പരാജയപ്പെട്ട ബില്ലും ജനവിധിയെച്ചൊല്ലിയുള്ള ആകുലതകളും
രമ്യാ മുകുന്ദൻ
17 April 2026, 5:55 pm
ജനസംഖ്യാനുപാത ലോക്സഭാ മണ്ഡല പുനർ നിർണയ, വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബില്ലുകൾ ലോക്സഭയിൽ പരാജയപ്പെട്ടിരിക്കുന്നു.
സുനിശ്ചിതമായ പരാജയം ഏറ്റുവാങ്ങിയ ബിജെപിയുടെ ഗയിം പ്ലാൻ എന്താകും?
സഭയിൽ നമ്പർ കുറവെന്നറിഞ്ഞിട്ടും തെരഞ്ഞെടുപ്പു കാലമായിട്ടും. ബിജെപി ഇറങ്ങുന്നത് ഒന്നും കാണാതെ ആവില്ലല്ലോ?
ഓരോ കാലത്തും നടക്കേണ്ട പ്രോസസ് നിശ്ചലമാക്കിയിരിക്കുന്നു. 816 ആയി ലോക്സഭാ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലാണ് അട്ടിമറിക്കപ്പെട്ടത്. ഓരോ സംസ്ഥാനത്തും 50 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കാനായിരുന്നു കേന്ദ്ര സർക്കാർ തീരുമാനം.
ഈ ഭേദഗതി നടപ്പായാൽ തങ്ങളുടെ സീറ്റുകൾ കുറയുമെന്നും ബിജെപിയുടെ സീറ്റുകൾ കൂടുമെന്നുള്ള ആശങ്കയാണ് പ്രതിപക്ഷ കക്ഷികൾക്കുള്ളത്. അതിനാൽ അവർ ഭേദഗതിയെ നഖശിഖാന്തം
എതിർത്തു.പരാജയപ്പെടുത്തുകയും ചെയ്തു.
ബിജെപി അതിന്റെ സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തുന്നത് സ്വാഭാവികം.അതിൽ അമർഷം കൊണ്ടിട്ട് കാര്യമില്ല. ഒനീഡാ പരസ്യ വാചകം ഓർക്കുക :അസൂയ നന്നല്ല. സ്വന്തമാക്കി അഭിമാനിക്കൂ.
ആയിരം സീറ്റുള്ള പുതിയ സഭാ മന്ദിരം പണിതൊരുക്കിയ മോദിയുടെ ആസൂത്രണം പാഴാവില്ലെന്നു കരുതാം.
2011ലെ സെൻസസ് പ്രകാരം
ജനസംഖ്യാനുപാതിക ലോകസഭാസീറ്റു വർദ്ധനക്കാണ് കേന്ദ്രം ഒരുങ്ങിയത്.
പ്രതിപക്ഷ കക്ഷികൾക്ക് വിഷയങ്ങളിൽ എതിർപ്പില്ല.പക്ഷെ നടപ്പാക്കുന്ന രീതിയിലാണ് ഭിന്നത.
ബിജെപി തന്നെ വീണ്ടും വീണ്ടും ഭരണത്തിൽ തുടരുമെന്ന ഭീതിയും ആധിയും ഇന്ത്യാ സഖ്യത്തെ ഉലയ്ക്കുന്നു.
അതു ശരിയുമാണ്. എങ്കിലും സീറ്റെണ്ണം വർധിപ്പിക്കുമ്പോൾ ജനവിധി തങ്ങൾക്കെതിരാവുമെന്ന് ഉറപ്പിക്കുന്ന ഇന്ത്യാ മുന്നണിയുടെ ആത്മവിശ്വാസം സമ്മതിക്കണം !
രാജ്യം മുന്നോട്ടു പോകണം.ജനാധിപത്യ വ്യവസ്ഥ വികസ്വരമാകണം. കക്ഷി രാഷ്ട്രീയം അതിനു തടസ്സമാകരുത്. ഫലപ്രദമായ നിർദ്ദേശങ്ങളും മോണിറ്ററിംഗ് സംവിധാനങ്ങളും പ്രതിപക്ഷത്തിന് ഇനിയും നിർദ്ദേശിക്കാം. ഭരണഘടനാ ഭേദഗതികൾക്ക് പ്രതിപക്ഷത്തിന്റെ സഹായം അനിവാര്യമാണിന്ന്.
മറ്റുള്ളവരുടെ ഔദാര്യത്തിൽ ഒന്നും രണ്ടും സീറ്റു കിട്ടിയവരുടെ അതിരു വിട്ട വിമർശനങ്ങൾക്ക് എന്തു സാംഗത്യമാണുള്ളത് ?എന്തു ധാർമികതയാണുള്ളത്?പ്രാദേശികതയിൽ ഊന്നുന്നവരുടെ യുക്തി രഹിതമായ അലമ്പുകൾക്ക് എന്താണ് പരിഹാരം?
വിവിധ വിഷയങ്ങളിൽ വൈരുദ്ധങ്ങളുടെ ഷോപ്പിംഗ് മാളാണ് ഇന്ത്യാമുന്നണി.ചെറു കക്ഷികൾ തമ്മിലും വലിയ കക്ഷികൾ തമ്മിലും ചെറുതുംവലുതുമായ കക്ഷികൾതമ്മിലും യോജിപ്പുകളെക്കാൾ വിയോജിപ്പുകളാണ് കൂടുതലും.പല വിഷയങ്ങളിലും അവർക്ക് ഐക്യപ്പെടാൻ കഴിയില്ല.
രാഹുലിനെയും രേവന്തിനെയും കെസിയേയും പുലഭ്യംപറഞ്ഞും അപമാനിച്ചും തെരുവിൽ അവഹേളിച്ചിട്ട് അവരുടെ ആപ്പീസിൽ ചർച്ചയ്ക്കു പോകാനുള്ള സിപിഎമ്മിന്റെ തൊലിക്കട്ടി സമ്മതിക്കണം!
മെയിൽ ഷോവനിസ്റ്റുകൾ വളരെ കാലമായി അമർത്തി വച്ച വനിതാ സംവരണ ബില്ലും വെളിച്ചം കാണാതിരിക്കാൻ പുതിയ ബില്ലിനെ ചാരി കുയുക്തികൾ നിരത്തുകയാണ് ഇന്ത്യാ മുന്നണി. ഒന്നും നടക്കാതിരിക്കാൻ മുസ്ലിം സംവരണവും എടുത്തുടുക്കുന്നു. ഈ വാദം ഉയർത്തുന്നവർ തന്നെ ഈ സംവരണം പാലിക്കുമോ?
ജനാധിപത്യ ക്രമത്തിൽ ഓരോ കക്ഷിയും ഭരണം പിടിക്കാൻ പരിശ്രമിക്കും. ഭരണത്തിൽ ഉള്ളവർ അതു നിലനിർത്താനും.അത് അപരാധമാകുന്നത് എങ്ങനെയാണ് ?
ജനാധിപത്യ ഇന്ത്യയിൽ കാലത്തിന് അനുസരണമായ മാറ്റങ്ങൾ വേണ്ട എന്നാണോ പ്രതിപക്ഷ നിലപാട്. അതോ ബിജെപിയോടുള്ള കൊതിക്കെറുവോ?