ഒരു മുറൈ വന്തു പാർത്തായാ?
അനിൽ ബാലകൃഷ്ണൻ
25 November 2026, 2:54 am
കുടുംബത്തിൽ കടന്നുകയറിയ ബാധയൊഴിപ്പിക്കാൻ സണ്ണിച്ചായൻ തലേൽക്കെട്ടുമായി നാടൻ അയ്യപ്പ ഭക്തന്റെ വേഷത്തിൽ വരുന്നതാണ് മണിച്ചിത്രത്താഴ് എന്ന സൂപ്പർ ഹിറ്റ് പടത്തിന്റെ ആദ്യത്തെ ടിസ്റ്റ്...
കഴിഞ്ഞ ആറു മാസത്തിനുള്ളിൽ കേരളത്തിലെ കോൺഗ്രസ് കുടുംബത്തിൽ വലിഞ്ഞു കേറി വന്നുകൊണ്ടിരിക്കുന്ന ഒഴിയാബാധകളെ പാർട്ടി പ്രസിഡന്റായ സണ്ണിച്ചായൻ കാണുന്നില്ലേ?
എങ്ങിനെ കാണാനാണ്? മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി ഒരു പക്ഷേ സണ്ണിച്ചായനുമാകാം എന്നതാണല്ലോ സ്ഥിതി!
കോൺഗ്രസ് ഭരണത്തിലെത്തിയാലുള്ള പ്രധാന ഗുണം നാട്ടാർക്ക് എന്റർടെയിൻമെന്റിന് ഒരു കുറവും വരില്ല എന്നതാണ്. വിലക്കയറ്റം കരിമല കയറിയാലോ വയറ് കരിഞ്ഞു കത്തിയാലോ നമ്മളറിയില്ല. അത്രയ്ക്കുണ്ടാവും ചിരിക്കാൻ . ചിരി ആരോഗ്യത്തിന് നല്ല ടോണിക്കായതിനാൽ കോൺഗ്രസ് ഭാണ കാലത്ത് മരണനിരക്കും കുറയും.
പാർട്ടിയിൽ പുതിയ ഇരട്ട വെടി കാസർകോട്ടു നിന്നാണ്. പണ്ടത്തെ സിംഹം രാജ്‌മോഹൻ ഉണ്ണിത്താന്റെ വെടി പൊട്ടിക്കാനുള്ള കഴിവിനെ കേരളത്തിൽ ആർക്കും തള്ളിപ്പറയാനാവില്ല. യുവതുർക്കി ഷാഫി പറമ്പിലാണ് നിലവിൽ ഗൺ പോയിന്റിൽ..
ഭാഗ്യം!
ഷാഫി കോൺഗ്രസ്സുകാരനല്ലെന്ന് ഉണ്ണിത്താൻ പറഞ്ഞില്ല. പക്ഷ എ ഗ്രൂപ്പുകാരനല്ലെന്ന് പറയാൻ ആരെ പേടിക്കണം?
ഗ്രൂപ്പുകൾക്ക് ഭരണഘടനാപരമായ അംഗീകാരമുള്ള ലോകത്തിലെ ഏക പാർട്ടിയാണ് നമ്മുടെ കാങ്ക്രസ്സ് !
എ ഗ്രൂപ്പിന്റെ ആവിഷ്കർത്താവായ എകെ ആന്റണിച്ചായൻ സജീവമായിരിക്കുമ്പോൾ തന്നെ അതിന്റെ അപ്രഖ്യാപിത ദേശീയ പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന നേതാവാണ് ഉമ്മൻ ചാണ്ടി.
സോളാർ വിവാദ കാലത്ത് ആ നേതാവിനെ രക്ഷിക്കാൻ നിൽക്കാതെ പറമ്പു വഴി ഓടിയ യൂത്തനാണ് ഷാഫിയെന്ന് സാക്ഷ്യപ്പെടുത്തുന്നത് ഉണ്ണിത്താൻ മാത്രമല്ല മറിയാമ്മയും ചാണ്ടി ഉമ്മനും ഉൾപ്പെടെ ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളുമാണ്.
പിന്നെങ്ങനെ ഷാഫി 'എ' ആവും?
കരണീയമായത് എ കെ ആന്റണി തന്നെ മുന്നോട്ടു വന്ന് എ ഗ്രൂപ്പിന്റെ നേതൃ പട്ടിക പുറത്തുവിടുക എന്നതാണ്. ആന്റണി ഇപ്പോൾ ഏത് ഗ്രൂപ്പിലാണെന്ന് അന്നേരം ഷാഫി പറമ്പിലോ പി സി വിഷ്ണു നാഥോ വെളിപ്പെടുത്തും.
രാഷ്ട്രീയത്തിൽ ബക്കറ്റിന്റെയും വെള്ളത്തിന്റെയും പ്രസക്തി എത്രയു ണ്ടെന്ന് സി.പി.എം എന്ന ബുദ്ധി ജീവി പാർട്ടി കണ്ടെത്തുന്നതിനും എത്രയോ വർഷങ്ങൾക്കു മുമ്പേ അത് കണ്ടെത്തുകയും കെ.പി സി സി ഓഫീസിൽ അതിന്റെ പ്രായോഗിക മൂല്യം വെളിപ്പെടുത്തുകയും ചെയ്ത നേതാവാണ് രാജ്മോഹൻ ഉണ്ണിത്താൻ . അദ്ദേഹം വായതുറന്നാൽ ചിരിപ്പടം മസാലപ്പടമാകും.തന്റെ കൈയ്യിലുള്ള ഡയറിയിൽ മാരക പ്രഹരശേഷിയുള്ള കുഴിബോംബുണ്ടെന്ന സൂചന അദ്ദേഹം ഇതിനകം തന്നു കഴിഞ്ഞു..
ആശാനേ.. അത് എത്രയും വേഗം തുറക്കണേ:... ഇച്ചിരി എരിവും പുളിയുമൊക്കെയില്ലെങ്കിൽ നമ്മുടെ അടുപ്പു കൂട്ടി ചർച്ചകൾക്ക് എന്ത് ഹരം .
രാഷ്ട്രീയത്തിലെ ടാം റേറ്റുകൾ കോൺഗ്രസ്സ് കൊണ്ടുപോകാൻ ചങ്കിൽ ചോരയുള്ളിടത്തോളം കാലം സി പി എം അനുവദിക്കുന്ന പ്രശ്നമില്ല.. വടക്കു നിന്നു തന്നെയാണ് അവിടെയും വെടി പൊട്ടിയത്. ശരീരത്തിൽ കാലങ്ങളായി വെടിയുണ്ടയുമായി നടക്കുന്ന വൈദേകം ജയരാജനാണ് പാർട്ടിയിലെ ഷാർപ്പ്ഷൂട്ടർ. ഗൺ പോയിന്റിൽ തൊട്ടപ്പുറത്തു തന്നെയുള്ള നമ്മുടെ തീപ്പൊരി ജയരാജനും . ജയിലറൊക്കെ തോറ്റ് തുന്നം പാടും.ഇതാണ് മക്കളേ ശരിയായ ആക്ഷൻ പടം.
ഇടുക്കിയിലെ മാങ്കുളം റിസോർട്ടിൽ പി ജയരാജന് പങ്കാളിത്തമുണ്ടെന്ന് പണ്ട് വെടികൊണ്ട ജയരാജൻ ഇപ്പോൾ വെടി പൊട്ടിച്ചതായാണ് വാർത്ത.
കണ്ണൂരിൽ വൈദേകം എന്ന ചെറിയൊരു റിസോർട്ടു തുടങ്ങാൻ ഒരു പാവപ്പെട്ട പണക്കാരന് തന്റെ ഭാര്യയുടെ പെർഷനും പി എഫും ചേർത്ത ഇച്ചിരി കാശ് നൽകിയത് വിവാദമാക്കിയതിന് ദൈവം കൊടുത്ത ശിക്ഷയായി ഇതിനെ കണ്ടാൽ മതി.
അല്ല പിന്നെ !
പറയുന്നത് കേട്ടാൽ തോന്നും സിപിഎം ബിസിനസ്സിനും നിക്ഷേപത്തിനുമൊക്കെ എതിരാണെന്ന്. മിണ്ടാതിരിക്കുന്നതാണ് എല്ലാർക്കും നല്ലത്. സഖാക്കൻമാർ ഓരോരുത്തരും അവരവരുടെ ഡയറികൾ തുറന്നാൽ അപ്പോഴറിയാം നമ്മുടെ ബിസിനസിന്റെ വ്യാപ്തി.
കോൺഗ്രസ്സും സി പി എമ്മുമൊക്കെ ഇങ്ങനെ സക്രിയമായി പ്രവർത്തിച്ച് കേരളത്തിൽ ചിരിയുടെ തരംഗങ്ങൾ സൃഷ്ടിക്കുമ്പോൾ ദേശീയ പാർട്ടിയായ ബിജെപി എന്താണ് ഉത്തരവാദിത്തം നിറവേറ്റാത്തത്?
വിട്ടു കൊടുക്കരുത്...
ശോഭേച്ചിയെവിടെ?
എവിടെ ഉള്ളി സുര?
കർമോൺ ഡ്രാ... ബിജെപി...