NewsAd1
ഇന്ത്യക്ക് വേണം മോദിയെ...
എൻ.എസ്. അനിൽകുമാർ
17 September 2025, 11:45 am
main image of news

ഗുജറാത്തിലെ വഡോദരയിൽ ജനിച്ച് ഭാരതത്തിൻ്റെ ഭാഗധേയമായ നരേന്ദ്ര ദാമോദർ ദാസ് മോദിക്ക് ഇന്ന് 75-ാം പിറന്നാൾ. പിതാവിൻ്റെ ചായ പീടികയിൽ സഹായിയായി ജീവിതം തുടങ്ങിയ നരേന്ദ്രൻ, ചെറുപ്രായത്തിൽ തന്നെ രാഷ്ട്രീയ സ്വയം സേവക സംഘത്തിൻ്റെ പ്രവർത്തകനായി. ദീർഘകാലത്തെ സംഘസേവനത്തിനിടയിൽ അവിചാരിതമായി ഗുജറാത്തിലെ മുഖ്യമന്ത്രി പദത്തിലെത്തിയ നരേന്ദ്രൻ’ മോദി’ ആയി മാറി. തുടർച്ചയായി മൂന്ന് തവണ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മോദി, ഗുജറാത്തിനെ ഭാരതത്തിലെ മാതൃകാ സംസ്ഥാനമാക്കി വികസിപ്പിച്ചു. അഴിമതിയും ധൂർത്തും തീവ്രവാദവും നക്സലിസവും കാരണം രാജ്യം പൊറുതിമുട്ടിയിരുന്ന UPA ഭരണത്തിന് അന്ത്യം കുറിച്ച ഭാരതീയ ജനത, വൻ ഭൂരിപക്ഷത്തോടെ ബിജെപിയെ വിജയിപ്പിച്ചു. അങ്ങനെ 2014 ൽ നരേന്ദ്ര മോദി ഭാരതത്തിൻ്റെ പ്രധാനമന്ത്രി പദവിയിലെത്തി. ഗുജറാത്ത് ചരിത്രം ആവർത്തിച്ചു. തുടർച്ചയായ മൂന്ന് പൊതു തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് ഇന്ത്യയെ മുന്നോട്ട് നയിക്കുന്ന മോദി, ഭാരതീയരുടെ പ്രിയങ്കരനായി മാറിക്കഴിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ 11 വർഷത്തെ ഭരണം രാജ്യത്തിൻ്റെ വളർച്ചയിലും വികസനത്തിലും ഉണ്ടാക്കിയ മാറ്റം അത്ഭുതാവഹമായിരുന്നു.2013 ൽ ലോകത്തെ തകരുന്ന അഞ്ച് സമ്പദ് വ്യവസ്ഥകളിൽ ഒന്നായിരുന്ന ഇന്ത്യയെ, കേവലം 10 വർഷങ്ങൾ കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സാമ്പത്തിക ശക്തിയായി ഉയർത്തിയെടുത്തു. ദേശീയ താത്പര്യം മാത്രം ലക്ഷ്യമാക്കി മോദി സ്വീകരിച്ച നടപടികൾ ഇന്ത്യയെ ലോകത്തിലെ നിർണ്ണായക രാഷ്ട്രീയ ശക്തിയാക്കി മാറ്റി.
ഭാരതീയർ കണ്ട് പരിചയിച്ച സാധാരണ രാഷ്ട്രീയ നേതാക്കളിൽ നിന്ന് വിഭിന്നമായി; വ്യക്തി താത്പര്യങ്ങളോ, കുടുംബ താത്പര്യങ്ങളോ, പാർട്ടി താത്പര്യങ്ങളോ നോക്കാതെ ‘Nation First ‘ എന്ന ചിന്താഗതിയെ മുറുകെ പിടിച്ച് മുന്നോട്ട് പോകുന്ന മോദി രാജ്യത്തിൻ്റെ പ്രതീക്ഷയാകുമ്പോൾ, മറുവശത്ത് ലോകത്തിൻ്റെ കുശുമ്പിനും പാത്രമാകുന്നു.” മോദി അപകടകാരിയായ പ്രധാനമന്ത്രി” എന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചതും ഇക്കാരണത്താലാകാം.
ശക്തനായ ഭരണാധികാരിക്ക് വേണ്ട അനേകം ഗുണങ്ങളിൽ ഒന്നാണ് കടുത്ത തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്. ഇന്ത്യൻ ഭരണഘടനയിലെ 370-ാം അനുഛേദം റദ്ദാക്കിയ നടപടി, ബാലാക്കോട്ട് വ്യോമാക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നിവ മോദിയുടെ കടുത്ത തീരുമാനത്തിൻ്റെ പരിണത ഫലങ്ങളായിരുന്നു. പാകിസ്താൻ പിന്തുണയോടെ രാജ്യത്ത് കള്ളനോട്ടുകൾ വ്യാപകമായി പ്രചരിപ്പിച്ച് സമാന്തര സമ്പദ് വ്യവസ്ഥയിൽ കൂടി ഇന്ത്യയെ സാമ്പത്തികമായി തകർക്കാൻ ശ്രമിച്ച ഛിദ്രശക്തികളെ ഉന്മൂലനം ചെയ്യാൻ മോദി കൈക്കൊണ്ട മറ്റൊരു തീരുമാനമായിരുന്നു
നോട്ട് നിരോധനം. ഇതിനെ തുടർന്ന് നടപ്പാക്കിയ UPI സംവിധാനം ലോകത്തിന് തന്നെ മാതൃകയായി. സാമ്പത്തിക രംഗത്ത് ചലനാത്മകത നിലനിർത്താൻ ഇത് കരുത്തേകി. ദിവസേന 70 കോടി പണമിടപാടുകൾ UPI വഴി നടക്കുന്നു. രാജ്യത്തെ ഡിജിറ്റൽ പേയ്മെൻ്റിൻ്റെ 85 ശതമാനവും ഇന്ന് UPI വഴിയാണ് നടന്നു വരുന്നത്. പ്രധാനമന്ത്രി ജൻധൻ പദ്ധതി(PMJDY) രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ ബാങ്കിംഗ് സേവനങ്ങളുടെ ഭാഗമാക്കി. സാമ്പത്തിക രംഗത്തെ വിപ്ലവമായി മാറിയ ജൻധൻ പദ്ധതി സർക്കാർ ധനസഹായങ്ങൾ ഗുണഭോക്താക്കളിൽ നേരിട്ട് എത്തിക്കുന്നതിന് സഹായകമായി മാറി. പാവപ്പെട്ടവർക്കായി സർക്കാർ നൽകുന്ന ധനസഹായം ഇടനിലക്കാർ വഴി ചോർന്ന് പോകാതെ ശരിയായ കൈകളിൽ എത്തണമെന്ന മോദിയുടെ തീരുമാനം ‘ഉൾച്ചേർന്ന വളർച്ച’ക്ക് കാരണമായി.

 image 2 of news

ഇരുളിൻ്റെ മറവിൽ പ്രാഥമിക കർമ്മങ്ങൾ ചെയ്യാൻ വിധിക്കപ്പെട്ടിരുന്ന ഇന്ത്യയിലെ കോടാനുകോടി സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കാൻ തുടക്കം കുറിച്ച സ്വച്ഛ് ഭാരത് അഭിയാൻ വഴി എല്ലാ വീടുകളിലും ശൗചാലയം എന്ന സ്വപ്നം മോദി യാഥാർത്ഥ്യമാക്കി. ഈ പദ്ധതി ഇന്ത്യയെ വെളിയിട വിസർജ്ജനത്തിൽ നിന്ന് മുക്തമാക്കി. ഇത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ശിശുമരണ നിരക്ക് ഗണ്യമായി കുറയാനും സാംക്രമിക രോഗങ്ങളിൽ നിന്ന് മുക്തി നേടാനും ശുചിത്വ ഭാരതം പദ്ധതി സഹായകമായി. ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ആരോഗ്യത്തെ സംരക്ഷിക്കാനായി തുടങ്ങിയ ഉജ്ജ്വൽ യോജന, ലക്ഷക്കണക്കിന് വീട്ടമ്മമാർക്ക് വിറകടുപ്പിൽ നിന്ന് മോചനം നൽകി. മുദ്രാ യോജന, ഡ്രോൺ ദീതി, ബേഠി ബച്ചാവോ ബേഠി പഠാവോ, സുകന്യ സമൃദ്ധി യോജന തുടങ്ങിയ നിരവധി പദ്ധതികൾ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനായി നരേന്ദ്ര മോദി തുടക്കം കുറിച്ചു. കുടിവെള്ളം ശേഖരിക്കാൻ കിലോമീറ്ററുകൾ താണ്ടി ഗ്രാമങ്ങളിലെ സ്ത്രീകൾ സഞ്ചരിക്കുന്ന കാഴ്ച ഇന്ത്യക്ക് പുതുമയുള്ളതായിരുന്നില്ല. സ്ത്രീകളുടെ ഈ യാതനക്ക് ശാശ്വത പരിഹാരം എന്ന നിലയിൽ മോദി ആവിഷ്ക്കരിച്ച ജൽ ജീവൻ മിഷൻ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിച്ചു.’ഇന്ത്യയുടെ ജല വിപ്ളവം’ എന്ന് വിശേഷിപ്പിക്കാവുന്ന ഈ പദ്ധതി സ്ത്രീകളോടുള്ള മോദിയുടെ കരുതലിൻ്റെ ഭാഗം കൂടിയാണ്.
കോവിഡ്-19 മഹാമാരി ലോകത്തെ പേടിപ്പിച്ച് നിശ്ചലമാക്കിയപ്പോൾ;നിശ്ചയ
ദാർഢ്യത്തോടെ അതിനെ നേരിട്ട കരുത്തനാണ് നരേന്ദ്ര മോദി. ഭാരതം ശവപ്പറമ്പാകും എന്ന് മന:പായസമുണ്ടവർ നിരാശരായി. കൊറോണയെ നേരിടാനുള്ള വാക്സിൻ ഏതാനും ആഴ്ചകൾക്കുള്ളിൽ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടു. മുഴുവൻ ഭാരതീയർക്കും സൗജന്യമായി കൊവിഡ് വാക്സിൻ നൽകി രോഗത്തെ പ്രതിരോധിച്ചു. മാത്രമല്ല 65 രാജ്യങ്ങൾക്ക് സൗജന്യമായി വാക്സിൻ വിതരണം ചെയ്യാനുള്ള സൻമനസ്സും മോദിയിൽ നിന്നുണ്ടായി. പല രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതി കൊറോണ വഷളാക്കിയപ്പോൾ ഭാരതം തളരാതെ പിടിച്ചു നിന്നത് മോദിയുടെ സാമ്പത്തിക മാനേജ്മെൻ്റായിരുന്നു.80 കോടി കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്തു. കർഷകർക്ക് പ്രതിവർഷം 6000 രൂപ സഹായമായി അനുവദിച്ചു. സബ്സിഡി നിരക്കിൽ കർഷകർക്ക് വളം, കീടനാശിനി എന്നിവ നൽകി ഭക്ഷ്യോത്പാദനത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. വിള ഇൻഷുറൻസ് പദ്ധതി,സൗജന്യ നിരക്കിൽ വൈദ്യുതി, ജലസേചന സൗകര്യങ്ങൾ എന്നിവ നൽകി കർഷകരെ ചേർത്ത് പിടിച്ചു.
HomeAd1
 image 3 of news

കൊറോണ നൽകിയ പാഠത്തിൽ നിന്നാണ് നരേന്ദ്ര മോദി ആത്മനിർഭർ ഭാരത് എന്ന ആശയം ഉരുപ്പെടുത്തിയത്. നമ്മുക്ക് ആവശ്യമായ വസ്തുക്കൾ ഇന്ത്യയിൽ തന്നെ ഉദ്പാദിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുക എന്ന വലിയ ദൗത്യത്തിനാണ് മേക്ക് ഇൻ ഇന്ത്യ തുടക്കം കുറിച്ചത്. ഇലക്ട്രിക് വാഹനങ്ങളുടെ സ്പെയർ പാർട്സ്, ആയുധങ്ങൾ,മിസൈലുകൾ, ടാങ്കുകൾ, യുദ്ധകപ്പൽ, തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യയിൽ നിർമ്മിച്ച ഉത്പന്നങ്ങൾ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചക്ക് മുതൽകൂട്ടായി. സ്മാർട്ട് ഫോൺ കയറ്റുമതിയിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. റോഡ്, റെയിൽ, വ്യോമ ഗതാഗത മേഖലയിൽ കഴിഞ്ഞ 10 വർഷത്തെ വികസനം അസൂയാവഹമാണ്. ആറും എട്ടും ലൈനുകളുള്ള ദേശീയ പാതകൾ രാജ്യത്തെ പരസ്പരം ബന്ധപ്പിക്കുന്നു. ഒരു കാലത്ത് വികസനം എത്തി നോക്കാത്ത വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ലുക്ക് ഈസ്റ്റ് എന്ന മോദിയുടെ ആശയം വൻ വികസനമാണ് എത്തിച്ചത്. ജമ്മു കശ്മീരിലും മിസോറാമിലും ട്രെയിൻ സർവീസിന് തുടക്കമായി. റെയിൽവേയുടെ മുഖഛായ മാറ്റിയ 10 വർഷങ്ങളാണ് കടന്നുപോയത്. അത്യാധുനിക റേക്കുകൾ, മേൽപ്പാലങ്ങൾ, സിഗ്നൽ സംവിധാനം, വന്ദേ ഭാരത് ട്രെയിനുകൾ തുടങ്ങി ആധുനികവത്ക്കരണം ഇന്ത്യൻ റെയിൽവേയെ മികച്ചതാക്കി.2013 ൽ കേവലം 1000 കിലോമീറ്റർ മാത്രം മെട്രോ ട്രെയിൻ സർവീസ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മെട്രോ ആയി വളർന്നു. റെയിൽവേ സ്റ്റേഷനുകൾ ആഗോള നിലവാരത്തിൽ നവീകരിക്കപ്പെട്ടു. വിവര സാങ്കേതിക വിദ്യകൾ സദ്ഭരണത്തിനായി വിനിയോഗിക്കപ്പെട്ടു. ഡിജിറ്റൽ ഇന്ത്യ പദ്ധതിയിൽ കൂടി സർക്കാർ സേവനങ്ങൾ സാധാരണക്കാരന് പ്രാപ്യമാക്കി. ആധുനിക കാലത്തിൻ്റെ ആണിക്കല്ലായ സെമികണ്ടക്ടർ സാങ്കേതിക വിദ്യയിൽ മുന്നേറാനുള്ള പദ്ധതികൾക്കും മോദി തുടക്കം കുറിച്ചു കഴിഞ്ഞു.
ഇന്ത്യയുടെ വിദേശനയം ദേശീയ താത്പര്യത്തിനനുസരിച്ച് പുതിയ മാനങ്ങളിലേക്ക് ഉയർന്നു. ഏറ്റവും ചെറിയ രാജ്യത്തെയും ചേർത്തുപിടിക്കുന്ന മോദിയുടെ നയതന്ത്രം ലോകമെങ്ങും അംഗീകരിക്കപ്പെട്ടു.അശാന്തി നിറഞ്ഞ രാജ്യങ്ങളിൽ മോദി ശാന്തിദൂതനായി. G20 യുടെ സംഘാടനത്തിൽ മോദിയുടെ നയതന്ത്രം പ്രശംസക്ക് പാത്രമായി. മോദിയുമായി നയതന്ത്രം മെച്ചപ്പെടുത്താൻ ലോക നേതാക്കൾ മത്സരിക്കുന്ന കാഴ്ചയും കാണാൻ കഴിഞ്ഞു. വ്യാപാര കരാറിൻ്റെ പേരിൽ ഇന്ത്യക്കെതിരെ കനത്ത ഇറക്കുമതി തീരുവ പ്രഖ്യാപിച്ച ട്രംപിനെ തെല്ലും വകവയ്ക്കാതെ ആഭ്യന്തര മാർക്കറ്റിനെ ശക്തിപ്പെടുത്തി ട്രംപിൻ്റെ വെല്ലുവിളിയെ നേരിടാൻ തയ്യാറായ മോദിയിൽ ലോകം കരുത്തനായ ഒരു ലോക നേതാവിനെ കണ്ടു.

 image 4 of news

മോദി ഭരണത്തിലെ 10 വർഷക്കാലം ഭാരതത്തിൻ്റെ സാംസ്ക്കാരിക പുനർജാഗരണത്തിൻ്റെ കാലം കൂടിയാണ്. മുസ്ലിം തീവ്രവാദം, അർബൻ നക്സലിസം എന്നീ രാഷ്ട്ര വിരുദ്ധ ഘടകങ്ങൾ രാജ്യത്തിൻ്റെ സാംസ്ക്കാരിക പൈതൃകത്തിനും ചരിത്രത്തിനും ക്ഷതമേൽപ്പിച്ച UPA ഭരണ കാലയളവിലെ കളങ്കത്തെ ഇല്ലാതാക്കാൻ മോദി സർക്കാർ നിരവധി പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കി. അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രം, കാശി കോറിഡോർ, എന്നിവ രാജ്യത്തെ ഹിന്ദുക്കൾ മോദിയിൽ രക്ഷകൻ്റെ പരിവേഷം കണ്ടു. പ്രാഞ്ചിയേട്ടൻ മാരിൽ നിന്ന് പദ്മ പുരസ്കാരങ്ങളെ ജനകീയമാക്കി. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യത്തെ പുരാതന ക്ഷേത്രങ്ങളും സാംസ്ക്കാരിക കേന്ദ്രങ്ങളും നവീകരിച്ചു. ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ അടക്കം നിരവധി പുതിയ പദ്ധതികൾക്ക് അംഗീകാരം നൽകി.ചെറുപ്പക്കാർക്കും വിദ്യാർത്ഥികൾക്കും തൊഴിൽ ഉറപ്പാക്കുന്ന നിരവധി പദ്ധതികൾ പ്രാവർത്തികമാക്കി. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ നിലയിൽ എത്തിക്കാൻ മോദിയുടെ ഭരണമികവിന് കഴിഞ്ഞു.

സ്വതന്ത്ര ഭാരതത്തിൽ ഒരു പ്രധാനമന്ത്രിക്ക് കീഴിൽ 10 വർഷങ്ങൾ കൊണ്ട് രാജ്യം ഇത്രയധികം വികസിച്ച കാലഘട്ടം ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ല. രാഷ്ട്ര സേവനത്തിനായി തൻ്റെ നീക്കിവച്ച നരേന്ദ്ര മോദി നരേന്ദ്ര മോദി, ശരിയായ ദിശയിൽ രാജ്യത്തെ മുന്നോട്ട് നയിക്കുകയാണ്. പ്രായത്തിൻ്റെ വിവാദങ്ങൾക്കപ്പുറം രാജ്യത്തിനാവശ്യം കരുത്തനും, രാഷ്ട്ര സ്നേഹിയുമായ നരേന്ദ്രമോദിയുടെ സദ്ഭരണമാണ്. ഇന്ത്യയുടെ ഭാവി തലമുറകൾക്ക് അഭിമാനത്തോടെ തല ഉയർത്തി ഞാൻ ഭാരതീയൻ എന്ന് ഉച്ചത്തിൽ പറയാനുള്ള ആർജ്ജവം ഉണ്ടാകാൻ ഇനിയും ദീർഘകാലം ഇന്ത്യയെ നയിക്കാനുള്ള അവസരം നരേന്ദ്ര മോദിക്ക് ഉണ്ടാകട്ടെ. പിറന്നാളാശംസകൾ…

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞