി ജ്വാലാ മുഖികളാകും. പിന്നെ പടല പടലകളായി ഗ്രൂപ്പുകളായി അത് നിന്നു കത്തും. ആ ആത്മനാശന ജ്വാലയാണ് കേരളത്തിലും ഇപ്പോൾ കത്തിപ്പടരുന്നത്.

അഖിലേന്ത്യാ കമ്മിറ്റി നേതാക്കളുടെ ശക്തി തന്നെ അവരവർ സ്വന്തം ദേശങ്ങളിൽ രൂപപ്പെടുത്തുന്ന ഗ്രൂപ്പുകളിലാണ് കുടികൊള്ളുന്നത്. 'എല്ലാ  ഇന്ത്യാക്കാരും എന്റെ ഉടപ്പിറന്നോൻ/ൾ' എന്നല്ല അവർ ഒക്കെയും എന്റെ ഗ്രൂപ്പുകാരാണ് എന്നതാണ് എക്കാലത്തും കൊങ്ങിത്തത്തിന്റെ അടിസ്ഥാന പ്രതിജ്ഞ...

അഖില ലോക സിക്രട്ടറിക്ക് പഥ്യം കേരളത്തിത്തിലെ ഗ്രൂപ്പ് സംഘാടനമാണ്.
ലോകവും രാജ്യവും വിട്ട ചെറിയ  മനുഷ്യരുടെ ആ വലിയ ലോകം കേരളമെന്ന ഗ്രാമപഞ്ചായത്താണ്. അവിടെ ചെന്ന് മസിലു പെരുക്കുക, എണ്ണയിട്ടു മപ്പടിക്കുക, മറ്റുള്ളവരെ കാലുവാരി നിലത്തടിക്കുക ചിലപ്പോൾ ആ ദുര്യോഗം  സ്വയം ഏറ്റുവാങ്ങുക തുടങ്ങിയ ലീലകളിലാണ് ഇവിടുത്തെ രാധാകൃഷ്ണന്മാർ മുഴുകി നടക്കുന്നത്.
HomeAd1
 image 3 of news

മകൻ ചത്താലും മരുമകളുടെ കണ്ണുകൾ സദാ നിറഞ്ഞൊഴുകണം എന്ന കാകതലീയ ന്യായം മറ്റു പലതിനെയും പോലെ ഉയർത്തിപ്പിടിക്കുന്നവരാണ് ഇവിടുത്ത ഖദർധാരികൾ.

ഭൈമീകാമുകാരെ വെട്ടി വരണമാല്യം ചാർത്തിയ നാൾ മുതൽ  വീ ഡി യെ ഇല്ലായ്മ ചെയ്യാനുള്ള പണി പാലും വെള്ളത്തിൽ തുടങ്ങിയിരുന്നു. ആഖിലേന്ത്യൻ തന്നെയാണ് ഈ ചക്കളത്തി ഗ്രുപ്പിന്റെ നായകനും നാരദനും.
ഗ്രൂപ്പ് വീര്യം കോൺഗ്രസ് നേതാക്കളുടെ ക്ഷാത്ര വീര്യമാണ്. തവണയായി വാങ്ങിക്കൂട്ടിയ വിജയന്റെ തല്ലുമാല ഒഴിവായതോടെ പുതിയ ഗ്രൂപ്പുകൾ ഉയർന്നു വരികയാണ്.കാര്യങ്ങൾ അടുപ്പിലെ ചക്കപോലെ കുഴയുകയുമാണ്. . അതോടെ പല പോരാട്ടങ്ങൾ നയിച്ച് ഇപ്പോൾ വയോധികമായ എ ഗ്രൂപ്പും വയാഗ്ര ചെലുത്തി രംഗത്തിറങ്ങിക്കഴിഞ്ഞു.. വ്യക്തിഗത ചാമ്പ്യൻമാരുടെയും ഗ്രൂപ്പുകളുടെയും മൽസരങ്ങളാണ് ഈ മീറ്റിൽ മാറ്റുരയ്ക്കുന്നത്.

 image 4 of news

മതേതര മുസ്ലിം ലീഗും കെസിയും പണ്ടേ ഒന്നും രണ്ടും പറഞ്ഞ് മുഷിച്ചിലിലാണ്.  
കോൺഗ്രസ് നേതാക്കൾ ഒറ്റയ്ക്കും തെറ്റക്കും ഞണ്ടു കളിക്കുമ്പോൾ ദേശീയ മുസ്ലിം മൗനിയാകുന്നത് ചിതമല്ലല്ലൊ? അവരും തുറന്നു വിമത മുഖം. നേരെ ദില്ലിയിലേക്ക്. അത് ഫലം കണ്ടു. അവിടെ പലർക്കും ദേശീയം സഭയിൽ പറയാൻ വയനാടു വഴിയാണല്ലോ പോകേണ്ടത്
ഇനി കോൺഗ്രസ്  നേതാക്കളുടെ പിത്തലാട്ടങ്ങൾ കെടുത്തുന്നത് കുഞ്ഞാലിക്കുട്ടിയാകും. കോൺഗ്രസിന്റ തിരുത്തൽ ശക്തി ഇന്ത്യൻ യൂണിയൻ മീസ്ലിം ലീഗാവും. അവർക്കാണെങ്കിൽ ഒരു ദേശീയ കക്ഷിയെ മര്യാദ പഠിപ്പിച്ചിട്ട്  കാലമേറെയായി.അന്യരുടെ തൊഴി വാങ്ങാതെ നാൾകഴിച്ചാൽ കൊങ്ങികൾക്ക് പിന്നെന്താണ് ഒരു നേരമ്പോക്ക്.

ഇനി ലീഗിന്റെ പിന്തുണയിൽ  പിസിസി പുതിയാപ്ലയും പുതിയ യുഡിഎഫ് കൺവീനർ മാമയും വരും. കൂടുതൽ അലമ്പിയാൽ വിമതസചിവോത്തമൻമാരും കാലവിളംബം കൂടാതെ മൊഴി ചൊല്ലപ്പെടുമെന്നതു തീർച്ചയാണ്.  ഇത് നെഗറ്റീവായി കാണേണ്ട അതിക്രമ മല്ല. കൈകടത്തലുമല്ല. മറിച്ച്  മുന്നണി ഐക്യത്തിന്റെ സജീവതയും ജൈവികതയുമായി തന്നെ കരുതണം.ഇതു തെറ്റല്ലെന്നു മാത്രമല്ല വലിയ ശരിയുമാണ് ഒന്നും ഒന്നും ചേർന്നാൽ രണ്ടല്ല. ഇമ്മിണി ബല്യ ഒന്ന്.!!!

ഭർത്താവ് ഭാര്യയോട്
'എടീ ഞാൻ ഒന്നൂടെ കെട്ടാൻ പോണ്. പോയ്ക്കോട്ടെ?'
ഭാര്യ:
'ആയ്ക്കോട്ടെ... നല്ല കാര്യം..'
ഭർത്താവ്:
'അപ്പൊ നിനക്ക് പരാതിയേ
ഇല്ല അല്ലേ ?'
ഭാര്യ:
'ഇല്ലേയില്ല. പക്ഷേങ്കില് ഒരു സംശയം ണ്ട്....'
'പ്രവർത്തിക്കാത്ത ഫോണിനെന്തിനാ ചേട്ടാ രണ്ട് സിം ?'

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞