NewsAd1
മുതൽ അമൈച്ചർ ഇളയ ദളപതി
എ ചന്ദ്രശേഖർ
6 May 2026, 4:01 am
main image of news

തമിഴ്‌നാടിന്റെ ദ്രാവിഡ രാഷ്ട്രീയ ചരിത്രം തന്നെ തിരുത്തിക്കുറിച്ചുകൊണ്ട് ദളപതി വിജയ് ടിവികെയുമായി സമാനതകളില്ലാത്ത വിജയം നേടിയപ്പോള്‍ പെട്ടെന്നോര്‍മ്മ വന്നത് രണ്ടു വര്‍ഷം മുമ്പ് നടന്‍ ജയറാമുമായി നടന്ന ഒരു സംഭാഷണമാണ്.

പദ്മരാജന്‍ പുരസ്‌കാരം സമര്‍പ്പിക്കാന്‍ മുഖ്യാതിഥിയായെത്തിയ ശ്രീ ജയറാമിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ച് താമസസ്ഥലമായ മാസ്‌ക്കറ്റ് ഹോട്ടലിലേക്കെത്തിക്കുന്ന ചുമതലയായിരുന്നു എനിക്ക്. വാഹനത്തിലിരിക്കുന്നതിനിടെ കുശലപ്രശ്‌നങ്ങളില്‍ തമഴ്‌നാടിന്റെ രാഷ്ട്രീയവും കടന്നുവന്നു. വിജയ് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. നേരത്തേ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് പാര്‍ട്ടി രൂപീകരണത്തിന് ദിവസങ്ങള്‍ക്കു മുന്നേ ആ നീക്കത്തില്‍ നിന്നു പിന്‍വലിഞ്ഞതും, ഉലകനായകന്‍ കമല്‍ഹാസന്‍ തന്റെ പാര്‍ട്ടി പ്രഖ്യാപിച്ചു പ്രവര്‍ത്തനം തുടങ്ങിയിട്ടും ക്‌ളച്ചുപിടിക്കാത്തതുമൊക്കെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അല്‍പം സന്ദേഹത്തോടെയാണ് ഞാന്‍ വിജയിന്റെ രാഷ്ട്രീയ നീക്കത്തെപ്പറ്റി സംസാരിച്ചത്. എന്നാല്‍ എന്നെ തിരുത്തിക്കൊണ്ട് ജയറാം പറഞ്ഞു-നോക്കിക്കോളൂ വിജയ് രാഷ്ട്രീയത്തില്‍ വന്‍ വരവു തന്നെ നടത്തും.നമ്മള്‍ വിചാരിക്കുന്നതുപോലെയോ കാണുന്നതുപോലെയോ അല്ല അദ്ദേഹത്തിന്റെ വേരോട്ടം. അദ്ദേഹം സിനിമ നിര്‍ത്തിയെങ്കില്‍ അത് അത്രമേല്‍ ആലോചിച്ചെടുത്ത തീരുമാനം തന്നെയാണ്. തമിഴ് നാട്ടില്‍ താമസമായശേഷം ഇത്രമേല്‍ വേരോട്ടമുള്ളൊരു രാഷ്ട്രീയ ചലനത്തിന് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടില്ല.
അന്ന് ജയറാം പറഞ്ഞതിനോട് മനസുകൊണ്ട് യോജിപ്പായിരുന്നില്ല. എന്നാലിന്ന് തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലം കാണുമ്പോള്‍ ജയറാമിന്റെ ദീര്‍ഘദര്‍ശനവും രാഷ്ട്രീയ നിരീക്ഷണപാടവവും ബോധ്യമാകുന്നു. ഒപ്പം താരസംഘടനവഴി വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനം വഴി വിജയ് എന്ന നടന്‍ നേടിയെടുത്ത ജനസ്വാധീനത്തിന്റെ ആഴവും പരപ്പും.

 image 2 of news

വിജയ് എന്ന നടനെപ്പറ്റി ഓര്‍ക്കുമ്പോള്‍ ചിലതുകൂടി പറയാനുണ്ട്. അച്ഛന്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത സിനിമകളിലൂടെയാണ് നടനെന്ന നിലയ്ക്ക് വിജയ് യുടെ അരങ്ങേറ്റം. ഞാനന്ന് എംഎക്കു പഠിക്കുകയാണ്. തിരുവനന്തപുരം ശ്രീയിലാണ് രസികന്‍ എന്ന സിനിമ വരുന്നത്. എന്റെ തന്നെ പേരുള്ളയാള്‍ സംവിധാനം ചെയ്ത ചിത്രം. സാംഘവി നായികയായ ചിത്രം. അതില്‍ ശ്രീവിദ്യാമ്മയ്ക്കും പ്രധാന റോളായിരുന്നു. ഒരഭിനവ റോമിയോ വേഷത്തിലായിരുന്നു വിജയ്. മുടിയൊക്കെ പിന്നില്‍ അല്‍പം നീട്ടി എണ്‍പതുകളിലെ ബാഗി ഫാഷനില്‍ ഇരുണ്ട് വേണ്ടത്ര ഉയരമില്ലാത്ത ഒരു ചെറുപ്പക്കാരന്‍. മുഖത്ത് കാര്യമായ ഭാവങ്ങളൊന്നും മിന്നിമറയാത്ത പ്രകൃതം. രസികന്‍ പക്ഷേ അക്കാലത്തെ വന്‍ വിജയങ്ങളിലൊന്നായി. പിന്നീട് വിജയ് മറ്റുസംവിധായകരുടെ ചിത്രങ്ങളിലഭിനയിച്ചപ്പോഴും അഭിനയസാധ്യതയേക്കാള്‍ ഹീറോയിസമായിരുന്നു കഥാപാത്രങ്ങളില്‍ മുറ്റിനിന്നത്. പോക്കിരി, ഖുഷി പോലെ പല ഹിറ്റുകളും അദ്ദേഹത്തിന്റേതായി വരികയും വിജയ് മാസ് ഹീറോ ആയിത്തീരൂകയും ചെയ്തു.

എന്നാല്‍ വിജയ് എന്ന നടന്റെ അഭിനയജീവിതത്തില്‍ അദ്ദേഹത്തെ മറ്റൊരു തലത്തിലേക്കും തരത്തിലേക്കും വാര്‍ത്തെടുക്കുന്നത് മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ഫാസിലാണ്. മലയാളത്തില്‍ വന്‍ വിജയമായ അനിയത്തിപ്രാവിന്റെ തമിഴ് റീമേക്കായ കാതലുക്കു മര്യാദൈ (1997) യില്‍ കുഞ്ചാക്കോ ബോബന്റെ വേഷം ചെയ്യാന്‍ ഫാസില്‍ തെരഞ്ഞെടുത്തത് വിജയിനെയാണ്. അതൊരു മാറ്റമായി. അതുവരെ ചെയ്തു പോന്ന ആക്ഷന്‍ സ്റ്റാര്‍ വേഷങ്ങളില്‍ നിന്നു വേറിട്ട്, പ്രേമത്തിനു വേണ്ടി കരയുന്ന നിസ്സഹായ നായകനെ ഫാസില്‍ ശൈലിയില്‍ അവതരിപ്പിച്ചുകൊണ്ട് വിജയ് നടനജീവിതത്തിന്റെ മറ്റൊരു ഘടത്തിലേക്കു കടന്നു. തുടര്‍ന്ന് രണ്ടായിരത്തില്‍ ഫാസില്‍ സംവിധാനം ചെയ്ത കണ്ണുക്കുള്‍ നിലവ് എന്ന ചിത്രത്തിലും വിജയ് ടിപ്പിക്കല്‍ ഫാസില്‍ നായകനെ അവതരിപ്പിച്ചു. അതോടെ കുടുംബനായകന്‍ എന്ന പ്രതിഛായയിലേക്കു വിജയിന്റെ പേര് എഴുതിച്ചേര്‍ക്കപ്പെട്ടു.
HomeAd1

തൊട്ടടുത്ത വര്‍ഷം ഫാസില്‍ ശിഷ്യന്‍ കൂടിയായ സിദ്ധിഖ് മലയാളത്തിലെ സൂപ്പര്‍ ഹിറ്റായ ഫ്രണ്ട്‌സ് തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ മൂന്നു നായകന്മാരില്‍ ഒരാളായി നിശ്ചയിച്ചത് വിജയെ ആണ്. സൂര്യയ്‌ക്കൊപ്പമഭിനയിച്ച ആ ചിത്രം തമിഴകത്തും മെഗാഹിറ്റായി. പിന്നീട് 2010ല്‍ ദിലീപിന്റെ ബോഡിഗാര്‍ഡ് തമിഴില്‍ കാവലന്‍ എന്ന പേരില്‍ സര്‍ഗചിത്ര അപ്പച്ചന്‍ തന്നെ റീമേക്ക് ചെയ്തപ്പോള്‍ അതിലും നായകനായത് വിജയ് ആണ്. ആക്ഷനും സെന്റിമെന്റ്‌സിനും പുറമേ കോമഡിയും തനിക്കു വഴങ്ങുമെന്ന് സിദ്ധീഖ് ചിത്രങ്ങളിലൂടെയാണ് വിജയ് ബോധ്യപ്പെടുത്തിയത്.

ദക്ഷിണേന്ത്യയിലെ തന്നെ മുന്‍ നിര സംവിധായകരായ മുരുകദാസ്, ധരണി, എസ്.ജെ സൂര്യ, പേരരശ്, ആറ്റ്‌ലീ, നെല്‍സണ്‍, ലോകേഷ് കനകരാജ് തുടങ്ങിയവരൊക്കെ വിജയ് എന്ന നടനു വേണ്ടി സിനിമകളൊരുക്കി. അപ്പോഴും, തമിഴ്‌നാട്ടില്‍ വിജയ് യുടെ സമകാലികരായ മറ്റു നായകനടന്മാര്‍ക്കു സമാനമായി മണിരത്‌നം, ഭാരതീരാജ തുടങ്ങിയ സംവിധായകരുടെയൊന്നും സിനിമകളില്‍ അദ്ദേഹത്തിന് അഭിനയിക്കാനായില്ല. വസന്ത് സംവിധാനം ചെയ്ത് മണിരത്‌നം നിര്‍മ്മിച്ച നേര്‍ക്കുനേര്‍ എന്ന ചിത്രത്തിലഭിനയിച്ചു എന്നല്ലാതെ നേരിട്ട് ഇവരുടെയൊന്നും പിന്തുണയും ലഭിച്ചിട്ടില്ല. എന്നിട്ടും രജനീകാന്തിന് ഒപ്പത്തിനൊപ്പമുള്ള താരമൂല്യം നേടിയെടുത്തുകൊണ്ടാണ് വിജയ് ഇളയദളപതി എന്ന ചെല്ലപ്പേര് ആരാധകരില്‍ സൃഷ്ടിച്ചെടുത്തത്

 image 4 of news

സ്‌ക്രീന്‍ പ്രതിച്ഛായയ്ക്കു പുറത്ത് തമിഴക മനസുകളില്‍ തന്റെ സന്നദ്ധസേവനപ്രവര്‍ത്തനങ്ങളിലൂടെ ഇടം നേടിയ വിജയ്, തനിക്കിനിയും ഇന്നിങ്‌സ് ഏറെ ബാക്കിനില്‍ക്കുമ്പോഴാണ് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കു ചേക്കാറാനുള്ള പ്രഖ്യാപനം നടത്തുന്നത്. സിനിമയില്‍ തീവിലയുള്ള താരമായിരിക്കെ അതുവിട്ട് ജനസേവനത്തിനായുള്ള ഇറങ്ങിപ്പോക്ക്.

അതിനുശേഷം നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ദുര്‍ഘടങ്ങളായിരുന്നു. റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തം. സെന്‍സര്‍ക്കുരുക്കില്‍ പ്പെട്ട സിനിമ...അങ്ങനെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരേപോലെ കണ്ണിലെ കരടായിത്തീര്‍ന്ന സാന്നിദ്ധ്യം.

എന്നാല്‍ സ്വന്തം സിനിമകളിലെ നായകന്മാരുടേതിനു സമാനമായ രീതിയില്‍ താന്‍ അജയ്യനാണെന്നു തെളിയിച്ചുകൊണ്ടാണ് വോട്ടുരാഷ്ട്രീയത്തില്‍ വിജയ് തന്റെ ഇടം അഷ്ടബന്ധം കൊണ്ടുറപ്പിച്ചിരിക്കുന്നത്.

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞