കാട്ടുമരത്തിൻ കൊമ്പുകൾ തോറും /
കയറാം മറിയാം ചാടാം /
വാലാൽ ചില്ലത്തുമ്പിൽ ചുറ്റി /
വരിഞ്ഞു കിടന്നൊന്നാടാം /
കായിക വിദ്യകളങ്ങനെ പലതും /
കാട്ടും ഞാൻ പുകൾ തേടും /.
വാലില്ലാത്തവർ നിങ്ങളെറിഞ്ഞാൽ /
വാൽപൊക്കിക്കൊണ്ടോടും.../
ജി.ശങ്കരക്കുറുപ്പിന്റെ കുട്ടിക്കവിത. കുട്ടികൾക്കുള്ളതും കുട്ടിത്തമുള്ളതുമായ കവിത!
എങ്കിലും ജീയുടെ ഈ വാനര വിക്രമം മലയാളി മുതുക്കന്മാരുടെ ക്ഷുദ്രമായ ചാപല്യങ്ങളുടെ പ്രതിനിധാനമായും വിമർശകർ വിശേഷിപ്പിക്കാം
ഈ കവിതയിലേക്ക് ഒരു പുനർ സഞ്ചാരത്തിനു ഹേതു
തിര്വന്തോരം മൃഗശാലയിൽ നിന്നുള്ള സ്താഭജനകമായ ഒരു വാർത്തയായിരുന്നു. ഇവിടുത്തെ അന്തേവാസിയും സുമാർ പന്ത്രണ്ടു കാരിയുമായ ഹനുമാൻ കുരങ്ങ് മൂന്നാം തവണയും മതിൽ ചാടി!
ഹനുമാൻ കുരങ്ങ് വെറും വാനരനല്ല.വരേണ്യനാണ്. ഹനുമാന്റെ സേനാംഗം എന്നാണ് വിശ്വാസം.രാമസേതു പണിതവർ. തുളസിദാസിനെ തടവിലാക്കിയ, മഹാനെന്നു ചരിത്രം ആവർത്തിച്ചു വിളിക്കുന്ന അക്ബറുടെ തലൈ നഗരിയായ ഫത്തേപ്പൂർ സിക്രിയെ പൂട്ടിച്ച വീരന്മാരണവർ.
ആയതിനാൽ വാലില്ലാത്തവർ ആളും തരവും നോക്കി കളിച്ചാൽ നന്ന്.
അതാവും സേഫ്.
സമകാല കേരളത്തിന്റെ ഫോട്ടോകോപ്പി എന്ന പോലേയാണ് നിയതമായ
വേലിയും മതിലും ഇടവും
ചാടിക്കടന്ന് ഈ ഹനുമാൻ നമ്മെ അമ്പരിപ്പിക്കുന്നത്.
മൃഗശാലയിലെ ജീവനക്കാരെ വെട്ടിച്ചാണ് ഈ കപീശ്വരി പുറത്തേക്കു പാഞ്ഞതെന്നു
പച്ചമാപ്ര (പത്ര -ചാനൽ മാധ്യമ പ്രവർത്തകർ)കളുടെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളിൽ പറയുന്നു.
രണ്ടു നാൾ മുമ്പായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.
കൂടു ചാടിയെങ്കിലും തൊട്ടടുത്തുള്ള മരത്തിൽ തന്നെ ആശാത്തി ഇടം പിടിച്ചു..കാംപസ് വിട്ടില്ല.
കൂട്ടിൽ ഒരാൺപിറന്നോനെയും
കുഞ്ഞിനെയും തനിച്ചാക്കിയാണ് ഈ കപികുമാരിയുടെ പിത്തലാട്ടമെന്നു കാവൽക്കാർ പറയുന്നു
കൂട്ടു വിടാനുള്ള കാരണം തേടി അധികാരികൾ സിസിടിവി ദൃശ്യങ്ങൾ പരതുന്നുണ്ട്. സിനിമയായി പുറത്തുവന്ന രാമായണം ഒന്നാം ഭാഗത്തിൽ തങ്ങളുടെ സംപൂജ്യ നേതാവിനെ ശരിയാംവണ്ണമാണോ ചിത്രീകരിച്ചിരിക്കുന്നത് എന്ന് വിലയിരുത്താനുള്ള പോക്കായിരുന്നുവെന്നാണ് ഒരു വാദം. നഗരഭരണം ആദ്യമായി ബി ജെ പി ഏറ്റെടുത്തതറിഞ്ഞുള്ള സ്വാതന്ത്ര്യ പ്രഖ്യാപനമെന്നതാണ് രണ്ടാമത്തേത്. നഗരത്തിൽ നിന്ന് സൂ മറ്റൊരിടത്തേക്ക് മാറ്റുന്നു എന്ന് കേട്ട് പുതിയ സ്ഥലത്തിന്റെ സാധ്യതാ പഠനം നടത്താനാവുമോ എന്നൊരു മൂനാം സിദ്ധാന്തവും നിലവിലുണ്ട്.
മരത്തിൽ നിന്നും താഴെയിറക്കാൻ മയക്കു വെടിവച്ചെങ്കിലും ഹനുവുമൺ മയങ്ങിയില്ല. ഒരു പക്ഷേ അതിനുള്ള പ്രായം കഴിഞ്ഞതാകാം ഹേതു. ദോഷം മയക്കു മരുന്നിന്റേതായിരുന്നില്ലെന്ന് ചിലർ ഉറപ്പിക്കുന്നത് മറ്റൊരു കാരണത്താലാണ്. വാനരി മയങ്ങിയില്ലെങ്കിലും മയക്കു വെടിവച്ചയാൾ മയങ്ങി വീണത്രേ.
ഭക്ഷണം കാട്ടിയിട്ടും ഇതു ഞാൻ പലവുരു കണ്ടതാണ് എന്ന ഭാവത്തിൽ നിന്ന കപിയംഗന ഇരുന്ന മരച്ചുവട് വല്ലാതെ കുലുക്കിയപ്പോൾ കാലുവാരി നിലത്തിടുന്ന നാട്ടാരുടെ സഹജ സ്വഭാവം നിനച്ച് നടുങ്ങി രാവിലെ തുടങ്ങിയ കലാവതരണം വൈകിട്ടോടെ അവസാനിപ്പിച്ച് കൂടു കയറി.
കഴിഞ്ഞ തവണ 25 ദിവസമാണ് ഇച്ചേച്ചി നഗരം ചുറ്റിയത്.ജനങ്ങളെ വലയ്ക്കുന്ന എല്ലാ കാര്യാലയങ്ങളും കണ്ടു. ഒഴിഞ്ഞ കസേരകളും സജീവമായ ആപ്പീസ് ഭോജനശാലകളും കണ്ടു. നിയമസഭയും സെക്രട്ടറിയേറ്റും കണ്ട് പേടിച്ചു. പിന്നെയും കറക്കം തുടർന്ന ഹനുമന്ത ഒടുവിൽ
പബ്ളിക്ക് ആപ്പീസിലെ ശുചിമുറിയിൽ വച്ച് കീഴടങ്ങി.അത്രയ്ക്കുണ്ടാവും അവിടത്തെ ശുചി!
ഇപ്പോഴത്തെ ചാട്ടം കഴിഞ്ഞെത്തിയശേഷം ഒരേയിരിപ്പാണ്.
"എന്താ കാര്യം?
ആരെ കാണാനായിരുന്നു?
മാതൃസംഘടനയിലെന്തായിരുന്നു
കുഴപ്പം?
ഇപ്പോഴെന്തിനാണ് മടക്കം?"
അന്തേവാസികളും കലിപ്പിലായ ജീവനക്കാരും ആവർത്തിച്ച് ചോദിച്ചിട്ടും കക്ഷി മിണ്ടാമുനിതന്നെ; 'ഞാൻ മാവിലായിക്കാരിയാണേ'എന്ന എക്സ്പ്രഷൻ മാത്രം ആവോളമുണ്ട് മുഖത്ത് .
കുറ്റം പറയാൻ പറ്റ്വോ?
യഥോ രാജസ്തഥോ പ്രജ .
മൂന്നു കൊല്ലം മുമ്പ് തിരുപ്പതിയിൽ നിന്നു വന്ന ഈ മൊതല് പരാതി പറയാൻ അവിടേക്കു വിടുമോ എന്നു സംശയിക്കുന്ന ബുദ്ധി ജീവികളുമുണ്ട്.തന്റെ വിക്രമങ്ങളും ചാപല്യങ്ങളും വാൽചുറ്റി നീന്തുന്ന പരിപാടികളും അതുപോലെ ഈച്ചക്കോപ്പിയടിക്കുന്ന നാട്ടിലെ പ്ര മാണിമാരും ഈ കപിസുന്ദരിയെ അലട്ടുന്നുണ്ടോ എന്നും അറിയാനുണ്ട്.