സുന്ദരി നീയും
സുന്ദരൻ ഞാനും...
രേഷ്മ പി വി
23 November 2026, 11:15 pm
'എന്തൊരു മുഖകാന്തി!
എന്തൊരു ശരീര കാന്തി!
ഏതു കോളെജിലാ പഠിക്കുന്നെ ?'
യുവാവിന്റെ പ്രണയ പരവശമായ
കൊഞ്ചൽ ചോദ്യം.
അഭിമാന തരളിതമായി മറുമൊഴി
'ഞാനോ.. കോളെജിലോ'
അപ്പോൾ ഒരു പിൻവിളി
'മമ്മീ....'
അവൻ ബ്ലിങ്കസ്യ .പിന്നെ ആത്മഗതം.
'ചർമ്മം കണ്ടാൽ പ്രായം തോന്നിക്കുകയേയില്ല'
സ്കിൻ ക്രീമിന്റെ ഒരു വളരെ പഴയതല്ലാത്ത ഒരു ടെലിവിഷൻ ജിംഗിൾ ഇങ്ങനെ ആയിരുന്നു.
ഇതു കണ്ട് ആവേശം മൂത്താണ് നമ്മുടെ പെണ്ണുങ്ങൾ റേഷനു കരുതിയ കാശും കൊണ്ട് ചന്തം കൂട്ടാൻ പാഞ്ഞത്.ഇന്നും പായുന്നത്. ഇന്ന് ക്രീമുകൾ സ്ക്രീമുകളായി മാറുകയാണോ എന്നു സംശയിക്കണം.
ചന്തം കൂട്ടാൻ നടന്ന നമ്മുടെ പിള്ളേർക്ക് ആധികളും വ്യാധികളുമായിരിക്കുന്നു
കൈകാലുകളിൽ തരിപ്പ്, കടച്ചിൽ നീർക്കെട്ട് വൃക്കരോഗം,ദഹനക്കേട് വിളർച്ച, പ്രോട്ടീൻആഗിരണ ശേഷിക്കുറവ് ,നെഫ്റോട്ടിക് സിൻഡ്റോം. പ്രതിരോധശേഷി ഇല്ലാതാകൽ, പിന്നെ ഓരോ ശരീരത്തിലും ഉണ്ടാവുന്ന പാർശ്വ ആഘാതങ്ങൾ വേറെയും.അതു
വന്ധ്യത മുതൽ കാൻസർ വരെ നീളാം
.
വിടരും മുമ്പേ കൊഴിയരുതേ
നാലുമണികളെ! ജരാനര വിഴുങ്ങുന്ന കുമാരിമാരേ, കരുതിയിരിക്കുക.
അശനി പാതമായി മാറുകയാണ് നമ്മുടെ സൗന്ദര്യക്കോപ്പുകളെല്ലാം..
ശരീരം തിളങ്ങാൻ അടിച്ചു
കയറ്റുന്ന ഫെയ്സ് ക്രീമിൽ
മെർക്കുറിയാണ് വില്ലൻ. അതും അനുവദനീയമായതിന്റെ
12000 ഇരട്ടിയിൽ . ഓൺലൈനിലൂടെ വരുന്ന ഈ ഗന്ധർവന്മാർ
മാരക രോഗങ്ങൾക്കുള്ള
പാസ്പോർട്ടുമായാണ് കടന്നു വരുന്നത്.
തിന്നും ചവച്ചും കുടിച്ചും വിഴുങ്ങിയും തേച്ചും ചുരണ്ടിയും ഒട്ടിച്ചുവച്ചും സുന്ദരിയാവാനാണ് പൂങ്കുഴലികളുടെ പുറപ്പാട്.ഉത്തരവാദിത്വ ബോധം തീരെയില്ലാത്ത സെലിബ്രിറ്റി കളാണ് കണ്ണഞ്ചിക്കുന്ന പരസ്യങ്ങളിലൂടെ സൗന്ദര്യ വർദ്ധക ഉല്പന്നങ്ങളുടെ പ്രചാരണവും ഉപഭോഗവും സാർവ്വത്രക്രമാക്കുന്നത്.
ചന്തം കൂട്ടാൻ എന്ന പേരിൽ സാമൂഹ മാധ്യമങ്ങളിൽ വരുന്ന മാർഗ നിർദ്ദേശങ്ങളും സ്വയം ചികിൽസയും ഒഴിവാക്കമെന്ന് ആരോഗ്യ വിദഗ്ധർ
നിർദ്ദേശിക്കുന്നു. വ്യക്തിയുടെ ജനിതക ഘടന, ജീവിതശൈലി,ചുറ്റുപാട് എന്നിവ കണക്കിലെടുത്തുള്ള പ്രിസിഷൻ ചികിൽസയാണ് ഭാവിയിലെ ഫലപ്രദമായ സമീപമനമെന്നും വിദഗ്ധർ പറയുന്നു.
ചർമ രോഗ,സൗന്ദര്യ വർദ്ധക ചികിൽസാമേഖലകളിൽ യോഗ്യതയും പരിചയവുമുള്ളവരുടെ സേവനം ഉറപ്പുവരുത്താൻ ചർമരോഗ വിദഗ്ധരുടെ കൂട്ടായ്മ നമ്മോട് ആവശ്യപ്പെടുന്നു.
കിനാവുകളുടെ കാണാമറയത്ത് ഒരു കാവ്യയും മോനിഷയും സായ്പല്ലവിയും ശില്പാഷെട്ടിയും അനുവാചകയെ നിലവാരം പോലെ
കൊതിപ്പിക്കുകയാവാം. അതിൽ നമ്മുടെ ജൻസികളും വീട്ടമ്മമാരും പങ്കു പറ്റുന്നുണ്ട്.
.
മലയാളി മങ്കമാരുടെയും മങ്കൻമാരുടെയും ശാലീനത തുടം കണക്കെ കോരിവാരാൻ ദിവസേന ആറുലക്ഷം ചെറുതും വലുതുമായ പേടകങ്ങളാണ്
ആമസോൺ നമ്മുടെ വീടകങ്ങളിൽ എത്തിക്കുന്നത്..നമ്മുടെ തരുണ/ണി ശരീരങ്ങൾ പായുന്നത് ഹംലിനിലെ
ഈ കുഴലൂത്തൻമാർക്ക് പിന്നാലെയാണ്. എന്താ കഥ !
ആരോ നിർമിക്കുന്നു.ആരോ വിൽക്കുന്നു.കാണുന്നവരെല്ലാം
അതു വാരി പൂശുന്നു. ഗുണനിലവാരത്തിനു നിരീക്ഷണമില്ല.നിയന്ത്രണവുമില്ല. ഗുണനിലവാരം അളക്കാൻ ഇവിടെയുള്ളത് വെറും രണ്ടേ രണ്ടു ലാബുകളും.
അരി എറിഞ്ഞാൽ ആയിരം കാക്ക എന്ന പോൽ കാക്കത്തൊള്ളായിരം സൗന്ദര്യ വർദ്ധക പ്രോഡക്ടുകൾ നമ്മുടെ തലക്കു മീതേ ഒഴുകിപ്പരക്കുന്നു.
സാക്ഷരതയും വിദ്യാഭ്യാസവും കൂടിയാൽ വിവേകവും സാമാന്യ ബുദ്ധിയും നശിച്ച് പണ്ടാരമടങ്ങുമെന്ന് കേരളം ഒരിക്കൽ കൂടി തെളിയിക്കുന്നു. മേനി നടിക്കാൻ ലേസർ ചികിൽസ, വ്യാജ പ്രോട്ടീൻ പൗഡർ,മയിൽ പീലി..വാലിട്ടെഴുതിയ വാൽ,പിന്നെ കറുപ്പുകലക്കിയ കലം എന്നിവയുമാണ് ഇന്നത്തെ മലയാളിയുടെ സർക്കീട്ട്.
ഒരാഴ്ചക്കുള്ളിൽ വെളുക്കാം
അഭിമാനത്തോടെ പുറത്തിറങ്ങാം.
ഇതാണ് പുതിയ പരസ്യ വാചകം.ശരീരം വെളുത്തില്ലേലും കുടുബം ഒന്നാകെ വെളുത്തു കിട്ടും. .ഒപ്പം ആരോഗ്യവും ഐസിയുവിലാകും.
നീലടാർപ്പ കാറ്റിലാടാൻ പിന്നെ
അധിക കാലം വേണ്ടിവരില്ല എന്ന സമാധാനമുണ്ട്.
ഭർത്താവ്:എടീ നിനക്ക് നാടൻ പെണ്ണിന്റെ ചേലാണ്.. നീ അണിഞ്ഞൊരുങ്ങേണ്ട.കാര്യമേയില്ല.
ഭാര്യ: നിങ്ങളും സുന്ദരനായിരുന്നെങ്കിൽ എനിക്കും അങ്ങനെ പറയാമായിരുന്നു.
ഭർത്താവ്: എടീ പോത്തേ,
നിനക്കും എന്നെ പോലെ കള്ളം പറയരുതോ?